Thu. May 2nd, 2024

ഇന്ത്യന്‍ കായിക ലോകത്തിന്റെ ചരിത്രത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച പെണ്‍കരുത്ത്. ലോക കായിക ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ താരം… പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല.. വനിത ടെന്നീസിനെ രാജ്യത്തിന്റെ നെറുകെയില്‍ എത്തിച്ച പോരാളി. പ്രതിബന്ധങ്ങളെല്ലാം തച്ചുടച്ച് തളരാതെ പതറാതെ പോരാടി രാജ്യത്തിന് അഭിമാനമായി മാറിയ താരം. ഇന്ത്യന്‍ വനിതാ ടെന്നീസിന്റെ മുഖവും മേല്‍വിലാസവുമായി മാറിയ പ്രതിഭ. സാനിയ മിര്‍സ.

റാക്കറ്റേന്തിയ കാലം മുതല്‍ കോര്‍ട്ടിനകത്തും പുറത്തും എതിരാളികളോട് ഒരുപോലെ പോരാടേണ്ടി വന്ന പെണ്‍കരുത്താണ് സാനിയ എന്നു തന്നെ പറയണം. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ വസ്ത്രധാരണത്തിന്റെ പേരിലും വ്യക്തിജീവിതത്തിന്റെ പേരിലും വേട്ടയാടലുകള്‍ക്ക് ഇരയായവള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തീവ്ര ദേശിയവാദികളാല്‍ സാനിയയുടെ പൗരത്വം വരെ ചോദ്യം ചെയ്യപ്പെട്ടു. സാനിയയെപ്പോലെ വാഴ്ത്തപ്പെട്ടതും അതുപോലെ ആക്രമിക്കപ്പെട്ടതുമായ കായികതാരം ഇന്ത്യയിലുണ്ടാവില്ല. എന്നാല്‍ ഈ വേട്ടയാടലുകള്‍ക്കെല്ലാം സാനിയ മറുപടി നല്‍കിയത് കളിക്കളത്തിലായിരുന്നു.

2003 ല്‍ വിംബിള്‍ഡണില്‍ റഷ്യയുടെ അലിസ ക്ലീബനോവുമായി ചേര്‍ന്ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡബിള്‍സ് കിരീടം നേടിയാണ് ഈ ഹൈദരാബാദുകാരി ടെന്നീസ് ലോകത്തിലേക്കുള്ള വരവറിയിക്കുന്നത്. അത്മവിശ്വാസവും കഠിനാധ്വാനവും പിന്നീട് സാനിയക്ക് സമ്മാനിച്ചത് നേട്ടങ്ങളായിരുന്നു…പതിനെട്ടാം വയസ്സില്‍ 2005-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കളിക്കാനെത്തിയാണ് താരം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ തുടക്കം കുറിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അരങ്ങേറ്റത്തില്‍ ആദ്യ രണ്ടു റൗണ്ടിലും വിജയിച്ചുകയറിയ സാനിയ മൂന്നാം റൗണ്ടില്‍ നേരിട്ടത് സെറീന വില്യംസിനെ ആയിരുന്നു…അന്ന് നേരിട്ടുള്ള സെറ്റുകളില്‍ സെറീനയോട് തോറ്റെങ്കിലും തന്റേതായ ഒരിടം സാനിയ ഉറപ്പിച്ചിരുന്നു.. പിന്നീട് അതേ മല്‍ബണ്‍പാര്‍ക്കിലെ റോഡ്‌ലേവര്‍ അരീനയില്‍ അവള്‍ സ്വന്തം പേര് എഴുതി ചേര്‍ത്തു.

വനിതാ ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളടക്കം 14 കിരീടങ്ങള്‍ സാനിയ നേടി. ഡബ്ല്യു.ടി.എ. ഡബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബഹുമതിയും സാനിയ സ്വന്തമാക്കി. 2008 മുതല്‍ നാല് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞ് സാനിയ കളിക്കളത്തിലിറങ്ങി. ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണമടക്കം എട്ടു മെഡലുകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസിലും ആഫ്രോ ഏഷ്യന്‍ ഗെയിംസിലും മെഡലുകള്‍ സ്വന്തമാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്ന അംഗീകാരങ്ങളും താരത്തെ തേടിയെത്തി.ഇക്കുറി, വിടവാങ്ങല്‍ വര്‍ഷത്തില്‍ കിരീടം നേടാനായില്ലെങ്കിലും ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ തിളക്കവുമായാണ് സാനിയ കോര്‍ട്ട് വിടുന്നത്. മെല്‍ബണില്‍ വച്ച് ഗ്രാന്‍സ്ലാം ടെന്നിസിനോടും ദുബായില്‍ വച്ച് മത്സര ടെന്നിസിനോടും വിടപറഞ്ഞ സാനിയ മിര്‍സയ്ക്ക് ജന്മനാടായ ഹൈദരാബാദും മനസ്സ് നിറഞ്ഞ യാത്രയപ്പ് ആണ് നല്‍കിയത്. നിരവധി വെല്ലുവിളികള്‍ നിറഞ്ഞ രണ്ട് ദശാബ്ദ കാലത്തെ പ്രൊഫഷണല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ സാനിയക്ക് പകരം വെയ്ക്കാന്‍ മറ്റൊരു താരമില്ലെന്ന് തന്നെ പറയേണ്ടി വരും. കോര്‍ട്ടിനോട് വിടപറഞ്ഞാലും ഇന്ത്യന്‍ ടെന്നീസിന്റെ മുഖമായി എന്നും സാനിയ ഉണ്ടാകും. ടെന്നീസ് കോര്‍ട്ടിലെ മിന്നും പ്രകടനം കൊണ്ട് ഇന്ത്യന്‍ വനിത ടെന്നീസിനെ കായിക ലോകത്തില്‍ അടയാളപ്പെടുത്തിയ താരം. നന്ദി സാനിയ. ഇന്ത്യയിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും സ്വപ്നം കാണാന്‍ പഠിപ്പിച്ചതിനും അവ നേടിയെടുക്കാന്‍ അവര്‍ക്ക് മാതൃകയായതിനും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം