മുംബൈ
മുംബൈയിലെ ടാംഖുൽ വെൽഫയർ സൊസൈറ്റി(The Tangkhul Welfare Society Mumbai (TWSM)) അവരുടെ രണ്ടാം ലുയ്‌റ ഫണിത് വിത്തുവിതയ്ക്കൽ ഉത്സവം മഹാരാഷ്ട്രയിലെ മുംബൈയിൽ സംഘടിപ്പിച്ചു.
ടാംഖുൽ നാഗ ഗോത്രത്തിന്റെ പുതുവർഷവും, വിത്തുവിതയ്ക്കൽ ആഘോഷവുമാണ് ലുയ്‌റ ഫണിത്. ജനുവരി അവസാന ആഴ്ചയിൽ, പൌർണ്ണമി ദിവസം ആഘോഷം തുടങ്ങുന്ന ഇത്, ഓരോ വർഷവും മാർച്ച് അദ്യവാരം വരെ നീണ്ടുനിൽക്കും.
മുളകൊണ്ടുണ്ടാക്കിയ തലപ്പാവും, പുതുവസ്ത്രങ്ങളുമണിഞ്ഞ് പുരുഷന്മാരും, പരമ്പരാഗത കണ്ഠാഭരണങ്ങളും, പരമ്പരാഗതവസ്ത്രങ്ങളുമണിഞ്ഞ് സ്ത്രീകളും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു.
ഈ ഉത്സവത്തിനു തുടക്കം കുറിച്ച് യുവാക്കളും യുവതികളും ഖാരിംഗ് ഖാരക് ഫെയ്ച്ചക്ക് എന്ന നാടോടിനൃത്തം അവതരിപ്പിക്കുന്നു. നാടോടിഗാനം, നൃത്തമത്സരങ്ങൾ, പ്രച്ഛന്നവേഷം, മിസ്റ്റർ ആൻഡ് മിസ്സിസ്സ് ലുയ്‌റ എന്നീ പരിപടികളും ഇതിലെ പ്രധാന ഇനങ്ങളാണ്.
ഒരുമയുടേയും, സമാധാനത്തിന്റേയും, വിത്തുവിതയ്ക്കാൻ, ഈ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്, ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ഓമി നിംഗ്ഷെൻ, പങ്കെടുക്കാനെത്തിയവരോട് അഭ്യർത്ഥിച്ചു.