Fri. May 3rd, 2024
ഒഹിയോ:

നിധി കിട്ടുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യങ്ങള്‍. ഒഹിയോയിലെ ദമ്പതികള്‍ക്ക് വീട് പുതുക്കിപ്പണിയുമ്പോഴാണ് നിധി ലഭിച്ചത്. ബേസ്മെന്‍റ് പുതുക്കി പണിയുമ്പോഴാണ് നിധി ദമ്പതികളെ തേടിയെത്തിയത്.

ബേസ്‌മെന്‍റിന്‍റെ പൊടിനിറഞ്ഞ സീലിംഗിന്‍റെ കഷണങ്ങൾ വലിച്ചുകീറുന്നതിനിടെ, മുകൾ ഭാഗത്തിനും താഴത്തെ നിലയുടെ അടിഭാഗത്തിനും ഇടയിൽ എന്തോ ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പച്ചയും ചാരനിറത്തിലുള്ള സ്യൂട്ട്‌കേസുകളായിരുന്നു അത്.

പെട്ടിക്കുള്ളിൽ എന്തോ ഉണ്ടെന്നു ഉടമയ്ക്ക് മനസിലായെങ്കിലും ഭാരമില്ലാത്തതിനാൽ നാണയങ്ങളോ സ്വർണ്ണക്കട്ടികളോ ആയിരിക്കില്ലെന്ന് ഉറപ്പായിരുന്നു. ചിലപ്പോൾ പഴയ സ്‌പോർട്‌സ് കാർഡുകളാകാം എന്ന നിഗമനത്തിലായിരുന്നു ദമ്പതികള്‍.

പക്ഷെ സ്യൂട്ട്കേസുകൾ തുറന്നപ്പോൾ ആയിരക്കണക്കിന് ഡോളർ പണമാണ് കണ്ടെത്തിയത്. ഓരോ പെട്ടിയിലും മെഴുക് പേപ്പറിൽ പൊതിഞ്ഞ മൂന്ന് പൊതികൾ അടങ്ങിയിരുന്നു, കൂടാതെ 1951 മാർച്ച് 25 ലെ ക്ലീവ്‌ലാൻഡ് പ്ലെയിൻ ഡീലർ പത്രത്തിന്‍റെ പഴയ പകർപ്പും.

ആദ്യത്തെ സ്യൂട്ട്കേസിൽ 23,000 ഡോളറിന്‍റെ നോട്ടുകളുണ്ടായിരുന്നു. രണ്ടാമത്തെ സ്യൂട്ട്കേസിൽ കൂടുതൽ പണമുണ്ടായിരുന്നു, ആകെ 45,000 ഡോളറാണ് ലഭിച്ചത്. അതായത് 33 ലക്ഷം രൂപ! എന്തായാലും ഈ തുക കൊണ്ടു പണയ തുക അടയ്ക്കാനും കടങ്ങൾ വീട്ടാനും ഉപയോഗിക്കാനാണ് ഉടമകളുടെ തീരുമാനം.