Wed. Jan 22nd, 2025

ഇംഫാൽ, മണിപ്പൂർ:

ദേശീയ സുരക്ഷാ നിയമത്തിൻ/ആക്ട് (എൻ.എസ്.എ – National Security Act) പ്രകാരം പത്രപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെം അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ മണിപ്പൂരിലെ പത്രപ്രവർത്തക യൂണിയൻ മൗനം പാലിക്കുന്നു. ഇന്ത്യയിലെ പത്രപ്രവർത്തക യൂണിയനുകൾ വിഷയത്തെ അപലപിച്ചെങ്കിലും ഓൾ മണിപ്പൂർ വർക്കിങ് ജേണലിസ്റ്റ്സ് യൂണിയൻ (എ.എം.ഡബ്ല്യു.ജെ.യു) മാത്രം ഇതേക്കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല. ഫേസ്ബുക്കിൽ ബി. ജെ. പി വിരുദ്ധ പോസ്റ്റിട്ടു എന്ന് ആരോപിച്ചാണ് ദേശീയ സുരക്ഷാ നിയമം (എൻ. എസ്. എ) പ്രകാരം 2018 നവംബർ 27 മുതൽ കിഷോർചന്ദ്രയെ തടവിലിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഐ. പി. സി വകുപ്പുകൾ പ്രകാരമാണ് കിഷോർചന്ദ്രയെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ ഈ കേസിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് ഇദ്ദേഹത്തിന്മേൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് ചുമത്തുകയായിരുന്നു. വിചാരണകൂടാതെ 12 മാസത്തോളം ഒരു വ്യക്തിയെ തടവിൽ വയ്ക്കാം എന്നതാണ് ദേശീയ സുരക്ഷാ നിയമത്തിന്റെ(എൻ.എസ്.എ) പ്രത്യേകത.

ലോകത്തെ പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിംഗ് ലോൿസഭയിൽ ചർച്ചയായ അവസരത്തിലാണ് കിഷോർചന്ദ്രയുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. 2018 ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 138 ആം സ്ഥാനത്താണ്. മുൻ വർഷം ലഭിച്ചതിൽ നിന്നും രണ്ട് റാങ്ക് താഴെയാണിത്. റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേർസ് (ആർ.എസ്.എഫ്) എന്ന ലാഭേച്ഛയില്ലാത്ത സന്നദ്ധ സംഘടനയാണ് വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സ് പ്രസിദ്ധീകരിക്കുന്നത്. ഈ വർഷം ഇന്ത്യക്കാരായ ആറു പത്രപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ആർ. എസ്. എഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈനായ ദുഷ്പ്രചരണങ്ങൾ, അപകീര്‍ത്തിപ്പെടുത്തൽ‍, ശാരീരിക പീഡനങ്ങൾ എന്നിവയ്ക്ക് മാധ്യമ പ്രവർത്തകർ ഇരയാവുന്നുണ്ടെന്നും മുഖ്യധാരാമാധ്യമങ്ങളിൽ സ്വയം സെൻസർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിശിതമായ വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരുടെ ശബ്ദം ഇല്ലാതാക്കാൻ ഇന്ത്യൻ ഭരണകൂടം രാജ്യദ്രോഹനിയമങ്ങൾ ഉപയോഗപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹ്യൂമൻറൈറ്റ്സ് അലർട്ടിന്റെ (എച്ച്.ആർ.എ ) എക്സിക്യൂട്ടീവ് ഡയറക്ടർ ബബ്ളൂ ലോയിംതോംഗ്ബാം 2018 ഡിസംബർ 21 ന് യു.എൻ പ്രത്യേക പ്രതിനിധി ഡേവിഡ് കെയെ കിഷോർചന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിവരം നേരിട്ട് അറിയിച്ചിരുന്നു. എ. എം. ഡബ്ല്യു. ജെ.യുവിന്റെ ഇടക്കാലപ്രസിഡന്റും കിഷോർചന്ദ്ര വാങ്കെം പ്രവർത്തിച്ചിരുന്ന ഐ. എസ്. ടിവി (ISTV) യുടെ ചീഫ്എഡിറ്ററുമായ ബ്രോസെന്ദ്ര നിൻ‌ഗോംബ കിഷോർചന്ദ്രയെ ഏകപക്ഷീയമായി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കിഷോർചന്ദ്ര വാങ്കെം വിഷയത്തിൽ ഇടപെടരുതെന്ന് ഐ. ജെ. യുവിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ബ്രോസെന്ദ്ര നിൻ‌ഗോംബ കത്തെഴുതിയതായും ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മണിപ്പൂരിലെ മറ്റ് മുഖ്യധാരാമാധ്യമങ്ങളും വിട്ടു നിന്നിരുന്നു. കിഷോർചന്ദ്ര വാങ്കെമിന്റെ അറസ്റ്റ് റിപ്പോർട്ട്ചെയ്ത മണിപ്പൂരിലെ ചുരുക്കം ചില വാർത്താ സംഘടനകളിൽ ഒന്നാണ് ഇംഫാൽഫ്രീ പ്രസ്സ്. “പത്രപ്രവർത്തക യൂണിയനിൽ ഉള്ള തങ്ങളിൽ പലരും വിശ്വസിക്കുന്നത് ദേശീയ സുരക്ഷാ നിയമത്തിൻ(എൻ.എസ്.എ) കീഴിലുള്ള തടങ്കലിനെതിരെ ശബ്ദം ഉയർത്തണം എന്നാണെന്നും യൂണിയന്റെ(എ.എം.ഡബ്ല്യു.ജെ.യു) ഇടക്കാല അധ്യക്ഷന്റെ അഭിപ്രായങ്ങളോട് തങ്ങൾ യോജിക്കുന്നില്ലെന്നും” ഇംഫാൽ ഫ്രീ പ്രസ്സിന്റെ എഡിറ്റോറിയൽ ബോർഡിലെയും ആൾ മണിപ്പൂർ വർക്കിംഗ് ജേർണലിസ്റ്റ്സ് യൂണിയനിലെയും (എ.എം.ഡബ്ല്യു.ജെ.യു) അംഗമായ പാവോൽ ചോബ വോക്ക് ജേർണലിനോടു പറഞ്ഞു. യൂണിയന്റെ നിലവിലെ അധ്യക്ഷൻ ജനാധിപത്യ രീതിയിൽ അല്ല തെരഞ്ഞെടുക്കപ്പെട്ടതെന്നും യൂണിയന്റെ നിഷ്പക്ഷതക്ക് കോട്ടംതട്ടാതെ കിഷോർചന്ദ്ര വാങ്കെമിന്റെ മേൽ ചുമത്തിയിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തെ (എൻ.എസ്.എ) അപലപിക്കാൻ സാധ്യമാണെന്നും പാവോൽ ചോബപറഞ്ഞു. “പത്രപ്രവർത്തകരെന്നല്ല എൻ. എസ്. എ ചുമത്തി അന്യായമായി അറസ്റ്റുചെയ്യപ്പെടുന്ന ഏതൊരു വ്യക്തിക്കു വേണ്ടിയും ശബ്ദമുയർത്താൻ ഒരു പത്രപ്രവർത്തകൻ ബാധ്യസ്ഥനാണ്. ഈ സംഭവത്തെത്തുടർന്ന് സ്വയം ഒരു പത്രപ്രവർത്തകൻ എന്ന് വിളിക്കാൻ എനിക്കുതന്നെ ലജ്ജ തോന്നുന്നു” പാവോൽ ചോബ അഭിപ്രായപ്പെട്ടു.

“വ്യക്തിപരമായി ഐക്യദാര്‍ഢ്യം അറിയിച്ച ഒന്നോ രണ്ടോ പത്രപ്രവർത്തകർ ഒഴിച്ച് എ. എം. ഡബ്ല്യു. ജെ. യു,  കിഷോർചന്ദ്ര വാങ്കെമിന്റെ അറസ്റ്റിൽ ഒന്നും പറഞ്ഞിട്ടില്ല” കിഷോർചന്ദ്രയുടെ ഭാര്യ രഞ്ജിത എലംഗ്ബാം പറഞ്ഞു. വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും എന്നാൽ സർക്കാർ പോലീസിനെ ഉപയോഗിച്ച്‌ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും രഞ്ജിത പറഞ്ഞു. മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹി (എം.എസ്.എ.ഡി) പോലുള്ള നിരവധി വിദ്യാർത്ഥി സംഘടനകൾ കിഷോർചന്ദ്രയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചിരുന്നു. എം. എസ്. എ. ഡി യുടെ ജനറൽ സെക്രട്ടറി കേനൗ ജാവേദ് മെഹദിയുടെ വീട്ടിൽ പോലീസ് പോവുകയും തന്നെക്കുറിച്ചും തങ്ങളുടെ ഉപദേഷ്ടാവ് ദാമോദർ അറബാമിനെക്കുറിച്ചും ചോദിച്ചെന്നും എം. എസ്. എ. ഡിയുടെ അധ്യക്ഷൻ ടോക്ചോം വീവോൺ പറഞ്ഞു. “ജാവേദിന്റെ കുടുംബത്തോട് ഏതാനും ആഴ്ചകൾ നിശ്ശബ്ദരാകാൻ ഭീഷണിയുടെ സ്വരത്തിൽ പോലീസ് പറഞ്ഞു,” ടോക്ചോം വീവോൺ പറഞ്ഞു. കിഷോർചന്ദ്രയുടെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ തന്റെ സംഘടന ഡിസംബർ 16 ന് ഡൽഹിയിൽ പ്രകടനം നടത്തിയെന്നും ഇതേത്തുടർന്ന് ഡൽഹി പോലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് തടവിൽ വച്ചെന്നും വീവോൺ പറഞ്ഞു.

കിഷോർചന്ദ്ര വാങ്കെം തന്റെ എഫ്.ബി പോസ്റ്റിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിനെ “ഹിന്ദുത്വത്തിന്റെ പാവ” എന്ന് വിമർശിച്ചിരുന്നു. അതേസമയം “വിമർശനത്തെ സഹിഷ്ണുതയോടെ കാണാം, പക്ഷേ തന്റെ നേതാക്കളെ അപമാനിക്കുന്നത് ക്ഷമിക്കാനാവില്ലെന്ന്” മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗ് എ. എൻ. ഐ യോട് പറഞ്ഞിരുന്നു. ദേശീയ ബിംബങ്ങളായ ഝാൻസിറാണിയെയും നരേന്ദ്ര മോദിയേയും അപമാനിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനും അപ്പുറമുള്ള കാര്യമാണ് എന്നും ബിരേൻ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. 2000ൽ രാജ്യദ്രോഹ കുറ്റത്തിന് അന്ന് പത്രപ്രവർത്തകനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന ബിരേൻസിംഗും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നത് രസകരമായ വസ്തുതയാണ്.

നിലവിൽ തന്റെ തടവുശിക്ഷയെ എതിർത്തുകൊണ്ട് കിഷോർചന്ദ്ര വാങ്കെം മണിപ്പൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വാദം കേട്ട കോടതി പത്രപ്രവർത്തകൻ സമർപ്പിച്ച ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നിർദ്ദേശം നൽകി. ഇനി ഫെബ്രുവരി ആദ്യവാരമേ കോടതി കേസിൽ വാദം കേൾക്കുകയുള്ളു എന്നും, അതുവരെ, ഏതാണ്ട് ഒരു മാസത്തിൽ കൂടുതൽ കാലം തന്റെ ഭർത്താവ് ജയിലിൽ കഴിയേണ്ടിവരുമെന്നും രഞ്ജിത എലംഗ്ബാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *