Sun. Apr 28th, 2024

ബഫര്‍സോണിൽ വിവാദം മുറുകുന്നു.  ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യവുമായി താമരശേരി രൂപത. പുറത്തുവന്നത് അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ടാണെന്നും ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ആരോപിച്ചു. ഇതിന് പിന്നിൽ ഗുഡാലോചന സംശയിക്കുന്നുവെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥനയെന്നും അദേഹം വ്യക്തമാക്കി. നാളെ കോഴിക്കോട് മലയോര മേഖലകളിൽ സമരം തുടങ്ങും. അതിനിടെ,  ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭയും രംഗത്തുവന്നു. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്.  ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടുന്ന  ഉത്തരവ് ഉടൻ ഇറങ്ങും. സെപ്റ്റംബർ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബർ 30 നുള്ളിൽ അന്തിമ റിപ്പോർട്ട് നല്കാൻ ആയിരുന്നു നിർദേശം. ഉപഗ്രഹ സർവേക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആണ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം നൽകുന്നത്. ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കുന്ന ഹെൽപ് ഡെസ്കുകൾ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.