ബിഷ്ണുപൂരും മൊയ്‌റാങ്ങും മയ്തേയികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണ് ഇന്ന് അങ്ങോട്ടേയ്ക്കാണ് എൻ്റെ യാത്ര. ഐസോളിലേയ്ക്കുള്ള ദേശീയപാതയില്‍ എല്ലാ തെരുവുകളിലും മയ്തേയി സ്ത്രീകള്‍ നിരന്ന് നില്‍പ്പുണ്ട്. ചുരാചന്ദ്പൂരിലേയ്ക്ക് (കുക്കി പ്രബല ജില്ല) പോകുന്ന പാത ആയതുകൊണ്ടുതന്നെ കടന്നുപോകുന്ന ഓരോ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി സ്ത്രീകള്‍ പരിശോധിക്കും.തല അറുത്തുവെച്ച മനുഷ്യര്‍, പച്ചയ്ക്ക് കത്തുന്നവര്‍, ഇറച്ചി കഷ്ണങ്ങള്‍ വെട്ടി നുറുക്കുന്നത് പോലെ കയ്യും കാലും തലയും ശരീരവും വെട്ടി നുറുക്കപ്പെട്ടവര്‍….. ഇന്നും ഉറക്കം കെടുത്തുന്ന ദൃശ്യങ്ങള്‍ ആണത്
സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കടന്നല്‍ക്കൂട്ടം വളയുന്നത് പോലെ സ്ത്രീകള്‍ വളയും. നല്‍കുന്ന ഉത്തരങ്ങള്‍ അവര്‍ക്ക് കൂടി ബോധ്യപ്പെട്ടാല്‍ യാത്ര തുടരാം. അല്ലെങ്കില്‍ വന്ന വഴിയെ തിരിച്ചുപോകാം. ചിലപ്പോള്‍ അടിയും കിട്ടിയെന്നുവരും. പട്ടിക പോലെയുള്ള വടികള്‍ എപ്പോഴും ഇവരുടെ കൈവശമുണ്ടാവും. സഹായത്തിന് പൊലീസിനെ വിളിക്കാം എന്ന് കരുതുകയേ വേണ്ട. മയ്തേയി സ്ത്രീകള്‍ക്ക് മുമ്പില്‍ പൊലീസ് നല്ല അനുസരണയുള്ളവരാണ്. പ്രതികരിക്കണമെന്ന് തോന്നിയാല്‍ പോലും അവര്‍ മിണ്ടാതെ നോക്കി നില്‍ക്കും. ഇവരുടെ പരിശോധനകള്‍ക്ക് വിധേയമാവാതെ സൈനിക വാഹനത്തിന് പോലും കടന്നുപോകാന്‍ സാധിക്കില്ല.
വഴിനീളം നിരവധി ബസാറുകള്‍ കാണാം. വലിയ പട്ടണങ്ങള്‍ ഇല്ല. ബസാറിലെ നിയന്ത്രണം സ്ത്രീകള്‍ക്ക് തന്നെ. എല്ലാ ബസാറുകളിലും തകരഷീറ്റ് മേഞ്ഞ സ്റ്റേജ് പോലെ തോന്നിക്കുന്ന ഇരിപ്പിടങ്ങള്‍ കാണാം. അവിടെയാണ് വ്യാപാരം നടക്കുന്നത്. ബിഷ്ണുപൂരിലേയ്ക്കുള്ള വഴിയെ നാലു തവണ സ്ത്രീകള്‍ ഞങ്ങളുടെ വണ്ടി തടഞ്ഞു. താമസിക്കുന്ന ഹോട്ടലിലെ മാനേജര്‍ ആണ് മയ്തേയി ഏരിയകളിലെ സാരഥി. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ഹോട്ടലിൻ്റെ പ്രവര്‍ത്തനം 10 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ഡ്രൈവിംഗ് ആണ് മാനേജരുടെ പ്രധാന വരുമാനമാര്‍ഗം.
ഈ മയ്തേയി സ്ത്രീകള്‍ക്ക് കുക്കികളെയും നാഗകളെയും മയ്തേയികളെയും എല്ലാം തിരിച്ചറിയാം. എനിക്ക് എല്ലാവരും ഒരുപോലെ ആണ് തോന്നിയത്. വാഹനം ഓടിക്കുന്നത് മയ്തേയി ആണെങ്കിൽ പോലും ഈ സ്ത്രീകൾ വണ്ടിയിൽ കയറി ഇറങ്ങി പരിശോധിക്കും. ഫോട്ടോ എടുക്കരുത് എന്ന് നിര്‍ദേശം തന്നു. പ്രസ് ഐഡി കാര്‍ഡ് നിര്‍ബന്ധമായും കാണിക്കണം. അല്ലെങ്കില്‍ യാത്ര മതിയാക്കി തിരിച്ചുപോരാം. വണ്ടി ഓടിക്കുന്നയാള്‍ മയ്തേയി ആയത് കൊണ്ട് തന്നെ അവരുടെ ഭാഷയില്‍ എന്തൊക്കെയോ നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഹയ് ഹയ് എന്ന് പറയുന്നുണ്ട്. വണ്ടിയിലിരിക്കുന്ന നമ്മളെ സംശയത്തിൻ്റെ നിഴലില്‍ നിര്‍ത്തിയെ മയ്തേയി സ്ത്രീകള്‍ ഇടപഴകൂ. മയ്തേയികള്‍ക്ക് അവരെ അല്ലാതെ ആരെയും വിശ്വാസമില്ല.
ബിഷ്ണുപൂരിലേയ്ക്കുള്ള വഴിയെ ബിഷപ് ഹൗസില്‍ കയറി. കലാപഭൂമിയില്‍ നില്‍ക്കുമ്പോള്‍ എല്ലാവരെയും കേള്‍ക്കല്‍ ആണല്ലോ പ്രാഥമിക നീതി. അത് മാത്രമല്ല വംശീയ കലാപത്തെ ഹിന്ദു- ക്രിസ്ത്യൻ സംഘര്‍ഷമായാണ് മാധ്യമങ്ങളും സംഘ പരിവാറും മണിപ്പൂരിന് പുറത്തേക്ക് എത്തിച്ചിരുന്നത്. മണിപ്പൂരില്‍ നടക്കുന്നത് വംശീയ ഉന്മൂലനം ആണെന്ന് പറയുന്ന ഒരേ ഒരു വിഭാഗം കുക്കികള്‍ ആണ്. മാധ്യമങ്ങള്‍ ആവട്ടെ ഈ യാഥാര്‍ത്ഥ്യം പുറത്തുവിടാന്‍ താല്പര്യം കാണിക്കുന്നുമില്ല.
ബിഷപ്പിനെ കാണാന്‍ സാധിച്ചില്ലെങ്കിലും നാഗ വിഭാഗക്കാരനായ ഒരു വൈദികനോടാണ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. മണിപ്പൂരില്‍ ആദ്യം കുടിയേറ്റം നടത്തിയവര്‍ മയ്തേയികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നാഗകളും അതിനു ശേഷം കുക്കികളും എത്തി. ജനസംഖ്യയില്‍ കൂടുതല്‍ ആയതുകൊണ്ട് തന്നെ എല്ലാ അധികാരവും മയ്തേയികളുടെ കയ്യിലാണെന്നും വൈദികന്‍ പറഞ്ഞു. കലാപം രൂപപ്പെട്ടത് മതത്തിൻ്റെ പേരില്‍ അല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കുക്കികള്‍ ക്രിസ്ത്യന്‍ മത വിശ്വാസികളും മെയ്തേയികള്‍ ഹിന്ദു മത വിശ്വാസികള്‍ ആയതുകൊണ്ടുമാണ് അങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ വികസനങ്ങള്‍ എല്ലാം നടക്കുന്നത് താഴ്‌വരയിലാണ് (ഇംഫാൽ). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റു സൗകര്യങ്ങള്‍ എല്ലാം താഴ്‌വരയിലാണ്. താഴ്‌വരയില്‍ കുക്കികള്‍ക്ക് ജോലി കിട്ടില്ല. എസ് ടി ക്വാട്ടയില്‍ അനധികൃതമായി നിയമനം നടത്തി എല്ലാ തസ്തികകളിലും മയ്തേയികളെ നിറയ്ക്കും. എന്നാല്‍ കേന്ദ്ര സര്‍വീസ് കുക്കികളുടെ പ്രാതിനിധ്യമാണ് കൂടുതലുള്ളത്.’
‘ഇംഫാലില്‍ ഒരു ഗ്രാമത്തില്‍ 3000 കുടുംബങ്ങളാണ് ഉള്ളതെങ്കില്‍ കുക്കി ഗ്രാമത്തില്‍ ഇതിൻ്റെ ഇരട്ടി കുടുംബങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ കുക്കി ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ആവശ്യമാണ്. മണിപ്പൂരില്‍ 90 ശതമാനവും പര്‍വ്വത മേഖലയാണ് എന്നുള്ളത് ശരിയാണ്. എന്നാല്‍ ഇതില്‍ 10 ശതമാനം മലകള്‍ മാത്രമേ വാസയോഗ്യമായുള്ളൂ. ബാക്കി പ്രദേശങ്ങള്‍ കൊടും കാടും ചെങ്കുത്തായ മലനിരകളുമാണ്. ഇവിടെ ജനവാസം സാധ്യമല്ല. ഈ 10 ശതമാനം പ്രദേശത്താണ് മയ്തേയികള്‍ ഭൂമി ആവശ്യപ്പെടുന്നത്. കുക്കി ജനസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കുക്കികളുടെ ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ ഭൂമി ആവശ്യമാണ്.’
‘ഒരു ഉദാഹരണം പറയുകയാണെങ്കില്‍ എന്തെങ്കിലും വികസന പ്രവര്‍ത്തനത്തിന് വേണ്ടി 550 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയാല്‍ അതില്‍ 50 കോടി മാത്രമേ പര്‍വ്വത പ്രദേശങ്ങള്‍ക്ക് ലഭിക്കൂ. ബാക്കിയെല്ലാം വിനിയോഗിക്കുക താഴ്‌വരയില്‍ ആണ്. അതുമാത്രമല്ല പര്‍വ്വത പ്രദേശങ്ങള്‍ക്ക് വികസനത്തിന്റെ ആനുകൂല്യം കിട്ടാന്‍ ജനപ്രതിനിധികളുടെ എണ്ണത്തിലും മാറ്റങ്ങള്‍ ഉണ്ടാവണം. പകുതി സീറ്റ് ഗോത്ര മേഖലയ്ക്ക്, പകുതി സീറ്റ് താഴ്‌വരയ്ക്ക്. ഇങ്ങനെ ഒരു നിയമം കൊണ്ടുവരണം.’
‘മയ്തേയികള്‍ക്കിടയിലും പര്‍വ്വത പ്രദേശങ്ങള്‍ക്കിടയിലും എത്രത്തോളം അന്തരമാണ് നിലനില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. അതുകൊണ്ട് തന്നെ കുക്കി പ്രദേശങ്ങള്‍ക്ക് സ്വയംഭരണം കൊടുക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് കൊടുക്കുന്ന പണം വികസനത്തിന് വേണ്ടി ഉപയോഗിക്കാം. കൂടാതെ കുക്കികള്‍ക്ക് അവരുടെ സ്ഥലത്ത് ജോലികിട്ടും. നിലവില്‍ കുക്കികള്‍ കേരളം, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയാണ്. സ്വയംഭരണം കിട്ടിയാല്‍ ഇവര്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുവരാം.’ വൈദികന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.’
ബിഷ്ണുപൂരിലെ കലക്ടറുടെ ഓഫീസിനോട് ചേര്‍ന്നുള്ള റിലീഫ് ക്യാമ്പിലേയ്ക്കാണ് ബിഷപ് ഹൗസില്‍ നിന്നും പോയത്. ചുരാചന്ദ്പൂരില്‍ നിന്നുള്ള ഗ്രാമീണരാണ് ക്യാമ്പിലുള്ളത്. അവിടെ വെച്ച് ഒരു മലയാളിയെ പരിചയപ്പെട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ അനീഷ് മുരളി. ബിസിനസുകാരനായ അനീഷിൻ്റെ മാതാപിതാക്കള്‍ക്ക് സീസിപൂരില്‍ സ്വന്തമായി സ്‌കൂള്‍ ഉണ്ടായിരുന്നു. അനീഷ് ജനിച്ചതും വളര്‍ന്നതും ഇവിടെത്തന്നെ. ഒരു മയ്തേയിയെ വിവാഹം കഴിച്ചതിനു ശേഷം കേരളത്തില്‍ സെറ്റിലായി. ബിസിനസ് ആവശ്യാര്‍ത്ഥം രണ്ടു വര്‍ഷമായി മണിപ്പൂരിലാണ് താമസം.
‘ഭാര്യയുടെ അച്ഛനെയും കൊണ്ട് ചെന്നൈയില്‍ ചികിത്സയില്‍ ആയിരുന്നു ഞാന്‍. അപ്പോഴാണ് കലാപത്തെ കുറിച്ച് അറിയുന്നത്. കലാപ വിവരങ്ങള്‍ അറിഞ്ഞ് ഭാര്യയുടെ അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം ചെന്നൈയില്‍ തന്നെ മറവുചെയ്യേണ്ടി വന്നു. ഞാന്‍ തിരിച്ചുപോന്നു. നേരെ ഈ ക്യാമ്പിലേയ്ക്കാണ് വന്നത്. സീസിപൂര്‍, സുഗുനു എന്നീ സ്ഥലങ്ങളില്‍ എനിക്ക് കടകള്‍ ഉണ്ട്. മൊബൈല്‍ പാര്‍ട്‌സ് മൊത്തമായും ചില്ലറയായും വില്‍ക്കുന്ന കടയാണ്. എൻ്റെ കടകള്‍ എല്ലാം കത്തിച്ചു. രണ്ട് ബൈക്കും കാറും വീടും കത്തിച്ചു. 80 ലക്ഷത്തിന്റെ നഷ്ടമാണ് എനിക്കുണ്ടായത്. ടെക് മൊബൈല്‍സ്, എംഎം മൊബൈല്‍സ് എന്നായിരുന്നു കടകളുടെ പേര്. ഇപ്പോ ഞാന്‍ വട്ടപ്പൂജ്യമായി. എൻ്റെ എല്ലാ നിക്ഷേപവും കടകളില്‍ ആയിരുന്നു.’
‘കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാരിൻ്റെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ആണ് ഇവിടെതന്നെ നില്‍ക്കുന്നത്. അല്ലെങ്കില്‍ നാട്ടില്‍പോയേനെ. ഭാര്യയ്ക്ക് സ്വന്തമായി ഒരു പലചരക്ക് കട ഉണ്ടായിരുന്നു. അതും കത്തിച്ചു. കലാപം തുടങ്ങിയ അന്ന് എന്തോ പ്രശ്‌നം നടക്കുന്നുണ്ട് എന്ന് മാത്രമേ അറിഞ്ഞുള്ളൂ. അത് കലാപമായി മാറുമെന്നു കരുതിയില്ല. അല്ലെങ്കില്‍ കടയില്‍ നിന്നും സാധനങ്ങള്‍ മാറ്റാമായിരുന്നു. വീട്ടില്‍ 7 ലക്ഷം രൂപ പണമായി ഉണ്ടായിരുന്നു. അതും കത്തിപ്പോയി. ഇപ്പോ ക്യാമ്പില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ഞങ്ങളെ സഹായിക്കണം.’ അനീഷ് പറഞ്ഞ് നിര്‍ത്തി.
അനീഷുമായുള്ള സംസാരത്തിന് ശേഷം കത്തിക്കിടക്കുന്ന ഗ്രാമങ്ങളുടെയും കുക്കികള്‍ ക്രൂരമായി മനുഷ്യരെ കൊല്ലുന്നതിൻ്റെയും ചില വീഡിയോകള്‍ കാണുകയുണ്ടായി. തല അറുത്തു വെച്ച മനുഷ്യര്‍, പച്ചയ്ക്ക് കത്തുന്നവര്‍, ഇറച്ചി കഷ്ണങ്ങള്‍ വെട്ടി നുറുക്കുന്നത് പോലെ കയ്യും കാലും തലയും ശരീരവും വെട്ടി നുറുക്കപ്പെട്ടവര്‍….. ഇന്നും ഉറക്കം കെടുത്തുന്ന ദൃശ്യങ്ങള്‍ ആണത്. ഈ വീഡിയോകളുടെ എല്ലാം വസ്തുത പിന്നീട് കാങ്‌പോക്പിയില്‍ വെച്ച് തമിഴ്നാട്ടുകാരനായ എസ്പിയോട് ചോദിക്കുകയുണ്ടായി. അതെല്ലാം സത്യമായ വീഡിയോകള്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. കലാപം നടക്കുന്ന അന്ന് ബിഷ്ണുപൂര്‍ എസ്പി ആയിരുന്ന അദ്ദേഹത്തെ രണ്ട് ദിവസത്തിനു ശേഷം കാങ്‌പോക്പിയിലേയ്ക്ക് മാറ്റുകയായിരുന്നു. മയ്തേയികളും ഇതുപോലെ ക്രൂരമായി തന്നെ കുക്കികളെ കൊന്നിട്ടുണ്ട്. ആകെയുള്ള വ്യത്യാസം കൊല്ലുന്നതിനു മുമ്പ് കുക്കികള്‍ വെള്ളം കൊടുക്കും, ക്ഷമാപണം നടത്തും എന്നുള്ളതാണ്.
ഈ ദൃശ്യങ്ങൾ ഹിംസാത്മകമായതിനാലും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതായതിനാലും ഞങ്ങൾ പൊതുമധ്യത്തിലേക്ക് വിടാൻ മടിക്കുകയാണ്. ഏതെങ്കിലും മാധ്യമങ്ങൾ ഈ ദൃശ്യങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ നിയമപരമായി ഈ ദൃശ്യങ്ങൾ കൈമാറാൻ ഞങ്ങൾ ഒരുക്കമാണ്.
ക്യാമ്പിലെ തന്നെ വിദ്യാര്‍ത്ഥിയായ ലക്ഷമര്‍ രാമ ചാനുവുമായാണ് പിന്നീട് സംസാരിച്ചത്. ചുരാചന്ദ്പൂരിലെ കുകാതാംപങ് ലെയ്‌കെയിലാണ് ചാനുവിൻ്റെ വീടുണ്ടായിരുന്നത്. ലെയ്‌കെ എന്നാല്‍ ഗ്രാമങ്ങള്‍ എന്നര്‍ത്ഥം. മണിപ്പൂരില്‍ ഓരോ ഗ്രാമങ്ങളും ലെയ്‌കെ എന്നാണ് അറിയപ്പെടുന്നത്. കൂടെ ഗ്രാമങ്ങളുടെ പേരും ഉണ്ടാവും. ആറാം സെമസ്റ്റര്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയാണ് ചാനു. മെയ് മൂന്നിന് രാത്രിയില്‍ വെടിയൊച്ചകള്‍ കേട്ടെന്നും തീഗോളങ്ങള്‍ ഉയരുന്നത് കണ്ടെന്നും ചാനു പറഞ്ഞു.
‘ഗ്രാമത്തില്‍ സുരക്ഷിതരല്ലെന്ന് മനസ്സിലാക്കി എല്ലാവരും മറ്റൊരു വീട്ടില്‍ ഒത്തുകൂടി. ഏകദേശം 10 മണി ആയിട്ടുണ്ടാകും. ഞങ്ങള്‍ താമസിച്ചിരുന്ന വീടിന് പുറത്തെ ഗേറ്റില്‍ നിന്നും കല്ലെറിയുന്നതിൻ്റെ ശബ്ദം കേള്‍ക്കാമായിരുന്നു. അവിടെ 25 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്‍മാരുണ്ടായിരുന്നു. അവരാണ് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിച്ചത്.’ ചാനു പറഞ്ഞു.
‘ശരിക്കും മലയോര പ്രദേശങ്ങളില്‍ ഞങ്ങള്‍ ന്യൂനപക്ഷമാണ്. ഞങ്ങള്‍ പണ്ട് മുതലെ ഇവിടെ താമസിക്കുന്നവരാണ്. പക്ഷേ പലപ്പോഴും ഞങ്ങള്‍ക്ക് കിട്ടേണ്ടത് ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെങ്കില്‍ പോലും പലപ്പോഴും അത് നിഷേധിക്കപ്പെട്ട അവസ്ഥയാണ്. ഞങ്ങളുടെ ജില്ലയില്‍ എന്തെങ്കിലും പ്രോഗ്രാമുകള്‍ നടത്തണമെങ്കില്‍ പോലും ഗ്രാമ മുഖ്യൻ്റെ അനുവാദം വേണം (കുക്കികളുടെത് ഗോത്രഗ്രാമം ആയതിനാല്‍ അവിടെ തീരുമാനങ്ങള്‍ എടുക്കുന്നത് ഗ്രാമമുഖ്യന്‍ ആണ്. അവസാന വാക്കും ഗ്രാമമുഖ്യൻ്റേത് തന്നെ. ഗ്രാമ മുഖ്യൻ്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വീട് വെക്കാനും കച്ചവടം ചെയ്യാനും മറ്റും സാധിക്കൂ). അനുവാദം നല്‍കിയാല്‍ തന്നെ അവര്‍ എപ്പോഴും സമയ പരിധി നിശ്ചയിച്ചിരുന്നു. ചില പ്രോഗ്രാമുകള്‍ക്ക് അവര്‍ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുമായിരുന്നു. ഇത്തരം പ്രശ്‌നങ്ങളുണ്ടായത് ഒരു തരത്തില്‍ നന്നായെന്ന് ഞാന്‍ പറയും. കാരണം അതുകൊണ്ടാണ് ഇതൊക്കെ പുറത്തറിയുന്നത്.’
‘കഴിഞ്ഞ നാല്, അഞ്ച് വര്‍ഷത്തിനിടയില്‍ മ്യാന്‍മാറില്‍ നിന്നും ഇവിടേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. ഞാന്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിനോടൊപ്പം ഞാന്‍ ബഥനി ക്രിസ്ത്യൻ കോളേജ് എന്ന സ്‌കുളില്‍ ജോലിക്ക് പോകാറുണ്ട്. അവിടെ ഭൂരിഭാഗം പേരും ബര്‍മക്കാരാണ്. അവരുടെ കുട്ടികള്‍ അവിടെ പഠിക്കുന്നു. മാതാപിതാക്കള്‍ അവിടെ തന്നെ പണിയെടുക്കുന്നു. ഞാന്‍ ഇത് പറയുന്നത് അവരോടുള്ള വെറുപ്പ് കൊണ്ടല്ല. അവര്‍ക്ക് ഇവിടെ താമസിക്കാം. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് അവരോട് മനുഷ്യത്വമുണ്ട്. ഞങ്ങള്‍ എല്ലാം ക്ഷമിക്കും. അവര്‍ ആദ്യം ഇവിടേക്ക് വന്നപ്പോള്‍ അവരുടെ വസ്ത്രധാരണം വളരെ വ്യത്യസ്തമായിരുന്നു. അവര്‍ അവരുടെ മുഖത്ത് ചന്ദനം പൂശുമായിരുന്നു. കച്ചവടത്തിന് പോലും അവര്‍ ശനിയാഴ്ചകളില്‍ മാത്രമാണ് എത്തിയിരുന്നത്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അവരും ചുരാചന്ദ്പുരിലെ മറ്റ് ആളുകളെ പോലെ വസ്ത്രം ധരിക്കാനും സംസാരിക്കാനും തുടങ്ങി.’
‘ഞാന്‍ ഒരു മയ്തേയി ആണെങ്കിലും കൂടുതലും ഇടപഴകാറുള്ളത് ആദിവാസികളോടാണ് (കുക്കികൾ). ഞാന്‍ ചെറുപ്പം മുതൽക്കേ പഠിച്ചതും അവരോടെപ്പമാണ്. ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ പലപ്പോഴും അവര്‍ക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങളെപറ്റി പറയുമായിരുന്നു. മയ്തേയിയെ ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഠനത്തിലായാലും ജോലിയിലായാലും അവര്‍ക്കും ഞങ്ങള്‍ക്കും തുല്യത വേണം. ഞങ്ങള്‍ തുല്യത ആവശ്യപ്പെട്ടതിനെതിരെയാണ് അവര്‍ പ്രതിഷേധിക്കുന്നത്.’
‘അവര്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. സമാധാന ചര്‍ച്ചകള്‍ നടക്കണം. ഒരു വിഭാഗം പ്രതികാരം ചെയ്യാന്‍ നോക്കുമ്പോള്‍ മറ്റ് വിഭാവും അതു തന്നെയാണ് ചെയ്യുന്നത്. എല്ലാത്തിനും രേഖാമൂലമുള്ള പ്രസ്താവനകള്‍ ആവശ്യമാണ്. ഞാന്‍ അനുഭവിച്ചതും എനിക്ക് മനസ്സിലായതുമായ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.’, ചാനു പറഞ്ഞവസാനിപ്പിച്ചു. ആദിവാസി ജനതയോടുള്ള, അവരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷം എത്രത്തോളം ആണെന്ന് ചാനുവിൻ്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. കുക്കികള്‍ ബര്‍മകള്‍ ആണെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
ഗോത്രങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം പോലെയുള്ള ആനുകൂല്യങ്ങളില്‍ മയ്തേയികള്‍ എത്രത്തോളം അസ്വസ്ഥരും പ്രകോപിതരും ആണെന്ന് മൊയ്‌റാങ് കോളേജിലെ ക്യാമ്പിലെ അന്തേവാസിയായ ധനയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ‘ഈ കുക്കികള്‍, അവരെ ആദിവാസികളെന്നു വിളിക്കാം. ഞങ്ങളാണ് മണിപ്പൂരികള്‍. ഞങ്ങളെ ഒരേ പദവിയില്‍ പരിഗണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ജനറല്‍ ആയി ഞങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചാല്‍ എനിക്ക് 80% മാര്‍ക്കും ഈ കുക്കികള്‍ക്ക് 39% മാര്‍ക്കും ലഭിച്ചാല്‍ പോലും ഞാന്‍ പുറത്താകും. അവര്‍ അകത്താകുകയും ചെയ്യും. കാരണം അവര്‍ക്ക് പ്രത്യേക പരിഗണന പല കാര്യത്തിലും ലഭിക്കുന്നുണ്ട്. അത് ശരിയല്ല. അതുകൊണ്ടാണ് ഞങ്ങള്‍ മണിപ്പൂരികള്‍, അവരെപ്പോലെ ഞങ്ങളെയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്. നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും തുല്യരായിരിക്കണം.’ ധന പറഞ്ഞു.
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ധനയും കുടുംബവും ചുരാചന്ദ്പൂരിലായിരുന്നു താമസിച്ചിരുന്നത്. തൻ്റെതടക്കം 16 ഗ്രാമങ്ങള്‍ കുക്കികള്‍ കത്തിച്ചതായി ധന പറഞ്ഞു. പൊലീസിന്റെ സഹായം തേടിയെങ്കിലും തീവെപ്പിൻ്റെ വിവരം അറിഞ്ഞ് എത്തിയ അസം റൈഫിള്‍സ് ആണ് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ കയ്യില്‍ ലൈസന്‍സുള്ള ചെറിയ ആയുധങ്ങള്‍ ആണ് ഉള്ളത്. കുക്കികളുടെ കയ്യില്‍ ആധുനിക തോക്കുകള്‍ ഉണ്ട്. അണ്ടര്‍ ഗ്രൗണ്ടുകള്‍ വഴി അവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ പരിമിതമായ സാഹചര്യത്തിലും ഞങ്ങള്‍ പോരാടി. എങ്ങനെയൊക്കെയോ ഞങ്ങള്‍ അവരെ ഭയപ്പെടുത്തി. ഒരു അപകടത്തില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ അസം റൈഫിള്‍സ് എത്തി. അവര്‍ ഞങ്ങളെ എല്ലാവരെയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അത് ഡിസി ഓഫീസ് പോലെയുള്ള ഒരു കോമ്പൗണ്ടായിരുന്നു. ആ സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍ സൈന്യങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ തികച്ചും സുരക്ഷിതരായിരുന്നു..’ ധന പറഞ്ഞു.
അസം റൈഫിള്‍സ് ആണ് നിങ്ങളെ രക്ഷപ്പെടുത്തിയത് എന്ന് പറഞ്ഞല്ലോ പിന്നെ എന്തുകൊണ്ടാണ് മണിപ്പൂരില്‍ നിന്നും അസം റൈഫിള്‍സിനെ പിന്‍വലിക്കണം എന്ന് മയ്തേയികള്‍ ആവശ്യപ്പെടുന്നതെന്ന എൻ്റെ ചോദ്യത്തിന് ധന ഉത്തരമൊന്നും തന്നില്ല. കുക്കി ഗ്രാമങ്ങള്‍ക്ക് അസം റൈഫിള്‍സിൻ്റെ കാവല്‍ ഉള്ളത് കൊണ്ടാണ് മയ്തേയികള്‍ക്ക് പല കുക്കി പ്രദേശങ്ങളിലേയ്ക്കും കയറിച്ചെല്ലാന്‍ കഴിയാതിരുന്നത് എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. അസം റൈഫിള്‍സിൻ്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് മലമുകളില്‍ കുക്കികള്‍ സുരക്ഷിതരായിരിക്കുന്നത്. അസം റൈഫിള്‍സിനെ പിന്‍വലിച്ചാല്‍ മയ്തേയികള്‍ കുക്കി പ്രദേശങ്ങള്‍ കയ്യടക്കും. അതിനുവേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ മയ്തേയികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.
ഗോവയില്‍ ജോലി ചെയ്യുന്ന കിരണ്‍ അവധി ആഘോഷിക്കാനാണ് നാട്ടിലേയ്ക്ക് വന്നത്. കലാപത്തില്‍ ഐഡി കാര്‍ഡുകളും മറ്റു രേഖകളും നഷ്ടപ്പെട്ടതിനാല്‍ തിരിച്ചു പോകാന്‍ കഴിയാതെ ക്യാമ്പില്‍ കഴിയുകയാണ്. ‘ഞങ്ങളുടെ കൈവശം ഒരു തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല. ആരെയെങ്കിലും ചികിത്സിക്കുന്നതിനായി ഗുവാഹത്തിയിലേക്ക് പോകുന്നതിനോ, ഫ്‌ളൈറ്റ് ബുക്ക് ചെയ്യാനോ ഐഡന്റിറ്റി കാര്‍ഡ് കാണിക്കേണ്ടതുണ്ട്. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ ഇല്ല. ചില രഹസ്യരീതികളിലൂടെ ഐഡി കാര്‍ഡ് സംഘടിപ്പിക്കാം. എന്നാല്‍ അത് എങ്ങനെയാണെന് എനിക്കറിയില്ല.’, കിരണ്‍ പറഞ്ഞു.
ചുരാചന്ദ്പൂരിന് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ തങ്ങള്‍ കത്തിച്ചെന്ന് ടി എച്ച് ജോണി എന്ന് പേരുള്ള ഒരു മയ്തേയി പറഞ്ഞു. ‘കുക്കികളുടെ സമാധാന റാലിക്ക് ശേഷം ഞങ്ങള്‍ അവരുടെ (കുക്കികൾ) ആഗ്ലോ-കുക്കി യുദ്ധ കവാടത്തിന് തീയിട്ടെന്ന് അവര്‍ പറഞ്ഞു. ഇതിനെതിരെയുള്ള പ്രതികരണം എന്ന നിലയ്ക്കാണ് അവരുടെ ഗ്രാമങ്ങള്‍ ഞങ്ങള്‍ കത്തിച്ചത്.’
‘കലാപം ആരംഭിച്ചതോടെ ഇതിനെതിരെ ഗ്രാമങ്ങളില്‍ നിന്നും സ്വമേധയാ ഒരു പ്രതിരോധ സംഘം ഉയര്‍ന്നു വന്നിരുന്നു. അത്ര ആയുധങ്ങളും ആള്‍ബലവും പരിശീലനവുമില്ലാത്ത സംഘമായിട്ട് കൂടി ഞങ്ങള്‍ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. ഞങ്ങള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും വെടിവെയ്പ്പ് ഉണ്ടായി.’ ജോണി പറഞ്ഞു.
മൊയ്‌റാങ് കോളേജിലെ പലരുമായും സംസാരിച്ചതില്‍ നിന്നും മുകളില്‍ പറഞ്ഞിരിക്കുന്ന വേര്‍ഷന്‍സ് അല്ലാതെ മറ്റൊന്നും കിട്ടിയല്ല. ഇതില്‍ സൈന എന്ന സ്ത്രീ കലാപത്തിനിടെ കുക്കി പുരുഷന്മാര്‍ മയ്തേയി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന് പറയുകയുണ്ടായി. ചുരാചന്ദ്പൂരിലെ ഒരു നഴ്‌സിനെ കുക്കികള്‍ ബലാത്സംഗം ചെയ്‌തെന്നും ഒരുപാട് സ്ത്രീകള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും ഒരുപാട് സ്ത്രീകളെ കാണാതായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇംഫാലില്‍ ജോലി ചെയ്തിരുന്ന കര്‍ഷകര്‍, തടിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ തുടങ്ങിയവരെയൊക്കെ കാണാതായന്നും അവര്‍ പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബങ്ങളെ, കാണാതായവരുടെ കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ പല ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല’ എന്നാണ് പറഞ്ഞത്. ഇതിനൊന്നും ഞങ്ങളുടെ കയ്യില്‍ തെളിവുകളില്ലെന്നും അവര്‍ പറഞ്ഞു.
മയ്തേയി ഭൂരിപക്ഷ പ്രദേശമായ ഇംഫാലില്‍ നിന്നും മയ്തേയി സ്ത്രീകളെ കാണാതെപോയിട്ടുണ്ട് എന്ന സൈനയുടെ പറച്ചില്‍ അത്ര വിശ്വസനീയം അല്ലായിരുന്നു. മയ്തേയികളുടെ കണ്ണ് വെട്ടിച്ച് ഇംഫാലില്‍ ഒന്നും നടക്കില്ല. മയ്തേയികള്‍ പൊതുവേ കഥകള്‍ മെനയാന്‍ മിടുക്കര്‍ ആണെന്ന് കേട്ടിട്ടുണ്ട്. അസം റൈഫിള്‍സിന് കുക്കി സ്ത്രീകളെ നല്‍കുന്നു എന്ന കഥപോലെ ഇതും കഥകള്‍ മാത്രമാകുമോ എന്ന് വെറുതെ ഊഹിച്ചു.
വൈകുന്നേരം അഞ്ച് മണിയോടെ മൊയ്‌റാങ്ങില്‍ നിന്നും ഇറങ്ങി. രണ്ട് മണിക്കൂര്‍ ദൂരമുണ്ട് ഹോട്ടലിലേയ്ക്ക്. ബിഷ്ണുപൂരില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ പ്രാദേശിക ഹോട്ടലിലാണ് കയറിയത്. ചോറും കറികളും. എന്തൊക്കെയോ ഇലകള്‍ കൂട്ടിയിട്ടുവെച്ച കറികള്‍. എൻ്റെ രുചി വിപരീതം ആയതിനാല്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിര്‍ത്തി. ഇനി താമസിക്കുന്ന ഹോട്ടലില്‍ എത്തിയാലേ ഭക്ഷണം കഴിക്കാന്‍ പറ്റൂ. അതും ശോകം ആണ്. എരിവും പുളിയും ധാരാളം ഇഷ്ടമുള്ള എനിക്ക് മണിപ്പൂരിലെ ഭക്ഷണങ്ങള്‍ കീറാമുട്ടിതന്നെ ആയിരുന്നു.
മൊയ്‌റാങില്‍ നിന്നും ഇംഫാലിലേയ്ക്കുള്ള വഴികള്‍ ഭയങ്കര രസമുള്ളതാണ്. നടുവില്‍ റോഡ്, ചുറ്റിനും മലകള്‍, മലകള്‍ക്ക് താഴെ വയലുകള്‍. ശാന്തമായ പ്രകൃതി. പ്രകൃതിയുടെ ഈ ശാന്തത പക്ഷേ മണിപ്പൂരിനില്ല. അത് ആസ്വദിക്കാനുള്ള മാനസികനിലയിലല്ല അപ്പോള്‍ ഞാനുമുണ്ടായിരുന്നതും.
FAQs
എന്താണ് സംഘ പരിവാർ?
രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ (ആർഎസ്എസ്) പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്.
ഐസോൾ എവിടെയാണ്?
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നായ മിസോറമിൻ്റെ തലസ്ഥാനമാണ് ഐസോൾ. മിസോറമിലെ ഏറ്റവും വലിയ നഗരം കൂടിയാണ് ഐസോൾ. ഈ നഗരത്തിലേക്ക് ഷില്ലോങ്ങ്, ഗോഹാട്ടി, സിൽച്ചർ എന്നി നഗരങ്ങളിലിനിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. കൂടാതെ ഐസോളിലേക്ക് കൊൽക്കത്ത, ഗോഹാട്ടി എന്നിവിടങ്ങളിൽ നിന്നും വിമാന സർവ്വീസുമുണ്ട്.
എന്താണ് മ്യാൻമാർ?
തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ. ബ്രിട്ടീഷ് കോളനിയായിരുന്ന യൂണിയൻ ഓഫ് ‘ബർമ്മ’ യ്ക്ക് 1948 ജനുവരി 4 ന് ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. 1974 ലിൽ രാജ്യത്തിൻ്റെ പേര് ‘സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ’എന്ന് മാറ്റി.
എവിടെയാണ് ചുരാചന്ദ്പൂർ ജില്ല?
ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലെ 16 ജില്ലകളിൽ ഒന്നാണ് ചുരാചന്ദ്പൂർ. മണിപ്പൂരിലെ രാജാവായിരുന്ന ചുരാചന്ദ് സിംഗിൻ്റെ പേരിൽ നിന്നുമാണ് ചുരാചന്ദ്പൂർ എന്ന് പേര് ലഭിച്ചത്.
Quotes
എല്ലാ കാര്യത്തിലും തങ്ങൾ തുല്യരാണെന്ന ചിന്തയിൽ നിന്നാണ് ജനാധ്യപത്യത്തിൻ്റെ ഉദയം – അരിസ്റ്റോട്ടിൽ