കടുത്ത ആചാരങ്ങളും നിഷ്ഠകളും മുന്നോട്ട് കൊണ്ട് പോകുന്ന സന്താൾ ഗോത്രവിഭാഗത്തെ സംബന്ധിച്ച് പരസ്പരം മാലയിടുന്നത് വിവാഹത്തിനാണ്. കൂടാതെ നെഹ്‌റു സന്താൾ ഗോത്രത്തിൽപ്പെട്ടതല്ല എന്ന കാരണത്താൽ ബുധിനിയെ വ്യഭിചാര കുറ്റത്തിന് ഗോത്രസമൂഹം ഊരുവിലക്കി.
ബുധിനി മെജാൻ ‘ജവഹർലാൽ നെഹ്റുവിന്റെ ഭാര്യ’ എന്ന് വിളിക്കപ്പെട്ട് സ്വന്തം ഗോത്രത്തിൽ നിന്നും ഊരുവിലക്കപ്പെട്ട പെൺകുട്ടി. ഈ നവംബർ പതിനേഴിന് താൻ അനുഭവിച്ച അവഗണനകളും തിരസ്കാരങ്ങളും ബാക്കിയാക്കി 85-ാമത്തെ വയസ്സിൽ ഓർമ്മകളുടെ ലോകത്തേക്ക് യാത്രയായി.
ഇന്ത്യൻ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്ന പാഞ്ചേത് അണക്കെട്ടിനെ കുറിച്ച് പറയുമ്പോൾ മറുവശത്ത് ജീവിതം നഷ്ടമായ സന്താള്‍ ഗോത്രത്തിലെ പെൺകുട്ടിയുടെയും നാടിന്റെയും കഥ കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ട്. അണക്കെട്ടുകൾ മുക്കി കൊല്ലുന്ന ഗ്രാമങ്ങളിൽ നിന്ന് അടിച്ചമർത്തപ്പെടാൻ വിധിക്കപ്പെടുന്നവരുടെ പ്രതിനിധിയാണ് ബുധിനിയും അവരുടെ ജീവിതവും.
ആദിവാസികളിലെ ഒരു ഗോത്ര വിഭാഗമാണ് സന്താള്‍. സന്താളി ഭാഷയും മുണ്ഡ ഭാഷയും പൊതുവേ സംസാരിക്കുന്ന സന്താള്‍ വിഭാഗം കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമാണ്. ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് സന്താള്‍ സമൂഹം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ദാമോദർ നദി ഒരു കാലത്ത് മഹാ പ്രളയങ്ങൾക്ക് ഇടയാക്കിയിരുന്നു. 1823 മുതൽ 1943 വരെയുള്ള കാലഘട്ടങ്ങളിൽ തുടർച്ചയായ 16 ഓളം വെള്ളപ്പൊക്കങ്ങൾക്ക് ദാമോദർ നദിയുമായി ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു. ഇത് ദാമോദർ നദി ‘ബംഗാളിന്റെ ദുഖം’ എന്നറിയപ്പെടുന്നതിന് കാരണമായി.

1943ലെ പ്രളയത്തെ തുടർന്ന് ബംഗാൾ സർക്കാർ ദാമോദർ വെള്ളപ്പൊക്ക അന്വേഷണ സമിതിക്ക് രൂപം നൽകി. യുഎസിലെ ടെന്നസി വാലി അതോറിറ്റിക്ക് (ടിവിഎ) സമാനമായ സ്ഥാപനം രൂപീകരിക്കാനും അണക്കെട്ടുകളും ജലസംഭരണികളും നിർമ്മിക്കാനും സമിതി നിർദേശിച്ചു.
1948 ജൂലൈ 7-ന് പാർലമെന്റിന്റെ നിയമപ്രകാരം ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) സ്ഥാപിക്കുകയും ആദ്യഘട്ടത്തിൽ നാല് മൾട്ടി പർപ്പസ് അണക്കെട്ടുകൾ നിർമിക്കുകയും ചെയ്തു. ആദ്യത്തെ അണക്കെട്ട് 1953ൽ ബരാകർ നദിക്ക് കുറുകെ തിലൈയ അണക്കെട്ടും രണ്ടാമത്തേത് 1955ൽ കോണാർ നദിക്ക് കുറുകെ കോണാർ അണക്കെട്ടും മൂന്നാമത്തേത് 1957ൽ ബരാകർ നദിക്ക് കുറുകെ മൈത്തൺ അണക്കെട്ടും അവസാനത്തേത് ദാമോദർ നദിക്ക് കുറുകെയുള്ള പാഞ്ചേത് അണക്കെട്ടുമാണ്.

1959 ഡിസംബർ 6 നാണ് ജാർഖണ്ഡിലെ പാഞ്ചേത് റിസര്‍വോയര്‍ ഉദ്ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു എത്തിയത്. നെഹ്‌റുവിനെ സ്വീകരിക്കാൻ നിരവധി ആദിവാസി സ്ത്രീകളും പുരുഷന്മാരും എത്തിയിരുന്നു. നെഹ്റുവിനെ പൂമാലയിട്ട് സ്വീകരിക്കാൻ ദാമോദർവാലി കോർപ്പറേഷൻ അധികൃതർ തിരഞ്ഞെടുത്തത് സന്താൾ ഗോത്രത്തിലെ പെൺകുട്ടിയായ ബുധിനി മെജാനെയായിരുന്നു.

പാഞ്ചേത് അണക്കെട്ടിന്റെ നിർമാണത്തിൽ പ്രവർത്തിക്കാൻ നിരവധി ആദിവാസി സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം ലഭിച്ചിരുന്നു. ഈ നിർമാണതൊഴിലാളികളിലെ ഒരാളായിരുന്നു പതിനഞ്ചുകാരിയായ ബുധിനി മെജാൻ.
നെഹ്റുവിനെ പൂമാലയിട്ട് ബുധിനി സ്വീകരിച്ചു. നെഹ്‌റു ആ പൂമാല സ്നേഹത്തോടെ തിരികെ ബുധിനിക്ക് ഇട്ടുനൽകുകയും ചെയ്തു. സന്താൾ ഗോത്ര ജനതയുടെ പ്രതീകമായാണ് ബുധിനിയെ നെഹ്റു കണ്ടത്. അതിനാൽ തന്നെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ബുധിനിയെയും ചേർത്തുകൊണ്ടായിരുന്നു. ‘വികസ്വര ഇന്ത്യയുടെ ക്ഷേത്രം’ എന്നായിരുന്നു അണക്കെട്ടിനെ നെഹ്റു വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിക്ക് ഒപ്പം നിന്നുകൊണ്ട് ബുധിനി അണക്കെട്ട് ജനങ്ങൾക്ക് സമർപ്പിച്ച വാർത്തയും ചിത്രങ്ങളുമെല്ലാം മാധ്യമങ്ങളിൽ ഇടം നേടി. എന്നാൽ ആ സുവർണാവസരത്തിന്റെ ആഹ്‌ളാദം ദീർഘനേരം നീണ്ടുനിന്നില്ല.
എല്ലാവർക്കും ഇടയിൽ സ്ഥാനം നേടി പ്രശംസകളിൽ നിന്ന ആ പതിനഞ്ചുകാരി പെട്ടന്ന് അനാഥയാവുകയായിരുന്നു. കടുത്ത ആചാരങ്ങളും നിഷ്ഠകളും മുന്നോട്ട് കൊണ്ട് പോകുന്ന സന്താൾ ഗോത്രവിഭാഗത്തെ സംബന്ധിച്ച് പരസ്പരം മാലയിടുന്നത് വിവാഹത്തിനാണ്. കൂടാതെ നെഹ്‌റു സന്താൾ ഗോത്രത്തിൽപ്പെട്ടതല്ല എന്ന കാരണത്താൽ ബുധിനിയെ വ്യഭിചാര കുറ്റത്തിന് ഗോത്രസമൂഹം ഊരുവിലക്കി.
സമുദായം ബുധിനിയെ ‘നെഹ്‌റുവിന്റെ ഭാര്യ’ എന്ന് വിധിച്ചു. ഗോത്ര നിയമങ്ങളാൽ ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു ഈ പെൺകുട്ടി. 1962 ൽ ദാമോദർവാലി കോർപറേഷനിലെ ജോലിയിൽ നിന്നും ബുധിനി പുറത്താക്കപ്പെട്ടു.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് സുധീർ ദത്ത എന്ന ബംഗാൾ യുവാവ് കടന്നു വന്നു. അവർക്ക് ഒരു മകളും മകനും പിറന്നു. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് അസന്‍സോളില്‍ നിന്നുള്ള അന്നത്തെ കോണ്‍ഗ്രസ് എംപി ആനന്ദഗോപാല്‍ മുഖോപാധ്യായയുടെ ശ്രമഫലമായി ബുധിനിക്ക് ജോലി തിരികെ ലഭിച്ചു.

ബുധിനിയുടെ ജീവിതം മലയാളത്തിലെ സ്ത്രീ പക്ഷ എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന സാറാ ജോസഫ് പുസ്തകമാക്കി. ‘ബുധിനി’ എന്ന ശീർഷകത്തോട് കൂടി 2019 ൽ ഇറങ്ങിയ പുസ്തകത്തിലൂടെ ആ ഗോത്രസമൂഹത്തെയും ചുറ്റുപാടിനെയും ആഴത്തിൽ അറിയാൻ സാധിക്കും.
പാതി വഴിയിലെവിടെയോ ജനങ്ങൾ മറന്ന ബുധിനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വാർത്തയാണ് സാറാ ജോസഫ് തന്റെ പുസ്തകത്തിലൂടെ പുറത്തുകൊണ്ട് വന്നത്. പണ്ട് സ്വന്തം നാട്ടിൽനിന്നും അപ്രത്യക്ഷയായ ആ ഗോത്ര പെൺകുട്ടിയെ നേരിട്ട് കണ്ടപ്പോൾ, നമ്മുടെ രാജ്യം നിങ്ങളോട് തെറ്റ് ചെയ്തു അല്ലേ? എന്ന സാറാ ജോസഫിന്റെ ചോദ്യത്തിന് “രാജ്യമോ? ഏതാണ് എൻ്റെ രാജ്യം?” എന്നാണ് ബുധിനി നൽകിയ മറുപടി. ഇത് അവർക്ക് ഈ സമൂഹം എന്ത് നൽകിയെന്നതിനുള്ള മറുപടി കൂടിയാണ്.
FAQs
എന്തുകൊണ്ടാണ് ദാമോദർ നദിയെ ‘ബംഗാളിന്റെ ദുഖ’മെന്ന് പറയുന്നത്?
ഇന്ത്യയിലെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ദാമോദർ നദി ഒഴുകുന്നത്. ഏകദേശം 592 കിലോമീറ്റർ ആണ് നദിയുടെ നീളം. വർഷംതോറും വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും വൻ നാശനഷ്ടങ്ങൾ കാരണമാകുന്നു. അതിനാൽ ‘ബംഗാളിന്റെ ദുഃഖം’ എന്ന് ദാമോദർ നദി അറിയപ്പെട്ടിരുന്നു.
എന്താണ് പാഞ്ചേത് ഡാം?
ഇന്ത്യയിലെ സംസ്ഥാനമായ ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പാഞ്ചേറ്റിൽ ദാമോദർ നദിക്ക് കുറുകെ 1959 ൽ നിർമ്മിച്ച ഡാം. എല്ലായ്പ്പോഴും പ്രകൃതി ഭംഗിയിലും ജനപ്രീതിയിലും മുൻനിരയിലാണ് പാഞ്ചേത് ഡാം. 0.02 ക്യുബിക് കിലോമീറ്റർ സംഭരണശേഷിയുള്ള ഈ അണക്കെട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഒരു പവർ പ്ലാന്റ് മൊത്തം 50 മെഗാവാട്ട്. അടുത്തുള്ള പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും ജലസ്രോതസ്സായി ഈ അണക്കെട്ട് പ്രവർത്തിക്കുന്നു. ഹരിതവനങ്ങളാൽ ചുറ്റപ്പെട്ട അണക്കെട്ട് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
എന്താണ് ദാമോദർ വാലി കോർപ്പറേഷന്റെ ലക്ഷ്യം?
വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, വൈദ്യുതി ഉൽപ്പാദനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. അതിനായി നാല് മൾട്ടി പർപ്പസ് അണക്കെട്ടുകൾ ദാമോദർ വാലി കോർപ്പറേഷൻ നിർമിച്ചു.
Quotes
മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുള്ളതാണ് – ജവഹർലാൽ നെഹ്റു