Sun. Nov 17th, 2024

1999 ലെ നിയമം അനുസരിച്ച് 1986 നു ശേഷം ആദിവാസിയല്ലാത്ത ആര്‍ക്കും ആദിവാസി ഭൂമി നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ട്

 

ന്യാധീനപ്പെട്ട കുടുംബ ഭൂമി ഒരു മാസത്തിനകം ലഭിച്ചില്ലെങ്കില്‍ ആഗസ്റ്റ് 19 ന് കൃഷി ആരംഭിക്കുന്നുമെന്നാണ് ഗായിക നഞ്ചിയമ്മ പറഞ്ഞിരിക്കുന്നത്. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെത്തി തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയശേഷമാണ് നഞ്ചിയമ്മ ഇക്കാര്യം പറഞ്ഞത്.

വ്യാജ ആധാരം ഉണ്ടാക്കി ഭൂമി തട്ടിയെടുത്തവരുടെ നികുതി രസീത് റദ്ദ് ചെയ്യണമെന്ന് നഞ്ചിയമ്മ തഹസില്‍ദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിഎല്‍എ (ആദിവാസി ഭൂമി അന്യധീനപ്പെടല്‍ തടയല്‍ നിയമം) കേസില്‍ ഹൈക്കോടതിയില്‍ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടി അസാധ്യമാണെന്നാണ് തഹസില്‍ദാര്‍ പറഞ്ഞത്.

എന്നാല്‍ സ്റ്റേ കാലാവധി കഴിഞ്ഞുവെന്നും അതിനാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു. ഭൂ മാഫിയ തട്ടിയെടുത്ത തന്റെ ഭൂമി തിരിച്ചുപിടിക്കാനായി മൂന്ന് പതിറ്റാണ്ടുകാലത്തോളമായി നഞ്ചിയമ്മ പോരാട്ടം നടത്തുന്നുണ്ട്.

അഗളി വില്ലേജില്‍ സര്‍വേ നമ്പര്‍ 1167/1,6 എന്നിവയില്‍ ഉള്‍പ്പെട്ട 4.81 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ ഭര്‍ത്താവ് നഞ്ചന്റെ പിതാവായ ഗൂളിക്കടവിലെ നാഗനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 1975ലെ കെഎസ്ടി നിയമപ്രകാരം ടിഎല്‍എ കേസ് രജിസ്റ്റര്‍ ചെയ്തു.

നഞ്ചിയമ്മ Screengrab, Copyright: Facebook

അന്നത്തെ ഒറ്റപ്പാലം ആര്‍ഡിഒ പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയില്‍ 4.81 ഏക്കര്‍ ഭൂമി നാഗനില്‍ നിന്നും കന്തസ്വാമി ബോയന്‍ എന്ന ജന്മി തട്ടിയെടുത്തതായി തെളിഞ്ഞു. 1987ലാണ് നഞ്ചിയമ്മ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നിയമ പോരാട്ടം ആരംഭിച്ചത്.

2003-ല്‍ ഭൂമിയുടെ വില്‍പ്പന റദ്ദാക്കി ഭൂമി അവകാശികള്‍ക്ക് തിരിച്ചുകൊടുത്തു. എന്നാല്‍ 2007ല്‍ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നല്‍കി അഗളി വില്ലേജ് അധികൃതര്‍ ഒഴിപ്പിച്ചു. 3.41 ഏക്കര്‍ ഭൂമി കന്തന്‍ ബോയനില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കിയുള്ള 1.40 ഏക്കര്‍ ഭൂമി ഒറ്റപ്പാലം സബ് കോടതിയിലെ കേസിന്മേലുള്ള ഉത്തരവ് പ്രകാരം കെവി മാത്യു എന്നയാള്‍ക്ക് ലഭിച്ചു.

ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാള്‍ ഹാജരാക്കിയത്. കന്തബോയന്റെ മകനെന്നു പറയുന്ന മാരിമുത്തുവില്‍ നിന്നാണ് മാത്യു നഞ്ചിയമ്മയുടെ ഭൂമി വാങ്ങിയത്. മാത്യുവിന് കരാര്‍ എഴുതിക്കൊടുത്ത മാരിമുത്തു സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുത്തില്ല. ഇതിനെതിരെ മാത്യു ഒറ്റപ്പാലം കോടതിയില്‍ പരാതി നല്‍കി.

മാരിമുത്തു കേസിന് ഹാജരാകാത്ത കാരണം പറഞ്ഞ് രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാന്‍ എക്‌സ്പാര്‍ട്ടി വിധിയായി. മാരിമുത്തു ഈ വിധിയും അനുസരിച്ചില്ല. മാത്യു വീണ്ടും കോടതിയെ സമീപിച്ചു. മാരിമുത്തു പിന്നെയും ഹാജരായില്ല. ഒടുവില്‍ ആധാരം എഴുതി ഹാജരാക്കാന്‍ വാദിക്ക് കോടതി ഉത്തരവ് നല്‍കി. സബ് ജഡ്ജി തന്നെ മാത്യുവിന് ആധാരം രജിസ്റ്റര്‍ ചെയ്തുകൊടുത്തു.

റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം വ്യാജരേഖ ഉണ്ടാക്കിയാണ് കെവി മാത്യു ഭൂമി കൈയേറിയെന്ന് വ്യക്തമായി.

കയ്യേറിയ ഭൂമിയില്‍ നിന്നും 50 സന്റെ് ഭൂമിയാണ് നിരപ്പത്ത് ജോസഫ് കുര്യന് വിറ്റത്. കെവി മാത്യു കോടതിയില്‍ ഹാജരാക്കിയ വില്ലേജ് ഓഫീസിലെ നികുതി രസീത് അഗളി വില്ലേജില്‍നിന്ന് നല്‍കിയതല്ലെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ സഹോദരങ്ങളെ ഒരുമിച്ചുകൂട്ടി നഞ്ചിയമ്മ നിയമ പോരാട്ടം തുടരുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഭൂമി നഞ്ചിയമ്മയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നും തിരിച്ചുപിടിച്ച് നല്‍കണമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

എന്നാല്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ഭൂമാഫികള്‍ക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ തങ്ങളെ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് നഞ്ചിയമ്മ ആരോപിക്കുന്നത്. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരം വിധിയായ ഭൂമിയില്‍ ജൂലൈ 17നാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളും കൃഷിയിറക്കാനെത്തിയത്. ഇത് റവന്യൂ അധികൃതര്‍ തടയുകയും ചര്‍ച്ചയിലെയ്ക്ക് പോവുകയുമായിരുന്നു. തുടര്‍ന്നാണ് ആഗസ്റ്റ് 19 ന് കൃഷി ആരംഭിക്കുമെന്ന് നഞ്ചിയമ്മ പ്രഖ്യാപിച്ചത്.

നഞ്ചിയമ്മ Screengrab, Copyright: Facebook

വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ ആദിവാസി ഭൂമിയില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും. ആദിവാസികളുടെ വിദ്യാഭ്യാസമില്ലായ്മയെ ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയും അതിക്രമിച്ചുമൊക്കെയാണ് കുടിയേറ്റക്കാരും കയ്യേറ്റക്കാരും റിയല്‍എസ്റ്റേറ്റുകാരും റിസോര്‍ട്ടുകാരും കാറ്റാടി കമ്പനികളുമൊക്കെ വ്യാജപ്പട്ടയങ്ങളുണ്ടാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമി തട്ടിയെടുക്കുന്നത്.

1940 കള്‍ വരെ അട്ടപ്പാടി ആദിവാസികളുടെ മാത്രം സ്വതന്ത്ര ഭൂമിയായിരുന്നു. 1947 ലെ സര്‍വേയില്‍ 10,000 ആദിവാസികളും 200 താഴെ മറ്റ് ജന വിഭാഗവുമാണ് അട്ടപ്പാടിയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന അട്ടപ്പാടിക്കുമേല്‍ ജന്മിമാര്‍ അധിനിവേശം നടത്തിയിയിരുന്നു. ഈ ജന്മിമാരാണ് ആദിവാസി ഭൂമി ആദ്യം പാട്ടത്തിന് നല്‍കിയത്.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964 ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കണക്കാക്കിയ സമയത്ത് ആദിവാസികള്‍ക്ക് ഭൂമി വന്‍തോതില്‍ നഷ്ടമായി. സര്‍വേക്കുശേഷം ആദിവാസി ഭൂമിയുടെ കൈവശരേഖ നല്‍കാത്തതിനാല്‍ അവര്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കാനായില്ല. 1966-70 കാലത്തുമാത്രം 546 കുടുംബങ്ങളുടെ 9859 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടതായി 1977-ല്‍ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 1966 മുതല്‍ 70 വരെ നടന്ന ഭൂമി കൈയേറ്റമാണ് സര്‍വേയില്‍ അന്വേഷിച്ചത്.

1975 ല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിന് നിയമസഭ നിയമം പാസാക്കിയെങ്കിലും നടപ്പാക്കിയില്ല. ഈ നിയമം പറയുന്നത് 1960 ന് ശേഷം അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്നാണ്. നിയമം പാസാക്കിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി 1999 ല്‍ നിയമം ഭേദഗതി ചെയ്തു.

രണ്ടര ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവസികള്‍ക്ക് കൈയേറ്റക്കാരില്‍നിന്ന് ഇതേ ഭൂമിതന്നെ തിരിച്ചു പിടിച്ചു നല്‍കുമെന്നും രണ്ടര ഹെക്ടറില്‍ കുറവ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കണമെന്നും നിയമം നിര്‍ദേശിച്ചു. എന്നാല്‍ അന്യാധീനപ്പെട്ട ഒരിഞ്ചു ഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മാത്രമല്ല, ഭൂമി അന്യാധീനപ്പെട്ട ചില ആദിവാസി കുടുംബങ്ങള്‍ സുപ്രിംകോടതിയില്‍ നിന്നും അനുകൂലവിധിയും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഇതിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

1999 ലെ നിയമം അനുസരിച്ച് 1986 നു ശേഷം ആദിവാസിയല്ലാത്ത ആര്‍ക്കും ആദിവാസി ഭൂമി നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ട്.

ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തവര്‍ക്കെതിരെ 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് എടുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനം ഭൂമാഫിയ സംഘത്തെ വ്യാപകമായി സഹായിക്കുകയാണ്.

നായനാര്‍ മുഖ്യമന്ത്രിയും കെഇ ഇസ്മയില്‍ റവന്യൂമന്ത്രിയുമായിരിക്കെ 1999 ല്‍ അട്ടപ്പാടിയില്‍ പട്ടയ മേള നടന്നു. ഭൂരഹിതരായ ഒരു ആദിവാസി പോലും ഇനി കേരളത്തിലുണ്ടാവില്ല എന്ന് കൊട്ടിഘോഷിച്ചാണ് അന്ന് പട്ടയമേള നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളം ഭരിച്ച ഇരുമുന്നണികളും അവരുടെ ഉദ്യോഗസ്ഥരും ഭൂ മാഫിയയ്ക്ക് സഹായകമായി നിന്നു എന്നതാണ് വാസ്തവം.

ശിശുമരണങ്ങള്‍ തുടര്‍ച്ചയായ അട്ടപ്പാടിയില്‍ സാമൂഹ്യ അടുക്കളകള്‍ സ്ഥാപിക്കുന്ന പ്രഹസനമാണ് ഭരണകൂടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ശിശു മരണങ്ങളുടെയും പട്ടിണി മരണങ്ങളുടെയും യഥാര്‍ത്ഥ കാരണമായ ഭൂ രാഹിത്യത്തെ അടുക്കളകള്‍ സ്ഥാപിച്ച് പ്രതിരോധിച്ചാല്‍ മതി എന്നാണ് ഭരണകൂടങ്ങളുടെ നിലപാട്.

ഷോളയൂര്‍ പഞ്ചായത്തിലെ വച്ചപ്പതി നിവാസികള്‍ തമിഴ് കയ്യേറ്റക്കാര്‍ക്കെതിരെ കാലങ്ങളായി സമരത്തിലാണ്. മൂന്നു തലമുറകളായി കൃഷി ചെയ്യുന്ന ഭൂമിയില്‍ തമിഴ്നാട് സ്വദേശി അവകാശമുന്നയിച്ച് വരികയായിരുന്നു. ഭൂമിയുടെ അവകാശം തെളിയിക്കുന്ന വ്യാജരേഖകളുമായി 375 ഏക്കര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. തലമുറകളായി തങ്ങള്‍ കൈവശം വെക്കുന്ന ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറെല്ലെന്ന് പറഞ്ഞാണ് പോരാട്ടം തുടരുന്നത്.

സുസ്ലോണ്‍ കമ്പനിക്കുവേണ്ടി കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ രണ്ടു സര്‍വേ നമ്പറുകളില്‍ ഭൂമി കൈയേറിയത് വ്യജരേഖ തയ്യാറാക്കിയാണ്. ഇതില്‍ വനം, റവന്യു, രജിസ് ട്രേഷന്‍ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

ഭീമ ജ്വല്ലറിയും പോപ്പിക്കുട അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ വ്യാജരേഖയുണ്ടാക്കി കൈയേറിയ ഭൂമിയുണ്ട്. അഹാഡ്സിലെ ഉദ്യോഗസ്ഥര്‍ പോലും വ്യജരേഖനിര്‍മിച്ച ഭൂമി കച്ചവടം നടത്തുന്നതില്‍ പങ്കാളികള്‍ ആണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കാറ്റാടി കമ്പനികള്‍ കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാന്‍ വന്‍തോതില്‍ ഭൂമി കയ്യേറിയെന്ന വാര്‍ത്ത വിവാദമായിരുന്നു. 2008ലാണ് ആദിവാസി ഭൂമി കൈയ്യേറി കാറ്റാടികള്‍ സ്ഥാപിച്ചത്. 31 കാറ്റാടികളാണ് അട്ടപ്പാടിയിലുള്ളത്. കോട്ടത്തറ വില്ലേജിലെ 1275-ാം സര്‍വേ നമ്പറിലെ 224 ഏക്കര്‍ ഭൂമിയാണ് കാറ്റാടി കമ്പനികള്‍ തട്ടിയെടുത്തത്. 170 ആദിവാസി ഭൂമിയും 50 ഏക്കറോളം വനഭൂമിയുമാണ് തട്ടിയെടുത്തത്.

അട്ടപ്പാടി Screengrab, Copyright: The News Minute

ചീഫ് സെക്രട്ടറി ആയിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം വിദ്യാധിരാജ വിദ്യാസമാജം എന്ന ട്രസ്റ്റ് 1982-83 ല്‍ 55 ഏക്കര്‍ ഭൂമിയാണ് അട്ടപ്പാടിയില്‍ കൈവശപ്പെടുത്തിയത്. ഇതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ വട്‌ളക്കി ഊരിലെ ഊര് മൂപ്പന്‍ ചൊറിയ മൂപ്പനും മകന്‍ മുരുകനും കേസ് കൊടുത്തു. എന്നാല്‍ ഇവരെ പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുന്ന സമീപനമാണ് ഉണ്ടായത്.

ടി മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 7693 ഹെക്ടര്‍ വനഭൂമി കേന്ദ്രം വിട്ടു നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭൂമി. ഇതില്‍ പാലക്കാട് ജില്ലയില്‍ മാത്രം 4361 ഹെക്ടര്‍ ഭൂമി വിതരണം ചെയ്യാനുണ്ട്. സര്‍ക്കാര്‍ ഇതില്‍നിന്ന് ഒരിഞ്ചു ഭൂമി വിതരണം ചെയ്തിട്ടില്ല. വനാവകാശനിയമം 2006 അനുസരിച്ചുള്ള ഭൂമി വിതരണവും അട്ടപ്പാടിയില്‍ നടന്നിട്ടില്ല.

ആദിവാസി ജീവിത വികസനത്തിന്റെ അടിസ്ഥാനം ഭൂമിയാണ്. കാര്‍ഷികവൃത്തി നടത്തിയും വനവിഭവങ്ങള്‍ ശേഖരിച്ചുമൊക്കെയാണ് ആദിവാസിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആകെയുള്ള മൂലധനമായ ഭൂമിയെ ആശ്രയിച്ചാണ് വിദ്യാഭ്യാസ അടക്കമുള്ള വികാസങ്ങള്‍ ആദിവാസി സമൂഹം എത്തിപ്പിടിക്കുന്നത്. ഈ ഭൂമിയും കൂടി തട്ടിപ്പറിച്ചാല്‍ എങ്ങനെയാണ് ആദിവാസികളുടെ വികസനം സാധ്യമാവുക.

അട്ടപ്പാടിയില്‍ സംഘടിതമായാണ് ആദിവാസി ഭൂമിയുടെ കയ്യേറ്റം നടക്കുന്നത്. തമിഴ് വംശജര്‍, ക്രിസ്ത്യന്‍ സഭ, എന്‍ജിഒകള്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ തുടങ്ങി സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സകലമാനവരും ആദിവാസിയുടെ ഭൂമി കയ്യേറിയിട്ടുണ്ട്.

ഏജന്റുമാര്‍ വഴിയാണ് അട്ടപ്പാടിയില്‍ ഭൂമി കച്ചവടം നടക്കുന്നത്. ഏജന്റ് വഴി ആധാരം തയ്യാറാക്കി ഈ ഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കും. രണ്ടാമത് ഭൂമി വാങ്ങുന്നയാള്‍ വീണ്ടും മറിച്ചു വില്‍ക്കും. മൂന്നാമത് വാങ്ങിയ ആള്‍ തന്റെ ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല എന്ന് കാണിച്ച് കോടതിയില്‍ കേസ് കൊടുക്കും.

ഇയാളുടെ കൈവശം നികുതിയയടച്ച വിവരങ്ങളും ഉണ്ടാവും. ഇത് കണക്കിലെടുത്ത് കോടതി ഇയാള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസിന് നോട്ടീസ് നല്‍കും. പൊലീസ് സഹിതം ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ ആയിരിക്കും തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ട വിവരം ആ ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥരായ ആദിവാസികള്‍ അറിയുക.

അഴിമതിക്കരാനായ വില്ലേജ് ഓഫീസര്‍ ആണെങ്കില്‍ അയാളുടെ റിപ്പോര്‍ട്ടിന്മേല്‍ കയ്യേറ്റക്കാരന് ഭൂമി സ്വന്തമാകും. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് അട്ടപ്പാടിയില്‍ അവസാന വാക്ക്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കേസ് കൊടുത്ത് അത് കോടതിയില്‍ എത്തുമ്പോള്‍ കയ്യേറ്റക്കാര്‍ സ്റ്റേ വാങ്ങും.

അട്ടപ്പാടിയിലെ ഭൂമാഫിയ സംഘങ്ങള്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു മാര്‍ഗമാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുക എന്നത്. ആദിവാസിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ മനപ്പൂര്‍വം നിയമനടപടി വൈകിപ്പിക്കും. അതോടെ ആദിവാസി കേസില്‍നിന്ന് പിന്‍വാങ്ങും. ഒടുവില്‍ കയ്യേറ്റക്കാര്‍ക്ക് ഭൂമി കിട്ടുകയും ചെയ്യും.

FAQs

ആരാണ് നഞ്ചിയമ്മ?

ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി ശ്രദ്ധേയയായി. 2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു]. 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.

എന്താണ് അട്ടപ്പാടി?

പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകൾക്ക് താഴെയായി സ്ഥിതി ചെയ്യുന്ന വിശാലമായ പർവത താഴ്‌വരയാണ് അട്ടപ്പാടി. കേരള സംസ്ഥാനത്തെ ഒരു ആദിവാസി താലൂക്ക് കൂടിയാണ് അട്ടപ്പാടി.

എന്താണ് ഭൂമി കയ്യേറ്റം?

നിയമപരമായ അവകാശങ്ങളോ അനുമതികളോ ഇല്ലാതെ ആരുടെയെങ്കിലും ഭൂമിയോ വസ്തുവോ അനധികൃതമായി കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ആണ് ഭൂമി കയ്യേറ്റം.

Quotes

“സഹിഷ്ണുത നഷ്ടപ്പെടുന്നത് യുദ്ധം നഷ്ടപ്പെടുന്നതിന് തുല്യമാണ്-മഹാത്മാഗാന്ധി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.