Wed. Nov 6th, 2024

 

പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്ക് ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസ മലിന ജലം പുഴയിലേക്ക് തള്ളാനും മൗനാനുവാദം നല്‍കുന്നത് ഇവിടുത്തെ ഭരണാധികാരികളാണ്. സ്വകാര്യ-പൊതുമേഖലാ കമ്പനികള്‍ ഒരുപോലെയാണ് നിര്‍ബാധം മലിനജലം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. ഇപ്പോഴിതാ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്നും പെരിയാറിലേയ്ക്ക് മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറില്‍ അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഖനികള്‍ക്ക് സമാനമായ രീതിയിലാണ്. കുടിവെള്ളം, മത്സ്യം തുടങ്ങി ഈ ജലാശയത്തില്‍ നിന്ന് ലഭ്യമാകുന്ന അടിസ്ഥാന വിഭവങ്ങളിലെല്ലാം പലവിധ രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ രീതിയിലാണ്. ഏകദേശം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ് പെരിയാര്‍ പുഴ. കഴിഞ്ഞ അഞ്ചുമാസമായി ഒരു കറിക്കുള്ള മീന്‍ പോലും പുഴയില്‍ നിന്നും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഓരോ കമ്പനികള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു അംഗീകൃത ഔട്ട്ലെറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഭൂഗര്‍ഭ കുഴലുകള്‍ വഴി നിയമവിരുദ്ധമായി കമ്പനികള്‍ മലിനജലം ഒഴുക്കിവിടുന്നത് എന്‍.ജി.ആര്‍.ഐ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിബാധിക്കുന്നുണ്ട്. ഇതിനു പരിഹാരമായി നിര്‍ദേശിച്ചത് ഡൈക് വാള്‍, സര്‍വൈലന്‍സ് റോഡ് എന്നിവയാണ്. എന്നാല്‍ നാളിതുവരെ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.