Mon. Dec 23rd, 2024

മഹാരാഷ്ട്ര: കൃഷി ചെയ്ത് വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ശരിയായ മൂല്യം ഉറപ്പുവരുത്താത്തതിൽ പ്രതിഷേധിച്ച് തന്റെ ഒന്നര ഏക്കർ വരുന്ന ഉള്ളികൃഷി കത്തിച്ച് കർഷകൻ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് മാസങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ വിളകൾ കത്തിച്ചു കളഞ്ഞത്. നാല് മാസത്തിനിടെ കൃഷിക്കായി ഒന്നര ലക്ഷം രൂപ ചെലവഴിച്ചെന്നും അത് വിപണിയിൽ എത്തിക്കാൻ 30,000 രൂപ കൂടി ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നത്തെ ഉള്ളി നിരക്കിൽ അദ്ദേഹത്തിന് ലഭിക്കുന്നത് വെറും 25,000 രൂപ മാത്രമാണ്. നാല് മാസത്തോളമുള്ള തന്റെ അധ്വാനമാണ് ഈ കൃഷിയെന്നും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും തെറ്റുകൾ കാരണമാണ് വിള കത്തിക്കാൻ നിർബന്ധിതനായതെന്നും  ഡോംഗ്രെ പറഞ്ഞു. ഉള്ളി കത്തിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് തന്റെ രക്തം കൊണ്ട് ഒരു കത്ത് എഴുതിയതായും കർഷകൻ അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.