Thu. May 2nd, 2024

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ഇപി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപിച്ചു. അരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. 

കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി ജയരാജന്‍ ആരോപിച്ചു. ഇപി ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി കെ ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. 

അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി ജയരാജന്‍ ആരോപിച്ചു.

ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.