അവൾ രാത്രി ഉറങ്ങാറില്ല, എഴുന്നേറ്റ് നടക്കും. ദേഷ്യം വന്നാൽ എന്നെ ഉപദ്രവിക്കും. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പലപ്പോഴും എൻ്റെ വിഷമങ്ങൾ സ്വയം സഹിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ഇതൊന്ന് പറഞ്ഞ് ആശ്വസിക്കാൻ പോലും ആരുമില്ല
ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനത്തോടെ സാമൂഹിക ജീവിതം നഷ്ടപ്പെടുകയും തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന നിരവധി അമ്മമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്രയും നാൾ ജീവിച്ചുപോന്ന സാമൂഹിക സാഹചര്യത്തിൽ നിന്നും ജീവിതശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു ജീവിതമാണ് പിന്നീട് മാതാപിതാക്കൾ നയിക്കേണ്ടി വരുന്നത്. ഇത്തരമൊരു അവസ്ഥയിൽ പ്രത്യേകിച്ചും ബലിയാടുകളാകുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരാണ്.
ശ്രദ്ധയും പിന്തുണയും സഹതാപവുമടക്കം കുട്ടികളിൽ മാത്രമാകുന്നു. ഒരു ജീവിതം മുഴുവൻ ഇവരുടെ പരിചാരകരാകേണ്ടി വരുന്ന അമ്മമാരെക്കുറിച്ചോ അവരുടെ ആശങ്കകളെക്കുറിച്ചോ എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരായ ഇത്തരം കുട്ടികളെ പരിപാലിക്കുന്ന അമ്മമാരെ ത്യാഗികള്‍ എന്ന വിശേഷണം നല്‍കി മാറ്റിനിര്‍ത്തുകയാണ് പലപ്പോഴും സമൂഹം ചെയ്യുന്നത്.
എന്നാല്‍ പൊതുവിടങ്ങള്‍ നഷ്ടപ്പെട്ട് കുട്ടികളില്‍ മാത്രം ലോകം ചുരുങ്ങി പോകുന്ന അമ്മമാർക്കും ചിലത് പറയാനുണ്ട്, അവർ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച്. തങ്ങള്‍ക്ക് വേണ്ടത് അമിത ഉത്തരാദിത്വം അടിച്ചേല്‍പ്പിക്കുന്ന മഹത്വവല്‍ക്കരണമല്ലെന്നും മറിച്ച് പിന്തുണയാണെന്നും അമ്മമാര്‍ പറയുന്നു.
കുട്ടികളോടൊപ്പം അധികനേരം എവിടെയും ചിലവഴിക്കാൻ കഴിയില്ല. പൊതുവിടങ്ങളിൽ പല കുട്ടികളും ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നു. ചിലർ അക്രമാസക്തരാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുള്ളതായി അമ്മമാർ പറയുന്നു. അതുകൊണ്ടുതന്നെ ആഘോഷപരിപാടികൾക്കും മറ്റും പോകാതെ വിട്ടുനിൽക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. അത്യാവശ്യഘട്ടങ്ങളിൽ പോലും കുട്ടികളെ എവിടെയും ഏൽപ്പിച്ച് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുമുണ്ട്.
“അവൾ രാത്രി ഉറങ്ങാറില്ല, എഴുന്നേറ്റ് നടക്കും. ദേഷ്യം വന്നാൽ എന്നെ ഉപദ്രവിക്കും. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പലപ്പോഴും എൻ്റെ വിഷമങ്ങൾ സ്വയം സഹിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ഇതൊന്ന് പറഞ്ഞ് ആശ്വസിക്കാൻ പോലും ആരുമില്ല”. എറണാകുളം, നായരംമ്പലം കരുണ സ്പെഷ്യൽ സ്കൂളിൽ ജോലി ചെയ്യുന്ന വിജയലക്ഷ്മി ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസ്ഥയിൽ നിസ്സഹായരായി ഒറ്റപ്പെട്ട് പോകുന്ന അമ്മമാരുടെ പ്രതിനിധി.
കുട്ടികളെ നോക്കാന്‍ വേണ്ടി മാത്രം ജോലി ഉപേക്ഷിച്ചവരാണ് ഇവരില്‍ അധികവും. കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിനാല്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ചെയ്യാന്‍ കഴിയാതെ, മറ്റ് തൊഴിലുകള്‍ ചെയ്യേണ്ടി വരുന്നവരുമുണ്ട്. ഏക രക്ഷിതാവാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ അധികമാകുന്നു. പല അമ്മമാരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ കുട്ടികൾ വളരുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും കൂടുന്നു. പലർക്കും അവർ ആഗ്രഹിച്ചു നേടിയ ജോലി ഉപേക്ഷിക്കേണ്ടി വരുന്നു.
തങ്ങളുടെ കാലശേഷം കുട്ടികളെ എന്ത് ചെയ്യും എന്ന ആശങ്കയാണ് എല്ലാ അമ്മമാരെയും അലട്ടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ചോ സംരക്ഷിക്കുന്നതിനെക്കുറിച്ചോ സര്‍ക്കാരില്‍ നിന്നും കൃത്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലായെന്നാണ് അമ്മമാര്‍ പറയുന്നത്.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കാന്‍ എത്തുമ്പോള്‍ കുട്ടികളെയും ഒപ്പം കൊണ്ട്‌പോകണം. ഒരു തവണ ഐക്യു ടെസ്റ്റ് നടത്തിയ കുട്ടിക്ക് വര്‍ഷംതോറും ഇതേ പരിശോധന നടത്തേണ്ടിവരുന്നു. സ്‌കോളര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി പോകുമ്പോഴും നീണ്ട ക്യൂവില്‍ കുട്ടികള്‍ക്കൊപ്പം കാത്തുനില്‍ക്കണം. സാധാരണകുട്ടികളേക്കാള്‍ അധികശ്രദ്ധ നല്‍കേണ്ട ഭിന്നശേഷിക്കാരായ കുട്ടികളെയും കൂട്ടിയുള്ള ഇത്തരം കാത്തുനില്‍പ്പുകള്‍ അമ്മമാര്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.
FAQs
എന്താണ് സ്പെഷ്യൽ സ്കൂളുകൾ?
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളാണ് സ്പെഷ്യൽ സ്കകൂളുകൾ. പ്രത്യേക ട്രെയിനിംഗ് നേടിയ അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്.
എന്താണ് ഐക്യു ടെസ്റ്റ്?
ഒരു വ്യക്തിയുടെ വൈജ്ഞാനിക കഴിവുകളുടെ പരിധി അളക്കുകയും വ്യക്തിയുടെ ബൗദ്ധിക കഴിവുകളുടെ അളവുകോലായി ഒരു സ്കോർ നൽകി അതിനെ വിലയിരുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഐക്യു ടെസ്റ്റ്.
Quotes
വൈകല്യം നിങ്ങളെ അസാധാരണനാക്കുന്നില്ല, എന്നാൽ അതിനെ കുറിച്ചുള്ള നിങ്ങളുടെ അറിവിനെ ചോദ്യം ചെയ്യുന്നു – സ്റ്റെല്ല യംഗ്