Sat. Jan 18th, 2025

ന്യൂഡൽഹി: അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്നു സംഭവം. വക്താക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എ.എ 292 വിമാനത്തിലാണ് സംഭവമുണ്ടായത്. ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച രാത്രി 9.14നാണ് വിമാനം വിമാനം പുറപ്പെട്ടത്. 14 മണിക്കൂർ 26 മിനിറ്റ് പറന്നതിന് ശേഷം ശനിയാഴ്ച രാവിലെ 10.12നാണ് വിമാനം ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർ​പോർട്ടിലെത്തിയത്.

യു.എസിലെ ഒരു യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥി മദ്യലഹരിയിൽ ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാർഥി മാപ്പപേക്ഷിച്ചതിന് തുടർന്ന് ഔദ്യോഗികമായി പരാതി നൽകുന്നതിൽ നിന്നും പരാതിക്കാരൻ പിന്മാറിയെന്നും റിപ്പോർട്ടുണ്ട്. പക്ഷേ സംഭവം ഗൗരവമായി കണ്ട് അമേരിക്കൻ എയർലൈൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം ധരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.