Fri. Apr 26th, 2024
മണർകാട്:

‘ബൈപാസ്’ റോഡിനു ‘സർജറി’ വൈകുന്നു. ജനം  ദുരിതത്തിൽ. പ്രതിഷേധ സമരം വരെ അരങ്ങേറിയിട്ടും ടാറിങ് വൈകിക്കുന്നത് ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്നു ആക്ഷേപമുണ്ട്.

അര കിലോമീറ്റർ താഴെ ദൂരമുള്ള ഈ റൂട്ടിൽ നിലവിൽ‌ 35ൽ പരം കുഴികളുണ്ട്. മൂന്നിടത്ത് റോഡ് പൂർണമായും ടാറിങ് തകർന്നു കിടക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഇതു വഴി വാഹനത്തിൽ എത്തുന്നവർ കുഴികളിൽ ചാടി ‘ക്ഷ’ വരക്കുകയാണ്.

ഞങ്ങളും നികുതി  അടയ്ക്കുന്നതല്ലേ….? ഇന്നലെ രാവിലെ ഇതു വഴി സഞ്ചരിച്ച് എത്തിയ ആർഐടി ഗവ കോളജിലെ സീനിയർ അധ്യാപികയുടെ ചോദ്യമാണിത്. ‘എല്ലാ ദിനവും ഇതുവഴിയാണ് കോളജിലേക്ക് വാഹനം ഓടിച്ചു കടന്നു പോകുന്നത്.

കുഴികൾ  കാരണം ഇപ്പോൾ ഇതു വഴി റോഡിന്റെ വലതു വശം ചേർത്തു വേണം ഓടിക്കാൻ. കുഴിയിൽ ചാടി നടുവേദനയും പതിവാകുന്നു. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയാൽ  പൊടി ശല്യവും.

റോഡ് പൂർണമായും തകരാൻ കാത്തിരിക്കുകയാണോ അധികാരികൾ എന്നും അധ്യാപിക രോഷം കൊണ്ടു.’ വൺവേ ക്രമീകരിച്ചിരിക്കുന്ന ടൗണിൽ കോട്ടയം ഭാഗത്തു നിന്നു വരുന്ന കിഴക്കൻ മേഖലയിലേക്കുള്ള മുഴുവൻ വാഹനങ്ങളും , കിടങ്ങൂർ, ഏറ്റുമാനൂർ റൂട്ടിൽ കൂടി വരുന്ന  മുഴുവൻ വാഹനങ്ങളും ഉപയോഗിക്കുന്ന റോഡ് കൂടിയാണ് പഞ്ചായത്ത് ബൈപാസ് റോഡ്.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് റോഡ് സമ്പൂർണ തകർച്ച നേരിട്ടപ്പോൾ പൊതുമരാമത്ത് വകുപ്പിനെ കൊണ്ടാണ് പണികൾ നടത്തിച്ചത്. തുടക്ക ഭാഗം 100 മീറ്ററോളം ടൈലുകൾ പാകുകയും ബാക്കി ഭാഗം ടാറിങ് നടത്തുകയുമാണ് ചെയ്‌തത്.ടൈലുകൾ പാകിയ ഭാഗം 3 വർഷം കഴിഞ്ഞിട്ടും കേടുപാടുകൾ ഇല്ലാതെ കിടക്കുന്നു.ബാക്കി ഭാഗമാണ് പൂർണ തകർച്ചയെ നേരിടുന്നത്.

പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുത്തു ടൈലുകൾ പാകി ആധുനിക നിലവാരത്തിൽ പണികൾ നടത്തുകയാണ് ഉചിതമെന്നു അഭിപ്രായമുണ്ട്.പാടശേഖരം മണ്ണിട്ടു നികത്തി നി‍ർമിച്ച റോഡായതിനാൽ ഇവിടെ ടാറിങ് ശാശ്വതമാകില്ല എന്നു വിദഗ്‌ധർ പറയുന്നു. നേരത്തെ ഇവിടെ ഇന്റർലോക് പാകിയ ഭാഗം ജിഎസ്‌പി ഇട്ടു ലവൽ ചെയ്‌ത ശേഷമായിരുന്നു. ഇത്തരത്തിൽ പണികൾ നടത്തിയെങ്കിലേ തുടർന്നുള്ള ഭാഗവും മികച്ച രീതിയിൽ നിലനിൽക്കാൻ സാധ്യതയുള്ളൂ.