ഷില്ലോംഗ്, മേഘാലയ
ഭാരതീയ ജനതാ പാർട്ടി മറ്റു പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ആസാമിലെ ധന, ആരോഗ്യ, വിദ്യാഭ്യാസമന്ത്രിയും, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ കൺവീനറുമായ ഹിമാന്ത ബിശ്വ ശർമ്മ ഞായറാഴ്ച പറഞ്ഞു. കോൺഗ്രസ്സിനെ മേഘാലയിലെ അധികാരത്തിൽ നിന്നു അകറ്റാനാണ് ഇത്.
“പ്രാദേശിക പാർട്ടികളും, ബി ജെ പിയും ചേർന്ന് മേഘാലയയിൽ സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. മേഘാലയയിലെ ജനങ്ങൾ കോൺഗ്രസ്സിനെ തിരസ്കരിച്ചിരിക്കുന്നു. അവർക്ക് ഒരു വേറിട്ട രീതിയിലുള്ള സർക്കാരിനെ നൽകാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങൾ ആ ലക്ഷ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.” ഹിമാന്ത മാദ്ധ്യമങ്ങളോടു പറഞ്ഞു.
മേഘാലയയിലെ വോട്ടെടുപ്പിൽ നേരിട്ട പരാജയം കാരണം, ബി ജെ പി, അവിടുത്തെ പ്രാദേശിക പാർട്ടികളായ നാഷണൽ പീപ്പിൾസ് പാർട്ടിയോടും, യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടിയോടും , കോൺഗ്രസ്സിതര മന്ത്രിസഭയ്ക്കായി സഖ്യം ചേരാൻ നിർദ്ദേശിച്ചിരുന്നു.
ബി ജെ പിയ്ക്ക് രണ്ടു സീറ്റാണ് അവിടെ ലഭിച്ചത്. കോൺഗ്രസ്സിന് 21 സീറ്റു ലഭിച്ചു. പക്ഷേ 60 അംഗങ്ങളുള്ള മന്ത്രിസഭയിൽ ഭൂരിപക്ഷമായ 31 സീറ്റിലേക്ക് കോൺഗ്രസ്സിന് പത്തു സീറ്റുകൾ കുറവാണ്.
നാഷണൽ പീപ്പിൾസ് പാർട്ടിയ്ക്ക് 19 സീറ്റു ലഭിച്ചു. മറ്റു പ്രാദേശിക പാർട്ടികൾ 17 സീറ്റിലും വിജയിച്ചു. അതുകൊണ്ട്, കോൺഗ്രസ്സ് ജയിച്ചെങ്കിലും അവർക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയില്ല.