Sun. Dec 22nd, 2024

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ അവകാശങ്ങള്‍ അവര്‍ നേടിയെടുക്കുന്നത്. ഇങ്ങനെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും അവകാശ പോരാട്ടങ്ങളെ കുറിച്ചും പറയുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട ഒരാളുണ്ട് ചരിത്രത്തില്‍. സാവിത്രിബായ് ഫൂലെ. ഇന്ത്യയിലെ ആദ്യത്തെ അധ്യാപിക, ഫെമിനിസ്റ്റ്, ജാതിവിരുദ്ധ പോരാട്ടത്തിലെ മുന്‍നിരക്കാരി, നവോത്ഥാന നായിക, കവയിത്രി എന്നിങ്ങനെ ഏറെയാണ് സാവിത്രിബായിക്ക് വിശേഷണങ്ങള്‍. ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ കൂട്ടത്തോടെ ലംഘിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയും കവിതകളിലൂടെ പോരാടുകയും ചെയ്ത കരുത്തുറ്റ വനിത. വിദ്യാഭ്യാസം അവകാശമാണെന്നും അത് നേടുക എന്നത് സമത്വസാക്ഷാത്കാരത്തിലേക്കുള്ള സമരമുറയാണെന്നും സാവിത്രി പെണ്‍കുട്ടികളെ പഠിപ്പിച്ചു.

മഹാരാഷ്ട്രയിലെ നയ്ഗാവില്‍ ഒരു കാര്‍ഷിക കുടുംബത്തിലായിരുന്നു സാവിത്രിയുടെ ജനനം. എട്ടാം വയസില്‍ പതിമുന്നുകാരനായ ജോതിറാവു ഫൂലെയെ വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിന്റെ സഹായത്തോടെ പഠിക്കുകയും സ്ത്രീ സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്തു. അക്കാലത്ത് ഒരു പെണ്‍കുട്ടി വിദ്യ അഭ്യസിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്നതിന് അത്രയേറെ ഭ്രഷ്ഠ് കല്‍പ്പിച്ചിരുന്ന കാലത്താണ് സാവിത്രി വിദ്യ നേടിയതും സ്ത്രീ ശാക്തീകരണത്തിനായി പോരാടിയതും. 1848 ല്‍ പൂനെയില്‍ ഇന്ത്യയിലാദ്യമായി പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിതു. സാവിത്രി ഫൂലെ ഇന്ത്യയിലെ ആദ്യ അധ്യാപികയും ആദ്യ പ്രധാനാധ്യാപികയുമായി. സ്‌കൂള്‍ ആരംഭിച്ചതോടെ ആ കാലഘട്ടത്തില്‍ ജാതിപീഡനം നേരിട്ടിരുന്ന കുട്ടികള്‍ ഇവിടെ വിദ്യാഭ്യാസത്തിനായി എത്തി. നാട്ടിലെ യാഥാസ്ഥികരായ മേല്‍ജാതിക്കാരെ ഇത് ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ സാവിത്രി സ്‌കൂളില്‍ പോകുമ്പോള്‍ കയ്യില്‍ ഒരു സാരി അധികം കരുതുമായിരുന്നു. കാരണം വേറൊന്നുമല്ല വഴിയില്‍ എവിടെയെങ്കിലും വെച്ച് സാവിത്രിയെ കണ്ടാല്‍ ജാതിവെറിയന്മാര്‍ അവര്‍ക്കുനേരെ ചാണകവും മാലിന്യവും എറിയുമായിരുന്നു. എന്നാല്‍ ഇതിലൊന്നും പതറാതെ മുന്നോട്ട് പോയ സാവിത്രിയും ഭര്‍ത്താവ് ജോതിറാവു ഫൂലെയും ചേര്‍ന്ന് പിന്നീട് 11 വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഇന്നും സ്‌കൂളുകളില്‍ തുടര്‍ന്നുപോകുന്ന ഉച്ച ഭക്ഷണ സമ്പ്രദായവും ഗ്രാന്‍ഡും ആദ്യമായി ഏര്‍പ്പെടുത്തിയത് സാവിത്രി ഫൂലെ ആയിരുന്നു.

ശൈശവ വിവാഹത്തിലൂടെ വിധവയാകുന്ന പെണ്‍കുട്ടികള്‍ക്കായി ഒരു വീട് പണിതുകൊണ്ട് പിന്നീട് സാവിത്രി യാഥാസ്ഥിക സമൂഹത്തെ ഞെട്ടിച്ചു. നിലവിലുണ്ടായിരുന്ന ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞായിരുന്നു സാവിത്രിയുടെ നീക്കം. ഇതോടെ മഹാരാഷ്ട്രയിലെ സാമൂഹ്യ പരിഷ്‌കരണ രംഗത്ത് അറിയപ്പെടുന്ന പേരായി സാവിത്രിയുടേത്. തൊട്ടുകൂടായ്മക്കെതിരെയും ജാതീയതക്കെതിരെയും ബ്രാഹ്മണഅധീശത്വതിനുമെതിരെ സാവിത്രി ശബ്ദമുയര്‍ത്തി. പൂനെയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ആ പ്രദേശങ്ങളില്‍ ചെന്ന,് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗബാധിതയായ ആ മനുഷ്യസ്നേഹി 1897 മാര്‍ച്ച് 10 ന് ലോകത്തോട് വിടപറഞ്ഞു. 1998 ല്‍ സാവിത്രിബായ്് ഫൂലെയോടുള്ള ബഹുമാനാര്‍ത്ഥം സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.. സ്ത്രീ ശാക്തീകരണ അവാര്‍ഡുകളുടെ പേരിലും പൂനെയിലെ സര്‍വകലാശാലകളുടെ പേരിലുമാണ് ഇപ്പോള്‍ സാവിത്രിബായ് ഫൂലെ അറിയപ്പെടുന്നത്. പരിമിതികള്‍ നിറഞ്ഞ കാലത്ത് ജാതിയധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയോട് നിരന്തരമായി കലഹിച്ച് അവകാശങ്ങള്‍ നേടിയെടുത്ത വനിത. സ്ത്രീകള്‍ക്ക് എന്നും അഭിമാനിക്കാവുന്ന പേരാണ് സാവിത്രിബായ് ഫൂലെ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം