Wed. Jan 22nd, 2025

ലോകത്തിലെ ആദ്യത്തെ സസ്യ പരാഗണകാരികളെന്ന് കരുതപ്പെടുന്ന പ്രാണികളുടെ ഫോസിലുകള്‍ കണ്ടെത്തി. റഷ്യന്‍ പാലിയന്റോളജിസ്റ്റുകളാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ഡെര്‍മാപ്റ്റെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇയര്‍വിഗ് പ്രാണികളുടേതായി സാമ്യമുള്ളതാണ് പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തിയ ഫോസിലുകള്‍. റഷ്യയിലെ ചെക്കാര്‍ഡ ഗ്രാമത്തിന് സമീപത്തുള്ള നദിക്കരയില്‍ പാറകള്‍ പൊട്ടിച്ചപ്പോഴാണ് പൂമ്പൊടിയില്‍ പൊതിഞ്ഞു കിടന്ന അപൂര്‍വ ഫോസിലുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യത്തെ പരാഗണകാരികളെന്ന് കരുതിയ പ്രാണികളെക്കാള്‍ 12 കോടി വര്‍ഷം മുമ്പുള്ള ഫോസിലുകളാണ് കണ്ടെത്തിയത്.

ടില്യാര്‍ഡെംബിയിഡ്സ് എന്നറിയപ്പെടുന്ന ഈ പ്രാണികളുടെ തലയിലും, ശരീരത്തും, കാലുകളിലുമായി പാലിയന്റോളജിസ്റ്റുകള്‍ പൂമ്പൊടികള്‍ കണ്ടെത്തുകയുണ്ടായി. ഫ്ളൂറസെന്റ് മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഇവ ക്രിസ്മസിന് തൂക്കുന്ന വര്‍ണഗോളങ്ങള്‍ പോലെയായിരിക്കും കാണുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം, പെര്‍മിയന്‍ കാലഘട്ടത്തില്‍ ഈ പ്രാണികള്‍ പരാഗണത്തിന് സഹായിച്ചിരുന്നോ എന്നറിയുന്നത് സാധ്യമല്ലെന്നാണ് റഷ്യയിലെയും പോളണ്ടിലെയും പാലിയന്റോളിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ പ്രാണികള്‍ പൂമ്പൊടികള്‍ ഭക്ഷിച്ചിരുന്നതായും അത് പ്രാണികളുടെ ശരീരത്തില്‍ പറ്റിപിടിക്കുന്നത് പരാഗണത്തിന് കാരണമായിട്ടുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

പരാഗണ പ്രക്രിയ പുരോഗമിക്കുന്നതിന് കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാണികള്‍ സസ്യങ്ങളുടെ പൂമ്പൊടികള്‍ ഭക്ഷിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. പ്രാണികള്‍ എല്ലാ ചെടികളില്‍ നിന്നും പൂമ്പൊടികള്‍ ശേഖരിച്ചിരുന്നതിനാല്‍ ഒരു ചെടിയില്‍ നിന്ന് മറ്റ് ചെടികളിലേയ്ക്ക് സ്വഭാവികമായി പരാഗണം നടന്നിരുന്നു. ഇത് ഒടുവില്‍ പ്രാണികള്‍ക്കും ചെടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധം പരാഗണമായി മാറുകയായിരുന്നെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം