Wed. Jan 22nd, 2025

 

ഒക്ടോബര്‍ അഞ്ചാം തീയതി പാരിസ് നഗരത്തില്‍ രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 5.30 വരെ അള്‍ജീരിയന്‍ മുസ്ലിം തൊഴിലാളികള്‍, ഫ്രഞ്ച് മുസ്ലിംകള്‍, അള്‍ജീരിയന്‍ ഫ്രഞ്ച് മുസ്ലിംകള്‍ എന്നിവര്‍ക്ക് മാത്രമായി ഒരു കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു

ണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ലോകമെമ്പാടുമുള്ള കോളനികള്‍ ഉപേക്ഷിച്ച് സാമ്രാജ്യത്വ ശക്തികള്‍ സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചുപോയെങ്കിലും ഫ്രാന്‍സ് മാത്രം കോളനികളില്‍ തുടര്‍ന്നു. പശ്ചിമ, മധ്യാഫ്രിക്കയിലെ കോളനി വാഴ്ച ഫ്രാന്‍സ് അവസാനിപ്പിക്കുന്നത് 1962 ജൂലൈ മാസത്തിലാണ്.

1954 ല്‍ തുടങ്ങിയ അള്‍ജീരിയന്‍ യുദ്ധത്തിന്റെയും അള്‍ജീരിയന്‍ സ്വാതന്ത്ര്യ റഫറണ്ടം സാധ്യമാക്കിയ വെടിനിര്‍ത്തല്‍ കരാറായ ഏവിയന്‍ ഉടമ്പടിയുടെയും ഫലമായാണ് വടക്കേ ആഫ്രിക്കയിലെ കോളനി ഭരണം അവസാനിപ്പിച്ച് ഫ്രാന്‍സ് ആഫ്രിക്ക വിടുന്നത്.

ക്രൂരമായ അടിച്ചമര്‍ത്തല്‍, സാമ്പത്തിക ചൂഷണം, പ്രാദേശിക സംസ്‌കാരങ്ങളുടെ ഉന്മൂലനം തുടങ്ങിയവ അടയാളപ്പെടുത്തുന്നതാണ് ഫ്രാന്‍സിന്റെ കോളനിവാഴ്ച. രണ്ടാം ലോക മഹായുദ്ധാനന്തരം സാമ്പത്തികവും രാഷ്ട്രീയവുമായ തുടര്‍ച്ചയായ ഇടപെടലുകളിലൂടെ പശ്ചിമാഫ്രിക്കയെ എന്നെന്നും ആശ്രിതരാക്കി നിലനിര്‍ത്തുന്നതില്‍ ഫ്രഞ്ചുകാര്‍ ഏറെക്കുറെ വിജയിച്ചു.

132 വര്‍ഷക്കാലമാണ് ഫ്രാന്‍സ് ആഫ്രിക്കയില്‍ അധിനിവേശം തുടര്‍ന്നത്. ഇതില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നിയോ കൊളോണിയലിസത്തിന്റെ ഉന്നത വക്താക്കളായി ഫ്രാന്‍സ് മാറുകയും ചെയ്തു.

ഫ്രഞ്ച് അധിനിവേശ കാലത്തെ അള്‍ജീരിയ Screengrab, Copyright: The New York Times

1945ല്‍ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡിഗോള്‍ പശ്ചിമ, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി രണ്ടു കറന്‍സികള്‍ അവതരിപ്പിച്ചു, സിഎഫ്എ ഫ്രാങ്ക് എന്ന പേരില്‍. 1958ല്‍ ഫ്രഞ്ചുകാര്‍ തയ്യാറാക്കിയ ഭരണഘടന അംഗീകരിക്കാന്‍ ഈ രാജ്യങ്ങളെ നിര്‍ബന്ധിതമാക്കി. അവ അംഗീകരിപ്പിക്കാന്‍ ഹിതപരിശോധനകള്‍ നടത്തിച്ചു.

സിഎഫ്എ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്ക് സ്വന്തം കറന്‍സിയുടെ മൂല്യം നിശ്ചയിക്കാനാവില്ല. അവയുടെ മൂല്യം ഫ്രഞ്ച് കറന്‍സിയുമായി ബന്ധിപ്പിച്ചു. തല്‍ഫലമായി ആഫ്രിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഫ്രാന്‍സിന് ലഭിക്കുകയും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വന്‍വില കൊടുക്കേണ്ടി വരികയും ചെയ്തു.

ഈ രാജ്യങ്ങളുടെ വിദേശനാണ്യ ശേഖരത്തിന്റെ 50% ഫ്രഞ്ച് ബാങ്കില്‍ സൂക്ഷിക്കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. ഇതിന് ചെറിയ പലിശ നല്‍കും. ഫ്രാന്‍സ് ഈ പണം ലാഭകരമായ മറ്റു കാര്യങ്ങളില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കും.

ഫ്രാന്‍സിന്റെ കൊള്ളയില്‍ പ്രതിഷേധിച്ച് ടുണീഷ്യയും അള്‍ജീരിയയും മൊറോക്കോയും പോലെ ചില രാജ്യങ്ങള്‍ സിഎഫ്എ കറന്‍സി ഉപേക്ഷിക്കാന്‍ തയ്യാറായി. എന്നിരുന്നാലും നിലവില്‍ 14 പശ്ചിമ, മധ്യമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സിഎഫ്എ ഫ്രാങ്ക് ഉപയോഗിക്കുന്നുണ്ട്.

1960 ന് ശേഷം ഫ്രാന്‍സ് ആഫ്രിക്കയില്‍ സൈനികമായി ഇടപെട്ടത് അമ്പതിലധികം തവണയാണ്. ഏകാധിപതികള്‍ക്ക് പണം കൊണ്ടും ആയുധം കൊണ്ടും പിന്തുണ നല്‍കി ആഫ്രിക്കന്‍ രാജ്യങ്ങളെ കൊള്ളയടിക്കുകയായിരുന്നു ഫ്രാന്‍സ്.

നിയോ കൊളോണിയല്‍ കാലഘട്ടത്തിന് ആഫ്രിക്കയില്‍ അന്ത്യം കുറിച്ചത് അള്‍ജീരിയുടെ സ്വാതന്ത്ര പോരാട്ടത്തിലൂടെ ആണല്ലോ. ഫ്രാന്‍സില്‍ ജീവിച്ചിരുന്ന അള്‍ജീരിയന്‍ വംശജര്‍ക്കും ഒരു രാജ്യമെന്ന നിലയില്‍ അള്‍ജീരിയക്കും മായാത്ത രക്തരൂക്ഷിതമായ മുറിവ് സമ്മാനിച്ചാണ് ഫ്രാന്‍സ് 1962 ല്‍ ആഫ്രിക്കയില്‍ നിന്നും മടങ്ങുന്നത്.

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന അള്‍ജീരിയന്‍ അത്ലറ്റുകള്‍ Screengrab, Copyright: AP

പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലെ പരേഡ് ഓഫ് നേഷന്‍സിനിടെ അള്‍ജീരിയന്‍ കായിക താരങ്ങള്‍ അവരുടെ കയ്യിലുണ്ടായിരുന്ന ചുവന്ന റോസാപ്പൂക്കള്‍ സീന്‍ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അറബിയില്‍ ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞു, ‘അള്‍ജീരിയ നീണാള്‍ വാഴട്ടെ’. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ദാരുണമായ സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലായിരുന്ന ഈ പ്രവൃത്തിക്ക് ആഴത്തിലുള്ള ചരിത്രപരമായ പ്രാധാന്യമുണ്ട്.

1961 ഒക്ടോബര്‍ മാസം, കോളനി ഭരണത്തില്‍ നിന്നും സ്വാതന്ത്രം നേടാന്‍ അള്‍ജീരിയന്‍ ജനത ഫ്രാന്‍സുമായി കടുത്ത യുദ്ധത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തകര്‍ന്ന വ്യാവസായിക മേഖല പുനര്‍നിര്‍മിക്കാന്‍ ഫ്രാന്‍സ് അള്‍ജീരിയയില്‍ നിന്നും പതിനായിരക്കണക്കിനു ആളുകളെ ഫ്രാന്‍സിലേയ്ക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് പൂര്‍ണ്ണ ഫ്രഞ്ച് പൗരത്വം നല്‍കുകയും ചെയ്തു.

ഒക്ടോബര്‍ അഞ്ചാം തീയതി പാരിസ് നഗരത്തില്‍ രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 5.30 വരെ അള്‍ജീരിയന്‍ മുസ്ലിം തൊഴിലാളികള്‍, ഫ്രഞ്ച് മുസ്ലിംകള്‍, അള്‍ജീരിയന്‍ ഫ്രഞ്ച് മുസ്ലിംകള്‍ എന്നിവര്‍ക്ക് മാത്രമായി ഒരു കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു.

പ്രസ്തുത കര്‍ഫ്യൂക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഒക്ടോബര്‍ 17-ന് അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (അള്‍ജീരിയന്‍ യുദ്ധസമയത്തെ പ്രധാന ദേശീയ പ്രസ്ഥാനവും 1989-ല്‍ മറ്റ് പാര്‍ട്ടികള്‍ നിയമവിധേയമാകുന്നതുവരെ അള്‍ജീരിയയിലെ ഏക നിയമപരവും ഭരിക്കുന്നതുമായ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട്. പാര്‍ട്ടിയുടെ സായുധ വിഭാഗമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയായിരുന്നു 1954 മുതല്‍ 1962 വരെ അള്‍ജീരിയന്‍ യുദ്ധത്തെ നയിച്ചത്) പാരിസിലെ അള്‍ജീരിയക്കാരോട് ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ 17ാം തീയതി സമാധാനപരമായി പ്രതിഷേധിച്ചിരുന്ന അറബ്-ആഫ്രിക്കന്‍ വംശജരെ സായുധമായി ഫ്രഞ്ച് സര്‍ക്കാര്‍ നേരിട്ടു. പ്രതിഷേധ പ്രകടനക്കാരെ തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയാന്‍ വേണ്ടി 7000 പോലിസുകാരെ പാരിസ് പോലിസ് മേധാവിയായിരുന്ന മൗറിസ് പാപോണ്‍ തയ്യാറാക്കി നിര്‍ത്തി.

30000-40000 വരുന്ന അള്‍ജീരിയക്കാര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. 12000ത്തോളം അള്‍ജീരിയന്‍ വംശജരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ബാക്കിയുള്ളവരെ വെടിയുണ്ടകള്‍ കൊണ്ടാണ് ഫ്രഞ്ച് പോലീസ് നേരിട്ടത്.

1961 ലെ പാരീസ് കൂട്ടക്കൊലയുടെ ദൃശ്യം Screengrab, Copyright: MilliGazette

ന്യൂലി പാലത്തില്‍ വെച്ചാണ് പൊലീസ് സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. വെടിവെപ്പില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതിഷേധക്കാര്‍ സീന്‍ നദിയിലേയ്ക്ക് എടുത്തുചാടി. വെടിയേറ്റ് പാലത്തില്‍ വീണവരെയും പൊലീസ് നദിയിലേക്ക് വലിച്ചെറിഞ്ഞു.

പോലിസ് നരനായാട്ടില്‍ ഏകദേശം 300 അള്‍ജീരിയന്‍ വംശജര്‍ കൊല്ലപ്പെട്ടുവെന്നാണ് അള്‍ജീരിയന്‍ ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍, 30 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ വാദം.

പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒരു പ്രതിഷേധ പ്രകടനത്തിനിടെ സമകാലിക കാലത്തെ സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ അടിച്ചമര്‍ത്തലിനാണ് 1961 ഒക്ടേബാള്‍ 17 സാക്ഷ്യംവഹിച്ചതെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍മാരായ ജിം ഹൗസും നീല്‍ മാക്മാസ്റ്റെറും വ്യക്തമാക്കുന്നുണ്ട്. മൗറിസ് പാപോണ്‍ നേരിട്ട് കൂട്ടക്കൊലക്ക് ഉത്തരവിടുകയായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

പാരീസിലെ ശുചീകരണ മേഖലയില്‍ ജോലി ചെയ്തിരുന്ന കാസി യഹ്‌യയും പോലീസുകാര്‍ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒളിമ്പിക്‌സ് താരങ്ങള്‍ കൂട്ടക്കൊലക്കിരയാവരെ അനുസ്മരിച്ച സംഭവത്തെ സ്വാഗതം ചെയ്യുകയാണെന്ന് കാസിയുടെ കൊച്ചുമകന്‍ യാനിസ് പറയുന്നു. ‘പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ദിവസം ഒക്ടോബര്‍ 17ലെ ഇരകള്‍ക്ക് അവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഇത് വലിയ വികാരത്തിന്റെ നിമിഷമാണ്.’, യാനിസ് പറയുന്നു.

നാസി അധിനിവേശ സമയത്ത് ജൂതന്‍മാരെ മരണ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് മൗറിസ് പാപോണ്‍ പിന്നീട് വിചാരണ ചെയ്യപ്പെട്ടു. പാരീസിലെ മുസ്ലിം കൂട്ടക്കൊലയില്‍ ഭാഗഭാക്കായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെല്ലാം തന്നെ നാസികള്‍ക്ക് വേണ്ടി ജൂതന്‍മാരെ കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചതുമായി ബന്ധമുള്ളവരായിരുന്നു.

1961ലെ കൂട്ടക്കൊല ഫ്രഞ്ച് അധികൃതര്‍ വര്‍ഷങ്ങളോളം മൂടിവെക്കുകയുണ്ടായി. അവസാനം 1998 ലാണ് ഒക്ടോബര്‍ 17 ന് നടന്നത് മുസ്ലിം കൂട്ടക്കൊല തന്നെയായിരുന്നു എന്ന് ഫ്രാന്‍സ് സമ്മതിച്ചത്. എന്നാല്‍ അള്‍ജീരിയന്‍ യുദ്ധക്കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ ആരും തന്നെ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ലെന്നത് മറ്റൊരു ചരിത്ര സത്യമായി അവശേഷിക്കുന്നു.

അള്‍ജീരിയയുടെ സ്വാതന്ത്ര്യ സമര പോരാട്ടം Screengrab, Copyright: AP

2001 ല്‍, പോണ്ട് സൈന്റ് മിഷേലിനടുത്ത് സ്മാരകശില അനാച്ഛാദം ചെയ്തു കൊണ്ട് ഔദ്യോഗികമായി ഒക്ടോബര്‍ 17 ദിനാചരണം നടക്കുകയുണ്ടായി. 2012 ഓക്ടോബര്‍ 17 ന് പാരിസില്‍ വെച്ച് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാങ്കോയിസ് ഒലാന്റ് ഒരുപാട് കാലത്തെ മൗനത്തിന് ശേഷം നടന്നത് മുസ്ലിം കൂട്ടക്കൊല തന്നെയായിരുന്നെന്ന് സമ്മതിച്ചിരുന്നു.

ഒക്ടോബര്‍ 17 ന് നടന്ന ‘കുറ്റകൃത്യങ്ങള്‍’ ‘റിപ്പബ്ലിക്കിന് പൊറുക്കാനാവാത്തതാണ്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 2020ല്‍ തുറന്നുസമ്മതിച്ചിരുന്നു.

അറബ് ലോകമെമ്പാടും അള്‍ജീരിയ ‘രക്തസാക്ഷികളുടെ രാജ്യം’ എന്നാണ് അറിയപ്പെടുന്നത്. കാരണം ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഒരു നൂറ്റണ്ടിലേറെ പൊരുതിയ അള്‍ജീരിയയ്ക്ക് 3-5 ദശലക്ഷം ജനതയെയാണ് നഷ്ടമായത്.

1954-1962 ലെ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരകാലത്ത് മാത്രം 15 ലക്ഷം അള്‍ജീരിയക്കാര്‍ കൊല്ലപ്പെട്ടെന്നാണ് അള്‍ജീരിയന്‍ ചരിത്രകാരന്മാരുടെ കണക്ക്. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഇരു ഭാഗത്തുമായി നാലു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫ്രഞ്ച് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്.

1642 ല്‍ മഡഗാസ്‌കര്‍ പിടിച്ചെടുത്ത് 1659 ല്‍ സെന്റ് ലൂയിസില്‍ ഒരു തുറമുഖം സ്ഥാപിക്കുന്നതോടെയാണ് ആഫ്രിക്കയിലേക്കുള്ള ഫ്രഞ്ച് അധിനിവേശം ആരംഭിക്കുന്നത്. ചരക്കുകടത്ത് മുതല്‍ അടിമക്കച്ചവടം വരെ ഫ്രാന്‍സിന്റെ താത്പര്യങ്ങളുടെ ആക്കം കൂട്ടി. അടുത്ത പതിറ്റാണ്ടുകളില്‍ ഫ്രാന്‍സ് തങ്ങളുടെ സാമ്രാജ്യം അതിവേഗം വളര്‍ത്തിയെങ്കിലും 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിനോട് ഫ്രഞ്ച് പട പരാജയം ഏറ്റുവാങ്ങി.

1830 ഓടെ അള്‍ജീരിയന്‍ കോളനിവല്‍ക്കരണത്തിലൂടെയാണ് ഫ്രാന്‍സ് തങ്ങളുടെ രണ്ടാംഘട്ട അധിനിവേശം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇന്നത്തെ അള്‍ജീരിയ, മൊറോക്കോ, സെനഗല്‍ അടക്കം വിവിധ രാജ്യങ്ങള്‍ ഫ്രാന്‍സ് കൈവശപ്പെടുത്തി.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരവധി കോളനികളില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ സജീവമാകാന്‍ തുടങ്ങി. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരത്തിനും പാരീസ് കൂട്ടക്കൊലയ്ക്കും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പിന്നാലെയാണ് 1962 ല്‍ ഫ്രാന്‍സില്‍ നിന്നും ആഫ്രിക്കയുടെ കോളനികള്‍ സ്വതന്ത്രമാകുന്നത്.

ഇരുരാജ്യങ്ങളും തമ്മിലെ പിന്നീടുള്ള ബന്ധത്തെ ഈ ഭൂതകാലം സാരമായി ബാധിച്ചിരുന്നു. ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി കൊളോണിയല്‍ കാലത്ത് ഫ്രഞ്ച് അധിനിവേശം സൈന്യം കൊലപ്പെടുത്തിയ 24 പേരുടെ മുറിച്ചെടുത്ത തലകളുടെ അവശിഷ്ടമായ തലയോട്ടികള്‍ ഫ്രാന്‍സ് അല്‍ജീരിയയ്ക്ക് 2020ല്‍ കൈമാറിയിരുന്നു.

അള്‍ജീരിയയുടെ സ്വാതന്ത്ര്യ സമര പോരാട്ടം Screengrab, Copyright: AP

ഫ്രഞ്ച് അധിനിവേശത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അള്‍ജീരിയയില്‍ നടന്ന മരണങ്ങളുടെ കണക്ക് എത്രയെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. കോളനിവല്‍ക്കരണത്തിന്റെ ആദ്യ വര്‍ഷങ്ങളിലെ യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായും രോഗവും പട്ടിണിയും മൂലം മരിച്ചവരുടെ കണക്കുകള്‍ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ അള്‍ജീരിയയിലെ തദ്ദേശീയ ജനസംഖ്യ ഈ കാലങ്ങങ്ങളില്‍ ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

1945 ല്‍ ഫ്രഞ്ച് കൊളോണിയലിസ്റ്റുകള്‍ സെറ്റിഫിലും ഗുല്‍മയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആയിരക്കണക്കിന് കൂട്ടക്കൊലയാണ് അള്‍ജീരിയയിലെ വിമോചനയുദ്ധത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ പ്രധാന ദേശീയ പ്രസ്ഥാനമായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്എല്‍എന്‍) ഫ്രാന്‍സുമായുള്ള സായുധ പോരാട്ടത്തിന് മുമ്പ് ഫ്രഞ്ചുകാരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ലഘുരേഖകള്‍ വിതരണം ചെയ്തു.

ഒരു പരമാധികാര അള്‍ജീരിയന്‍ രാഷ്ട്രം പുനസ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രസ്താവിക്കുന്ന ലഘുലേഖയാണ് എഫ്എല്‍എന്‍ പുറത്തിറക്കിയത്. ഇസ്ലാമിക ചട്ടക്കൂടിനുള്ളിലെ സാമൂഹിക ജനാധിപത്യത്തെയും അള്‍ജീരിയയിലെ ഏതൊരു താമസക്കാരനെയും തുല്യ പൗരനായി അംഗീകരിക്കുമെന്നും ലഘുലേഖയിലൂടെ ജനങ്ങളെ അറിയിച്ചു. ബുദ്ധിമുട്ടുള്ളതും നീണ്ടുനില്‍ക്കുന്നതുമായ പോരാട്ടത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടാനാകൂ എന്നും എഫ്എല്‍എന്‍ ജനങ്ങളോട് പറഞ്ഞു.

1954 ഒക്ടോബര്‍ 31 ന് രാത്രിയില്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സായുധ വിഭാഗമായ നാഷണല്‍ ലിബറേഷന്‍ ആര്‍മി വഴി ഫ്രാന്‍സിനെതിരെ ഗറില്ലാ യുദ്ധം ആരംഭിക്കുകയും ഒരു പരമാധികാര അള്‍ജീരിയന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ യുഎന്നില്‍ നിന്നും നയതന്ത്ര അംഗീകാരം തേടുകയും ചെയ്തു. അള്‍ജീരിയന്‍ ജനത നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ എഫ്എല്‍എന്‍ ആര്‍മി നഗര പ്രദേശങ്ങളില്‍ ഫ്രഞ്ച് സൈനികരെ നേരിട്ടു.

കൂടുതല്‍ സൈന്യത്തെ ഇറക്കി അള്‍ജീരിയന്‍ ജനതയെ നേരിടാന്‍ ഫ്രാന്‍സ് ശ്രമങ്ങള്‍ തുടരുകയും യുദ്ധം നീണ്ടുപോവുകയും ചെയ്തതോടെ ഫ്രാന്‍സില്‍ തന്നെ യുദ്ധ വിരുദ്ധ വികാരങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള ഫ്രാന്‍സിന്റെ പല പ്രധാന സഖ്യകക്ഷികളും ഐക്യരാഷ്ട്രസഭയില്‍ ഫ്രാന്‍സിനെ പിന്തുണയ്ക്കുന്നതില്‍ നിന്നും വിട്ടുനിന്നു. ഐക്യരാഷ്ട്രസഭ അള്‍ജീരിയയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഫ്രാന്‍സും എഫ്എല്‍എന്‍ നേതാക്കളുടെ തമ്മില്‍ സ്വാതന്ത്ര്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിനിടെയാണ് 1961 ലെ കൂട്ടക്കൊല അരങ്ങേറുന്നത്. ഇതോടെ ഫ്രാന്‍സ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് 1962 മാര്‍ച്ചില്‍ ഏവിയന്‍ ഉടമ്പടികളില്‍ ഒപ്പുവെച്ചതോടെ യുദ്ധം അവസാനിപ്പിച്ചു. 1962 ജൂലൈയില്‍ ഫ്രാന്‍സ് അള്‍ജീരിയ വിട്ടു.

27,000 ഫ്രഞ്ച് സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ചില കണക്കുകള്‍ പറയുന്നത്. അള്‍ജീരിയക്കാര്‍ക്കിടയില്‍ ആകെ 300,000 നും 500,000 നും ഇടയില്‍ ആളുകള്‍ മരണപ്പെട്ടതായി ഫ്രഞ്ച് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു, അതേസമയം അള്‍ജീരിയന്‍ ഉറവിടങ്ങള്‍ 1,500,000 ആണെന്ന് അവകാശപ്പെടുന്നു.

ഫ്രഞ്ചുകാര്‍ 8,000 ഗ്രാമങ്ങള്‍ നശിപ്പിക്കുകയും രണ്ട് ദശലക്ഷത്തിലധികം അള്‍ജീരിയക്കാരെ തടങ്കല്‍പ്പാളയങ്ങളിലേക്ക് മാറ്റുകയും ചെയ്തു. വനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. യുദ്ധാനന്തരം ഏകദേശം 2,000,000 ആളുകളെ പുതിയ താമസ സ്ഥലങ്ങളിലേക്ക് മാറ്റിപ്പര്‍പ്പിക്കേണ്ടി വന്നു.

FAQs

പാരീസ് ഒളിമ്പിക്സ്?

2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്) എന്നറിയപ്പെടുന്നത്.

ആരാണ് ഇമ്മാനുവല്‍ മാക്രോണ്‍?

2017 മുതൽ ഫ്രാൻസിന്റെ പ്രസിഡന്റായും അൻഡോറ എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനാണ് ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ

എന്താണ് അള്‍ജീരിയന്‍ യുദ്ധം?

1954 മുതൽ 1962 വരെ ഫ്രാൻസും അൾജീരിയൻ നാഷണൽ ലിബറേഷൻ ഫ്രണ്ടും (FLN) തമ്മിലുള്ള ഒരു വലിയ സായുധ പോരാട്ടമായിരുന്നു ഇത്. അള്‍ജീരിയയ്ക്ക് ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിലേക്ക് ഈ യുദ്ധം നയിച്ചു.

Quotes

“പരസ്പരം മക്കളെ കൊന്നുകൊണ്ട് എങ്ങനെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങൾ പഠിക്കില്ല- ജിമ്മി കാർട്ടർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.