Wed. Nov 6th, 2024

എറണാകുളം ജില്ലയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനു വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാ എന്ന പ്രശ്നം കാലങ്ങളായി ഉന്നയിക്കുന്നതാണ്. നിരന്തര ആവശ്യത്തിന്റെ ഫലമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ ആലുവയില്‍ തുടങ്ങാന്‍ തീരുമാനമാവുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ പണികഴിഞ്ഞ് അഡ്മിഷന്‍ എടുത്തുതുടങ്ങിയെങ്കിലും ടോയ്ലറ്റ് സംവിധാനങ്ങള്‍ തകരാറിലായി എന്ന് പറഞ്ഞ് ഹോസ്റ്റല്‍ കപ്പാസിറ്റിയുടെ മൂന്നില്‍ ഒന്ന് അഡ്മിഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലാവട്ടെ പണികഴിഞ്ഞ് കാലങ്ങള്‍ ആയിട്ടും തുറന്നു കൊടുത്തിട്ടില്ല.

കൊച്ചി പോലുള്ള നഗരത്തില്‍ മിനിമം 5000 രൂപയാണ് ഹോസ്റ്റല്‍ വാടകയിനത്തില്‍ നല്‍കേണ്ടത്. എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് ആയി സര്‍ക്കാര്‍ നല്‍കുന്ന 3000 രൂപ ഹോസ്റ്റല്‍ ഫീസിനു തികയില്ല. ബാക്കിയുള്ള പണം ഈ കുട്ടികളുടെ കുടുംബങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പഠന ആവശ്യത്തിനുള്ള പണവും. പൈസ കണ്ടെത്താന്‍ കഴിയാതെ ഡ്രോപ്പ്ഔട്ട് ആകല്‍ സര്‍വ സാധാരണമാണ്. അതുകൊണ്ട് തന്നെ ഗ്രാന്‍ഡ് ആയി 7000 രൂപയെങ്കിലും ലഭിക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

കൊച്ചി നഗരത്തിലെ ഇരുപതോളം വരുന്ന കോളേജുകളിലേയ്ക്കായി ഏകദേശം മുന്നൂറോളം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ പഠനത്തിനുവേണ്ടി എത്തുന്നുണ്ട്. എസ്.സി ഹോസ്റ്റലുകള്‍ പ്രവര്‍ത്തന സജ്ജമാവാത്തത് കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ കോളേജ്, സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ലഭിക്കുന്ന ഗ്രാന്‍ഡ് പര്യാപ്തമല്ലത്തതിനാല്‍ സ്വകാര്യ, കോളേജ് ഹോസ്റ്റലുകളിലെ ഫീസ് താങ്ങാന്‍ പറ്റാതാവുകയും പഠനം ഉപേക്ഷിച്ചു കുട്ടികള്‍ മടങ്ങിപ്പോവുകയും ചെയ്യുന്ന സാഹചര്യമാണ്. ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ആദിശക്തി സമ്മര്‍ സ്‌കൂളിനു സാധിക്കുന്നുണ്ട് എങ്കിലും പ്രത്യേകിച്ച് ധന സഹായം കിട്ടാതെ പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ അവര്‍ക്കും പരിമിതികള്‍ ഒരുപാടാണ്.

എസ്.സി വിഭാഗത്തിലെ പ്രത്യേകം പരിഗണ ലഭിക്കേണ്ട വേടര്‍, ചക്ലിയ, നായാടി തുടങ്ങിയ വിഭാഗക്കാര്‍ക്ക് പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനം നല്‍കാന്‍ പ്രത്യേക പരിഗണ നല്‍കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. കൂടാതെ പട്ടിക ജാതി വികസനവകുപ്പിന് കീഴിലുള്ള എല്ലാ ഹോസ്റ്റലുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന യോഗ്യമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.