Sat. May 4th, 2024

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.

 

ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ മൊഴി നല്‍കിയത്.

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ചൊവ്വാഴ്ച ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.