Sun. Dec 22nd, 2024
islamists transphobia

“ഇസ്ലാം എന്ന മതത്തിൽ വിശ്വസിക്കുന്നവർക്ക് മുഴുത്ത ഭ്രാന്താണ്. ഇത് പറഞ്ഞതിൻ്റെ പേരിൽ എന്നെ എന്ത് ഇസ്ലാമോഫോബിക്കാക്കിയാലും എനിക്ക് കുഴപ്പമില്ല, തനി കൂറ ഭ്രാന്താണ്”

മകാലിക കേരളത്തിന്റെ ചർച്ചാ മണ്ഡലങ്ങളാണ് സോഷ്യൽ മീഡിയ. ഒരേസമയം ഇരുതലമൂർച്ചയുള്ള ആയുധമായി പ്രവർത്തിക്കാൻ സോഷ്യൽ മീഡിയക്ക് കഴിയും. അറപ്പും വെറുപ്പും നിറഞ്ഞ ടോക്സിക് പ്രസ്താവനകൾ നടത്തുന്നവർ മുതൽ സാമൂഹിക ചിന്തകളെ ക്രിയാത്മകമായി ചലിപ്പിക്കും വിധമുള്ള ആശയങ്ങൾ പങ്കുവെക്കുന്നവർ വരെ ഒരു പോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഫാസിസ്റ്റു ചിന്താഗതിക്കാരും ഫാസിസ്റ്റു വിരുദ്ധ പോരാളികളും ഇതിൽ പെടും. വെറുപ്പും സ്നേഹവും തമ്മിലും ജനാധിപത്യവും ഫാസിസവും തമ്മിലുമുള്ള വാഗ്പോരാട്ടം മലയാളികളുടെ സോഷ്യൽ മീഡിയ ജീവിതത്തിന്റെ ഭാഗമാണ്. 

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഫാസിസവും ജനാധിപത്യവും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ജനാധിപത്യ ഭാഗത്തെ നയിച്ചത് പുരോഗമന ചിന്താഗതിക്കാരുടെ പക്ഷമാണെങ്കിൽ ഫാസിസ്റ്റു ഭാഗത്തെ നയിച്ചത് കേരളത്തിലെ ട്രാൻസ്‌ഫോബിക്കുകളായ ഇസ്ലാമിസ്റ്റുകളാണ്. (ട്രാൻസ്ഫോബിക്കല്ലാത്ത ഇസ്ലാമിസ്റ്റുകൾ ഉണ്ടാകുമോ?) ഇസ്ലാമിസ്റ്റുകളും പുരോഗമന ചിന്താഗതിക്കാരും സോഷ്യൽ മീഡിയയിൽ പോര് തുടങ്ങിയിട്ട് കുറേ കാലമൊന്നുമായില്ല. ജെൻഡർ, ലിംഗസമത്വം (gender equality), ലൈംഗികത (sexuality), ജെൻഡർ-ന്യൂട്രാലിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതു മുതൽ ഉടലെടുത്തതാണ് ഇസ്ലാമിസ്റ്റുകളുടെ പുരോഗമന ഭയവും ലിബറൽ-വിരോധവും ഇടതടവില്ലാതെ ഒഴുകുന്ന ട്രാൻസ്ഫോബിയയും. ഇസ്ലാമോഫോബിയ ഫാസിസ്റ്റു പ്രവണതയാണെന്ന് മനസ്സിലാക്കുന്ന ഇസ്ലാമിസ്റ്റുകൾക്ക് ട്രാൻസ്ഫോബിയയും ഫാസിസ്റ്റു മനോഭാവത്തിന്റെ മറ്റൊരു പ്രതിഫലനമാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

ട്രാൻസ്ഫോബിയ ഫാസിസമാണോ?

വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ആരാണ് ഇസ്ലാമിസ്റ്റുകൾ എന്ന് പറയാം. സോഷ്യൽ മീഡിയ വ്യവഹാരം പല വാക്കുകൾക്കും പ്രചാരം നൽകിയിട്ടുണ്ട്. അതിൽ ഒന്നാണ് ഇസ്ലാമിസ്റ്റ്. ഇസ്ലാം വിശ്വസിക്കുന്നവരെല്ലാം ഇസ്ലാമിസ്റ്റുകളാണോ? അങ്ങനെയെങ്കിൽ മുസ്ലിം എന്ന പദം ഉപയോഗിച്ചാൽ പോരേ? 1970 കൾക്ക് ശേഷം യൂറോപ്യൻ മാധ്യമങ്ങളിലൂടെ കൂടുതൽ പ്രചരിച്ച പദപ്രയോഗമാണ് ഇസ്ലാമിസ്റ്റ്. ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനായ മുസ്ലിമിനെ ഇസ്ലാമിസ്റ്റ് എന്നു പറയില്ല. ഇസ്ലാമിക മതതത്വങ്ങൾ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ പ്രയോഗവൽക്കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആരും ഇസ്ലാമിസ്റ്റാണ്. അവർ ഈജിപ്തിലെ ബ്രദർഹുഡ് പോലെ ഒരു സംഘടനയാകാം. അത്തരം തത്വങ്ങളിൽ വിശ്വസിക്കുന്ന വ്യക്തികളാകാം.

transphobia

ഒരാളുടെ മതവിശ്വാസം ആ വ്യക്തിയുടെ സ്വകാര്യതയാണ്. അത് ജനാധിപത്യ അവകാശവുമാണ്. എന്നാൽ മതതത്വങ്ങൾ താൻ ജീവിക്കുന്ന സമൂഹത്തിൽ പ്രയോഗവൽക്കരിക്കപ്പെടണം എന്ന് ഒരാൾ വാദിച്ചാൽ അത് ജനാധിപത്യവിരുദ്ധ പ്രവണതയായി മാറിയേക്കും. കാരണം ജനാധിപത്യത്തിന്റെ കാതൽ മതേതരത്വമാണ്. വിശ്വാസ-അവിശ്വാസ ഭേദമന്യേ എല്ലാ വ്യക്തികളെയും സമഭാവനയോടെ ഉൾക്കൊള്ളലാണത്. മതങ്ങൾക്കുപരിയായി വ്യക്തികൾക്ക് പരിഗണന നൽകലാണ്. ജനാധിപത്യത്തിനേ മതേതരത്വമുള്ളൂ, മതങ്ങൾക്ക് മതേതരത്വമില്ല. ഒരു മതവും മറ്റൊരു മതത്തെയോ മതരാഹിത്യത്തെയോ ഉൾക്കൊള്ളുന്നില്ല, മതതത്വങ്ങൾക്കു മേൽ വ്യക്തിസ്വതന്ത്ര്യത്തിനു സ്ഥാനം നൽകുന്നില്ല. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാരണം മതങ്ങൾ എന്ന് നാം വിളിക്കുന്ന ഇന്ന് നിലവിലുള്ള എല്ലാ മതങ്ങളും ആധുനിക ജനാധിപത്യ ആശയങ്ങൾക്കും എത്രയോ മുന്നേ പിറവി കൊണ്ടവയാണ്. 

കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് പകരം പിറന്നകാലത്തെ സാമൂഹിക ആശയങ്ങളെയും ധാർമിക സിദ്ധാന്തങ്ങളെയും സ്ഥായിയായി ചുമക്കുന്നവയാണ് എല്ലാ മതങ്ങളും. അതുകൊണ്ട് തന്നെ ആധുനിക ജനാധിപത്യം ഉദ്ഘോഷിക്കുന്ന ലിബറൽ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും മത ചട്ടക്കൂടുകൾക്ക് പുറത്ത് നിൽക്കും. ഇക്കാര്യത്തിൽ ഇന്ന് ലോകത്ത് നിലനിൽക്കുന്ന സർവമതങ്ങളും സമാനമാണ്. അത്തരം മതങ്ങൾ ഒരു വ്യക്തിയുടെ സ്വകാര്യവിശ്വാസം എന്നതിനപ്പുറത്ത് സാമൂഹിക ക്രമമായി പ്രാവർത്തികമാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ സ്വാഭാവികമായും അത് ജനാധിപത്യവിരുദ്ധ പ്രവണതയായി മാറുകയും ഫാസിസ്റ്റു രീതിയായി പരിവർത്തനപ്പെടുകയും ചെയ്യും. ഫാസിസത്തിൽ വ്യക്തിസ്വാതന്ത്ര്യമില്ല, കൽപന – അനുസരണ എന്നതാണ് അതിന്റെ രീതിശാസ്ത്രം. ഇന്ന് ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ ഭരണം നടത്തുമ്പോഴും ഇറാനിലും അഫ്ഗാനിലും ഇസ്ലാമിസ്റ്റു ഭരണകൂടങ്ങൾ ഭരിക്കുമ്പോഴും നടക്കുന്നത് അതാണ്. 

മേൽ വിവരിച്ചതിൽ നിന്ന് ഇസ്ലാമിസ്റ്റും മുസ്ലിമും തമ്മിലുള്ള വേർതിരിവ് മനസിലായിക്കാണും. ഹിന്ദുത്വവാദിയും ഹിന്ദുവും തമ്മിലുള്ള വ്യത്യാസം പോലെയാണത്. ഇനി ഇസ്ലാമിസ്റ്റുകളുടെ ട്രാൻസ്ഫോബിയയിലേക്ക് കടക്കാം.

ഇന്ത്യയിൽ തന്നെ ആദ്യമായി ട്രാൻസ്ജെൻഡർ മാതാപിതാക്കളായി മാറുന്ന സിയ – സഹദ് ദമ്പതികളുടെ വാർത്ത കേരളത്തിൽ ഈയടുത്ത് ചർച്ചയായിരുന്നു. ട്രാൻസ് ജെൻഡർ വിഭാഗം നമ്മുടെ സമൂഹത്തിൽ കടുത്ത രീതിയിൽ വിവേചനങ്ങൾ നേരിടുന്നവരാണെന്ന് നമുക്കറിയാം. അതിനാൽ തന്നെ ട്രാൻസ് വ്യക്തികളുടെ അതിജീവന ശ്രമങ്ങളെ പുരോഗമന ജനാധിപത്യ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നവർ വളരെ കരുതലോടെയും സഹാനുഭാവത്തോടെയും കാണുന്നത് സ്വാഭാവികമാണ്. സിയ – സഹദ് ദമ്പതികളുടെ വാർത്ത കേരളക്കരയിൽ മാത്രമല്ല, ദേശീയ തലത്തിലും ബിബിസി അടക്കമുള്ള അന്തർദേശീയ മീഡിയകളിലും വാർത്താ പ്രധാന്യം നേടിയിരുന്നു.  ഇന്ത്യ പോലുള്ള ട്രാൻസ്ഫോബിക് സൊസൈറ്റിയിൽ ഇതൊരു പുതുമയുള്ള കാര്യമാണല്ലോ. 

Kerala The transgender couple Ziya Paval & Zahad pregnancy
സിയ പവലും സഹദും

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം പല സാമൂഹിക പുരോഗമന കാര്യങ്ങളിലും മുന്നിലാണ് എന്നത് വസ്തുതയാണ്. ട്രാൻസ് അനുകൂലമായ ഒരു സമൂഹം പതിയെ ആണെങ്കിലും കേരളത്തിൽ രൂപപ്പെട്ട് വരുന്നുണ്ട്. എന്നാൽ സിയ – സഹദ് ട്രാൻസ് ദമ്പതികളുടെ വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സംഘടിതമായി ട്രാൻസ്ഫോബിയ പരക്കുകയുണ്ടായി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ കേരളത്തിലെ ഇസ്ലാമിസ്റ്റുകളാണ്. നിലവിൽ ഇന്ത്യയിൽ ഇസ്ലാമിസ്റ്റുകൾ ഒരു ശക്തിയുമല്ല. മുസ്ലിങ്ങൾക്കിടയിൽ തന്നെ ന്യൂനാൽ ന്യൂനപക്ഷമാണ് ഇസ്ലാമിസ്റ്റു വാദികൾ. തങ്ങളുടെ ആശയങ്ങൾ പറയുന്നതിലുപരി ഹിന്ദുത്വ ഫാസിസ്റ്റു ഭരണത്തിനു കീഴിൽ എങ്ങനെ അതിജീവിക്കാം എന്നതാണ് നിലവിൽ ഇസ്ലാമിസ്റ്റുകളുടെ ആവശ്യം. അതിനാൽ ഫാസിസ്റ്റു വിരുദ്ധ പോരാട്ടമാണ് ഇസ്ലാമിസ്റ്റുകളുടെ പ്രധാന നയം. പക്ഷേ ഒരവസരം ലഭിച്ചപ്പോൾ ട്രാൻസ്ജെൻഡറുകൾക്കു നേരെ ആക്ഷേപമെറിയാൻ ഇവർ മടി കാണിച്ചില്ല. 

ഇസ്ലാമിസ്റ്റുകളുടെ ട്രാൻസ്ഫോബിയ സ്വാഭാവികമാണെന്നു വെക്കാം. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, കേരളത്തിൽ ഇസ്ലാമിസ്റ്റു പക്ഷമല്ല എന്നു വിശ്വസിക്കപ്പെടുന്ന മുഖ്യധാരാ സുന്നീ മുസ്ലിം മതനേതൃത്വവും മുസ്ലിംലീഗ് എന്ന പാർട്ടിയിലെ പല ഉന്നത നേതാക്കളും ട്രാൻസ്ജെൻഡർ വിഷയത്തിൽ ഇസ്ലാമിസ്റ്റുകളോട് ചേർന്ന് നിൽക്കുന്നു എന്നത് ഗൗരവത്തിൽ കാണേണ്ടതുണ്ട്. 

സോഷ്യൽ മീഡിയയിൽ ഒരു സുന്നീ മുസ്ലിം പണ്ഡിതധാരി എഴുതിയ പോസ്റ്റ് ഇങ്ങനെയാണ് ; “ഒരു പെണ്ണ് വന്ന് ഞാൻ ഇനി മുതൽ ആണാണെന്ന് പ്രഖ്യാപിക്കുക, ശേഷം ഗർഭം ധരിച്ച് പുരുഷൻ ഗർഭം ധരിച്ചു എന്ന് വിപ്ലവം മുഴക്കുക, ശരിക്കും ഇവന്മാർക്ക് മുഴുത്ത ഭ്രാന്താണ്, ഇത് പറഞ്ഞതുകൊണ്ട് എന്നെ എന്ത് ഫോബിക്കാക്കിയാലും കുഴപ്പമില്ല. തനി കൂറഭ്രാന്താണ്.”

തങ്ങളുടെ ലൈംഗിക സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരിലാണ് രണ്ട് വ്യക്തികളുടെ ജീവിതത്തെ ഇദ്ദേഹം ഭ്രാന്തായി ചിത്രീകരിച്ചത്. ഈ വ്യക്തികൾ ഇദ്ദേഹത്തെയോ ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതത്തെയോ എതിർത്തിട്ടില്ല, ആരെയും വെല്ലുവിളിച്ചിട്ടില്ല. ആർക്കും ഒരു ഉപദ്രവവും ഏൽപിച്ചിട്ടില്ല. ഭയം കൂടാതെ തങ്ങളുടെ ലൈംഗിക അസ്തിത്വം തുറന്നു പറയുകയും തങ്ങളുടെ ശാരീരിക മാനസിക സൗകര്യങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ ജീവിതത്തെ അധിക്ഷേപിക്കാൻ ഇസ്ലാമിക മതവക്താവിനെ പ്രേരിപ്പിച്ചത്. തന്നെ ട്രാൻസ്ഫോബിക്കാണെന്ന് വിളിച്ചാലും തനിക്ക് ഒരു കുഴപ്പവുമില്ല എന്ന വരിയാണ് ഇതിൽ ഏറ്റവും ലജ്ജാകരം. ഇതിന്റെ ഗൗരവമറിയണമെങ്കിൽ സംഘപരിവാർ ഭാഷയിലേക്ക് ഇയാളുടെ വാക്കുകളെ മൊഴിമാറ്റം ചെയ്താൽ മതി. “ഇസ്ലാം എന്ന മതത്തിൽ വിശ്വസിക്കുന്നവർക്ക് മുഴുത്ത ഭ്രാന്താണ്. ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ എന്ത് ഇസ്ലാമോഫോബിക്കാക്കിയാലും എനിക്ക് കുഴപ്പമില്ല, തനി കൂറഭ്രാന്താണ്.”

ഈ വാചകങ്ങൾ എത്രത്തോളം ഹീനമാണോ, അത്രത്തോളം തന്നെ വരും ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതത്തെ അധിക്ഷേപിച്ച ഇസ്ലാമിക മതവക്താവിന്റെ എഴുത്തും. ട്രാൻസ്ജെൻഡറിനെ തങ്ങളുടെ മത പ്രത്യയശാസ്ത്രം മുന്നിൽ നിർത്തി എതിർക്കുന്ന ഇസ്ലാമിസ്റ്റുകളെയും അവരെ പിന്താങ്ങുന്ന മറ്റു മുസ്ലിം വിഭാഗങ്ങളെയും എനിക്ക് 5 കാര്യങ്ങളാണ് ഓർമ്മപ്പെടുത്താനുള്ളത് ;

 1. ഇസ്ലാമോഫോബിയ ഫാസിസ്റ്റു പ്രവണതയാണെന്നത് നാം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. മുസ്ലിങ്ങളെയും അവരുടെ വിശ്വാസത്തെയും വെറുപ്പോടെയും ഭയത്തോടെയും കാണുന്ന മനോഭാവമാണത്. മുസ്ലിങ്ങൾക്കു നേരെയുള്ള ആക്രമണത്വരയാണ് ഈ മനോഭാവം പടച്ചു വിടുന്നത്. ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ തെറ്റായ മാർഗമായി കാണുകയും അധമജീവിതമായി വിലയിരുത്തുകയും അവർ അതിൽ നിന്ന് പിന്തിരിയണമെന്ന് വാദിക്കുകയും ചെയ്യുന്നത് സമാനമായ രീതിയിൽ ട്രാൻസ്ഫോബിയയാണ്. ഇന്ത്യയിൽ ഇസ്ലാമോഫോബിയയുടെ ഇരകളായ മുസ്ലിങ്ങൾക്കിടയിൽ നിന്ന് തന്നെ ട്രാൻസ്ഫോബിയ ഉണ്ടാകുന്നത് വിരോധാഭാസം മാത്രമല്ല, സംഘപരിവാർ ഫാസിസ്റ്റുകളുടെ രീതിശാസ്ത്രം തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് അംഗീകരിച്ച് സ്വയം വെളിപ്പെടലാണത്. 

2. ട്രാൻസ് ജെൻഡർ ജീവിതം ഇസ്ലാമികമല്ല എന്ന ഒറ്റ ന്യായമാണ് അവരെ എതിർക്കാനും വിമർശിക്കാനും ഇസ്ലാമിക വക്താക്കളുടെ പ്രേരണ. ഇസ്ലാമികമല്ലാത്തതെല്ലാം എതിർക്കപ്പെടേണ്ടതാണെങ്കിൽ ഒരു മുസ്ലിമിന് ഈ ലോകത്തെ സകലതിനെയും ദോഷൈകദൃക്കോടെ കാണേണ്ടി വരും. അത് സമൂഹത്തിൽ മതത്തിന്റെ അനാവശ്യ പ്രയോഗമായി മാറുകയും വിദ്വേഷ പ്രചരണത്തിന്റെ വാതിൽ തുറക്കുകയും ചെയ്യും. 

ഉദാഹരണത്തിന് അമുസ്ലിങ്ങളുടെ വിശ്വാസവും സംസ്കാരവും ഇസ്ലാമികമല്ല എന്ന പേരിൽ അവരുടെ വിശ്വാസത്തെയോ സംസ്കാരത്തെയോ മുസ്ലിങ്ങൾ      എതിർക്കാറില്ല. അവർക്ക് അവരുടെ വിശ്വാസം, നമുക്ക് നമ്മുടെ വിശ്വാസം എന്ന നയമാണ് അവിടെ പുലർത്തുന്നത്. മറിച്ചാണെങ്കിൽ സമൂഹത്തിൽ      ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം നമുക്കറിയാം. എന്നാൽ ട്രാൻസ്ജെൻഡർ വിഷയത്തിൽ അവർക്ക് അവരുടെ ജീവിതം എന്ന നയം പുലർത്താൻ        ഇസ്ലാമിക വക്താക്കൾ തയ്യാറാകുന്നില്ല. കാരണം അവരുടെ ജീവിതങ്ങളെ ആക്ഷേപിച്ചാലും വിമർശിച്ചാലും തിരിച്ച് ഒരു പ്രകോപനവും ഉണ്ടാകില്ല        എന്നറിയാം. ട്രാൻസ് വിരോധം പുലർത്തിയതു മൂലം ലോകത്ത് എവിടെയും ഒരു കലാപം ഉണ്ടായിട്ടില്ലല്ലോ.

3. സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്ന് പോലും ശക്തമായ വിവേചനങ്ങളും അനീതിയും നേരിടേണ്ടി വന്നിട്ടുള്ളവരാണ് ബഹുഭൂരിപക്ഷം ട്രാൻസ്‌ജെൻഡർ വ്യക്തികളും. എല്ലാ എതിർപ്പുകളും അധിക്ഷേപങ്ങളും മറികടന്ന് അവർ അതിജീവിക്കാൻ ശ്രമിക്കുന്നത് തങ്ങളുടെ ജീവിതവും വ്യക്തിത്വവും തങ്ങൾ തെരഞ്ഞെടുത്ത മാർഗത്തിലാണ് എന്ന തിരിച്ചറിവിലും ഉറച്ച ബോധ്യത്തിലുമാണ്. ഓരോരുത്തരെയും അവരവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക എന്നതാണ് സാമാന്യ ജനാധിപത്യ ബോധം. മറ്റുള്ളവരുടെ ജീവിത രീതിയെ ചോദ്യം ചെയ്യുന്നതും നിഷേധിക്കുന്നതും ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. 

4. ജനാധിപത്യവിരുദ്ധർ എന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാമിസ്റ്റുകളും അവരെ പിന്താങ്ങുന്ന മറ്റു ട്രാൻസ്ഫോബിക്കുകളും ഹോമോഫോബിക്കുകളും ഈയിടെയായി പുതിയൊരു വാദം മുന്നോട്ടു വെക്കുന്നുണ്ട്. തങ്ങൾ LGBT – ക്വീർ കമ്യൂണിറ്റിയുടെ വ്യക്തി ജീവിതത്തിൽ ഇടപെടാറില്ല, അവരുടെ രാഷ്ട്രീയത്തെയാണ് നമ്മൾ ചോദ്യം ചെയ്യുന്നത് എന്ന മുഖം മിനുക്കൽ അടവുനയം. തങ്ങളുടെ ഫാസിസ്റ്റു മനോഭാവത്തെ വാക്കുകളുടെ വിന്യാസം കൊണ്ട് മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഈ രാഷ്ട്രീയ വിയോജന വാദം. യഥാർത്ഥത്തിൽ LGBTQ രാഷ്ട്രീയമെന്നത് തങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. തങ്ങളല്ലാത്ത മറ്റു വ്യക്തികളെല്ലാം തങ്ങളെപ്പോലെയാവണമെന്നോ എന്തെങ്കിലും ചെയ്യണമെന്നോ അവർ ഉന്നയിക്കുന്നില്ല. ഒരു സാധാരണ പൗരനെ പോലെ സ്വാഭിമാനത്തോടെ അന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള തങ്ങളുടെ അവകാശം പൊതുസമൂഹം വകവെച്ചു തരണമെന്നേ അവർ പറയുന്നുള്ളൂ. അതാണ് LGBTQ രാഷ്ട്രീയം. അത് പറയുമ്പോൾ നിങ്ങളുടെ രാഷ്ട്രീയം നമ്മൾ അംഗീകരിക്കില്ല എന്ന വാദം കൊണ്ട് ഇസ്ലാമിസ്റ്റുകൾ പറയാൻ ശ്രമിക്കുന്നത്, നിങ്ങൾ പരസ്യമായി നിങ്ങളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നതും നിങ്ങൾ നിങ്ങളായി ജീവിക്കുന്നതും ഞങ്ങൾ അംഗീകരിക്കില്ലെന്നും, എന്നാൽ രഹസ്യമായി നിങ്ങൾ എങ്ങനെ നിഗൂഢ ജീവിതം നയിക്കുന്നതിനും ഞങ്ങൾ എതിരല്ല എന്നുമുള്ള അധികാര ധാർഷ്ട്യത്തിന്റെ ഫാസിസ്റ്റു കൽപനയാണ്.

തങ്ങളുടെ ശരികൾക്കും വിശ്വാസങ്ങൾക്കും അപ്പുറത്തുള്ളവർ അദൃശ്യരും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട രണ്ടാംകിട പൗരന്മാരുമായി ജീവിക്കണമെന്ന ഈ ഇസ്ലാമിസ്റ്റു കല്പനകൾക്ക് സംഘപരിവാറിന്റെ ഇസ്ലാമോഫോബിയയുമായുള്ള അത്ഭുതകരമായ സാദൃശ്യം കാണാതിരുന്നു കൂടാ. മുസ്ലിങ്ങളുടെ വിശ്വാസങ്ങളും രീതികളും അവരുടെ സ്വകാര്യ ജീവിതത്തിൽ മാത്രമാകുമ്പോൾ തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ ഹിജാബ് പോലെ വസ്ത്രത്തിലും അതുപോലെ ആഹാര രീതികളിലും പരസ്യമായി പ്രകടിപ്പിക്കുന്ന മുസ്ലിം രാഷ്ട്രീയമാണ് തങ്ങൾക്ക് സഹിക്കാത്തത് എന്നാണ് സംഘപരിവാർ തിട്ടൂരം. 

5. ട്രാൻസ് ജെൻഡറിസം ശാസ്ത്രീയമല്ല എന്നതാണ് ഇസ്ലാമികവക്താക്കളുടെ ഒടുവിലത്തെ ന്യായീകരണം. ഒരാൾ തന്റെ ജീവിതം തെരഞ്ഞെടുക്കുന്നത് അതിന്റെ ശാസ്ത്രീയ അശാസ്ത്രീയവശങ്ങൾ നോക്കിയല്ല. ഒരാൾ താൻ ഇഷ്ടപ്പെടുന്ന മതസാംസ്കാരിക ജീവിതം നയിക്കുന്നത് സംബന്ധിച്ച് ആരും ശാസ്ത്രം മുൻ നിർത്തി വിശദീകരണം തേടാറില്ലല്ലോ. എന്റെ ലൈംഗിക സ്വത്വം ഇപ്രകാരമാണ് എന്ന് ഒരാൾ ഉറച്ചു പറയുമ്പോൾ അയാളുടെ ജീവിതത്തെ അയാൾക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. കേവല മതതാല്പര്യത്തിന് വേണ്ടി അവരുടെ ജീവിതത്തെ ചോദ്യം ചെയ്യുന്നതും വിമർശിക്കുന്നതും അവരോടുള്ള അന്യായമായ ഭയവും വെറുപ്പുമാണ്. അതിന്റെ പേരാണ് ഫോബിയ. എല്ലാ ഫോബിയകളും ഫാസിസത്തിന്റെ മുന്നുപാധിയാണ്. 

ഉപസംഹാരം

സമൂഹത്തിൽ ഏറ്റവും വിവേചനവും അനീതിയും അനുഭവിക്കുന്ന മനുഷ്യരോട് സഹാനുഭാവം കാണിക്കുക എന്നതാണ് എറ്റവും ഉയർന്ന ജനാധിപത്യബോധം. ആദിവാസി – ദലിത് വിഭാഗങ്ങളോടും മറ്റു പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങളോടും ഇന്ത്യൻ ജനാധിപത്യം പുലർത്തുന്ന കരുതലും ആനുകൂല്യവും അതിന്റെ ഭാഗമാണ്. ഓരോ സാമൂഹിക വിഭാഗത്തെയും അവരവരായി അംഗീകരിച്ച് അവരുടെ സ്വത്വത്തിൽ ജീവിക്കാൻ അനുവദിക്കുക എന്ന ആധുനിക മൂല്യമാണത്. സമൂഹത്തിൽ ഏറ്റവും ദുർബലരായിട്ടുള്ള വിഭാഗത്തോട് കാണിക്കുന്ന ആ കരുതലാണ് ജനാധിപത്യത്തിന്റെ ഉയർന്നതലം.

നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ദുർബല വിഭാഗമാണ് ട്രാൻസ്ജെൻഡർ കമ്യൂണിറ്റി (ഭാവിയിൽ അതിന് മാറ്റം വന്നേക്കാം). അവരോട് കരുതലും സഹാനുഭൂതിയും കാണിക്കുന്നത് ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനു പകരം തന്റെ വിശ്വാസം, തന്റെ ജീവിതനയങ്ങൾ, തന്റെ ജീവിതരീതികൾ ഇവ മാത്രമാണ് ശരിയെന്നു കരുതി മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെയെല്ലാം വിമർശിക്കാമെന്നും വെറുപ്പിനും വിദ്വേഷത്തിനും വിധേയമാക്കാം എന്നും ചിന്തിക്കുന്നത് ജനാധിപത്യപക്ഷമല്ല. അത് ഫാസിസത്തിന്റെ രീതിശാസ്ത്രമാണ്. 

ഒരു ഭാഗത്ത് ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ആയുധമാക്കി ചെറുത്തുനിൽപ്പ് നടത്തുന്ന മുസ്ലിം സംഘടനകൾ തന്നെ മറുഭാഗത്ത് തങ്ങളേക്കാൾ ദുർബലരായ മറ്റൊരു വിഭാഗത്തിനു നേരെ അന്തസ്സോടെയും നിർഭയത്വത്തോടെയും ജീവിക്കാനുള്ള അവരുടെ ജനാധിപത്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും ചോദ്യം ചെയ്ത് ഫാസിസത്തിന്റെ രീതിശാസ്ത്രം പുറത്തെടുക്കുന്നത് ഈ ഹിന്ദുത്വ ഫാസിസ്റ്റു കാലഘട്ടത്തിലെ ഏറ്റവും പ്രഹസനപരവും അപകടകരവുമായ വിധിവൈപരീത്യമാണ്. ഉൾക്കൊള്ളലുകളുടെയും പരസ്പരം ചേർത്തു നിർത്തലിന്റെയും അംഗീകരിക്കലിന്റെയും ബഹുസ്വര ജനാധിപത്യ സംസ്കാരം നിലനിർത്തിക്കൊണ്ടല്ലാതെ ഫാസിസത്തിനെതിരെ നടത്തുന്ന ഏകപക്ഷീയമായ ഒരു ചെറുത്തുനിൽപ്പും ഫലവത്താവുകയില്ല.

ലത്തീഫ് അബ്ബാസ്, മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ ഡൽഹി സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ ഗവേഷകനാണ്. ഇന്ത്യയുടെ മധ്യകാല ചരിത്രം, ഇന്ത്യൻ സമൂഹത്തിന്റെ സൂഫി ഭക്തി പാരമ്പര്യം മുതലായവ ഉൾപ്പെടുന്നു.

FAQS

ആരാണ് സുന്നികൾ?

ഇസ്‌ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകൾ സുന്നികളിൽ പെടുന്നു. ബുഖാരി, മുസ്‌ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു.

എന്താണ് മുസ്ലിം ബ്രദർഹുഡ്?

അറബ് ലോകത്തെ ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയുമാണ് മുസ്‌ലിം സഹോദരന്മാരുടെ സംഘം എന്നർത്ഥം വരുന്ന അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ എന്ന മുസ്‌ലിം ബ്രദർഹുഡ്. ഇഖ്‌വാൻ എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു. ഈ സംഘടനയെ ഈജിപ്ത്, ഖസാഖ്‌സ്ഥാൻ, സൗദി അറേബ്യ, റഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ കരിമ്പട്ടികയിൽ ചേർത്തിട്ടുണ്ട്. 1928-ൽ ഈജിപ്തിൽ സംഘടന രൂപീകരിക്കപ്പെട്ടു. ഹസനുൽ ബന്ന എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത്.

എന്താണ് ഇസ്ലാമോഫോബിയ?

ഇസ്ലാമിനോടോ മുസ്ലിങ്ങളോടോ കാണിക്കുന്ന മുൻ‌വിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു പദമാണ്‌ ഇസ്ലാമോഫോബിയ. 1980 കളുടെ ഒടുവിലാണ്‌ ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌ ശേഷമാണ്‌ ഇത് ഒരു പൊതുപ്രയോഗമായി മാറിയത്.

എന്താണ് സംഘ പരിവാർ?

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ.

Quotes

“വലിയ പദവിയിൽ വലിയ അപവാദങ്ങൾ ഉണ്ടാകുന്നു” – വില്യം ഷെയ്ക്സ്പിയർ

By ലത്തീഫ് അബ്ബാസ്

മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അനുകാലിക വിഷയങ്ങളിൽ എഴുതുന്നു. ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, വളർച്ച തുടങ്ങിയ വ്യവഹാരങ്ങൾ ഇഷ്ടം. എല്ലാത്തിനുമുപരി ലോകത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവികളിൽ ഒരുവൻ