Mon. Dec 23rd, 2024

ന്യൂഡൽഹി

ത്രിപുരയിലും തമിഴ്‌നാട്ടിലും ഉണ്ടായ വിധ്വംസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അപലപിച്ചു.

തെക്കൻ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതും, തമിഴ്‌നാട്ടിലെ വെല്ലൂരിൽ സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന ഇ വി രാമസ്വാമിയുടെ പ്രതിമ തകർത്തതും പ്രധാനമന്ത്രി ശക്തമായി എതിർത്തു. ഈ രണ്ടു അക്രമങ്ങളും നടത്തിയത് ബി ജെ പി യുടെ അനുയായികളാണ്.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും, ഇത്തരം സംഭവങ്ങളെ ശക്തമായി എതിർക്കുകയും ചെയ്തെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആഭ്യന്തരമന്ത്രാലയം ഈ നശീകരണപ്രവർത്തനങ്ങളെ ഗൌരവമായി കാണുകയും, ഇത്തരം കാര്യങ്ങൾ തടയാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് സംസ്ഥാനങ്ങളോടു പറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു പ്രസ്താവനയിൽ പറയുന്നു.

ഇത്തരം കൃത്യങ്ങൾ ചെയ്ത ആളുകൾക്കെതിരെ   കർശന നടപടിയെടുക്കണമെന്നും നിയമം അനുശാസിക്കുന്ന വകുപ്പു പ്രകാരം കേസെടുക്കണമെന്നും  പ്രസ്താവനയിൽ പറയുന്നു.

അടുത്തിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച്, ബി ജെ പി വിജയം നേടിയതിന്റെ തൊട്ടുപിന്നാലെയാണ് ത്രിപുരയിൽ, കെട്ടിടങ്ങൾക്കു നേരെയും, പൊതുസ്വത്തുക്കൾക്കു നേരെയും ആക്രമണങ്ങളും നശീകരണപ്രവർത്തനങ്ങളും തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് ഭരണം 25 കൊല്ലം കഴിഞ്ഞപ്പോഴാണ് ബി ജെ പി അവരെ അധികാരത്തിൽ നിന്നു താഴെയിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *