Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലൂടെയാണ് ടിക് ടോക്ക് നിരോധിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. അമേരിക്കയിലെ മൂന്നില്‍ രണ്ട് ശതമാനം ചെറുപ്പക്കാരും ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നവരാണ്. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ക്കും ടിക് ടോക് ആപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആപ്പ് ഉപയോഗിച്ച് ചൈന ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോ എന്നതാണ് അമേരിക്കയുടെ ഭയം.

ആപ്പ് നിരോധിച്ചത് അമേരിക്കന്‍ ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം. അമേരിക്കയുടെ ദേശീയ സുരക്ഷാ നയം അതിരുകടക്കുന്നുവെന്നും മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യയെ അമേരിക്ക അടിച്ചമര്‍ത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ബൈറ്റ് ആപ്പ് കമ്പനിയുടെ കീഴില്‍ വരുന്ന ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈറ്റ് കമ്പനിയുടെ കീഴില്‍ വികസിപ്പിച്ചെടുത്തതാണ് ടിക് ടോക്. 2020 ല്‍ ഇതിന്റെ ആസ്ഥാനം സിംഗപ്പൂരിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനോടകം തന്നെ 10 കോടി ജനങ്ങള്‍ അമേരിക്കയില്‍ ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതേസമയം, ടിക് ടോക് നിരോധിക്കരുതെന്ന് ചില യൂണിയനുകളും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് അവരുടെ വാദം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം