2019 ൽ ഇതേ തുരങ്കത്തിൽ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. അന്ന് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇക്കാര്യങ്ങള്‍ വകവെക്കാതെ തുടങ്ങിയ നിർമാണം വീണ്ടുമൊരു ദുരന്തത്തിൽ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഒടുവിൽ മരണത്തെ അതിജീവിച്ച് 41 തൊഴിലാളികളും സിൽകാര്യ ടണലിൽനിന്നും മോചിതരായി. ചൊവ്വാഴ്‌ച 7.05-ഓടെ ആരംഭിച്ച അവസാനഘട്ട രക്ഷാദൗത്യം ഒന്നരമണിക്കൂറോളം നീണ്ട ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കാനായത്. മാനസിക സംഘർഷങ്ങളോടെയും ശാരീരിക ബുദ്ധിമുട്ടുകളോടെയും പുറംലോകം കാണാതെ 17 ദിനങ്ങളാണ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കഴിഞ്ഞത്.
യന്ത്രങ്ങളുടെ സഹായമില്ലാതെ റാറ്റ് ഹോൾ ഖനന വിദ്ഗധസംഘം നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങിയത് രക്ഷാദൗത്യത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാനത്തെ പാറ നീക്കി രക്ഷാദൗത്യ സംഘം അടുത്തെത്തിയപ്പോൾ തൊഴിലാളികൾക്ക് പുനർജന്മമായിരുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചു പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്.

മലമുകളിൽ നിന്ന് താഴേക്ക് തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും അതിന് സമയം കൂടുതൽ വേണമെന്നുള്ളതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായപ്പോഴാണ് തൊഴിലാളികൾ തന്നെ നേരിട്ട് രക്ഷാപ്രവർത്തത്തനത്തിന് ഇറങ്ങിയത്.
പുറത്തെത്തിച്ച തൊഴിലാളികൾ എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടർന്ന് സജ്ജമാക്കിയ ആംബുലന്‍സില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രകൃതിയുടെമേലുള്ള മനുഷ്യഇടപെടല്‍ മനുഷ്യന് തന്നെ തിരിച്ചടിയാകുന്നതിന് ഉദാഹരണമാണ് ഉത്തരാഖണ്ഡിലെ ഉത്തർകാശി തുരങ്ക തകർച്ച. അപകടസാധ്യതയേറിയതും മണ്ണിടിച്ചലിന് സാധ്യതയേറിയതുമായ മലയോര മേഖലയിലാണ് തീര്‍ഥാടകയാത്ര സുഗമമാക്കാന്‍ തുരങ്കപാത നിര്‍മിക്കുന്നത്. കൂടാതെ ഇന്ത്യ – ചൈന അതിർത്തിയിലേക്കുള്ള തന്ത്രപ്രധാന പ്രതിരോധപാത കൂടിയാണിത്.

ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്ക ഭാഗമാണ് നവംബര്‍ 12-ന് തകര്‍ന്നത്. തുരങ്കത്തിന്റെ പ്രവേശനഭാഗത്ത് നിന്ന് 200 മീറ്റര്‍ അകലെയുള്ള തുരങ്കത്തിന്‍റെ ഭാഗമാണ് തകര്‍ന്നുവീണത്.
തൊഴിലാളികള്‍ ഉണ്ടായിരുന്ന ഭാഗം തകര്‍ന്നില്ലെങ്കിലും ഇരുവശവും പാറയും മണ്ണും അടിഞ്ഞുകൂടിയിരുന്നു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കൊണ്ടിരിക്കുന്നതും അവ നീക്കം ചെയ്യാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കിക്കൊണ്ടിരുന്നു. ഉരുക്കുകുഴല്‍ തള്ളികയറ്റി തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മണ്ണിടിച്ചലില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിച്ചിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നീ ഏജൻസികൾ ആദ്യദിനം മുതല്‍ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിനും അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് മെഷീനും മറ്റു പല പോംവഴികളും നോക്കിയെങ്കിലും എല്ലാം പരാജയത്തില്‍ അവസാനിച്ചു. നാലിഞ്ച് വ്യാസം മാത്രമുള്ള ട്യൂബിലൂടെ ഓക്സിജനും വെള്ളവും ഭക്ഷണവും മരുന്നും എത്തിച്ച് അവരുടെ ജീവന്‍ നിലനിര്‍ത്തി കൊണ്ടേയിരുന്നു.
തുരങ്കത്തിനകത്തേക്ക് സ്ഥാപിച്ച കുഴലിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തിയും മറ്റൊരു കംപ്രസര്‍ ട്യൂബ് കടത്തിയും നിരന്തരം തൊഴിലാളികളുമായി ആശയവിനിമയം നടത്തികൊണ്ടിരുന്നു. പത്ത് ദിവസം നീണ്ടുനിന്ന ശ്രമത്തിന്‍റെ ഫലമായാണ് തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തെത്തിയത്.

അന്താരാഷ്ട്ര തുരങ്ക നിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ രക്ഷാപ്രവര്‍ത്തനവും അവിടെ തുടര്‍ന്നുകൊണ്ടിരുന്നു. ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തന സംഘങ്ങളിലൊന്ന് 2018ല്‍ തായ്ലന്‍ഡിലെ ലുവാങ് ഗുഹയില്‍ കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്തിയ വിദഗ്ധസംഘമാണ്. അന്ന് താം ലുവാങ് ഗുഹയില്‍ അണ്ടര്‍ 16 ഫുട്ബോൾ ടീമിലെ 12 കുട്ടികളും പരിശീലകനുമാണ് അകപെട്ടത്. 18 ദിവസമെടുത്താണ് രക്ഷാപ്രവര്‍ത്തനത്തിന് ഫലം കണ്ടത്. ഗുഹയില്‍ അകപെട്ട 13 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു.
ഡ്രില്ലിങ് മെഷീനുകളുടെ ഇടക്കിടെയുള്ള സാങ്കേതിക തകരാറുകളും ദുര്‍ഘടപാതയിലൂടെ കരുത്തുറ്റ ഡ്രില്ലിങ് മെഷീനുകള്‍ സില്‍ക്യാര തുരങ്കഭാഗത്ത് എത്തിക്കുകയെന്നതും വെല്ലുവിളിയായിരുന്നു. ഇങ്ങനെ എത്തിച്ചിരുന്ന അമേരിക്കന്‍ യന്ത്രങ്ങള്‍ അടക്കം കഠിനമായ പാറയുടെ മുന്നില്‍ പരാജയപ്പെട്ടപ്പോള്‍, ഒടുവിൽ രക്ഷകരായത് രാജ്യത്ത് നിരോധിക്കപ്പെട്ട റാറ്റ് ഹോൾ ഖനന രീതിയാണ്. ഡൽഹിയിൽ നിന്നും എത്തിച്ച 12 പേരടങ്ങുന്ന വിദ്ഗധസംഘമാണ് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
2016 ഡിസംബര്‍ 27-ന്, 12000 കോടി രൂപ ചെലവ് വരുന്ന ചാര്‍ധാം പരിയോജന പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. ഈ പദ്ധതിയുടെ പശ്ചാത്തലത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികൾ കണക്കിലെടുത്ത് പരിസ്ഥിതി വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പദ്ധതി പാരിസ്ഥിതിക ഘടനയെ അട്ടിമറിക്കുമെന്നും പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നുമുള്ള ആശങ്കകളും വിദഗ്ധര്‍ ഉയർത്തിയിരുന്നു. എന്നാല്‍ ഗതാഗത മന്ത്രാലയത്തിന്‍റെ 2018-ലെ സര്‍ക്കുലര്‍ ലംഘിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇരട്ടവരി പാതയ്ക്കായി വാദിക്കുകയാണ് ചെയ്തത്.
സർക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പരിസ്ഥിതി വിദഗ്ധനും സുപ്രീംകോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റിയുടെ തലവനുമായ രവി ചോപ്ര കമ്മിറ്റി സ്ഥാനം രാജിവെക്കുന്ന സാഹചര്യംവരെ ഉണ്ടായി. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ആ തീരുമാനം ഇന്ന് വലിയ ദുരന്തത്തിന് കാരണമാവുകയും ചെയ്തു.
ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമായാണ് 4531 മീറ്റര്‍ നീളമുള്ള സില്‍ക്യാര തുരങ്ക കേന്ദ്ര റോഡ് ഗതാഗതം നിര്‍മിക്കുന്നത്. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന അഭിമാന പദ്ധതിയാണിത്. 900 കിലോമീറ്റർ നീളമുള്ള ചാർധാം പ്രൊജക്റ്റ് ഇതുവരെ പൂർത്തിയായത് 601 കിലോമീറ്ററാണ്. ശേഷിക്കുന്ന ഭാഗത്താണ് സിൽക്യാര തുരങ്കമുള്ളത്.
2019 ൽ ഇതേ തുരങ്കത്തിൽ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. അന്ന് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇക്കാര്യങ്ങള്‍ വകവെക്കാതെ തുടങ്ങിയ നിർമാണം വീണ്ടുമൊരു ദുരന്തത്തിൽ എത്തിച്ചേര്‍ന്നിരിക്കുന്നു. ഭൂമിശാസ്ത്രപരമായി ഉത്തരാഖണ്ഡ് പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശമാണ്.

അതിനുദാഹരണമാണ് 2022ല്‍ ഉണ്ടായ ജോഷിമഠ് ദുരന്തം. ഡിസംബറില്‍ 5.4 സെ.മീറ്റർ ഭൂമിയാണ് ഇവിടെ താഴ്ന്നു പോയത്. കെട്ടിടങ്ങളിലും റോഡുകളിലും സഞ്ചാരപാതകളിലുമെല്ലാം വലുതും ചെറുതുമായി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. 2021ല്‍ ഏഴുമാസത്തോളം കൊണ്ട് 8.9 സെ.മീറ്റർ ഭൂമി ഇവിടെ താഴ്ന്നിട്ടുണ്ട്.

1999 ല്‍ ഉണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ചമോളി ഭൂകമ്പം, 2003ൽ ഉത്തർകാശി പട്ടണത്തിലെ വരുണാവത് പർവതത്തിൽ നിന്നുണ്ടായ മണ്ണിടിച്ചൽ, 2021-ലെ മിന്നല്‍പ്രളയം, 2013-ലെ കേദാര്‍നാഥ് പ്രളയം തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങള്‍ ഉത്തരാഖണ്ഡ് നേരിട്ടുണ്ട്. ഈയൊരു യഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഉത്തരാഖണ്ഡില്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും വീണ്ടും വീണ്ടും നടത്തികൊണ്ടിരിക്കുന്നത്.
ഹിമാലയന്‍ മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പരിസ്ഥിതിയുമായി സംബന്ധിച്ച ആശങ്കകൾ പരിഗണിക്കണമെന്ന് പരിസ്ഥിതി വിദഗ്ധന്‍ രവി ചോപ്ര വ്യക്തമാക്കിയിരുന്നു. ഏതൊരു വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചാര്‍ധാം ഓള്‍-വെതര്‍ ഹൈവേയുടെയും റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നിര്‍മാണ രീതികളും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന ആസൂത്രണ കമ്മിഷന്‍റെ മുന്‍ ഉപദേഷ്ടാവ് ഹര്‍ഷപതി യുനിയാലും വ്യക്തമാക്കിയിരുന്നു. തുരങ്കങ്ങളുടെ നിർമാണം മലയോര മേഖലകളിലെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ടാക്കുമെന്നും യുനിയാൽ പറഞ്ഞിരുന്നു.
ഹിമാലയൻ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ഇടപെടലുകളുടെ ഭാഗമായ ആഘാതങ്ങളെക്കുറിച്ചും ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായി നിരവധി ശാസ്ത്രീയ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. മനുഷ്യ ഇടപെടലുകൾക്ക് ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറ ഉണ്ടാകണമെന്ന് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇത്തരം പഠനങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്തിനില്‍ക്കുക വന്‍ദുരന്തത്തില്‍ ആയിരിക്കുമെന്ന് ഉത്തർകാശി സംഭവം തെളിയിച്ചിരിക്കുകയാണ്.
FAQs
എന്താണ് ചാർധാം പരിയോജനയുടെ ലക്ഷ്യം?
ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും യാത്രകൾ സുരക്ഷിതവും വേഗമേറിയതുമാക്കുക എന്നതാണ് ചാര്‍ധാം പരിയോജനയുടെ ലക്ഷ്യം.
ആരാണ് ആർനോൾഡ് ഡിക്സ്?
ഇന്റർനാഷണല്‍ ടണലിംഗ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസിന്റെ പ്രസിഡന്റും ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധനുമാണ് ആർനോൾഡ് ഡിക്സ്. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്.
ജോഷിമഠ് ദുരന്തത്തിന് കാരണം എന്താണ്?
ഹിമാലയന്‍ മേഖല അതീവ ദുർബലമാണ്. അതിനാല്‍ കാലാവസ്ഥ വ്യതിയാനവും മനുഷ്യ ഇടപെടലുകളും ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ ജോഷിമഠ് ദുരന്തത്തിന് കാരണമായി.
എന്താണ് റാറ്റ് ഹോൾ ഖനനം?
വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ അനധികൃത കൽക്കരി ഖനനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം. ഖനിത്തൊഴിലാളികൾ ചെറുസംഘങ്ങളായി 400 അടി വരെ താഴ്ചയുള്ള ഖനികളിൽ ഇറങ്ങി, തിരശ്ചീനമായ ഇടുങ്ങിയ മാളങ്ങളിലൂടെ സഞ്ചരിച്ച് ചെറിയ അളവിൽ കൽക്കരി ശേഖരിക്കുന്ന അത്യന്തം അപകടകരമായ ഖനന പ്രക്രിയയാണിത്.
Quotes
നിങ്ങളുടെ കണ്ണീരിന്‍റെ വില അറിയാത്തവർക്ക് വേണ്ടി ഒരിക്കല്‍പോലും നിങ്ങൾ കരഞ്ഞു പോകരുത് – എ പി ജെ അബ്ദുൾ കലാം