Sat. May 4th, 2024

ഇഡി കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകും. ജനുവരി പത്തിന് സിദ്ദിഖ് കാപ്പന്റെ വിചാരണാ നടപടികള്‍ ആരംഭിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍, ഇഡി കേസില്‍ ജാമ്യം നീണ്ടുപോയതോടെയാണ് കാപ്പന്റെ മോചനവും വൈകിയത്. ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. ഹാത്രസില്‍ കലാപമുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേര്‍ നിയോഗിക്കപ്പെട്ടെന്നായിരുന്നു ഇഡിയുടെ ആരോപണം. ഇവര്‍ക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇഡി ആരോപിച്ചിരുന്നു.

രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. എന്നാല്‍, ഇഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. 45,000 രൂപ അക്കൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.