Mon. Dec 23rd, 2024

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍ റോഡിന് ഇരുവശത്തും താമസിക്കുന്നവര്‍ക്ക് വര്‍ഷങ്ങളായി കുടിവെള്ളം ലഭിക്കുന്നത് പേരിന് മാത്രമാണ്. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനെന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ റോഡിന്റെ പടിഞ്ഞാറുഭാഗം കുഴിയ്ക്കുകയും പൈപ്പിടുകയും ചെയ്തിരുന്നു.

 

ഒരു വര്‍ഷമായിട്ടും കുടിവെള്ളം ലഭിച്ചിട്ടില്ല. പൈപ്പിടുന്നതിനുവേണ്ടി കുഴിച്ച റോഡ് മെറ്റിലുകള്‍ ഇളകിയും പൊട്ടിപ്പൊളിഞ്ഞും യോഗ്യമല്ലാതായി. റോഡില്‍ ഒരുവശത്തുകൂടി മാത്രമാണ് ഇപ്പോള്‍ ഗതാഗതം. കാല്‍നടയാത്രക്കാരെ വാഹനമിടിച്ചുണ്ടാകുന്ന അപകടങ്ങളും ദിവസേനയുണ്ട്. കഴിഞ്ഞ 20 ദിവസമായി കടവന്ത്രയില്‍ കുടിവെള്ളം ലഭിക്കുന്നുമില്ല. 55, 56, 57 ഡിവിഷനുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. പൊട്ടി പൊളിഞ്ഞ റോഡില്‍ ഇരുചക്രവാഹകര്‍ക്ക് നിരന്തരം അപകടം ഉണ്ടാവുന്നുണ്ടെന്ന് നാട്ടു ആരോപിച്ചു.

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സെന്‍ട്രല്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസി യേഷന്റെ നേതൃത്വത്തില്‍ കെ പി വള്ളോന്‍ റോഡ് ഉപരോധിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.