കൊഹിമ
സംസ്ഥാനത്തെ തെരഞ്ഞെടുപ്പുഫലം വന്ന് രണ്ടു ദിവസം കഴിയുമ്പോൾ, മുൻ നാഗാലൻഡ് ആഭ്യന്തര മന്ത്രിയും, നാഗ പീപ്പിൾസ് ഫ്രന്റ് നേതാവുമായ വൈ. പത്താനെ ബി ജെ പി നിയമസഭാപാർട്ടിയുടെ നേതാവായിട്ട് തിങ്കളാഴ്ച തെരഞ്ഞെടുത്തു.
“ബി ജെ പി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ എന്റെ സഹപ്രവർത്തകരോടും, നേതാക്കളോടും നന്ദിയുണ്ട്. എനിക്ക് ഉപമുഖ്യമന്ത്രിയുടെ സ്ഥാനം തരുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഞങ്ങൾ നാളെ ഗവർണ്ണറെ കാണും. നാളെ രാവിലെ 9.45 നു കാണാൻ ക്ഷണിച്ചിട്ടുണ്ട്.” പത്താൻ പറഞ്ഞു.
60 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഗ പീപ്പിൾസ് ഫ്രന്റ് ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് 27 സീറ്റു നേടിയിട്ടുണ്ട്. ബി ജെ പി യുടെ മുൻ സഖ്യ കക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി 17 സീറ്റും. 12 സീറ്റ് നേടിയ ബി ജെ പി യ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. നാഷണൽ പീപ്പിൾസ് പാർട്ടി രണ്ടു സീറ്റിലും, ജനതാദൾ ഒരു സീറ്റിലും, സ്വതന്ത്രൻ ഒരു സീറ്റിലും ജയിച്ചു.
ആസാം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ സംസ്ഥാന ഗവർണ്ണർ പദ്‌മനാഭ ആചാര്യയെ കണ്ടതിനു ശേഷമാണ് ഈ നീക്കം ഉണ്ടായത്.
മുൻ ആഭ്യന്തരമന്ത്രി പത്താൻ ബി ജെ പി നിയമസഭാപാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ശർമ്മ ട്വീറ്റു ചെയ്തു.
നാഷണൽ ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയുമായിച്ചേർന്ന് നാഗലാൻഡിൽ സർക്കാർ രൂപീകരിക്കുമെന്ന് ബി ജെ പി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റു ഒറ്റയ്ക്കു നേടിയ പാർട്ടിയായ, 15 കൊല്ലമായി സഖ്യത്തിലായിരുന്ന, നാഗ പീപ്പിൾസ് ഫ്രന്റിനുള്ള പിന്തുണ നീട്ടുന്ന കാര്യം തള്ളിക്കളയുകയും ചെയ്തിരുന്നു.