ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ അല്ല. കുക്കികളും മണിപ്പൂരിലെ ഭൂരിപക്ഷമായ മയ്തേയികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്
മണിപ്പൂരില്‍ മയ്‌തേയികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് (24 ശതമാനം) നാഗകള്‍ക്കാണ്. മണിപ്പൂരിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ നാഗകള്‍ കുക്കികളെ പോലെ തന്നെ മലയോര മേഖലകളിലാണ് അധിവസിക്കുന്നത്. തമെങ്‌ലോങ്, ചന്ദേൽ, ഉഖ്രുൾ, സേനാപതി എന്നി നാല് ജില്ലകളില്‍ നാഗകളാണ് ഭൂരിപക്ഷം. കുക്കികളെപ്പോലെ തന്നെ മെച്ചപ്പെട്ട ജീവിത മാര്‍ഗം കണ്ടെത്താന്‍ നാഗകള്‍ ഇംഫാലില്‍ വന്ന് താമസമാക്കിയിട്ടുണ്ട്. ഇംഫാലിലെ നാഗ ഗ്രാമങ്ങളില്‍ ആണ് ഇന്നത്തെ സന്ദര്‍ശനം.
മണിപ്പൂരിൽ 20 വ്യത്യസ്ത നാഗ ഗോത്രങ്ങളുണ്ട്. വംശീയമായി നാഗകള്‍ അവർ മംഗോളോയിഡുകളാണ്. ഭാഷാപരമായി ടിബറ്റോ-ബർമ്മൻ കുടുംബത്തിൽപ്പെടുന്നു. മണിപ്പൂരിലെയ്ക്കുള്ള നാഗകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ ചരിത്ര രേഖകള്‍ ഇല്ലെങ്കിലും നാഗകള്‍ ചൈനയില്‍ നിന്നും കുടിയേറിയവര്‍ ആണെന്നാണ് വിവിധ ചരിത്രകാരന്മാര്‍ പറയുന്നത്.
ബിസി 11 – 13 നൂറ്റാണ്ടുകളിൽ ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ക്വിയാങ് എന്ന ചൈനീസ് വംശീയ വിഭാഗത്തിൽ നിന്നുള്ളവരാണ് നാഗാ ജനതയെന്നാണ് പറയപ്പെടുന്നത്. പല നാഗ ഗോത്രങ്ങളുടെയും വാമൊഴി ചരിത്രം അനുസരിച്ച് അവരുടെ പൂർവ്വികർ ചൈനയിലെ യുനാനിൽ നിന്നാണ് കുടിയേറിയത്. വൻമതിലിൻ്റെ നിർമ്മാണവേളയിൽ നിര്‍ബന്ധിതമായി തൊഴിലെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ നാഗകള്‍ ചൈനയില്‍ നിന്നും ഓടിപ്പോരുകയായിരുന്നു എന്ന് വാമൊഴി ചരിത്രത്തില്‍ പറയുന്നുണ്ട്.
ചൈനയിൽ നിന്ന് മ്യാൻമാറിലെ കാടുകളിലൂടെ സഞ്ചരിച്ച് നാഗകൾ മഖേലിൽ (മണിപ്പൂർ) എത്തി. നാഗാലാൻഡ് സംസ്ഥാനത്തിൻ്റെ അതിർത്തിയിലുള്ള മണിപ്പൂരിലെ സേനാപതി ജില്ലയിലെ തദുബി ഗ്രാമത്തിലെ സജൗബയ്ക്ക് സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ് മഖേൽ. മാവോ ഗോത്രത്തില്‍പ്പെട്ട നാഗകളായിരുന്നു ഇംഫാല്‍ നദി കടന്ന് ബരാക് നദി പാതയിലൂടെ മഖേലില്‍ എത്തിയവര്‍.
മാവോ നാഗയെ നാഗകളുടെ ഇടയിൽ ആദ്യകാല കുടിയേറ്റക്കാരായി കണക്കാക്കാം. മാവോകള്‍ക്ക് ശേഷം മറ്റു നാഗാ ഗോത്രങ്ങളും മഖേലില്‍ എത്തി. കാലക്രമേണ കുടുംബങ്ങൾ വളർന്നതോടെ മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറാന്‍ നാഗ ഗോത്രങ്ങള്‍ നിര്‍ബന്ധിതരായി. ഈ കുടിയേറ്റങ്ങള്‍ മഖേലിലെ ശിലാപാളികളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
നാഗകൾ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറുന്ന സമയത്ത് നട്ടുപിടിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന പിയർ മരവും മഖേലിലുണ്ട്. കുടിയേറ്റം തുടങ്ങുന്നതിനു മുമ്പ് എല്ലാ ഗോത്രങ്ങളും ഈ മരത്തിനു ചുറ്റും ഒത്തുകൂടി ഒരുനാള്‍ അവിടെ തന്നെ ഒത്തുചേരാന്‍ ഉടമ്പടി ചെയ്തതായി നാഗകളുടെ വാമൊഴി ചരിത്രത്തില്‍ പറയുന്നു.
മഖേൽ ഗ്രാമത്തിൽ നിന്ന് വടക്കൻ ഗോത്രങ്ങളായ അംഗമികൾ, ചഖേസംഗ്, റെങ്‌മാ, ലോത്ത, സെമാ എന്നിവര്‍ നാഗാലാന്‍ഡിലെ കെസകെനോമയിലേക്ക് കുടിയേറി. ബാക്കിയുള്ള ഗോത്രങ്ങളായ മാവോ, പൗമൈ, മാരാം, തങ്ങല്‍, സെലിയാങ്‌ഗ്രോങ്ങ് തുടങ്ങിയവര്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും തെക്കോട്ടും നീങ്ങി. ഇവരോടൊപ്പം തങ്ഖുള്‍ (ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹ്വാംഗ് ഹെ (മഞ്ഞ നദി), യാംഗ്‌സേ കിയാംഗ് നദികളുടെ മുകൾഭാഗമായിരുന്നു തങ്ഖുള്‍ നാഗകളുടെ ആദ്യ ഭവനം.
ബിസി 2000 മുതലാണ് തങ്ഖുളുകള്‍ മ്യാൻമാര്‍ ലക്ഷ്യമാക്കി പലായനം ആരംഭിച്ചത്. മ്യാൻമാറിലെത്തിയ തങ്ഖുലുകൾ സംശോക് (തുവാങ്ഡട്ട്) പ്രദേശത്ത് താമസമാക്കി. ചിലര്‍ മ്യാൻമാറില്‍ സ്ഥിരതാമസമാക്കി. ബാക്കിയുള്ളവര്‍ മ്യാൻമാർ വഴി മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് എത്തി. മണിപ്പൂരില്‍ എത്തിയ തങ്ഖുളുകള്‍ ഉഖ്രൂളില്‍ താമസമാക്കി. മഖേലിനെ അവരുടെ ഉത്ഭവസ്ഥാനമായി ബന്ധപ്പെടുത്തുന്ന ഗോത്രങ്ങളെ ടെനിമിയാസ് എന്നും വിളിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ തായ്-അഹോം അധിനിവേശം ആരംഭിച്ചതോടെ നാഗ ഗോത്രങ്ങളുടെ ചെറുത്തുനില്പിൻ്റെ ചരിത്രം ആരംഭിച്ചു. മ്യാൻമാറിനും ചൈനയിലെ യുനാൻ പ്രവിശ്യയ്ക്കും ഇടയിലുള്ള അതിർത്തിയിൽ നിന്നാണ് തായ് ജനത വന്നത്. തായ്(അല്ലെങ്കിൽ ഷാൻ) ജനതയെ ഇന്ത്യയിൽ അഹോം എന്ന് വിളിക്കുന്നു.
പട്‌കായ് പർവതങ്ങൾ കടന്ന് അസമിൽ എത്തിയ ഷാൻ രാജകുമാരനായിരുന്ന സുകഫായാണ് അഹോം രാജവംശം (1228-1826) സ്ഥാപിച്ചത്. മണിപ്പൂരിലെ നാഗകളും അഹോം രാജവംശവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. 1826-ലെ യാൻഡബോ ഉടമ്പടിയും, അസമിലെ ബർമ്മീസ് അധിനിവേശവും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവുമാണ് അഹോം രാജവംശത്തിൻ്റെ ഭരണം അവസാനിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ചിന്നിച്ചിതറി ജീവിച്ചിരുന്ന നാഗ ഗോത്രങ്ങളെ ‘നാഗ’ എന്ന വംശീയ അസ്തിത്വത്തിന് കീഴില്‍ ആക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മണിപ്പൂര്‍ ഒരു നാട്ടുരാജ്യമായി മാറി. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ചേര്‍ന്ന് മയ്‌തേയി രാജാക്കന്മാര്‍ നാഗ ഗ്രാമങ്ങളില്‍ നിന്നും നികുതി പിരിക്കുകയും നാഗകളുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന് ശേഷമാണ് നാഗകൾ ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ചത്. 1972-ല്‍ മണിപ്പൂര്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ മണിപ്പൂരിലെ കുന്നുകളില്‍ താമസിച്ചിരുന്ന നാഗകള്‍ മണിപ്പൂര്‍ സംസ്ഥാനത്തിൻ്റെ ഭാഗമായി. ഗോത്ര പാരമ്പര്യം പിന്തുടരുന്ന നാഗകള്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ക്രിസ്ത്യൻ മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ന് മണിപ്പൂരിലെ ഭൂരിഭാഗം നാഗകളും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ വിശ്വാസികളാണ്.
ഇംഫാലില്‍ കബോയി നാഗകള്‍ താമസിക്കുന്ന പ്രദേശത്താണ് പോയത്. ഗ്രാമത്തലവന്‍ വരുന്നത് വരെ അവരുടെ പ്രാദേശിക കോടതിയില്‍ കാത്തിരിക്കാന്‍ പറഞ്ഞു. വില്ലേജ് കോടതി എന്ന് വിളിക്കുന്ന ഈ പ്രാദേശിക നീതിന്യായ കോടതിയില്‍ വെച്ചാണ് ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കുക. ഒരു നാഗ വില്ലേജിൻ്റെ പരമാധികാരം വില്ലേജ് കൗണ്‍സിലിനാണ്. കൗണ്‍സിലിന് ഒരു ചെയര്‍മാനും അംഗങ്ങളും ഉണ്ടാകും.
ഈ കൗണ്‍സിലിനായിരിക്കും ഭൂമിയുടെ മൊത്തം ഉടമസ്ഥാവകാശവും. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട എന്തോ മീറ്റിംഗ് വില്ലേജ് കോടതിയില്‍ നടക്കാന്‍ പോവുകയാണ്. മീറ്റിംഗ് തുടങ്ങാന്‍ ഗ്രാമത്തലവനെ കാത്തിരിക്കുകയാണ് അവരും. കുറച്ച് സമയത്തിന് അദ്ദേഹം വന്നു. ചുൻകെയ്റംങ് കമായ് എന്നാണ് പേര്. ഞാനുമായുള്ള സംസാരത്തിനു ശേഷം മീറ്റിംഗ് തുടങ്ങാം എന്ന് അദ്ദേഹം മറ്റു അംഗങ്ങളോടായി പറഞ്ഞു. ചുൻകെയ്റംങ് കമായ് സംസാരിച്ചു തുടങ്ങി.
‘ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കാനുള്ളത്, ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഹിന്ദുക്കളും ആദിവാസികളും തമ്മിലോ അല്ലെങ്കിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലോ അല്ല. ഇത് ശരിക്കും രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന കുക്കികളും മണിപ്പൂരിലെ ഭൂരിപക്ഷമായ മയ്തേയികളും തമ്മിലുള്ള ഏറ്റുമുട്ടൽ.’
‘ഗോത്ര പദവി ആവശ്യപ്പെട്ടുകൊണ്ട് മയ്തേയികൾ മുന്നോട്ട് വന്നതാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. അവരുടെ ആവശ്യത്തെ അധികാരികൾ അംഗീകരിച്ചാൽ ഇപ്പോൾ തങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടേക്കാം എന്ന ഭയത്താലാണ് കുക്കികൾ ഇതിനെ എതിർത്തത്. ഇതായിരുന്നു പ്രധാന പ്രശ്നം.’
‘എന്നാൽ മാധ്യമങ്ങൾ ഇതിനെ മറ്റൊരു രീതിയിലാണ് വ്യാഖ്യാനിച്ചത്. ഇത് മാത്രമല്ല മറ്റ് പല ഘടകങ്ങളും കലാപത്തിന് കാരണമായെന്ന രീതിയിൽ അവർ കൂട്ടിച്ചേർത്തു. ഒരുപക്ഷേ അനധികൃത കുടിയേറ്റം, മയക്കുമരുന്ന്, സംരക്ഷിത വനമേഖലയിലേക്കുള്ള കടന്നുകയറ്റം എന്നിവയും ഇതിന് കാരണങ്ങളാവാം. കലാപം നടത്തിയ രണ്ട് കൂട്ടരും വിദേശത്തുനിന്നും വന്നവരാണ്. മൊറെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയവര്‍.’
‘വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 35 ഗോത്ര വിഭാഗങ്ങളുള്ള ഒരു സംസ്ഥാനമാണ് മണിപ്പൂർ. ഈ പ്രശ്നത്തിൽ നിഷ്പക്ഷ നിലപാടാണ് നാഗകൾക്കുള്ളത്. അവർ രണ്ട് കമ്മ്യൂണിറ്റികളെയും പിന്തുണയ്ക്കുന്നില്ല. 10 നാഗ എംഎൽഎമാരെ ഡൽഹിയിലേക്ക് ചർച്ചയ്ക്കായി വിളിച്ചിരുന്നു. ഈ പ്രശ്നത്തിൽ നാഗകൾ ഉൾപ്പെടുന്നില്ലെന്ന് അവർ കേന്ദ്ര സർക്കാരിനെ അറിയിച്ചു.’
‘ഇത് രണ്ട് സമുദായക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്നമാണ്. ആകെയുള്ള പ്രതിവിധി കുക്കികളുടെ ആവശ്യം അംഗീകരിക്കുക എന്നതാണ്. ഞങ്ങൾക്ക് ഒരു കാര്യം മാത്രമാണ് അപേക്ഷിക്കാനുള്ളത്. ഈ പ്രശ്നങ്ങൾ ഒരിക്കലും നാഗകളെ ബാധിക്കരുത്. ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്. അങ്ങനെ സംഭവിച്ചാൽ അത് മറ്റൊരു കലാപത്തിലേക്ക് വഴിതെളിക്കും. അതുകൊണ്ട് തന്നെ നാഗകൾ രണ്ട് പേരെയും പിന്തുണയ്ക്കുന്നില്ല.’
‘കുക്കികൾ പ്രത്യേക ഭരണം വേണമെന്ന് അവര്‍ പറയുന്നുണ്ട്. മയ്തേയികൾക്കും അവരുടേതായ ആവശ്യങ്ങളുണ്ട്. ഇത് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അത് സംസ്ഥാന സർക്കാർ അംഗീകരിക്കുകയാണ് വേണ്ടത്. ഇത് ശരിക്കും ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഇന്ത്യൻ സര്‍ക്കാര്‍ ഇത് പരിഹരിക്കുമെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. രണ്ട് കൂട്ടരുമായി ഇതിനോടകം തന്നെ അവർ സംസാരിച്ചിട്ടുണ്ട്.’
‘കുക്കികള്‍ ആവശ്യപ്പെടുന്ന പ്രത്യേക ഭരണം എന്നത് ഒരു ചെറിയ കാര്യമല്ല. അതൊരു സങ്കീർണ്ണമായ വിഷയമാണ്. നരേന്ദ്ര മോദി സർക്കാർ അത് ഉടൻ പരിഹരിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ ആ തീരുമാനം ഒരിക്കലും മണിപ്പൂരിൻ്റെ സമഗ്രതയെ ബാധിക്കാത്ത തരത്തിലുള്ളതാവണം.’
‘എല്ലാ സമുദായങ്ങൾക്കും തുല്യമായ നീതി ലഭിക്കണം. സർക്കാർ ഒരിക്കലും ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. തീർച്ചയായും രണ്ട് പേരുടേയും പ്രശ്നങ്ങൾ അവർ കേൾക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും.’
‘മയ്തേയികളാണ് ഇവിടെ ഭൂരിപക്ഷം. നിയമസഭയിൽ തന്നെ 60 സീറ്റുകളിൽ 40 സീറ്റിലും മയ്തേയികളാണുള്ളത്. അവർക്കും ഒബിസി സംവരണം ഉണ്ട്. പക്ഷേ മണിപ്പൂരിൽ 90 ശതമാനവും മലയോര പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷക്കാരായ മയ്തേയികൾക്ക് ഭൂമി വാങ്ങാനോ അവിടെ താമസിക്കാനോ കഴിയുന്നില്ല.’
‘അതേസമയം മറ്റൊരു വിഭാഗത്തിന് ഇതിനെല്ലാം സാധിക്കുന്നു. അവർക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ നമ്മുടെ അയൽസംസ്ഥാനമായ ത്രിപുരയിലെ ജനതയെപോലെ അവരും മാറിയേക്കാം. ഇത് അവരുടെ ആഗ്രഹമാണ്. നിങ്ങൾ ഇത് ആവശ്യപ്പെടാൻ പാടില്ല എന്ന് പറയാൻ എനിക്ക് കഴിയില്ല. മെയ് മൂന്നിന് നടന്ന സമാധാന റാലിയിൽ ചില നാഗകൾ പങ്കെടുത്തിരുന്നു.’
‘ആൾ ട്രൈബൽ സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച റാലിയായിരുന്നു അത്. ആ റാലി സേനാപതി, തമെങ്ലോങ് തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു നടന്നത്. അതിൽ നാഗകളും കുക്കികളും പങ്കെടുത്തിരുന്നു. ഭാഗ്യത്തിന് ചുരാചന്ദ്പൂരിൽ മാത്രമാണ് റാലിയെത്തുടർന്ന് അന്ന് പ്രശ്നമുണ്ടായത്. മറ്റ് സ്ഥലങ്ങളിൽ അത് സമാധാനപരമായി അവസാനിച്ചു. മയ്തേതികൾക്ക് സംവരണം നൽകുന്നതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമറിയിക്കുക എന്നതായിരുന്നു ലക്ഷ്യം.’
‘ഞങ്ങൾക്കും ഞങ്ങളുടേതായ ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. ഞങ്ങൾ ഇപ്പോൾ അതിനെക്കുറിച്ച് സർക്കാരിനോട് സംസാരിക്കുന്നുണ്ട്. നാഗാലിം ആണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് വേണ്ടിയുള്ള ഭരണസംവിധാനം. ഇപ്പോഴുണ്ടായ പ്രശ്നം കാരണം രണ്ട് കൂട്ടർക്ക് മാത്രമല്ല മണിപ്പൂരിലുള്ള മുഴുവൻ ആളുകൾക്കും ബുദ്ധിമുട്ടാണ്.’
‘മണിപ്പൂരിന് പുറത്തുള്ളവരും ഇതിൽ ആശങ്കയിലാണ്. ഇവിടെ എല്ലാം തടസ്സപ്പെട്ടിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ കഴിയുന്നില്ല. ഇൻ്റർനെറ്റിൻ്റെ വിച്ഛേദനം ഇവിടെയുള്ളവരെ ബാധിച്ചിട്ടുണ്ട്. ആർക്കും ഇംഫാലിലേക്ക് പോകാൻ കഴിയുന്നില്ല. അവശ്യ സാധനങ്ങൾ പലതും ഇവിടേക്ക് എത്തുന്നില്ല. ഇൻ്റർ ഫെയ്ത്ത് ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഹാർമണിയുടെ (IFPH) ഒരു പ്രതിനിധിയാണ് ഞാൻ. ഇവിടെ എത്രയും വേഗം സമാധാനം പുലരണമെന്നാണ് എൻ്റെ ആഗ്രഹം.’
‘എൻ്റെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഞാനൊരു കാര്യം പറയട്ടെ. നിങ്ങളുടെ മുന്നിലേക്ക് വെക്കുന്ന ഒരു അപേക്ഷയായി ഇതിനെ പരിഗണിക്കണം. മീഡിയ വളരെ ശക്തരാണ്. ഞാൻ പറയുന്ന ഒരു വാക്കിനെ ഒരുപാട് വാക്കുകളാക്കാൻ നിങ്ങൾക്ക് കഴിയും. ഇപ്പോൾ ഇവിടെ നടക്കുന്നത് രാഷ്ട്രീയപരമായ പ്രശ്നങ്ങളാണ്.’
‘മതസ്ഥാപനങ്ങളുടെ ഒരു പ്രതിനിധിയാണ് ഞാൻ. അസം, മണിപ്പൂർ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുന്നു. തിങ്ഗാവോ റഗ്വാങ് ആണ് ഞങ്ങളുടെ മതം. ആദിവാസി വിഭാഗത്തിൽപ്പെട്ട സ്വാതന്ത്രസമരസേനാനികളുടെ പാതയാണ് ഞങ്ങൾ പിന്തുടരുന്നത്. ഞങ്ങളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ഞങ്ങളുടെ പാരമ്പര്യം തുടരുന്ന നിരവധിപേർ ഇപ്പോഴുമുണ്ട്. ഞങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ്. എല്ലാവരും വ്യത്യസ്തരാണ്.’
‘പക്ഷേ ഞങ്ങൾ ഞങ്ങളുടെ സംസ്കാരം തുടരാൻ ആഗ്രഹിക്കുന്നു.ഞങ്ങൾ ഇപ്പോൾ അതിൻ്റെ പരിഷ്കരണ പ്രക്രിയയിലാണ്. അക്രമത്തിനോട് ഞങ്ങൾ യോജിക്കുന്നില്ല. എന്തുകൊണ്ട് ഒരുമിച്ചിരുന്ന് സംസാരിച്ചുകൂടാ. ഈ സ്ഥലം ഞങ്ങൾ എടുക്കുന്നു, നിങ്ങൾക്ക് താല്പര്യമുള്ളത് നിങ്ങളെടുക്കൂ എന്ന രീതിയിൽ സമാധാന ചർച്ച നടത്താമല്ലോ.’ ചുൻകെയ്റംങ് കമായ് പറഞ്ഞു.
‘ചരിത്രകാലം മുതൽക്കേ മയ്‌തേയികളുമായി നാഗകള്‍ക്ക് വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഗോത്രങ്ങള്‍ ആണെങ്കിലും കുക്കികള്‍ക്കൊപ്പം നാഗകള്‍ നില്‍ക്കാന്‍ സാധ്യതയില്ല. കുക്കികള്‍ ആവശ്യപ്പെടുന്ന പ്രത്യേക ഭരണസംവിധാനം തങ്ങളുടെ മലകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നാഗകള്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. കുക്കികള്‍ക്ക് മുമ്പെ നാഗകളുടെ കുടിയേറ്റം നടന്നത് കൊണ്ട് തന്നെ ചുരാചന്ദ്പൂര്‍ ഒഴികെയുള്ള മലകളുടെ മേല്‍ നാഗകള്‍ അവകാശം ഉന്നയിക്കുന്നുണ്ട്.’
‘നാഗകള്‍ സ്വപ്നം കാണുന്ന നാഗാലിം (ഇന്നത്തെ നാഗാലാന്‍ഡ് സംസ്ഥാനവും മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെയും അയല്‍രാജ്യമായ മ്യാൻമാറിലെയും നാഗാ വംശജര്‍ അധിവസിക്കുന്ന പ്രദേശങ്ങളും ചേര്‍ത്ത് സ്വതന്ത്ര പരമാധികാര രാജ്യം -വിശാല നാഗാലിം- സ്ഥാപിക്കണമെന്നതാണ് നാഗാ വിമതരുടെ ആവശ്യം) സാധ്യമാകണമെങ്കില്‍ കുക്കികള്‍ നാഗകളുടെ മലകളില്‍ നിന്നും ഇറങ്ങികൊടുക്കണം. മാത്രമല്ല മെയ്‌തേയികളെ പോലെ മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണം എന്ന് നാഗകളും ആവശ്യപ്പെടുന്നുണ്ട്.’
‘മണിപ്പൂരില്‍ കലാപം തുടരുന്ന പശ്ചാത്തലത്തില്‍ നാഗാലിം ചര്‍ച്ചകള്‍ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് നാഗകള്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. നാഗാ സംഘടനകളുടെ ഏകോപന സമിതിയായ യൂണൈറ്റഡ് നാഗാ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് റാലികള്‍ സംഘടിപ്പിച്ചത്. ഇതിനെ കുക്കികള്‍ പിന്തുണക്കുകയും ചെയ്തിരുന്നു.’
പതിറ്റാണ്ടുകൾ പഴക്കമുള്ള നാഗാ കലാപം അവസാനിപ്പിക്കാനായി 2015 ഓഗസ്റ്റ് മൂന്നിന് കേന്ദ്ര സർക്കാരും എൻഎസ്‌സിഎൻ-ഐഎമ്മും (1975 നവംബര്‍ 11ന് ഇന്ത്യന്‍ സര്‍ക്കാറും നാഗാ നാഷണല്‍ കൗണ്‍സിലും തമ്മില്‍ ഒപ്പുവെച്ച ഷില്ലോങ് കരാര്‍ നാഗകളുടെ സമ്പൂര്‍ണമായ കീഴടങ്ങലാണെന്ന് ആരോപിച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് – എന്‍എസ്സിഎന്‍. 1988ല്‍ എന്‍എസ്സിഎന്‍ ഇസാക്-മുവിയ, കപ്ളാങ് എന്നീ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞു. ഇതില്‍ തങ്ഖുള്‍ നാഗകളുടെ ഇസാക്-മുവിയ ഗ്രൂപ്പാണ് ഏറ്റവും പ്രബലമായി കരുതപ്പെടുന്നത്. പ്രസ്തുത ഗ്രൂപ്പുമായാണ് മോദി സര്‍ക്കാരുമായി കലാപം അവസാനിപ്പിക്കാന്‍ കരാറിലത്തെിയത്. തമ്മിൽ സമാധാന ഉടമ്പടിയും ഒപ്പുവെച്ചിരുന്നു.
എന്നാൽ പ്രത്യേക ഭരണഘടനയും പതാകയും വേണമെന്ന ആവശ്യത്തെത്തുടർന്ന് എൻഎസ്‌സിഎൻ-ഐഎമ്മുമായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഈ ചര്‍ച്ചകള്‍ ആണ് കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ വീണ്ടും ആരംഭിക്കണമെന്ന് എൻഎസ്‌സിഎൻ-ഐഎം ആവശ്യപ്പെട്ടിരിക്കുന്നത്.
മയ്‌തേയികളെയ്ക്കാള്‍ കൂടുതല്‍ കുക്കികളുമായാണ് നാഗകള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതില്‍ പ്രധാനമാണ് 1993 ല്‍ നടന്ന കുക്കി കൂട്ടക്കൊല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട് കുക്കികള്‍ക്കും നാഗകള്‍ക്കും ഇടയില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടിരുന്നു. 1998 വരെ തുടര്‍ന്ന ഗോത്ര കലാപത്തില്‍ 2000 ആളുകളാണ് കൊല്ലപ്പെട്ടത്. 500 ല്‍ കൂടുതല്‍ ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. 7000 വീടുകള്‍ അഗ്നിക്കിരയായി. ഒരു ലക്ഷം ആളുകള്‍ അഭയാര്‍ത്ഥികളായി.
നാഗകളുടെ ആക്രമത്തില്‍ ചുരാചന്ദ് പൂരില്‍ അഭയം നേടിയ തഡൗ കുക്കികളും പൈറ്റ് കുക്കികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 352-ലധികം ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെടുകയും, 13,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പൈറ്റ്കളെ കുക്കി എന്ന നാമകരണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള തഡൗകളുടെ ശ്രമം, ഭൂമിയ്ക്ക് വേണ്ടിയുള്ള പിടിവലികള്‍, നിര്‍ബന്ധിത നികുതിപിരിവ് എന്നിവയായിരുന്നു ഈ സംഘര്‍ഷത്തിൻ്റെ കാരണം. ഇത്തരത്തില്‍ പലവിധ രക്തരൂക്ഷിത കലാപങ്ങള്‍ തൊണ്ണൂറുകളില്‍ മണിപ്പൂരില്‍ നടന്നിട്ടുണ്ട്.
മണിപ്പൂർ കുന്നുകളിൽ കുക്കികൾ തങ്ങളുടെ ‘ജന്മദേശം’ എന്ന് അവകാശപ്പെടുന്നതിൻ്റെ വലിയൊരു ഭാഗം കുന്നുകളും നാഗാലിം ആണെന്ന് നാഗകള്‍ വിഭാവനം ചെയ്തു. ഇതാണ് നാഗ-കുക്കി സംഘര്‍ഷങ്ങളുടെ തുടക്കം. 1993 ലാണ് നാഗ-കുക്കി സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തിയത്.
മണിപ്പൂരിൻ്റെയും നാഗാലാന്‍ഡിൻ്റെയും അതിർത്തിയിലാണ് ജൗപ്പി (തമെംഗ്‌ലോങ് ജില്ല) എന്ന കുക്കി ഗ്രാമം സ്ഥിതി ചെയ്യുന്നത്. നാഗാലിം രൂപീകരത്തിൻ്റെ ഭാഗമായി 1993 ഓഗസ്റ്റിൽ എൻഎസ്‌സിഎൻ(ഐഎം) ജൂപ്പി ഗ്രാമം വിട്ടുപോകാന്‍ കുക്കികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഗ്രാമത്തിനു തീയിടുമെന്നും ഭീഷണിപ്പെടുത്തി.
സെപ്‌റ്റംബർ ആറിന് ഗ്രാമത്തിലേയ്ക്ക് അതിക്രമിച്ച് കയറിയ എൻഎസ്‌സിഎൻ(ഐഎം) പ്രവർത്തകർ നാട്ടുകാരിൽ നിന്ന് ആയുധങ്ങളും മൂർച്ചയുള്ള വസ്തുക്കളും പിടിച്ചെടുത്തു. ഇതോടെ പരിഭ്രാന്തരായ കുക്കികള്‍ ഉടൻ തന്നെ ഗ്രാമം വിട്ട് അടുത്തുള്ള കുക്കി ഗ്രാമമായ ജംഗ്ലെൻഫായിയിലേക്ക് പലായനം ചെയ്തു.
തമെംഗ്‌ലോങ് ജില്ലയിലെ എല്ലാ കുക്കി ഗ്രാമവാസികളോടും സെപ്റ്റംബർ 15-നകം ജില്ല വിടണമെന്ന് എൻഎസ്‌സിഎൻ(ഐഎം) അന്തിമശാസനം നല്‍കി. സെപ്റ്റംബർ 12-ന് ജൗപ്പി-ജംഗ്ലെൻഫായ് ഗ്രാമങ്ങളിലെ കുക്കികള്‍ സേനാപതി ജില്ലയിലെ (ഇപ്പോൾ കാങ്‌പോക്പി ജില്ല) ചൽവ കുക്കി ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
ഇടക്കുവെച്ച് നാഗകള്‍ ഇവരെ വളഞ്ഞു. പുരുഷന്മാരെ പിടിച്ചുകൊണ്ടുപോയി അടുത്ത ദിവസം കൊലപ്പെടുത്തി. ജൗപ്പി-ജംഗ്ലെൻഫായ് കൂട്ടക്കൊല നടന്ന സെപ്റ്റംബര്‍ 13 കറുത്ത ദിനമായാണ് കുക്കികള്‍ ആചരിക്കുന്നത്. 1998 വരെ നീണ്ടുനിന്ന കലാപത്തില്‍ 1157 കുക്കികള്‍ കൊല്ലപ്പെട്ടെന്നും 350 കുക്കി ഗ്രാമങ്ങളെ വേരോടെ പിഴുതെറിഞ്ഞുവെന്നും കുക്കികള്‍ പറയുന്നു.
ഇതുമാത്രമല്ല ആഗ്ലോ-കുക്കി യുദ്ധത്തെ കലാപമായാണ് നാഗകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. കുക്കികള്‍ ഇന്ത്യയുടെ വിമോചനത്തിന് വേണ്ടിയല്ല മറിച്ച് നിര്‍ബന്ധിത തൊഴില്‍ എടുപ്പിക്കുന്നതിനെതിരെ ആയിരുന്നു എന്നാണ് നഗകള്‍ പറയുന്നത്. ഇതിനെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കുക്കി കലാപമായാണ് നഗാകള്‍ കണക്കാക്കുന്നത്. ഇതും കുക്കി-നാഗ വൈര്യത്തിന് ഒരുകാരണമാണ്.
ഗോത്രങ്ങള്‍ ആണെങ്കിലും ഭൂമിയുടെ അവകാശത്തിനു മേല്‍ കുക്കികള്‍ക്കും-നാഗകള്‍ക്കും ഇടയിലുള്ള സംഘര്‍ഷത്തിന് മണിപ്പൂരിൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ കുക്കികളുടെ ആവശ്യമായ പ്രത്യേക ഭരണസംവിധാനം നാഗകള്‍ അംഗീകരിച്ചു കൊടുക്കാന്‍ സാധ്യതയില്ല. മയ്‌തേയികളുടെ എസ്.ടി സ്റ്റാറ്റസ് ആവശ്യവും നാഗകള്‍ പ്രതിരോധിക്കും. നാഗകള്‍ക്ക് വേണ്ടതാവട്ടെ നാഗാലിമും. എന്തായാലും മണിപ്പൂരിൻ്റെ രാഷ്ട്രീയ പരിഹാരം അനിശ്ചിതമായി നീളാനാണ് സാധ്യത.
FAQs
ചൈനയിലെ വന്മതിലിൻ്റെ പ്രത്യേകതയെന്ത്?
മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ശാഖകളടക്കം 6325 കിലോ മീറ്റർ നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്.
പട്കായ് മലനിരകൾ എന്നാലെന്ത്?
ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്തായി മ്യാൻമാർ അതിർത്തിയിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ. പൂർവ്വാചൽ എന്ന പേരിലും ഇത് അറിയപ്പെടുന്നു. പട്കായ്, ഗ്രാരോ-കാസി-ജയന്തിയ,ലുഷായ് എന്നീ മൂന്ന് മലനിരകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
മഞ്ഞ നദി എന്നാലെന്ത്?
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഃഖം, ഹ്വാംഗ് ഹെ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്. ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഃഖം എന്ന് വിളിക്കുന്നു.
യാംഗ്‌സേ കിയാംഗ് എന്നാലെന്ത്?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലെ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ നദിയാണ് യാംഗ്‌സേ കിയാംഗ്. ഈ നദിയിൽ സ്ഥാപിച്ചിട്ടുള്ള ത്രീ ഗോർജസ് ഡാം എന്ന അണക്കെട്ടിനോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി നിലകൊള്ളുന്നു. 6418 കിലോമീറ്ററാണ് നദിയുടെ നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്‌ഹായ് പ്രദേശത്തെ ഹിമാനികളിൽ നിന്നാണ് നദി ഉത്ഭവിക്കു ന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രദേശം, മദ്ധ്യ ഭൂഭാഗം, കിഴക്കൻ ചൈന എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഷാങ് ഹായിയിൽ വച്ച് കിഴക്കൻ ചൈന കടലിൽ നദിയുടെ പ്രയാണം അവസാനിക്കുന്നു.
Quotes
ഭരിച്ചത് കൊണ്ടായില്ല. ഭരണമുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമ്പഴേ ഏതൊരു സർക്കാരും അർത്ഥവത്താവുന്നുള്ളു – കാൾ മാർക്സ്