Mon. Dec 23rd, 2024

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏലൂര്‍-എടയാര്‍ മേഖലയിലെ ജനങ്ങള്‍ ശ്വസിക്കുന്നത് വിഷവായുവാണ്. ഇപ്പോഴിതാ വിഷവായുവിന്റെ തോത് അത്യാപകടകരമായ രീതിയില്‍ കൂടിയിരിക്കുകയാണെന്നു വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ മേഖലയിലെ വ്യവസായശാലകള്‍ പുറത്തുവിടുന്ന ദുര്‍ഗന്ധത്തിന്റെ തോത് 5,000 മുതല്‍ 15 കോടി ഒയു/ഘനമീറ്ററാണ്. 20 വ്യവസായശാലകളിലെ ബയോഫില്‍റ്ററുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുള്ളത്.

20 ഓളം വ്യവസായശാലകളില്‍ നിന്നുള്ള വായു മലിനീകരണം സംബന്ധിച്ച് പഠിക്കാന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിനെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസ്പ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയെയുമാണ് മലിനീകര നിയന്ത്രണ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. ആറു കമ്പനികളില്‍ നിന്നുള്ള വായു മലിനീകര തോതിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Alliance industry, Parakkal industries, Organo Fertilizers, Ashan exports, National industies, Malaya Rubtech എന്നീ കമ്പനികളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മലിനീകരണ സംവിധാനമില്ലായിരുന്നു എന്നും മണത്തിന്റെയും വളാട്ടൈയില്‍ ഓര്‍ഗാനിക് കോംപൗണ്ടിന്റെയും തോത് എല്ലാ പരിധിയെയും ലംഘിക്കുന്ന വിധത്തിലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ബോണ്‍ മീലുണ്ടാക്കുന്ന കമ്പനികള്‍, തുകല്‍ കമ്പനികള്‍, കുടല്‍ സംസ്‌കരണ യൂണിറ്റുകള്‍, കോഴി വെസ്റ്റ്, മത്സ്യം, റബ്ബര്‍ സംസ്‌കരണ കമ്പനികള്‍ തുടങ്ങിയ വ്യവസായ ശാലകളാണ് വായുമലിനീകരണം ഉണ്ടാക്കുന്നവ. ഈ കമ്പനികളില്‍ നിന്നും പുറത്തുവിടുന്ന അസഹനീയമായ മണം ശ്വസിച്ച് ആസ്മ, അലര്‍ജി, ത്വക്ക് സംബന്ധമായ രോഗങ്ങള്‍, തല വേദന, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍, ലിവര്‍ സംബന്ധമായ രോഗങ്ങള്‍, തൈറോയിഡ്, എല്ല്-മസില്‍ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളാണ് ഏലൂര്‍ ഇടയാര്‍ മേഖലയിലെ ജനങ്ങളെ പിടികൂടികൂടിയിരിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരമായി പഠനം നടത്തുന്ന ഒരു മേഖലയാണ് ഏലൂര്‍-എടയാര്‍. എന്നിട്ടും വ്യവസായശാലകള്‍ നിര്‍ബാധം തുടരുന്ന മലിനീകരണത്തിനു തടയിടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനായിട്ടില്ല. കമ്പനികളില്‍ നിന്നും രൂക്ഷ ഗന്ധമുണ്ടാവുമ്പോള്‍ പി.സി.ബിയെ അപ്പോള്‍ തന്നെ പരിസരവാസികള്‍ അറിയിക്കാറുണ്ട്. എന്നിട്ടും കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുക അല്ലാതെ കൃത്യമായ നടപടികളിലേയ്ക്ക് പി.സി.ബി കടക്കുന്നില്ല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.