Fri. May 3rd, 2024

ബെംഗ്ലൂരു: ഹിജാബ് വിവാദം കത്തിനിൽക്കേ കര്‍ണാടക പൊലീസ് കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിക്കുന്നു. ചില വിദ്യാർത്ഥികളെ സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി തിരിച്ചറിയില്‍ രേഖകളും മറ്റും പരിശോധിച്ചു. ഇതിനിടെ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നും വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. 

കര്‍ണാടകയിലെ കോളേജുകളില്‍ പഠിക്കുന്ന കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വീട്ടുവിലാസം, പഠന പശ്ചാത്തലം, മാതാപിതാക്കളുടെ സംഘടനാ ബന്ധങ്ങള്‍ എന്നിവ ശേഖരിക്കാൻ കോളേജുകളോട് പോലീസ് നിര്ദേശിക്കുകയായിരുന്നു. വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോളേജുകള്‍ വഴി വിദ്യാര്‍ത്ഥിനികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതിനിടെ ഉഡുപ്പിയിലും ശിവമൊഗ്ഗയിലുമുള്ള കശ്മീരി വിദ്യാര്‍ത്ഥികളുടെ  തിരിച്ചറിയില്‍ രേഖ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരിശോധിച്ചു. ദേശസുരക്ഷ പരിഗണിച്ചാണ് പരിശോധന നടത്തുന്നതെന്നാണ്  പോലീസിന്റെ വിശദീകരണം. 

ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച് കല്‍ബുര്‍ഗി ഉറുദു ഗേള്‍സ് സ്കൂളിലെ 80 വിദ്യാര്‍ത്ഥിനികൾ ക്ലാസ് ബഹിഷ്കരിച്ചു. ഒരു വിദ്യാർത്ഥി പോലും ക്ലാസ്സിൽ ഹാജരാകാത്തതിനാൽ അധ്യാപികയ്ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിക്കേണ്ടി വന്നു. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ ഒരു വിദ്യാർത്ഥിയെയും സ്കൂളിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ കർണാടകയിലെ പലയിടങ്ങളിലുള്ള നിരവധി വിദ്യാർഥികൾ സ്കൂളിന് മുന്നില്‍ നിന്നും രാവിലെ തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചില സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെയും വിലക്കിയിരുന്നു.