Mon. Dec 23rd, 2024

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയായില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിയുടെ അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അതിനു പിന്നാലെ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ച് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്മാറിയത് വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് വഴി തെളിക്കുന്നുന്നത്.

 

രണ്ട് എംഎല്‍എമാരാണ് എച്ച്എസ്പിഡിപിയ്ക്ക് ഉള്ളത്. ഇവര്‍ എന്‍പിപിക്ക് കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് 32 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍റാഡ് സാങ്മ ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ പിന്തുണ പിന്‍വലിക്കുകയാണെന്ന് ഇന്നലെ എച്ച്എസ്പിഡിപി അധ്യക്ഷന്‍ കെപി പാങ്‌നിയാങ് കോണ്‍റാഡിനെ അറിയിച്ചു.

 

60 അംഗങ്ങളുള്ള മേഘാലയ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 31 അംഗങ്ങളുടെ ഭൂരിപക്ഷമാണ് വേണ്ടത്. 26 സീറ്റുകള്‍ നേടിയ കോണ്‍റാഡ് സങ്മയുടെ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ എന്‍പിപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സഖ്യം പുനഃസ്ഥാപിക്കുകയായിരുന്നു.

 

അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായ യുഡിപിയും തൃണമൂലും രംഗത്തുവന്നു. തങ്ങളുടെ പാര്‍ട്ടി യുഡിപിയുമായി ചര്‍ച്ചയിലാണെന്നും ബിജെപി എന്‍പിപി വിരുദ്ധ സഖ്യം മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മ അറിയിച്ചു. തൃണമൂലും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യുഡിപിയും അറിയിച്ചിട്ടുണ്ട്. 31 പേരുടെ പിന്തുണയുണ്ടെന്നാണ് യുഡിപിയുടെ അവകാശവാദം.

 

11 സീറ്റുകള്‍ നേടിയ യുഡിപിയാണ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിനും തൃണമൂലിനും അഞ്ചു സീറ്റുകള്‍ വീതമുണ്ട്. പുതിയതായി അങ്കത്തിനിറങ്ങിയ വോയ്‌സ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടിക്ക് നാലും പിഡിപിക്ക് രണ്ടു സീറ്റുമാണുള്ളത്. രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി എന്‍പിപി സഖ്യം ഒഴികെയുള്ളവര്‍ എതിര്‍ചേരിയില്‍ എത്തിയാല്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളുമായി യുഡിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.