Sun. Dec 22nd, 2024

ഗുജറാത്തിൽ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്സി ഇന്ത്യ ഹോൾഡിങ്‌സ് (PIH) ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനത്തിന്റെ പേരിൽ 2019 ഏപ്രിലിൽ നിയമ നടപടികൾ സ്വീകരിക്കുകയുണ്ടായി. അതിനെത്തുടർന്ന് പെപ്സികോ കർഷകർക്കെതിരെ അഹമ്മദാബാദ് വാണിജ്യ കോടതിയിൽനിന്ന് നിരോധന ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. ഇതിനെതിരെ കർഷകരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന കവിത കുരുഗന്തി, ശാലിനി ഭൂട്ടാനി, കപിൽ ഷാ എന്നിവർ ചേർന്ന് നിയമ പോരാട്ടം നടത്തുകയും പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് (PPV&FR) അതോറിറ്റി എഫ്എൽ 2027 എന്ന ഉരുളക്കിഴങ്ങിനുമേൽ പെപ്സിക്കോയ്ക്കുണ്ടായിരുന്ന ബൗദ്ധിക സ്വത്തവകാശം റദ്ദാക്കുകയും ചെയ്തു. 

കവിത കുരുഗന്തി

സുസ്ഥിര കാർഷിക ഉപജീവനമാർഗങ്ങളുമായും കർഷകരുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ സാമൂഹിക പ്രവർത്തകയാണ് കവിത കുരുഗന്തി. വികസന മേഖലയിൽ 25 വർഷത്തെ അനുഭവപരിചയമുള്ളകവിത അലയൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രികൾച്ചറിന്റെ (ആശ) സ്ഥാപക-കൺവീനറാണ്. ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി കമ്മിറ്റികളിലും ഫോഴ്‌സുകളിലും ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


അലയൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രികൾചർ അഥവാ ആശ-കിസാൻ സ്വരാജ് ശൃംഖല എന്നത് 2010-ലെ കിസാൻ സ്വരാജ് യാത്രയിൽ അണിനിരന്ന വ്യക്തികളുടെയും സംഘടനകളുടെയും ഒരു അനൗപചാരിക സന്നദ്ധ സേവക ശൃംഖലയാണ്. 
ഇന്ത്യയുടെ ഗ്രാമ മേഖലകളിൽ സുസ്ഥിരവും പ്രായോഗികവുമായ കാർഷിക ഉപജീവനത്തിനായി പ്രവർത്തിക്കുകയും ഉത്പാദന വിഭവങ്ങൾ കർഷകരുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുകയും അതുവഴി സുരക്ഷിതവും പോഷകപ്രദവും വൈവിധ്യമാർന്നതുമായ ഭക്ഷണം എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ശൃംഖലയുടെ ലക്ഷ്യം.

Shalini Bhutani
ശാലിനി ഭൂട്ടാനി

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര നിയമ ഗവേഷകയും പോളിസി അനലിസ്റ്റും, കൃഷിയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ (IPR) വിദഗ്ധയുമാണ് ശാലിനി ഭൂട്ടാനി. വ്യാപാര നിയമങ്ങൾ എങ്ങനെയാണ് ഏഷ്യൻ മേഖലയിലെ കൃഷി, ജൈവവൈവിധ്യം എന്നിവയുമായി ഇടപെടുന്നതെന്ന് പഠിക്കുന്ന വ്യക്തിയാണ് ശാലിനി. ദി വയർ, ഡെക്കാൻ ഹെറാൾഡ്, ഡിഎൻഎ ഇന്ത്യ, ബിസിനസ് സ്റ്റാൻഡേർഡ്, ഇക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലി തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങൾക്കായി ശാലിനി ലേഖനങ്ങൾ എഴുതാറുണ്ട്. ഇന്ത്യയുടെ ജൈവ വൈവിധ്യ നിയമങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ‘ബയോഡിവാച്ച്’ ഏകോപിപ്പിക്കുന്നത് ശാലിനിയാണ്.

കപിൽ ഷാ

കിസാൻ ബീജ് അധികാർ മഞ്ച് പ്രവർത്തകനും ഗുജറാത്തിലെ ജതൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടറുമാണ് കപിൽ ഷാ. ഗുജറാത്തിലെ ആനന്ദ് കാർഷിക സർവകലാശാലയിൽനിന്ന് പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഇന്ത്യയിലെ സുസ്ഥിര കൃഷിക്കും കർഷക ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കപിൽ ഒരു ജൈവ കാർഷിക പ്രചാരകനും സ്വന്തം അറിവുകൾ കാർഷിക മേഖലയിലെ ഗവേഷകർ മുതൽ ചെറുകിട കർഷകർക്കുവരെ എത്തിച്ചുനൽകാൻ പ്രയത്നിക്കുകയും ചെയ്യുന്ന ഒരാളാണ്. 

ഇവർ മൂവരുമായി വോക്ക് മലയാളം നടത്തിയ അഭിമുഖത്തിൽ നിന്ന്:

പെപ്സികോ ഇന്ത്യ ഹോൾഡിങ്‌സും ഗുജറാത്തിലെ കർഷകരും തമ്മിൽ ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരിൽ നടന്ന നിയമപോരാട്ടത്തിന്റെ സാഹചര്യം എന്തായിരുന്നു ?

Shalini Bhutani

ശാലിനി ഭൂട്ടാനി: പെപ്സികോ ഇന്ത്യ ഹോൾഡിങ്‌സ് (PIH) പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ലെയ്‌സ് ചിപ്സ് ഉത്പാദനത്തിനായി ഉപയോഗിക്കുന്ന എഫ്എൽ 1867 (രജി.നം. 50/ 2016) എഫ്എൽ 2027 (രജി.നം. 59/ 2016) എന്നീ രണ്ട് ഉരുളക്കഴങ്ങ് ഇനങ്ങൾക്കുമേൽ ഇന്ത്യയിലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് (PPV & FR) അതോറിറ്റിയിൽനിന്നും ബൗദ്ധിക സ്വത്തവകാശം (IPRs) നേടിയെടുത്തിരുന്നു. 

ഏപ്രിൽ 2019-ൽ എഫ് എൽ 2027 കൃഷി ചെയ്തിരുന്ന ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്സികോ ഇന്ത്യ ഹോൾഡിങ്‌സ് അഹമ്മദാബാദ് കോടതിയിൽ ഒരു നിയമ ഹർജി സമർപ്പിച്ചു. ആ കർഷകർ ശരാശരി മൂന്നു മുതൽ നാല് ഏക്കർ വരെ മാത്രം കൃഷിഭൂമി കൈവശമുള്ളവരും അവർക്ക് പ്രാദേശിക വിത്ത് കച്ചവടക്കാർ വിളവ് തിരികെ ഏറ്റെടുക്കാമെന്ന ക്രമീകരണത്തിൽ വിത്ത് നല്കിയതുമായിരുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കർഷകർ വിജയം നേടിയെങ്കിലും ഈ മുഴുവൻ സംഭവങ്ങളും പെപ്സിക്കോയേയോ മറ്റു കമ്പനികളേയോ കർഷകരെ ഭാവിയിൽ പീഡിപ്പിക്കുന്നതിൽനിന്നോ ഭീഷണിപ്പെടുത്തുന്നതിൽനിന്നോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നവയാണെന്ന് ഉറപ്പില്ലായിരുന്നു.

പെപ്സിക്കോയുടെ റജിസ്റ്റേർഡ് ഇനമായ എഫ്എൽ 2027 കർഷകർ കൃഷിചെയ്യുന്നുണ്ടെന്നും അത് കമ്പനിക്ക് അംഗീകരിക്കാൻ കഴിയാത്ത രീതിയിലാണെന്നും അവർക്ക് രഹസ്യസൂചന ലഭിക്കുകയുണ്ടായി. അതിനെത്തുടർന്ന് കമ്പനി ഒരു സ്വകാര്യ കുറ്റാന്വേഷണ വിഭാഗത്തെ ഈ വിഷയത്തിൽ അന്വേഷണത്തിനായി നിയോഗിക്കുകയും, അവർ വിളവ് വിലയ്ക്ക് വാങ്ങുവാൻ വന്നവരെന്ന വ്യാജേന കർഷകരുടെ അടുക്കലെത്തി രഹസ്യമായി വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഉരുളക്കിഴങ്ങ് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പിന്നീട് പെപ്സികോ അവ അവരുടെ സ്വന്തം പരീക്ഷണ ശാലയിലും ഷിംലയിലുള്ള സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റിറ്റൂട്ടിലും (CPRI) സാമ്പിൾ പരിശോധനക്കയച്ച് അത് എഫ്എൽ 2027 അഥവാ എഫ്സി 5 എന്ന ഇനമാണെന്ന് ഉറപ്പുവരുത്തി. 

ലഭ്യമായ ഈ വിവരങ്ങളും കമ്പനിക്ക് ഇതുമൂലമുണ്ടായ നഷ്ടം ഒരുകോടി രൂപയിലധികമെന്ന് അവതരിപ്പിച്ച് നാല് കർഷകക്കെതിരെ ഏപ്രിൽ 2019- ന്റെ തുടക്കത്തിൽ കോടതിയിൽ അവർ ഹർജി സമർപ്പിക്കുകയും കര്ഷകര്ക്കെതിരെ നിരോധന ഉത്തരവ് നേടിയെടുക്കുകയും ചെയ്തു.

Pepsico Products at kirana stores | പെപ്സിക്കോയുടെ ലെയ്സ് ഉത്പന്നങ്ങൾ വ്യാപാരസ്ഥാപനത്തിൽ Ernakulam (c) Woke Malayalam

കർഷകർക്കെതിരെ കമ്പനി നേടിയെടുത്ത നിരോധന ഉത്തരവിനുശേഷം നടന്ന സംഭവങ്ങൾ എന്തൊക്കെയാണ് ?

കവിത കുരുഗന്തി: ഗുജറാത്തിലെ ഒരു ചെറിയ മാധ്യമത്തിൽ വന്ന റിപ്പോർട്ടിലൂടെ 2019-ൽ ഉണ്ടായ ആ സംഭവത്തെപ്പറ്റി ഞങ്ങൾ അറിയുകയും അഹമ്മദാബാദിലെ ഒരു വാണിജ്യ കോടതി കർഷകർക്കെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതറിഞ്ഞ് ഞങ്ങൾ ഇതിൽ ഇടപെടുകയായിരുന്നു. കാരണം ഇന്ത്യയിലെ കർഷകർക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള വിത്ത് നിയമങ്ങളെപ്പറ്റിയും നിയമ രൂപീകരണത്തെപ്പറ്റിയും ഞങ്ങൾക്ക് അറിവുണ്ടായിരുന്നു.

ഞങ്ങൾ കമ്പനിക്കെതിരെ ശക്തമായ ഒരു പൊതു പ്രചാരണം സംഘടിപ്പിക്കുകയും അതിനെത്തുടർന്ന് കർഷകർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്തു.

ഇരുകൂട്ടരുമായി നടന്ന മധ്യസ്ഥ നടപടികൾക്കുശേഷവും എഫ്എൽ-2027 ഉരുളക്കിഴങ്ങ് വകഭേദത്തിന്മേലുള്ള കമ്പനിയുടെ അധികാരം അസാധുവാക്കാനുള്ള നടപടികളുമായി മുന്നോട്ട്പോകാനുള്ള കാരണം ?

കവിത കുരുഗന്തി: പെപ്സിക്കോയും കർഷകരുമായി മധ്യസ്ഥ ചർച്ചകൾ ഒന്നും ഉണ്ടായിട്ടില്ല. പെപ്സിക്കെതിരെയുണ്ടായ പൊതു പ്രചാരത്തിനുമുന്നിൽ അവർ വഴങ്ങുകയായിരുന്നു. അവർ നിരുപാധികമായി എല്ലാ കേസുകളും പിൻവലിച്ചു, പക്ഷെ കോടതിയിൽ സമർപ്പിച്ച പിൻവലിക്കൽ അപേക്ഷയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാമെന്ന് ഗുജറാത്ത് സർക്കാർ ഉറപ്പു നല്കിയിട്ടുള്ളതായി പരാമർശിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കർഷകർ വിജയം നേടിയെങ്കിലും ഈ മുഴുവൻ സംഭവങ്ങളും പെപ്സിക്കോയേയോ മറ്റു കമ്പനികളേയോ കർഷകരെ ഭാവിയിൽ പീഡിപ്പിക്കുന്നതിൽനിന്നോ ഭീഷണിപ്പെടുത്തുന്നതിൽനിന്നോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നവയാണെന്ന് ഉറപ്പില്ലായിരുന്നു. അതിനാലാണ് ഞാൻ പെപ്സിക്കോയുടെ അധികാരത്തെ എടുത്തുകളയുവാനും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപെടുവാനുമായി റദ്ദാക്കൽ അപേക്ഷയുമായി മുന്നോട്ടുപോകാൻ കാരണം. 

പെപ്സിക്കോയുടെ വരവിനുമുൻപേ ഗുജറാത്തിലെ കാർഷിക മേഖല സജീവമായിരുന്നു. പെപ്സിക്കോയുടെ വരവിന് മുൻപുണ്ടായിരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണ് ?

കപിൽ ഷാ: ഉരുളക്കിഴങ്ങ് വളരെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു സ്ഥലമാണ് വടക്കൻ ഗുജറാത്ത്. അവിടെ ‘ദീസ’ എന്ന നഗരം ഉരുളക്കിഴങ്ങിന്റെ ഹബ് എന്നാണു അറിയപ്പെടുന്നത്. അവിടുത്തെ മണ്ണും കാലാവസ്ഥയും ഉരുളക്കിഴങ്ങ് കൃഷിക്ക് വളരെ അനുകൂലമാണ്. എനിക്ക് തോന്നുന്നത് കുറഞ്ഞത് കഴിഞ്ഞ പതിനഞ്ച് വർഷമായി വേഫർ (Potato chips) ഉത്പാദനത്തിനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി വർദ്ധിച്ചിട്ടുണ്ട്. വിപണിൽ വേഫറിനുണ്ടായ ഉയർന്ന ആവശ്യത്തിനനുസരിച്ച് ഭക്ഷ്യ മേഖല ഉത്പാദനം വർധിപ്പിച്ചതാണ് ഇതിനു കാരണം. സമൂഹത്തിലെ വേഫർ ഉപഭോഗത്തിന് നാം എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നത് മറ്റൊരു കാര്യമാണ്. അതിനു അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷെ മറ്റ് വിഭവങ്ങൾക്ക് ഉപയോഗിക്കുന്ന ടേബിൾ ഉരുളക്കിഴങ്ങ് വിഭാഗത്തേക്കാൾ വേഫർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിലാണ് കർഷകർക്ക് താല്പര്യം. കാരണം അവയ്ക്ക് കൂടുതൽ മൂല്യ ലഭ്യതയുണ്ട്, അത് കർഷകരിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ ക്രമേണ ടേബിൾ ഉരുളക്കിഴങ്ങ് ഉത്പാദനം വേഫർ ഉരുളക്കിഴങ്ങ് ഉത്പാദനത്തിലേക്ക് തിരിഞ്ഞു.

ഗുജറാത്തിൽ ഏകദേശം മുപ്പത് മുതൽ അൻപത് ശതമാനം വരെ ഇപ്പോൾ വേഫേർ ഉരുളക്കിഴങ്ങാണ് ഉത്പാദിപ്പിക്കുന്നത്. ഇരുപത് വർഷം മുൻപ് ടേബിൾ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന പല ഗ്രാമങ്ങളും ഇപ്പോൾ വേഫർ ഉരുളക്കിഴങ്ങ് മാത്രം ഉത്പാദിപ്പിക്കുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. 

വേഫറുകളെ സംബന്ധിച്ചിടത്തോളം കൃത്യമായ ഗുണനിലവാരമുള്ള ഉരുളക്കിഴങ്ങുകൾ അനിവാര്യമാണ്. ആ ഉരുളക്കിഴങ്ങുകൾ പൊതുമേഖലയിൽനിന്നും വിവിധ സ്വകാര്യ മേഖലകളിൽനിന്നുമാണ് എത്തുന്നത്. കൂടാതെ ഒന്ന് രണ്ട് അന്താരാഷ്‌ട്ര ബ്രാൻഡുകളുമുണ്ട്. അതിലൊന്ന് ക്യാനഡയിൽ നിന്നുള്ള മക്കെയ്നും (Mccain) മറ്റൊന്ന് പെപ്സിയുമാണ് (Pepsi). അവർ അവർക്കാവശ്യമായ ഇനങ്ങൾ ഇവിടെ എത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. 

പലപ്പോഴും സ്വകാര്യ കമ്പനികൾ പൊതുമേഖലാ സ്ഥാപനങ്ങളുമായി മത്സരിക്കാറുണ്ട്. അത് കേവലം വിത്തിന്റെയും വിളവിന്റെയും ഗുണത്തിന്റെ പേരിൽ മാത്രമല്ല മറിച്ച് വിപണന തന്ത്രങ്ങളുടെ പേരിൽ കൂടിയാണ്. പൊതുമേഖലയിലെ വിത്ത് കമ്പനികൾക്ക് വിപണന തന്ത്രങ്ങൾ കുറവാണ്. അവർ അവരുടെ ഉത്പന്നങ്ങളെ കാര്യമായി പ്രചരിപ്പിക്കുന്നില്ല. അവർ ഗവേഷണം നടത്തി ഓരോ ഇനങ്ങളെ പുറത്തിറക്കുന്നു. അവർക്ക് അവരുടേതായ നിയമാവലിയുണ്ട്, ആരും പൊതുമേഖലാ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.

പെപ്സികോയുടെയും മക്കയിൻ ഇനങ്ങളെ അപേക്ഷിച്ച പൊതുമേഖലാ ഇനങ്ങൾ എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പില്ല. എന്തായാലും പെപ്സികോ ഇനവും മക്കയിൻ ഇനവും കൃഷി ചെയ്യുന്നതിൽ കർഷകർ സന്തുഷ്ടരാണ്. ഇപ്പോൾ പെപ്സികോ എന്ന കമ്പനിക്ക് അവരുടെ സ്വന്തം ഉരുളക്കിഴങ്ങ് ഇനവും ‘ലെയ്സ്’ എന്ന വേഫർ ബ്രാൻഡും ഉണ്ട്. ഈ രണ്ട് സാഹചര്യങ്ങളും വ്യത്യസ്തമാണ്, ഒന്ന് ആ ഇനത്തിന്റെ പ്രചാരണവും മറ്റൊന്ന് ആ ഇനത്തിന്റെ പ്രചാരണം വഴി അവരുടെ വേഫേർ ബ്രാൻഡിന് ലോകത്തെമ്പാടും ഒരേ നിലവാരം നിലനിർത്തുക എന്നതുമാണ്. പെപ്സി ചെയ്തത് കരാർ കൃഷിയുടെ ഭാഗമായി എഫ് സി 5, എഫ് സി 3 എന്നീ ഇനങ്ങളെ ഏകോപിപ്പിച്ചുള്ള വാണിജ്യ ഉത്പാദനമാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ തിരിച്ചറിഞ്ഞു അവരുടെ ഇനങ്ങൾ കർഷകർ സ്വന്തം നിലയിൽ നിർമ്മിക്കുകയും വിളവ് മറ്റ് പ്രാദേശിക കമ്പനികൾക്ക് വിൽക്കുകായും ചെയ്യുന്നുണ്ടെന്ന്.

അങ്ങനെ എതിരാളികളായ വേഫർ നിർമാതാക്കളിലേക്ക് അവരുടെ ഇനം ഉരുളക്കിഴങ്ങ് എത്തുന്നതും വേഫർ നിർമാണത്തിനാവശ്യമായ ഉരുളക്കിഴങ്ങ് ലഭ്യമാകാനിടയില്ലാത്ത സാഹചര്യവും വ്യവസായത്തിന് ദോഷകരമാകാൻ സാധ്യതയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. 

പക്ഷെ കമ്പനികളുടെ സാമർഥ്യംകൊണ്ട് കരാർ സാഹചര്യം സൃഷ്ടിച്ച് കോൾഡ് സ്റ്റോറേജ് ഉടമകളിൽനിന്ന് അവർ പേപ്പറുകൾ ഒപ്പിട്ട് വാങ്ങി. കോൾഡ് സ്റ്റോറേജ് ഉടമകളെ ഇടനിലക്കാരായാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞയുടനെ തന്നെ കോൾഡ് സ്റ്റോറേജ് ആവശ്യമായ ഒരു വിളയാണ് ഉരുളക്കിഴങ്ങ്. അവ ഒരുമിച്ച് വേഫർ ഉത്പാദനത്തിന് പോകുന്ന സാഹചര്യം കുറവാണ് പകരം കോൾഡ് സ്റ്റോറേജിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഒരുപക്ഷെ പല റിപ്പോർട്ടുകളിലും വെബ്സൈറ്റുകളിലും കമ്പനികൾ കർഷകരുമായി കരാറിലേർപ്പെടുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പെപ്സികോ നേരിട്ട് കർഷകരുമായി ഉണ്ടാക്കിയിട്ടുള്ള ഒരു കരാർ പോലും ഞാൻ കണ്ടിട്ടില്ല. അവർ ചെയ്യുന്നത് വിത്തുകൾ നൽകാമെന്നും ഉത്പാദനം ഏറ്റെടുക്കാമെന്നും വാഗ്ദാനം നൽകി കോൾഡ് സ്റ്റോറേജ് ഉടമകളുമായി കർഷകനെ കരാറിലേർപ്പെടുത്തും. എന്നാൽ കർഷകരുടെ മനസ്സിൽ കമ്പനിയുമായി കരാറിലാണെന്നും അവരോട് ബാധ്യസ്ഥനാണെന്നുമുള്ള സാഹചര്യം സൃഷ്ടിക്കും. 

പൊതുമേഖലയിലെ വിത്ത് കമ്പനികൾക്ക് വിപണന തന്ത്രങ്ങൾ കുറവാണ്. അവർ അവരുടെ ഉത്പന്നങ്ങളെ കാര്യമായി പ്രചരിപ്പിക്കുന്നില്ല.

അങ്ങനെ കോൾഡ് സ്റ്റോറേജ് ഉടമകൾ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കും. അവർ പെപ്സിക്കോയ്ക്ക് വേണ്ടി വിത്തുകൾ വിതരണം ചെയ്യുകയും പെപ്സിക്കോയ്ക്ക് വേഫർ ഉത്പാദനത്തിനാവശ്യമായ ഉരുളക്കിഴങ്ങ് കർഷകരിൽനിന്ന് ഏറ്റെടുത്ത് നൽകുകയും ചെയ്യും. 

ഈ കേസിൽ ഉൾപ്പെട്ട കർഷകർ പെപ്സിക്കോയുമായോ കോൾഡ് സ്റ്റോറേജുമായോ കരാറിൽ ഏർപ്പെട്ടിട്ടില്ല. അവർ സ്വതന്ത്ര ഉത്പാദകരാണ്. അവർക്ക് പെപ്സിയിൽനിന്ന് ലഭിക്കുന്നതിനുപകരം പകരം കോൾഡ് സ്റ്റോറേജ് ഉടമസ്ഥരിൽനിന്നാണ് വിത്തുകൾ ലഭിച്ചത്. 

വിത്തുകൾ വിവിധ ഏജൻസികൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഒന്ന് പെപ്സികോ എന്ന ഔദ്യോഗിക ഏജൻസി വഴി, മറ്റൊന്ന് വിത്തുകൾ പഞ്ചാബിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ വിത്തുൽപാദനത്തിന് അനുകൂലമായ കാലാവസ്ഥ പഞ്ചാബിൽ മാത്രമേ ഉള്ളു എന്നതിനാൽ പിപിവി ആൻഡ് എഫ്ആർ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്സി 5, എഫ്സി 3 എന്നീ ഉരുളക്കിഴങ്ങ് ഇനങ്ങളുടെ വിത്തുത്പാദനം പഞ്ചാബിലെ കർഷകരുമായി കരാർ അടിസ്ഥാനത്തിലാണ് കമ്പനി നടത്തുന്നത്.

പഞ്ചാബിലെ കർഷകരുമായുള്ള വിത്തുത്പാദന കരാർ പ്രകാരം രണ്ട് മൂന്നു തരം വിത്തുകൾ കർഷകർക്ക് നൽകുകയും തിരികെ കർഷകർ രാജ്യത്തുടനീളം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കാവശ്യമായ വിത്തുകൾ കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. പ്രധാനമായും മധ്യ പ്രദേശ്, രാജസ്ഥാൻ ഗുജറാത്ത്, ഉത്തർ പ്രദേശ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്കാണ് അവ പോകുന്നത്. 

ഇതിനിടയിൽ വിത്തുകളുടെ ചോർച്ച നടക്കുന്നുണ്ട്. കമ്പനിയുമായുള്ള കരാർ കൃത്യമായി പാലിക്കാത്ത ചില കർഷകർ വിത്തുകൾ ചാര വിപണിയിൽ കൈമാറ്റം ചെയ്യുന്നുണ്ട്. കൂടാതെ പഞ്ചാബിൽ വലിയ വിത്ത് വിതരണക്കാരുമുണ്ട്. അവർ കർഷകരിൽനിന്ന് വിത്ത് ഉരുളക്കിഴങ്ങ് വാങ്ങുകയും ഒരു ഭാഗം ചാര വിപണിയിലേക്ക് പോവുകയും വൻകിട വിത്ത് സംരംഭകർ ട്രക്കുകളിൽ ടൺ കണക്കിന് വിത്തുകൾ ഗുജറാത്തിൽ വിതരണം ചെയ്യുകയും ചെയ്യും. 

മൂന്നാമതായി പ്രാദേശികമായി വിളവെടുത്ത ഉരുളക്കിഴങ്ങിൽ കുറഞ്ഞ നിലവാരമുള്ള വിത്തുകൾ കോൾഡ് സ്റ്റോറേജ് തന്നെ വിതരണം ചെയ്യുന്നുമുണ്ട്. അവർ വിളവെടുത്ത വസ്തു തരം തിരിച്ചതിനു ശേഷം വലുപ്പം കുറഞ്ഞവ വിത്തായി കർഷകർക്ക് നൽകും. അവ അല്പം കുറഞ്ഞ ഗുണനിലവാരത്തിലുള്ളതാണ് എങ്കിലും നമ്മൾ നോക്കിയാൽ അവ എഫ്സി 5 ഇനം തന്നെയാണ്. 

കൂടാതെ ഗുജറാത്തിലെ കർഷകർ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുകയും അതിൽ കുറച്ച് വിത്തിനായി മാറ്റിവക്കുകയും ചെയ്യാറുണ്ട്. കാരണം ഉരുളക്കിഴങ്ങിൽ വേഫറിനായും വിത്തിനായും ഒരു വസ്തു തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മൾ ഭക്ഷിക്കാൻ ഉപയോഗിക്കുന്നത് തന്നെയാണ് ഇതിൽ വിത്തും. വിത്തും വിളവും ഒന്നായതിനാൽ ഒരു വിഭാഗം കർഷകർ അവരവർക്കുള്ള വിത്തായി ഇതിനെ കരുതിവയ്ക്കും. 

അങ്ങനെ ഗുജറാത്തിലെ കർഷകർക്ക് വിത്തുകൾക്ക് പ്രധാനമായും നാല് സ്രോതസുകളിലൂടെയാണ് ലഭ്യമാകുന്നത്. കർഷകരുടെ കൈവശം തന്നെ വിത്തുകളുണ്ട്, പ്രാദേശിക കോൾഡ് സ്റ്റോറേജ് ഉടമകൾ ഏജന്റുകളായി പ്രവർത്തിക്കുന്നു, പഞ്ചാബിലെ ചാര വ്യവസായത്തിൽനിന്ന് വിത്തുകൾ ലഭിക്കുന്നുണ്ട്, കൂടാതെ പെപ്സിയും സ്വയം വിതരണം നടത്തുന്നുണ്ട്.

Potatoes for sale in markets | വ്യാപാരസ്ഥാപനങ്ങളിൽ വിൽപനക്കായി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ; Ernakulam ; (c) Woke Malayalam

പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്‌സ് ആക്ട്, 2001 എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു നിയമമാണ്. ഈ നിയമം കർഷകരെയും കാർഷിക മേഖലയെയും എങ്ങനെയാണ് സഹായിക്കുന്നത് ? ഇന്ത്യ പോലെയൊരു വികസ്വര രാജ്യത്ത് ഈ നിയമം എത്രമാത്രം പ്രസക്തമാണ് ?

കവിത കുരുഗന്തി: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ട്രേഡ് റിലേറ്റഡ് ആസ്പെക്ടസ് ഓഫ് ഇന്റലെക്ച്വൽ പ്രോപ്പർട്ടി റൈറ്സ് (TRAPIS) കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടേത് സുയി ജെനറീസ് (Sui Generis) നിയമമാണ്. ഇന്ത്യയുടെ സസ്യ വൈവിധ്യ സംരക്ഷണ നിയമത്തിൽ കർഷകരുടെ അവകാശങ്ങൾക്ക് പ്രഥമ സംരക്ഷണം കൊടുക്കുന്നതും അതിൽ ഈ അവകാശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതുമാണ്. അതിനർദ്ധം സസ്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളയാൾക്ക് വിപണിയിലെ മറ്റ് എതിരാളികൾക്കെതിരെ അവകാശവാദം നടത്താമെന്നും രജിസ്റ്റർ ചെയ്ത വസ്തുവിനെ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതൊഴിച്ച് മറ്റൊരു സാഹചര്യത്തിലും കർഷകനെതിരെ നടപടിയെടുക്കാനാവില്ലെന്നുമാണ്.

ഇത് അടിസ്ഥാനപരമായി അർത്ഥമാക്കുന്നത് വിത്തുകൾ കർഷകരെ സംബന്ധിച്ചിടത്തോളം പൊതുവായ ഒരു വിഭവമാണെന്നാണ്. കാർഷികവൃത്തിയിൽ വിത്തുകൾ എന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമാണ്. ഈ നിയമം വിത്തിന്മേലുള്ള കർഷകരുടെ ‘എ പ്രയോറൈ’ (A Priori Rights) അവകാശങ്ങൾ സംരക്ഷിക്കുന്നതാണ്. ഒരുപക്ഷെ ഇത് ചെയ്തിരുന്നില്ലെങ്കിൽ വിത്തുകളുടെ മേൽ കുത്തക അധികാരങ്ങൾ ഉപയോഗിച്ച് വൻകിട കോർപറേറ്റുകൾ നമ്മുടെ കൃഷിയേയും ഭക്ഷണ വിതരണ സംവിധാനത്തെയും നിയന്ത്രിക്കുന്ന സാഹചര്യം വരുമായിരുന്നു. അങ്ങനെയെങ്കിൽ നമ്മൾ കാർഷിക ഉപജീവനത്തെ മാത്രമല്ല മറിച്ച് ഭക്ഷ്യ പരമാധികാരത്തേക്കൂടി അപകടത്തിലാക്കിയേനെ.     

2001-ലെ പിപിവി ആൻഡ് എഫ് ആർ നിയമപ്രകാരം കർഷകരുടെ അവകാശങ്ങളെന്തൊക്കെയാണെന്ന് വിവരിക്കാമോ ?

Shalini Bhutaniശാലിനി ഭൂട്ടാനി: കർഷകർക്ക് വിത്തിന്മേലുള്ള അവകാശം പിപിവി ആൻഡ് എഫ്ആർ നിയമത്തിലും മുകളിലായതിനാൽ അത് ഉറപ്പുവരുത്തണമെന്നാണ് അതേ നിയമത്തിൽ പറയുന്നത്. അത് അർത്ഥമാക്കുന്നത് ആ നിയമമല്ല വിത്തിന്റെ അവകാശം നിർണയിക്കുന്നത് പകരം കർഷകവൃത്തിയുടെയും, വിള ഉത്പാദനത്തിന്റെയും ആരംഭം മുതൽ കാലാകാലങ്ങളായി നിലനിന്നിന്നുപോരുന്ന വിത്തിന്മേലുള്ള കർഷകന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് പിപിവി ആൻഡ് എഫ്ആർ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നാണ്. ഈ നിയമത്തിലെ ‘കർഷകരുടെ അവകാശങ്ങൾ’ എന്ന ‘അദ്ധ്യായം IV’ പ്രത്യേകമായി അതിന്റെ ചർച്ചയ്ക്ക് ശേഷം കൂട്ടിച്ചേർത്താണ്. അതിൽ കർഷകരുടെ അവകാശങ്ങൾ 39-ആം ഭാഗത്തിൽ വിശദമാക്കുന്നുണ്ട്. അതുപ്രകാരം കർഷകർക്കുള്ള അധികാരങ്ങളാണ്:

വിത്ത് അവകാശം
  • ബ്രാൻഡ് ചെയ്യപ്പെടാത്തിടത്തോളം ഐപിആർ സംരക്ഷിത വിളയാണെങ്കിൽ പോലും അവയുടെ വിളവും വിത്തും കരുതിവയ്ക്കാനും, ഉപയോഗിക്കുവാനും, നടുവാനും, വീണ്ടും നടുവാനും, പകരമായി കൈമാറാനും, പങ്കുവയ്ക്കുവാനും വിൽക്കുവാനും കഴിയും. 
മറ്റ് അവകാശങ്ങൾ 
  • കർഷകൻ തുടർച്ചയായി കൃഷിചെയ്യുന്നതിലൂടെ പരിണാമപ്പെട്ടുവരുന്ന ഇനങ്ങൾ സ്പഷ്ടത, സമാനത, സ്ഥിരത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് ഐപിആർ ലഭ്യമാകും.
  • ഔപചാരിക മേഖലയിലെ ഏതൊരു ബ്രീഡറേയുംപോലെ ‘പുതിയ ഇനം’ എന്ന വിഭാഗത്തിൽ വിളകൾക്ക് ഈ നിയമത്തിനു കീഴിൽ ഐപിആർ ലഭിക്കും.
  • സമ്പദ്‌വ്യവസ്ഥയിൽ പ്രാധാന്യമർഹിക്കുന്ന വിളകളുടെ പരിപാലനത്തിനും അഭിവൃദ്ധിക്കുമായിയുള്ള ‘ജീൻ’ ഫണ്ടിന്റെ അംഗീകാരവും ബഹുമതികളും ലഭ്യമാകും
  • ഐപിആർ സംരക്ഷിത വിള പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്ത സാഹചര്യങ്ങളിൽ ബ്രീഡറോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. 
സാമൂഹിക അവകാശങ്ങൾ 
  • ഒരു റജിസ്റ്റേർഡ് വിള പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതാണെങ്കിൽ നടപടിക്രമങ്ങളനുസരിച്ച് അവയുടെ ആനുകൂല്യങ്ങളുടെ പങ്ക് ഗ്രാമത്തിനോ കർഷക സമൂഹത്തിനോ സംഭാവന നടത്താൻ ആവശ്യപ്പെടാനും, സാമ്പത്തിക പ്രതിഫലം ആവശ്യപ്പെടാനും കഴിയും. 
കൂടുതലായി 
  • ഈ നിയമത്തിനുകീഴിൽ കർഷകർ ഏതെങ്കിലും സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല.
  • 2.42-ആം ഭാഗം കർഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരപരാധിത ലംഘനത്തിന് സംരക്ഷണം നൽകുന്നു. 

എന്തൊക്കെ അവകാശങ്ങളാണ് ബ്രീഡിങ് നടത്തുന്നവർക്ക് പിപിവി ആൻഡ് എഫ്ആർ നിയമം അനുവദിച്ചിരിക്കുന്നത് ? 

Shalini Bhutaniശാലിനി ഭൂട്ടാനി: ബ്രീഡിങ് നടത്തുന്നവർക്ക് വിത്ത് വിപണിക്കനുസൃതമായി സാമ്പത്തിക അവകാശങ്ങൾ പിപിവി ആൻഡ് എഫ്ആർ നിയമം അനുവദിച്ചിട്ടുണ്ട്. ബ്രീഡിങ് നടത്തുന്നവർക്ക് രജിസ്റ്റർ ചെയ്യപ്പെട്ട വിളകൾക്കനുസൃതമായി അനുവദിച്ചുനല്കിയിട്ടുള്ള അവകാശങ്ങൾ നിയമത്തിന്റെ 28-ആം ഭാഗത്തിൽ ഇങ്ങനെ ചേർത്തിരിക്കുന്നു:

  • ഉത്പാദന അവകാശം 
  • വിൽപ്പന അവകാശം 
  • വിപണന അവകാശം 
  • വിതരണ അവകാശം 
  • ഇറക്കുമതി അവകാശം 
  • കയറ്റുമതി അവകാശം 

എങ്കിലും, ഇതിൽ മനസിലാക്കേണ്ടത് നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നപോലെ ഈ അവകാശങ്ങൾ “ഈ നിയമത്തിലെ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി” ആയിരിക്കും ലഭ്യമാവുക. ബ്രീഡിങ് നടത്തുന്നവരുടെ അധികാരങ്ങൾ സമ്പൂർണമായ ഒന്നല്ല അവയ്ക്ക് കർഷകർക്ക് നിയമം ഉറപ്പുനല്കിയിട്ടുള്ള അവകാശങ്ങൾക്കുമീതെ കടന്നുകയറാൻ സാധിക്കുന്നതല്ല. നിയമത്തിലെ 28-ആം ഭാഗം കർഷകന്റെ അധികാരം വിളയിന്മേൽ മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്, ഐപിആർ സംരക്ഷിത വിളയുടെ വിളവിന്മേൽ പരിമിതികളില്ല.    

അടിസ്ഥാനപരമായ പ്രശ്നമെന്നാൽ, കർഷകർ ഒരിക്കലും വിത്തുകളിലോ നടീൽ വസ്തുക്കളിലോ ഐപിആർ ആവശ്യപ്പെട്ടിട്ടില്ല, വ്യവസായമാണ് ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കർഷകരുടെ വിത്തവകാശം ഐപിആർ ചട്ടക്കൂടിലും പിവിപി നിയമത്തിലും ഉൾക്കൊള്ളിച്ചാൽ ഒരു നിയമത്തിനും കർഷകരോട് നീതി പുലർത്താൻ സാധിക്കില്ല.

കമ്പനിയുമായുള്ള കരാർ കൃത്യമായി പാലിക്കാത്ത ചില കർഷകർ വിത്തുകൾ ചാര വിപണിയിൽ കൈമാറ്റം ചെയ്യുന്നുണ്ട്.

ഒരു വിരോധാഭാസമെന്താണെന്നുവച്ചാൽ ഈ രാജ്യത്തെ കർഷകരുടെ അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഏക ഔദ്യോഗിക രേഖ എന്നത് ഐപിആർ നിയമത്തിലെ ഒരു അദ്ധ്യായം മാത്രമാണ്. അതിനാൽ ഈ നിയമം വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ ഭരണ നിർവഹണ സമിതി എപ്പോഴും ബ്രീഡറുടെ അവകാശങ്ങൾ സമീകരിച്ച് കർഷകരുടെ അവകാശങ്ങൾക്ക് മുൻഗണന നൽകണം. നിയമത്തിന്റെ ഉള്ളടക്കം വളരെ വ്യക്തമാണ്, അതുപോലെതന്നെ വ്യക്തമാണ് നിയമരൂപീകരണ സമയത്ത് അവ ബില്ല് രൂപത്തിലായിരുന്നപ്പോൾ പുനഃപരിശോധന നടത്തിയ പാർലമെൻററി കമ്മിറ്റിയുടെ നിയമനിർമാണ നടപടിയും. ഇതിലെ വെല്ലുവിളി എന്നത് ദിവസംതോറും, എല്ലാ വിധേനയും കർഷകന്റെ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ്. 

Workers in potato retail shops | വ്യാപാര സ്ഥാപനത്തിൽ ഉരുളക്കിഴങ്ങ് തൂക്കി നൽകുന്ന തൊഴിലാളി; Ernakulam ; (c) Woke Malayalam

കർഷകർക്കെതിരായി പെപ്സികോ എടുത്ത നടപടി നിയമവിരുദ്ധമാണെന്ന് കരുതുന്നുണ്ടോ ?

കപിൽ ഷാ: തീർച്ചയായും, അതാണ് നാം മനസിലാക്കിയതിന്റെ കാതലായ ഉള്ളടക്കം. ഇന്ത്യയുടെ ഉടമസ്ഥാവകാശ നിയമവും പിപിവി ആൻഡ് എഫ്ആർ ആക്ടിലെ 28-ആം ഭാഗവും റെജിസ്‌ട്രേഡ് ഉടമയ്ക്ക് അല്ലെങ്കിൽ അയാളുടെ ഏജന്റിന് ആ വസ്തുവിൽ അവകാശം ലഭ്യമാക്കുന്നു. അത് ബ്രീഡർ ആകാം, ശാസ്ത്രജ്ഞൻ ആകാം ഇനി ഒരു കർഷകനാണെന്നിരിക്കെ റെജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ അവർക്കും ഐപിആർ അവകാശം ലഭിക്കും. കമ്പനികൾക്കാവശ്യം ഉടമസ്ഥാവകാശമാണ്. അവരുടെ അവകാശവാദം ഈ തരത്തിലുള്ള വാണിജ്യ ആനുകൂല്യങ്ങൾ ലഭ്യമായാൽ ശാസ്ത്ര-സാങ്കേതിക വിദ്യ പുരോഗതിപ്രാപിക്കുമെന്നാണ്. പിപിവി ആൻഡ് എഫ്ആർ അതോറിറ്റി എന്നത് നിയമാനുസൃതം രൂപീകൃതമായതും റെജിസ്ട്രേഷൻ നേടുന്നവർക്ക് അവകാശങ്ങൾ ലഭ്യമാക്കുന്ന ഒന്നുമാണ്. സ്വന്തമായി വിള ഇനം വികസിപ്പിച്ചെടുത്താൽ കർഷകനും റെജിസ്ട്രേഷൻ നേടാം.

സസ്യ ശാസ്ത്രജ്ഞർ പറയും സവിശേഷതകളാണ് ഇനങ്ങളെ നിർവചിക്കുന്നതെന്ന്. വിളയെ ഉത്പാദിപ്പിക്കുക എന്നാൽ ആ ഇനത്തിന്റെ വിത്തുകൾ ഉത്പാദിപ്പിക്കുക എന്നാണ്. ഞാൻ സസ്യങ്ങളുടെ പ്രജനനവും അവയുടെ ജനിതക ശാസ്ത്രവും പഠിച്ച ആളാണ്. ആ നിയമം മുഴുവൻ വായിച്ചതിൽനിന്ന് എനിക്ക് പറയാനുള്ളത് കേവലം വിത്ത് ഉത്പാദിപ്പിക്കാനുള്ള അധികാരം മത്രമേ അതിൽ നൽകിയിട്ടുള്ളൂ. വിളയിൽ നിന്നുള്ള ഉത്പാദനം എന്നത് അർത്ഥമാക്കുന്നത് ആ ഇനത്തിന്റെ നടീലും വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷിയുമാണ്. നിങ്ങൾ 

ഒരു വിളയിൽനിന്ന് എന്ത് വിളവെടുക്കുന്നോ അത് വിളയുടെ ഉത്പാദനമല്ല. നിങ്ങൾ കേരളത്തിലെ ഏതെങ്കിലും നല്ല നെല്ല് അല്ലെങ്കിൽ തെങ്ങ് ഇനത്തെ നോക്കുക. ബ്രീഡർ ആ ഇനത്തെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്, അതിനർത്ഥം വിത്തുകൾ ഉൽപാദിക്കുക എന്നാണ്. കൂടാതെ വിത്ത് ഉത്പാദിപ്പിക്കാനുള്ള അധികാരം സംരക്ഷിക്കുകയുമാണ്. അതിനാൽ അയാൾക്ക് അതിന്റെ വിലയും ലാഭവും നേടി ആ ഇനത്തെ വിപണനം ചെയ്യാം. ഒരു ഗവേഷകന് വേണ്ടത് ഒരു വിളയെ ഉത്പാദിപ്പിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണമാണ്. അല്ലാതെ വിളയിൽൽനിന്ന് ഉത്പാദനം അല്ല.

വിളവ് വിത്തിന്റെ ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ വിളയിൽനിന്നുള്ള ഉത്പാദനത്തിന്റെ വിഭവങ്ങൾ പോകുന്നത് വേഫർ നിർമാണത്തിനാണ്. കർഷകർ വിളയുടെ ഉത്പാദനം നടത്തിയിട്ടില്ല, അവർ വിളയിൽനിന്ന് ഉത്പാദനം നടത്തുകയാണ് ചെയ്തത്. ഞാൻ കരുതുന്നത് ഇത് ഇനിയും വിദഗ്ധരാൽ വ്യാഖ്യാനിക്കപ്പെടേണ്ട വിഷയമാണെന്ന് തന്നെയാണ്. എന്നിരുന്നാലും പിപിവി ആൻഡ് എഫ്ആർ സബ് കമ്മറ്റിയുടെ ചെയർമാനും ശാസ്ത്രജ്ഞരുമടക്കം നിയമ രൂപീകരണ പ്രക്രിയയിൽ ഉൾപെട്ട വിദഗ്ധരുടെ അഭിപ്രായം ഞാൻ ആരായുകയുണ്ടായി. അതിൽ ഇന്ത്യൻ നിയമത്തിൽ അവകാശങ്ങൾ വിളയുടെ ഉത്പാദനത്തിൽ പരിമിതപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തലിലേക്കാണ് ഞങ്ങളെല്ലാവരും എത്തിച്ചേർന്നത്. 

നിങ്ങൾ ഒരു വിളയുടെ വിത്ത് ഉത്പാദിപ്പിച്ചാൽ മാത്രമേ നിയമ ലംഘനം ആവുകയുള്ളു. ഒരു പശ്ചാത്തലവും ഇല്ലാത്ത വിഷയത്തിലാണ് കമ്പനി നിയമ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്നത് ആരും തിരിച്ചറിയുന്നില്ല. കോടതിയിൽ കമ്പനി നൽകിയിരിക്കുന്ന ഹർജികളിലെല്ലാം പറയുന്നത് കർഷകർ വേഫറിനായി വിളയിൽനിന്ന് ഉത്പാദനം നടത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ വിളയുടെ ഉത്പാദനമല്ലാതെ വിളയിൽനിന്ന് ഉത്പാദനം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെടാൻ നിയമം കമ്പനിക്ക് അധികാരം നൽകിയിട്ടില്ല. 

അപ്പോൾ തീർച്ചയായും ഇത് തെറ്റായ പശ്ചാത്തലത്തിലുള്ള ന്യായവിരുദ്ധമായ കേസും അവർ മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങൾ നിലവിലില്ലാത്തതുമാണ്. പക്ഷെ അതിനൊക്കെ അപ്പുറം ആ നിയമം തന്നെ കർഷകർക്ക് വിളയിൽനിന്ന് ഉത്പാദനം നടത്താനും വിളവ് ബ്രാൻഡ് ചെയ്യാതെ വില്പന നടത്താനുമുള്ള അധികാരം നൽകുന്നുണ്ട്. അതായത് ഞാൻ ഒരു കർഷകനും പഞ്ചാബിലെ കർഷകരെപ്പോലെ പെപ്സിയുടെ സമ്മതത്തോടുകൂടി എഫ്സി 5 വിത്തുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുകെയാണെങ്കിൽ യഥാർത്ഥത്തിൽ എനിക്ക് എഫ്സി 5 ഉരുളക്കിഴങ്ങും വിത്തുകളും ഉത്പാദിപ്പിക്കുന്നതിന് കമ്പനിയുടെ അനുമതിയുടെ ആവശ്യമില്ല. ഒരു കർഷകനെന്ന നിലയ്ക്ക് അവ വിൽക്കാനുള്ള ഔദ്യോഗിക അധികാരം കർഷകർക്ക് നൽകിയിട്ടുണ്ട്. പെപ്സിയുടെ അനുമതിയില്ലാതെ വിത്തുകൾ ബ്രാൻഡഡ് രീതിയിൽ വിൽക്കാനുള്ള അധികാരമില്ലെന്നൊഴിച്ചാൽ ഇത് ഇന്ത്യയിലെ കർഷകർക്ക് മേൽക്കൈ നൽകുന്ന ഒരു അധികാരമാണ്. അതിനാൽ കർഷകനെന്ന നിലയിൽ എനിക്ക് വിത്തുകൾ കരുതിവെക്കുവാനും സഹകർഷകർക്ക് നൽകുവാനും വരും കാലങ്ങളിൽ വീണ്ടും ഉപയോഗിക്കുവാനും കഴിയും. ഇന്ത്യൻ സാഹചര്യം പരിഗണിച്ച് ലോകത്തിൽ മറ്റെവിടെയും കാണാൻ കഴിയാത്ത വളരെ സവിശേഷമായ ഒരു നിയമമാണിത്.  

രജിസ്റ്റർ ചെയ്തവർക്ക് വിളയുടെ ഉത്പാദനത്തിലേക്ക് മാത്രം അഥവാ വിത്ത് ഉത്പാദനത്തിലേക്ക് മാത്രം അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ഐ പി ആർ അധികാരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഉത്പന്നങ്ങൾ ബ്രാൻഡിംഗ് നടത്തി വിൽക്കരുതെന്നൊഴിച്ച് കർഷകർക്ക് വിത്തുത്പാദനത്തിനും വിളവെടുക്കുന്നതിനും പ്രത്യേകാൽ അധികാരങ്ങൾ സെക്ഷൻ 39 (1) IV-ൽ നൽകിയിട്ടുണ്ട്.

ഒരു രീതിയിലും ഈ കർഷകർക്കെതിരെ നിയമ നടപടികലെടുക്കാനാവില്ല. ഈ നിയമപ്രകാരം കർഷകർ വിത്തുകൾ ബ്രാൻഡ് ചെയ്ത വില്പന നടത്തിയാൽ മാത്രമേ രജിസ്റ്റർ ചെയ്ത ആൾക്ക് നിയമ നടപടി കൈക്കൊള്ളാൻ കഴിയുകയുള്ളു. ഈ കർഷകർ വിത്തുത്പാദനം നടത്തിയിട്ടില്ല, അവർ വിത്തുകൾ ബ്രാൻഡ് ചെയ്ത് വില്പന നടത്തിയിട്ടുമില്ല. കേവലം ടേബിൾ ഉരുളക്കിഴങ്ങും വേഫേർ ഉരുളക്കിഴങ്ങും ഉത്പാദനം നടത്തുക മാത്രമേ ചെയ്തിട്ടുള്ളു. ഇതിൽ പ്രശ്നങ്ങളൊന്നുമില്ല കർഷകർക്കെതിരെ അവകാശവാദങ്ങൾ നടത്താനും സാധിക്കില്ല.

പെപ്സിക്കോ 2019-ൽ കർഷകർക്കെതിരെ സമർപ്പിച്ച നിയമലംഘന പരാതിയോട് കർഷകർ എങ്ങനെയാണ് പ്രതികരിച്ചത് ?

കപിൽ ഷാ: അവർ പരിഭ്രാന്തരായിരുന്നു, ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിക്ക് തങ്ങൾക്കെതിരെ നിയമപരമായി നീങ്ങാൻ കഴിയുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. കാരണം അവർ ഒരുവിധത്തിലുമുള്ള കരാറുകളുടെ ഭാഗമായിട്ടില്ല എന്നതാണ് ആദ്യത്തെ കാര്യം. മുൻപ് അവർ ചെയ്തിട്ടുണ്ട്, പക്ഷെ അവർ ആ കരാരിൽ തൃപ്തരായിരുന്നില്ല. ഞാൻ വീണ്ടും പറയുന്നു, ആ കരാർ കർഷകർ കരാറിന്റെ ഭാഗമാണെന്നുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. കർഷകർ ഒരു പേപ്പറിൽ പോലും ഒപ്പിട്ടിട്ടില്ല അവർക്കിടയിൽ ഒരു കരാറും ഇല്ല. 

കമ്പനികൾ നടത്തിയ പരസ്യങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ഒരു സാഹചര്യം മാത്രമാണത്. മുൻവർഷങ്ങളിൽ കുറച്ച് കർഷകാർക്കെതിരെ നിയമ നടപടികളുണ്ടായ സാഹചര്യമുണ്ട്. എഫ്സി 5 എഫ്സി 3 എന്നീ ഉരുളക്കിഴങ്ങുകൾ മറ്റേതോ വേഫേർ നിർമാതാക്കൾ കർഷകരിൽനിന്ന് നേരിട്ട് വിലക്ക് വാങ്ങുന്നു എന്നറിഞ്ഞ പെപ്സി ഉദ്യോഗസ്ഥർ ഉരുളക്കിഴങ്ങുകൾ വഹിച്ച ട്രക്കുകൾ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കർഷകർക്കെതിരെ നിയമനടപടികൾ എടുക്കുകയാണെന്ന രീതിയിൽ പ്രാദേശിക മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവിട്ട് കർഷകരെ പരിഭ്രാന്തരാക്കിയ സാഹചര്യമുണ്ടായി. അവരിൽനിന്ന് പെപ്സി ആവശ്യപ്പെട്ട നഷ്ടപരിഹാരം ഒരു കോടി അഞ്ച് ലക്ഷം രൂപയാണ്. കർഷകർ ഈ വിവരങ്ങളറിഞ്ഞത് അവർക്ക് നോട്ടീസ് ലഭിക്കുമ്പോൾ മാത്രമാണ്. അവർക്കൊരിക്കലും അറിവില്ലായിരുന്നു പെപ്സിക്ക് ഇങ്ങനെ ഒരു നിയമ നടപടി കൈക്കൊള്ളാൻ കഴിയുമെന്നും കർഷകരിൽനിന്ന് ഇത്രയധികം പണം നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുമെന്നും. അതിനാൽ അവർ ഭയപ്പെട്ടിരുന്നു. 

പെപ്സിയുടെ അനുമതിയില്ലാതെ വിത്തുകൾ ബ്രാൻഡഡ് രീതിയിൽ വിൽക്കാനുള്ള അധികാരമില്ലെന്നൊഴിച്ചാൽ ഇത് ഇന്ത്യയിലെ കർഷകർക്ക് മേൽക്കൈ നൽകുന്ന ഒരു അധികാരമാണ്.

കർഷകരുടെ വാദങ്ങൾ കേൾക്കാതെ, വേഗത്തിൽ അഹമ്മദാബാദിലെ വാണിജ്യ കോടതി കർഷകരുടെ സംഭരണിയിലുള്ള വിളവ് വിൽക്കാൻ പാടില്ലെന്നും എവിടെ കണ്ടാലും പിടിച്ചെടുക്കാനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ ഒരു കോടതി ഉദ്യോഗസ്ഥനെ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം ഉത്തരവ് നടപ്പാക്കാൻ വിട്ടു. ഭാഗ്യവശാൽ ഉത്തരവ് നടപ്പാക്കൽ ആരംഭിച്ചപ്പോഴേക്കും സംഭരിച്ചിരുന്ന ഉരുളക്കിഴങ്ങുകൾ കർഷകർ കോൾഡ് സ്റ്റോറേജ് ഉടമസ്ഥർക്കോ മറ്റാർക്കൊക്കെയോ വിറ്റുകഴിഞ്ഞിരുന്നു. വാസ്തവത്തിൽ അവർക്ക് വിളവുകൾ കണ്ടുകെട്ടാനോ അവ വിൽക്കുന്നതിൽനിന്ന് കർഷകരെ തടയുവാനോ സാധിച്ചില്ല.

യഥാർഥത്തിൽ കർഷകർ നിയമ ലംഘനം നടത്തിയിട്ടുണ്ടാകുമോ അതോ ഇല്ലയോ എന്ന് ന്യായാധിപന് ബോധ്യമാകാതെ കർഷകരെ കേൾക്കാതെ പുറപ്പെടുവിച്ചിരിക്കുന്ന ഒരു വിധിയാണിത്. അവർക്ക് നിയമമെന്തെന്നറിയില്ല അവർ കർഷകരെ കേൾക്കുകയും ചെയ്യില്ല.

ഗുജറാത്ത് സംസ്ഥാനത്തെ എത്രമാത്രം കർഷക സമൂഹം പെപ്സികോ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട് ? അവർക്ക് ആ പങ്കാളിത്തം മെച്ചപ്പെട്ട ഒന്നായി തോന്നുന്നുണ്ടോ ? 

Shalini Bhutaniശാലിനി ഭൂട്ടാനി: പെപ്സിക്കോയുടെ കണക്കുകൾപ്രകാരം അവർ കേവലം ഗുജറാത്തും പഞ്ചാബും പോലെ ഒന്നോ രണ്ടോ സംസ്ഥാനത്തെ കർഷകരുമായി മാത്രമല്ല ഇടപാടുകൾ നടത്തുന്നത്, പകരം ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലായി ഇടപാടുകൾ ഉണ്ട് . ഈ ബഹുരാഷ്ട്ര കമ്പനികൾക്ക് അവരുടെ വിപുലമായ ഭക്ഷണ-പാനീയ വ്യവസായത്തിന് അസംസ്‌കൃത കാർഷിക ഉത്പന്നങ്ങൾ കരാർ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിന് കർഷകരെ ആവശ്യമാണ്. കമ്പനിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ കൃഷിചെയ്യുവാൻ നൽകുന്ന വിത്തുകളിലെ ഐപിആർ വിഷയങ്ങൾക്കപ്പുറം കരാർ കൃഷിയിൽ മറ്റനവധി ആശങ്കകൾ നിലനിക്കുന്നുണ്ട്. അടിസ്ഥാനപരമായി അസമരായ രണ്ട് വിഭാങ്ങങ്ങൾ തമ്മിലുള്ള കരാർ വ്യവസ്ഥയിൽ വേണ്ട സർക്കാർ മേൽനോട്ടത്തിന്റെ അനിവാര്യത അടിവരയിടുന്നുണ്ട് ഈ വിഷയം- കർഷകരെന്ന ചെറു വിഭാഗവും, വിപുലമായ ബഹുരാഷ്ട്ര കമ്പനികളും ! പലപ്പോഴും കരാറിന്റെ ഉള്ളടക്കം ഇംഗ്ലീഷ് ഭാഷയിൽ ആയതിനാൽ കർഷകർക്ക് മനസിലാക്കാൻ കഴിയാത്ത കേവലം ഒരു സാങ്കേതിക-നിയമ പദാവലിയായി അത് നിലനിക്കുകയുമാണ്. മിക്കപ്പോഴും കരാറിന്റെ പകർപ്പ് കർഷകർക്ക് നൽകുകപോലും ചെയ്യുന്നില്ല.   

പെപ്സികോയുടെ സ്വന്തം ഇണമെന്ന് അവകാശപ്പെടുന്ന ഒരു ഉരുളക്കിഴങ്ങ് ഇനത്തിന്റെ ഐപിആർ അസാധുവാക്കിയെന്നതുകൊണ്ട് അവർ കർഷകരുമായി ഇനി കരാർ കൃഷിയിൽ ഏർപ്പെടില്ല എന്നും ഐപി ആറിനായി വീണ്ടും അപേക്ഷിക്കില്ല എന്നും അർധമില്ല. 

ബഹുരാഷ്ട്ര കമ്പനികളുമായി കരാർ കൃഷി നടത്തുന്ന കർഷകരുടെ എണ്ണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കമ്പനികളോടും, കർഷകരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചുവയ്‌ക്കാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര സർക്കാരിന്റെ കാർഷിക മന്ത്രാലയത്തോടും സംസ്ഥാന സർക്കാരിന്റെ കാർഷിക വകുപ്പുകളോടും അന്വേഷിക്കാവുന്നതാണ്. ഈ വിഷയവും രാജ്യവ്യാപകമായി നടന്ന കർഷക സമരത്തിലേക്കാണ് എത്തിച്ചേരുക, കാരണം ആ മൂന്ന് കർഷക നിയമങ്ങളിൽ ഒന്ന് കരാർ കൃഷിയെ സംബന്ധിക്കുന്നതായിരുന്നു. 

റെജിസ്ട്രേഷൻ അസാധുവാക്കികൊണ്ടുള്ള നടപടി ഐപിആർ അധികാരം സാക്ഷ്യപ്പെടുത്തിയ നടപടിക്രമങ്ങളിൽ ഉണ്ടായ ന്യൂനതകളാണ് വെളിച്ചത്തുകൊണ്ടുവന്നത്. എന്തൊക്കെ പിഴവുകളാണ് ആ നടപടിക്രമങ്ങളിൽ സംഭവിച്ചത് ? സാക്ഷ്യപത്രം പുറപ്പെടുവിക്കുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

Shalini Bhutaniശാലിനി ഭൂട്ടാനി: പെപ്സിക്കോയുടെ എഫ് എൽ 2017- ന്റെ ഐപിആർ അസാധുവാക്കികൊണ്ടുള്ള നടപടിയുടെ ഭാഗമായി പിപിവി ആൻഡ് എഫ്ആർ അതോറിറ്റിയുടെ അധ്യക്ഷ പുറപ്പെടുവിച്ച വിധിപ്രസ്താവനയിൽ അവർ റെജിസ്ട്രേഷൻ നടപടിക്രമത്തിൽ റെജിസ്ട്രിക്ക് സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യക്ഷമായിരുന്ന ഈ ന്യൂനതകൾ കമ്പനിയുടെ ഐപിആർ അസാധുവാക്കുന്നതിൽ അടിസ്ഥാനപരമായി പങ്ക് വഹിച്ചു. റെജിസ്ട്രേഷൻ സാക്ഷ്യപത്രം അനുവദിക്കപ്പെട്ടത് അപേക്ഷകൻ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന്മേലാണെന്നതും, സാക്ഷ്യപത്രം അനുവദിക്കപ്പെട്ടത് യോഗ്യതയില്ലാത്ത വ്യക്തിക്കാണെന്നും, രെജിസ്ട്രേഷന് അനിവാര്യമായ വിവരങ്ങളും, രേഖകളും, വസ്തുക്കളും ബ്രീഡർ സമർപ്പിച്ചില്ല എന്നും, എല്ലാത്തിലുമുപരി റെജിസ്ട്രേഷൻ സാക്ഷ്യപത്രം അനുവദിച്ചുനൽകിയത് പൊതുതാത്പര്യത്തിൽ അല്ല എന്നതൊക്കെയാണ് കമ്പനിക്ക് പ്രതികൂലമായ സാഹചര്യങ്ങൾ

കർഷകർക്കെതിരെ കമ്പനി നിയമ നടപടികൾ ആരംഭിച്ചപ്പോൾ എന്തായിരുന്നു ഗുജറാത്ത് സർക്കാരിന്റെ നിലപാട് ? 

കപിൽ ഷാ: ഗുജറാത്ത് സർക്കാർ ഈ നിയമത്തെപ്പറ്റിയും അതിന്റെ ചട്ടങ്ങളെപ്പറ്റിയും അജ്ഞരായിരുന്നു. കർഷകർ 2018-ൽ ഭാരതീയ കിസാൻ സംഘ് മുഖേന ഗുജറാത്ത് സർക്കാരിനെ സമീപിച്ചിരുന്നു. സർക്കാർ അതിനോട് പ്രതികരിച്ചില്ല പിന്നീട് 2019-ലും അതുതന്നെ സംഭവിച്ചു. 

2019-ൽ ഒരു പ്രാദേശിക കർഷകൻ മുഖേന കാർഷിക മന്ത്രിക്ക് പരാതി എഴുതി നൽകുകയും ചെയ്‌തെങ്കിലും അതിനും പ്രതികരണമുണ്ടായില്ല. ഞങ്ങൾക്ക് പരിചയമുള്ള ചില സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞത് അവർക്ക് ഈ നിയമത്തെപ്പറ്റി യാതൊരു അറിവും ഇല്ല എന്നാണു. കാർഷിക ഡയറക്ടർ, കാർഷിക സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരും കാർഷിക മന്ത്രിയും അടക്കമുള്ളവർക്ക് ഈ നിയമത്തെപ്പറ്റി അജ്ഞരാണ് എന്ന് പറയുന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്. 

കൃഷി ഒരു സംസ്ഥാനത്തിന്റെ വിഷയമായിരുന്നിട്ടും നിർഭാഗ്യവശാൽ അവർക്ക് അതിൽ യാതൊരുവിധ അധികാരവും നൽകിയിട്ടില്ല. പിപിവി ആൻഡ് എഫ്ആർ നിയമത്തിലെ ഒരു സുപ്രധാന പോരായ്മ എന്ന് പറയുന്നത് ഐപിആർ നിരീക്ഷിക്കുന്നതിനും, കേസുകൾ കൈകാര്യം ചെയ്യുന്നതിനും, പരാതികൾ സ്വീകരിക്കുന്നതിനും സംസ്ഥാന സർക്കാരിന് ഒരു പങ്കും ഇല്ല എന്നതാണ്. നിയമ രൂപവത്കരണ സമയത്തുപോലും സംസ്ഥാന സർക്കാറുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ എന്നതും സംശയമാണ്. 

രാജ്യത്ത് ബൗദ്ധിക സ്വത്തവകാശ നിയമം ഉപയോഗിച്ച് കർഷകരെ നിയമക്കുരുക്കിലേർപ്പെടുത്തുന്നത് ഇത് ആദ്യമായാണോ ?

കവിത കുരുഗന്തി: ഞങ്ങളുടെ അറിവിൽ ഇത് ആദ്യത്തെ കേസ് ആണ്, അതിനാൽ കർഷകരെ നിയമക്കുരുക്കിൽപ്പെടുത്തുന്ന പെപ്സിയും അതുപോലെയുള്ള കമ്പനികൾക്കും ഒരു സന്ദേശം നൽകുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു. ഇനി അങ്ങനെയുള്ള കേസുകളെക്കുറിച്ച് ഞങ്ങൾ അറിയാത്തപക്ഷം കർഷകർ ആ സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കാൻ പാടില്ല. അതുകൊണ്ട് ഇതിനെപ്പറ്റി പൊതു സംവാദം നടത്തേണ്ടതും, കർഷകരേയും കമ്പനികളേയും ബോധവൽക്കരിക്കേണ്ടതും, അധികാരികൾ ജാഗരൂപരും സജീവരുമായിരിക്കേണ്ടതും, ഇന്ത്യയിൽ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷനുള്ള പെപ്സികോയ്ക്കും മറ്റു കമ്പനികൾക്കും ശക്തമായ സന്ദേശം നൽകേണ്ടതും അനിവാര്യമാണ്. 

Pepsico Products at kirana stores | വ്യാപാര സ്ഥാപനത്തിൽ വിൽപനക്കായി പെപ്സികോ ലെയ്സ് ഉത്പന്നങ്ങൾ ; Ernakulam ; (c) Woke Malayalam

ഇന്ത്യയിൽ മെച്ചപ്പെട്ട ഒരു കാർഷിക സാഹചര്യം സ്ഥാപിക്കുന്നതിൽ പിപിവി ആൻഡ് എഫ്ആർ നിയമത്തിന് എന്തെങ്കിലും പരിമിതികൾ ഉള്ളതായി തോന്നുന്നുണ്ടോ ?

കപിൽ ഷാ: പരിമിതികൾ ഒന്നുംതന്നെയില്ല. കാർഷിക മേഖലയെ പരിരക്ഷിക്കുക എന്നാൽ പ്രഥമമായി കൃഷിയെ കർഷകർക്കുവേണ്ടി സംരക്ഷിക്കുകയാണ് വേണ്ടത് അല്ലാതെ കമ്പനികൾക്കുവേണ്ടിയല്ല. അതിനാൽ നിയമം നിഷ്പക്ഷമായി കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങളാണ് പരോക്ഷമായി കമ്പനികൾ വഴി കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ പ്രധാനം. 

ഈ നിയമം വളരെ മികച്ച രീതിയിൽ രൂപീകരിക്കപ്പെട്ടതാണെന്ന് ഇത് രൂപീകരിക്കുമ്പോൾ പാർലമെന്റിൽ നടത്തിയ സംവാദം വായിക്കുകയാണെങ്കിൽ മനസിലാവും. അതിൽ എല്ലാത്തിനും ഉപരിയായി കർഷകർക്ക് അവകാശം നൽകുന്ന 39 (1) IV എന്ന ഭാഗം പിന്നീട് കൂട്ടിച്ചേർത്തതാണ്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എത്രമാത്രം അനിവാര്യമാണെന്ന് വിശദീകരിക്കാൻ സർക്കാർ തലത്തിൽ സംവാദം വരെ നടന്നതാണ് എന്നൊരു ചരിത്രമുണ്ട്. 

ഈ സംഭവത്തിനുശേഷം ബഹുരാഷ്ട്ര കമ്പനികൾ വരുംകാലങ്ങളിൽ നിക്ഷേപങ്ങൾ നടത്താൻ വിസമ്മതിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമോ ? അങ്ങനെ ഉണ്ടായാൽ അത് കർഷകരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുമോ ?

കപിൽ ഷാ: തീർച്ചയായും, ഇന്ത്യയിലെ നിയമം കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതുമൂലം വ്യവസായങ്ങളിൽ മെച്ചപ്പെട്ട ലാഭത്തിനുള്ള സാഹചര്യം പരിമിതമാക്കുന്നെന്നുമാണ് അവർ കാണുന്നത്. 

ആ സാഹചര്യം കർഷകരുടെ ജീവിത സാഹചര്യത്തെ ബാധിക്കുമോ എന്ന് ചോദിച്ചാൽ, പൊതുമേഖല അതിൽ എങ്ങനെ ഇടപെടും എന്നതിനെ ആശ്രയിച്ചിരിക്കും. പൊതുമേഖല നല്ല ഇനങ്ങളെ കർഷകർക്ക് ലഭ്യമാക്കുകയാണെങ്കിൽ ഇത് അവരെ ഒരു രീതിയിലും ബാധിക്കുകയില്ല. പൊതുമേഖല നല്ല വിത്തുകളെ വികസിപ്പിക്കുകയും അത് നല്ല രീതിയിൽ കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുകയും ചെയ്‌താൽ അവ സ്വീകരിക്കുന്നതിൽ കർഷകർ സന്തുഷ്ടരായിരിക്കും. 

വിളകളിലെ എല്ലാ ഇനങ്ങളും വർഷങ്ങളായി കൃഷി ചെയ്യുന്ന സാഹചര്യത്തിൽ കർഷകർക്ക് സ്വന്തമായി വിത്തുകൾ ഉത്പാദനം നടത്താനുള്ള എല്ലാ അവകാശവും സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഒരുപക്ഷെ പെപ്സി അവരുടെ സ്വന്തം ഇനങ്ങൾ ഇവിടെ പ്രചരിപ്പിച്ചാലും വേഫർ ഉത്പാദനവും വേഫർ ഗുണനിലവാരവും ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യപ്പെടുന്ന ഒന്നല്ല. വിത്തുത്പാദാന മേഖലയിൽ ഇന്ത്യൻ നിയമം വ്യാപാരസംബന്ധമായ മത്സരത്തിനുള്ള സാഹചര്യം നൽകുന്നില്ല. വിത്തുകൾ ബ്രാൻഡ് ചെയ്ത വിൽക്കാത്തിടത്തോളം കമ്പനികൾ അവർക്ക് വ്യവസായ ഉദ്യമത്തിൽ ലഭിക്കുന്ന ലാഭംകൊണ്ട് തൃപ്തരാകേണ്ടതാണ്. 

എനിക്ക് തോന്നുന്നത് അത് അത്ര ബുദ്ധിമുട്ടുള്ള ഒരു ഉദ്യമമായിരിക്കില്ല എന്നാണ്. യഥാർത്ഥത്തിൽ വ്യത്യസ്ത വിളകളിൽ കമ്പനികൾ തുടർച്ചയായി ഐപിആർ അവകാശങ്ങൾ ഉയർത്തിക്കാണിച്ച് വരുന്ന സാഹചര്യം ഇന്ത്യൻ കാർഷിക രംഗത്തെ കൂടുതലായി സ്വകാര്യ കമ്പനികളെയും ബഹുരാഷ്ട്ര കമ്പനികളേയും ആശ്രയിക്കുന്ന സാഹചര്യത്തിലേക്കാണ് എത്തിക്കുക. അങ്ങനെ വന്നാൽ ഇന്ത്യയിലെ കർഷകരുടെ അവസ്ഥ കൂടുതൽ പരിതാപകരമാകും. ഇന്ത്യയിൽ ഒരു ഐപിആർ രഹിത വിത്ത് ഗവേഷണ- ഉത്പാദന സമ്പ്രദായം ഉണ്ടാകണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. 

സ്വന്തം അവകാശങ്ങൾക്കുവേണ്ടി പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിയ പോരാട്ടം രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ച സാഹചര്യത്തിൽ കർഷകർ ഒരു സ്വയം പര്യാപ്തമായ സമൂഹമായി നിലനിൽക്കേണ്ടത് എത്രമാത്രം പ്രധാനമാണ് ? 

കവിത കുരുഗന്തി: വളരെ വളരെ പ്രധാനമാണ്. കാർഷിക മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കുന്നതിന് ഞങ്ങൾ എതിരാണെന്ന് മാത്രമല്ല, ശക്തരായ കോർപറേഷൻസിനെ ദുർബലമാക്കുവാനും, അവരുടെ അധികാരം ഉപയോഗിച്ച് നയങ്ങളെ പ്രതികൂലമായി സ്വാധീനിക്കുന്നത് തടയുവാനും പ്രധാനമായും ഒരു നോൺ കോർപറേറ്റയിസ്‌ഡ് മാതൃക പ്രായോഗികമാക്കണം.. അവിടെയാണ് പ്രാദേശികമായ വിത്ത് സമ്പ്രദായവും സ്വാശ്രയ പാരിസ്ഥിതിക കൃഷി രീതികളും പ്രാധാന്യമർഹിക്കുന്നത്. ആശ കിസാൻ സ്വരാജിൽ ഞങ്ങൾ ന്യായവിരുദ്ധമായ നയങ്ങൾക്കെതിരെ എതിരിടുക മാത്രമല്ല ചെയ്യുന്നത് പകരം യഥാർത്ഥ പരിഹാരങ്ങൾക്ക് എപ്പോഴും ഊന്നൽകൊടുക്കുകകൂടിയാണ്.

 

.

Interview by : Pranav J, Ashwathi A

Photographs By:  Ron Davis