ബലൂചിസ്ഥാൻ
ചൈനയും പാക്കിസ്താനും ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും, ബലൂചിനു മേലെ അതിക്രമം കാണിക്കുകയാണെന്നും, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ (ബി എൽ എ) മുതിർന്ന കമാൻഡറായ അസ്‌ലം ബലൂച് ആരോപിച്ചു.
ഒരു മാദ്ധ്യമത്തിനയച്ച വീഡിയോ അഭിമുഖത്തിൽ, ബെയ്‌ജിങ്ങും, ഇസ്ലാമാബാദും, ബലൂചിനെ ഇല്ലാതാക്കാൻ ഒരു ക്ഷുദ്രപദ്ധതി ആവിഷ്കരിക്കുകയാണെന്നും അസ്‌ലം ആരോപിച്ചു.
“പാക്കിസ്താന്റെയും അതിന്റെ സൈന്യത്തിന്റെയും സംരക്ഷണത്തിന്റെ കീഴിൽ, ചൈന, ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ വർഷങ്ങളോളമായി കൊള്ളയടിക്കുകയാണ്. അതും കൂടാതെ, ബലൂചിലെ സാധാരണ ജനങ്ങളുടെ നേർക്ക് കഴിഞ്ഞ 60 കൊല്ലത്തോളമായി, അതിക്രമവും ക്രൂരതയും കാട്ടുന്ന പാക്കിസ്താൻ സൈന്യത്തിന്റെ കൂടെ ഇപ്പോൾ ചേരുകയും ചെയ്തിട്ടുണ്ട്” അസ്‌ലം പറഞ്ഞു.
‘ഇന്റലിജൻസ് വിവരങ്ങളും, നല്ല ഗുണനിലവാരമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ബലൂചിസ്ഥാനിൽ ഉപയോഗിക്കാൻ ചൈനയിൽ നിന്ന് പാക്കിസ്താനു ലഭിക്കുന്നുണ്ട്. ചൈനയുടെ സഹായത്തോടെ പാക്കിസ്താൻ അതിന്റെ സൈനികാധികാരം ഈ മേഖലയിൽ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു. അവരുടെ പ്രധാന ലക്ഷ്യം, ബലൂചിസ്ഥാനിലെ തീരപ്രദേശങ്ങളാണ്. പാക്കിസ്താന്റെ സഹായത്തോടെ ചൈന അതിന്റെ നാവിക അടിത്തറ ശക്തമാക്കുകയാണ്. പാക്കിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികൾ കാരണം, ബലൂചിസ്ഥാനും അതിന്റെ ഭാവിയും നിലനില്പിനെ ബാധിക്കുന്ന ഭീഷണി നേരിടുകയാണ്.” അസ്‌ലം കൂട്ടിച്ചേർത്തു.
ചൈന പാക്കിസ്താൻ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ചൈന 62 ബില്ല്യൻ അമേരിക്കൻ ഡോളർ നിക്ഷേപം നടത്തുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാഡാർ തുറമുഖത്തിന്റെ വികസനവും അതിൽ ഉൾപ്പെടുന്നു.
സ്വതന്ത്ര ബലൂചിസ്ഥാൻ രാജ്യത്തിനായി വർഷങ്ങളോളമായി പോരാടിക്കൊണ്ടിരിക്കുന്ന, ബലൂചിസ്ഥാനിലെ ജനങ്ങൾ വിദേശനിക്ഷേപത്തെ എതിർക്കുന്നുണ്ട്.
പാക്കിസ്താൻ ഒരു തീവ്രവാദസംഘടന ആയി പ്രഖ്യപിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ഇസ്ലാമാബാദിലെ അടിച്ചമർത്തുന്ന നയങ്ങളെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്നു.
“ഞങ്ങളുടെ ആളുകൾ ദിനം തോറും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്. അവർ കൊല്ലപ്പെടുകയോ, അവരുടെ വീടുകൾ കത്തിച്ചുകളയുകയോ, കൊള്ളയടിക്കുകയോ ചെയ്യുന്നു. ബലൂചിസ്ഥാനിൽ മുഴുവനും സ്ഥിതി ആശങ്കാജനകമാണ്, പ്രത്യേകിച്ചും മുഴുവൻ ഗ്രാമങ്ങളും നശിക്കപ്പെട്ട, മക്‌രാനിലെ തീരപ്രദേശങ്ങളിൽ.”
“ജനങ്ങളെ അവരുടെ സ്വന്തമായിട്ടുള്ള ഇടങ്ങളിൽ നിന്നു മാറ്റി, സൈന്യത്തിന്റെ നിയന്ത്രണം ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്.
ജനങ്ങളെ ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ല, മറ്റ് ആളുകളെ കാണുന്നതിനുപോലും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം സന്ദർഭത്തിൽ ചൈനയുമായി ഒരു ചർച്ച അസംഭവ്യമാണ്. അതുകൊണ്ട് ഞങ്ങൾ ഈ നിർദ്ദേശം തള്ളിക്കളഞ്ഞു.”
ബെയ്‌ജിങ്ങുമായിട്ടും എന്തെങ്കിലും രഹസ്യസംഭാഷണം നടന്നതായിട്ടുള്ള വാദവും ബി എൽ എ കമാൻഡർ നിഷേധിച്ചു.
“എവിടെയെങ്കിലും, ഇത്തരത്തിലുള്ള എന്തെങ്കിലും നടക്കുന്നുവെങ്കിൽ, ഞങ്ങൾക്കും, യുവാക്കൾക്കും, ബലൂചിസ്ഥാനിലെ മുഴുവൻ സമൂഹത്തിനു തന്നെയും അത് അസ്വീകാര്യവും നിന്ദാജനകവും ആണ്. ബലൂചിസ്ഥാനിൽ ചൈനയും പാക്കിസ്താനും ഉണ്ടാക്കിയ ഈ സ്ഥിതി , അവരുമായി യാതൊരു സംഭാഷണത്തിനും അനുവദിക്കുന്നില്ല” അസ്‌ലം പറഞ്ഞു.
പാക്കിസ്താൻ സൈന്യം കലഹം നശിപ്പിക്കാൻ എന്ന പേരിൽ ബലൂചിസ്ഥാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ റദ്ദ്- ഉൾ- ഫസാദിന്റെ ലക്ഷ്യം പ്രധാനമായും ജനങ്ങളാണെന്നും, പാക്കിസ്താൻ സൈന്യത്തിന്റെ ക്രൂരതകൾ നിർത്തലാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും ബി എൽ എ കമാൻഡർ പറഞ്ഞു.
“ചൈനയുടേയും പാക്കിസ്താന്റേയും ക്ഷുദ്രലക്ഷ്യങ്ങൾ ബലൂചിസ്ഥാൻ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കും. ശക്തമായ സൈന്യമുള്ള, ഈ, രണ്ടു രാജ്യങ്ങളുടെ അടുത്തുനിന്നും രക്ഷപ്പെടൽ എളുപ്പമുള്ള ഒരു കാര്യമല്ല. മറ്റുള്ള രാജ്യങ്ങൾ മുന്നോട്ടു വന്ന് സഹായിക്കണമെന്നാണ് ബലൂചിസ്ഥാൻ ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ അവരുടെ അതിക്രമം തടയാൻ കഴിയൂ” അസ്‌ലം പറഞ്ഞു.
“ബലൂച് നാഷണൽ മൂവ്‌മെന്റിന്റെ ലക്ഷ്യം ഒരു, സമാധാനപരവും, സ്വതന്ത്രവും, ആയ ഒരു രാജ്യമാണ്, വേറൊന്നുമല്ല. ഞങ്ങൾ അതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര ബലൂചിസ്ഥാൻ ഉണ്ടാവാനുള്ള അവസരം കൂടുതലായിട്ടുണ്ട്. തീർച്ചയായിട്ടും ഞങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്, പക്ഷെ, അതു ഞങ്ങൾ തരണം ചെയ്യും. ഞങ്ങളുടെ പോരാട്ടം മുന്നോട്ടുകൊണ്ടുപോവാൻ ഞങ്ങൾക്കൊരു കാരണമുണ്ട്. ബലൂച് നാഷണൽ മൂവ്മെന്റ് പടിപടി ആയിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അത് ഒരു നല്ല കാര്യത്തിൽ അവസാനിക്കും.” അജ്ഞാതമായ ഒരു പ്രദേശത്തിരുന്ന്, തന്റെ സഹപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ അസ്‌ലം പറഞ്ഞു.