ന്യൂഡൽഹി
കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിലെ ചോദ്യക്കടലാസ്സ് ചോർന്നതിനെതിരെ പ്രതിഷേധിച്ച സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മത്സരാർത്ഥികളെ, അഴിമതിയ്ക്കെതിരായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ, ഞായാറാഴ്ച കണ്ടു.
ഈ സംഭവത്തിൽ ഒരു സി ബി ഐ അന്വേഷണമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
അഹിംസയുടെ പാതയിലൂടെ നടക്കാൻ ഹസാരെ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു. ഈ സംഭവത്തിൽ നടപടിയെടുക്കാൻ സർക്കാരിനോടും ആവശ്യപ്പെട്ടു.
“അനീതിയേയും അവഹേളനത്തേയും എതിർക്കുമ്പോൾ, അഹിംസയുടെ പാതയിലൂടെ പോകേണ്ടത് പ്രധാനമാണ്. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും” അദ്ദേഹം പ്രതിഷേധക്കാരോടു പറഞ്ഞു.
“സർക്കാർ ഒരു നടപടിയെടുക്കുന്നതുവരെ നമുക്കു കാത്തിരിക്കാം. അതുകഴിഞ്ഞ് നമ്മൾ എന്താണു ചെയ്യേണ്ടതെന്നു നോക്കാം. അതിനിടയ്ക്ക് നിങ്ങൾ അക്രമങ്ങൾ ചെയ്യരുത്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 27 മുതൽ ഡൽഹിയിലെ തെരുവുകളിൽ ആയിരങ്ങൾ ഈ സംഭവത്തെ “ബഹുജന വഞ്ചന” യെന്ന് വിശേഷിപ്പിച്ച് പ്രതിഷേധം നടത്തുകയാണ്.
ഫെബ്രുവരി 21 നു നടത്താൻ തീരുമാനിച്ച പരീക്ഷ ‘സാങ്കേതിക കാരണങ്ങളാൽ’ വൈകിയതാണെന്നും, പരീക്ഷ മാർച്ച് 9- നു നടത്തുമെന്നും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഫെബ്രുവരി 24 ന് ഇറക്കിയ കുറിപ്പിൽ പറയുന്നു.