Fri. Nov 22nd, 2024
apple smart watch

സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും തങ്ങളുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ആപ്പിളാണ് ക്യാമറ കൂടി ഉള്‍പ്പെടുത്താന്‍ പോകുന്നത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട്  ആപ്പിള്‍ ഒരു പേറ്റന്റ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. കൈയ്യില്‍ കെട്ടിയിരിക്കെ തന്നെ സ്ട്രാപ്പില്‍ നിന്ന് വാച്ച് അഴിച്ചെടുത്ത് എളുപ്പം തിരിച്ച് ഫിറ്റ് ചെയ്യാവുന്ന ഡിറ്റാച്ചബിള്‍ ബാന്‍ഡ് സിസ്റ്റത്തെ കുറിച്ചും ഒരു സംയോജിത ക്യാമറ യൂണിറ്റിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ക്വിക് റിലീസ് മെക്കാനിസത്തെ കുറിച്ചുമാണ് ആപ്പിള്‍ സ്വന്തമാക്കിയ പേറ്റന്റിലുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഉപയോക്താവിന് വേഗത്തില്‍ ബാന്‍ഡ് റിലീസ് ചെയ്യാനും വാച്ചിന്റെ അടിയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറയില്‍ നിന്ന് ഫോട്ടോകള്‍ എടുത്ത് അത് തിരികെ സ്ട്രാപ്പില്‍ ഫിറ്റ് ചെയ്യാനും സാധിക്കുന്നതാണ് സംവിധാനം.

അതേസമയം, സ്മാര്‍ട്ട് വാച്ചിലെ ക്യാമറ സ്വകാര്യതാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. സ്മാര്‍ട്ട്ഗ്ലാസുകളിലെ ക്യാമറാ ഇന്‍ഡിക്കേറ്ററുകള്‍ പോലെ വാച്ചിലെ ക്യാമറ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്കും ആവശ്യമാണ്. ആദ്യമായി സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ അവതരിപ്പിക്കുന്നത് ആപ്പിളല്ല. സ്മാര്‍ട്ട് വാച്ചിനുള്ളിലെ ക്യാമറ സംവിധാനം ആദ്യമായി വിപണിയിലെത്തിച്ചത് സാസംങ് ആയിരുന്നു. അവരുടെ ‘ഗാലക്സി ഗിയറി’ല്‍ 1.9 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ വാച്ച് വിപണിയില്‍ അത്ര ശ്രദ്ധ നേടിയിരുന്നില്ല. സാംസങ് അത്തരം വാച്ച് പിന്നീട് അവതരിപ്പിച്ചിട്ടുമില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം