Wed. Dec 18th, 2024
manipur violence

ഗവര്‍ണറുടെ വസതിയിലേയ്ക്കുള്ള റോഡില്‍ നിരന്നുനിന്ന മയ്‌തേയി വനിതകള്‍ക്ക് 4000 രൂപ വീതം നല്‍കിയാണ് ബിരേൻ ഈ രാഷ്ട്രീയ നാടകം തയ്യാറാക്കിയത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. രാജിക്കത്തുമായി നീങ്ങുമ്പോള്‍ ബിരേനെ തടയാനും കത്ത് വലിച്ചുകീറാനും കൂലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

2023 ജൂലൈ 19

സൂര്യന്‍ മണിപ്പൂരില്‍ നേരത്തെ എത്തും. രണ്ട് കര്‍ട്ടനുകളെയും വകഞ്ഞുമാറ്റി തെളിഞ്ഞ വെളിച്ചം കണ്ണിലേയ്ക്ക് കുത്തനെയാണ് അടിച്ചുകയറിയത്. എട്ട് മണിയെങ്കിലും ആയിക്കാണും എന്ന ചിന്തയിലാണ് ചാടി എണീറ്റത്. മൊബൈലില്‍ നോക്കിയപ്പോള്‍ ആറ് മണി. ഉറക്കച്ചടവില്‍ കുറച്ചുനേരം അങ്ങനെതന്നെ ബെഡില്‍ ഇരുന്നു. അപ്പോഴേക്കും സദാശിവന്‍ ചേട്ടന്‍റെ ഫോണ്‍ വന്നു. ‘ഇന്ന് കര്‍ഫ്യൂ ആണ്. അതുകൊണ്ട് റാലിയൊന്നും നടക്കില്ല. ഇംഫാല്‍ മൊത്തത്തില്‍ ബന്ധവസ്ഥാണ്.’ റാലിയില്‍ നിന്നും മണിപ്പൂര്‍ ഡയറി ആരംഭിക്കാമെന്ന കണക്കുകൂട്ടല്‍ അവിടെ തെറ്റി. എവിടെയൊക്കെ പോകണമെന്ന പ്ലാന്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയവും റൂമില്‍ തന്നെ കഴിച്ചുകൂട്ടി. 

ജോണ്‍ സാര്‍ തലേ ദിവസം തന്ന കുറച്ച് ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചു. ഇംഫാലില്‍ നിന്നും ഇറങ്ങുന്ന പത്രങ്ങള്‍ ആയതിനാല്‍ത്തന്നെ മയ്തേയികളെ വെളുപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് എല്ലാ പേജുകളിലും. ഇടയ്ക്ക് പുറത്തിറങ്ങി വിജനമായ തെരുവിലൂടെ കുറച്ച് ദൂരം നടന്നു. ചില ഗലികള്‍ക്കുള്ളില്‍ കയറി ആളുകളുമായി സംസാരിച്ചു. തെരുവുകള്‍ ശൂന്യം. മണിപ്പൂരി പോലീസും സൈനികരും അവരുടെ വാഹനങ്ങളും തെരുവുമൂലകള്‍ കയ്യടക്കിയിരിക്കുന്നു. ആളുകള്‍ അങ്ങിങ്ങായി ചിതറി നടപ്പുണ്ട്. കുട്ടികള്‍ തെരുവുകളില്‍ കളിക്കുന്നു. സ്ത്രീകള്‍ വണ്ടികള്‍ തടഞ്ഞു പരിശോധനകള്‍ നടത്തുന്നു.

മെയ് മാസം മൂന്നാം തീയതി, ചുരാചന്ദ്പൂരിലെ തെരുവുകള്‍ കുക്കിസോമി, നാഗ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. മയ്തേയികള്‍ക്ക് ഗോത്ര പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ട്രൈബല്‍സ് സ്റ്റുഡന്‍റ് സ് യൂണിയന്‍ സംഘടിപ്പിക്കുന്ന പ്രതിഷേധമാണ്.  തെരുവുകള്‍ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്‍റെ ഗോത്ര വിരുദ്ധ നിലപാടുകള്‍ക്കെതിരെയും കുക്കി, നാഗ വിദ്യാര്‍ത്ഥികളും ജനങ്ങളും തങ്ങളാല്‍ ആവുന്ന വിധം മുദ്രാവാക്യം വിളിച്ച് തെരുവുകളിലൂടെ നീങ്ങികൊണ്ടിരിക്കുകയാണ്. 

നേരം ഇരുട്ടി തുടങ്ങി. പ്രതിഷേധം അവസാനിപ്പിച്ച് പലരും വീടുകളിലേക്ക് മടങ്ങി. നൂറുകണക്കിന് കുക്കികളും നാഗകളും റോഡിന്‍റെ ഇരുവശത്തുമായി ഇരുന്ന് ക്ഷീണം അകറ്റുന്നു. ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ നിന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. തോക്കുകളും ബോംബും ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക്  പ്രഹരിക്കാന്‍ തുടങ്ങി. 

തോക്കുമേന്തി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത കുക്കികളും പ്രത്യാക്രമണം നടത്തി. റാലിയില്‍ ഉണ്ടായിരുന്ന കുക്കികളെയും സോമികളെയും തിരഞ്ഞ് പിടിച്ചാണ് മയ്തേയികള്‍ ആക്രമിക്കുന്നത്. നാഗകള്‍ക്ക് നേരെ ഒരു കല്ല് പോലും പതിച്ചില്ല. അത് വേറൊരു രാഷ്ട്രീയക്കളിയാണ്. സമാധാനത്തോടെ പ്രതിഷേധിച്ച് പിരിഞ്ഞുപോകാന്‍ തീരുമാനിച്ച തങ്ങള്‍ക്ക് നേരെ ആസൂത്രിതമായാണ് മയ്തേയികൾ  ആക്രമണം അഴിച്ചുവിട്ടത് എന്നാണ് കുക്കികള്‍ പറയുന്നത്.

കൂടാതെ തങ്ങള്‍ രാഷ്ട്രീയ പ്രാധാന്യത്തോടെ, അഭിമാനമായി കാണുന്ന ആംഗ്ലോ – കുക്കി യുദ്ധ കവാടത്തിന് മയ്തേയികള്‍ തീയിട്ടതായും കുക്കികള്‍ ആരോപിക്കുന്നു. സമാധാനറാലി പൂര്‍ത്തിയായ വൈകീട്ട് പ്രകോപനം ഒന്നുമില്ലാതെ മയ്തേയി പ്രദേശങ്ങള്‍ കുക്കികള്‍ ആക്രമിക്കാന്‍ തുടങ്ങി എന്നുമാണ് മയ്തേയികള്‍ പറയുന്നത്. 

Anglo Kuki War Gate
ആംഗ്ലോ – കുക്കി യുദ്ധ സ്മാരക കവാടം Copyright@Woke Malayalam

ഒന്നാം ഘട്ട കലാപം തുടങ്ങിവെച്ചത് ഏതു വിഭാഗക്കാരാണ് എന്നതില്‍ വ്യക്തത ഇതുവരെ ആര്‍ക്കുമില്ല. എന്‍റെ അന്വേഷണത്തിലും മനസ്സിലാക്കാന്‍ പ്രയാസകരമായിരുന്നു. മണിപ്പൂരിന് പുറത്തുനിന്നുള്ള കളക്ടര്‍ (പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു), പോലീസ് മേധാവികള്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ഇതുതന്നെയാണ് പറയുന്നത്. എന്നാല്‍ മെയ് 27-ന് ആരംഭിച്ച കലാപത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത് കുക്കികളാണെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണത്തിലെത്തിയത് മുതല്‍ മണിപ്പൂര്‍ അശാന്തമാണ്. മയ്‌തേയി വിഭാഗക്കാരനായ ബിരേന്‍ കറകളഞ്ഞ കുക്കി വിരോധിയാണ്. നിരവധി ഗോത്രങ്ങള്‍ കൂടിച്ചേര്‍ന്ന കുക്കികള്‍ക്കെതിരെ നിരന്തരം വെറുപ്പിന്‍റെ രാഷ്ട്രീയം പടച്ചുവിട്ടാണ് ബിരേന്‍ ഭിന്നത ആരംഭിച്ചത്. 

കുക്കികളും നാഗകളും അധിവസിക്കുന്ന പര്‍വ്വത പ്രദേശങ്ങളിലേയ്ക്ക് മയ്തേയികള്‍ക്ക് കടന്നുചെല്ലാനുള്ള വഴികള്‍ ബിരേന്‍ എപ്പോഴും ഒരുക്കികൊണ്ടിരുന്നു. സര്‍ക്കാര്‍ ഭരണത്തോടൊപ്പം തന്നെ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളും സമാന്തരമായി ഭരണം നടത്തുന്ന മണിപ്പൂരില്‍, പ്രബലരായ ആരാംബായ് തെംഗോലിന്‍റെ പ്രധാന പ്രവര്‍ത്തകനും സപ്പോര്‍ട്ടറും കൂടിയാണ് ബിരേന്‍ സിംഗ്. 

ഭരണത്തിലിരിക്കുന്ന പല എംഎല്‍എമാരും ആരാംബായിയുടെ പ്രധാന ചുമതലകള്‍ വഹിക്കുന്നവരുമാണ്. കറുപ്പ് വസ്ത്രം ധരിക്കുന്ന ആയുധമേന്തിയ ഈ ആരാംബായ് തെംഗോല്‍ എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് കുക്കി – സോമി ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കലാപം നയിക്കുന്നതില്‍ പ്രധാനി. 

മറ്റൊന്ന് മയ്തേയി യുവ സംഘടനയായ ‘മയ്തേയ് ലീപുന്‍’ ആണ്. വെള്ള വസ്ത്രക്കാരായ യുവാക്കളുടെ സംഘടന ഗോത്ര ജനതയോട് വിദ്വേഷവും വെറുപ്പും പുലര്‍ത്തുന്നവരാണ്. അത് മണിപ്പൂര്‍ യാത്രയില്‍ എനിക്ക് ബോധ്യപ്പെട്ടതുമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അടക്കം ഈ വെറുപ്പിന്‍റെ  രാഷ്ട്രീയം സംവേദനം ചെയ്യാന്‍ ‘മയ്തേയ് ലീപുന്‍’ എന്ന സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. 

മറ്റൊരു സംഘടന വനിതകളുടെ സംഘടനയായ മയ്ര പൈബിസ് (ടോര്‍ച്ചേന്തിയ വനിതകള്‍) ആണ്. വളരെ ചരിത്ര പ്രാധാന്യമുള്ള പോരാട്ടം നയിച്ച ഈ സംഘടനയുടെ രാഷ്ട്രീയ പ്രാധാന്യത്തെ റദ്ദുചെയ്യുന്ന അങ്ങേയറ്റം ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് മണിപ്പൂരില്‍ കാണാന്‍ കഴിയുക. അസം റൈഫിള്‍സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ തങ്ജം മനോരമയ്ക്ക് വേണ്ടിയും, അഫ്സ്പ എന്ന കരിനിയമത്തിനെതിരെയുള്ള പോരാട്ടങ്ങളും നയിച്ച സംഘടനയാണ് മയ്ര പൈബിസ്.

മനോരമയുടെ കൊലപാതകത്തിന് ശേഷം അസം റൈഫിള്‍സിന്‍റെ ആസ്ഥാനമായിരുന്ന കംഗ്ലയ്ക്ക് മുമ്പില്‍ 12 അമ്മമാര്‍ വിവസ്ത്രരായി ‘ഞങ്ങളെ ബലാത്സംഗം ചെയ്യൂ’ എന്നെഴുതിയ ബാനറുമായി പ്രതിഷേധിച്ചു. ഈ പ്രതിഷേധം ലോക ശ്രദ്ധ പിടിച്ചുപറ്റി. കംഗ്ല കോട്ടയില്‍ നിന്ന് അസം റൈഫിള്‍സിനെ പുറത്താക്കുന്നതിനും സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഫ്സ്പയിൽ ഇളവുകൾ വരുത്താൻ ഇന്ത്യന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയതിലും നിര്‍ണായക പങ്കാണ് ഈ പ്രതിഷേധം വഹിച്ചത്. ഈ ചരിത്ര പ്രാധാന്യത്തിനുമുകളില്‍ നാണക്കേടിന്‍റെ നിഴല്‍ ചാര്‍ത്തിയിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍. 

മണിപ്പൂരിന്‍റെ പൊതുമണ്ഡലത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരുഷന്മാരെ നിര്‍ബന്ധിതമായി കൂലി നല്‍കാതെ തൊഴില്‍ എടുപ്പിക്കുന്നതിനെതിരെ പോരാടി വിജയം കൈവരിച്ച സ്ത്രീകളാണിവര്‍. മണിപ്പൂരില്‍ നിന്നും പുറത്തെ കച്ചവടക്കാര്‍ക്ക് വ്യാപകമായി അരി വിറ്റിരുന്ന ബ്രിട്ടിഷുകാരുടെ പ്രവൃത്തി മണിപ്പൂരില്‍ കടുത്ത ക്ഷാമമുണ്ടാക്കി. ഇതിനെതിരെ സ്ത്രീകള്‍ സായുധരായി രംഗത്തിറങ്ങി. ഒടുവില്‍ തങ്ങളുടെ നയങ്ങള്‍ തിരുത്താന്‍ ബ്രിട്ടിഷുകാര്‍ക്ക് നിര്‍ബന്ധിതരാവേണ്ടി വന്നു. നൂപി ലാന്‍ (സ്ത്രീ യുദ്ധം) എന്ന പേരിലാണ് ഈ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. മണിപ്പൂരി സ്ത്രീകളുടെ ആര്‍ജവത്തിന്‍റെയും തന്റേടത്തിന്‍റെയും പ്രതീകമായി നൂപി ലാന്‍ സ്മാരകം ഇപ്പോഴും ഇംഫാലില്‍ തലയെടുപ്പോടെ നിലകൊള്ളുന്നു. ഈ ചരിത്ര പശ്ചാത്തലത്തെ റദ്ദു ചെയ്യുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ മയ്തേയി സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇവരാണ് കള്ളക്കഥകള്‍ പടച്ചുവിട്ട് കുക്കികള്‍ക്കെതിരെയുള്ള വംശഹത്യയില്‍ നേരിട്ട് പങ്കുവഹിക്കുന്നത്. കുക്കി – സോമി സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹോസ്റ്റലുകളും വാടക വീടുകളും തേടിപ്പിടിച്ച് പുരുഷന്മാര്‍ക്ക് കാണിച്ചു കൊടുക്കുന്നതും ഈ മയ്ര  പൈബിസുകളാണ്. ബിരേന്‍ സിംഗിന്‍റെ രാജിവെക്കല്‍ രാഷ്ട്രീയ നാടകത്തിനുപിന്നില്‍ കൂലി പടയാളികളായി പ്രവര്‍ത്തിച്ചതും മയ്ര പൈബിസുകള്‍ തന്നെ.

ഗവര്‍ണറുടെ വസതിയിലേയ്ക്കുള്ള റോഡില്‍ നിരന്നുനിന്ന മയ്‌തേയി വനിതകള്‍ക്ക് 4000 രൂപ വീതം നല്‍കിയാണ് ബിരേൻ ഈ രാഷ്ട്രീയ നാടകം തയ്യാറാക്കിയത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. രാജിക്കത്തുമായി നീങ്ങുമ്പോള്‍ ബിരേനെ തടയാനും കത്ത് വലിച്ചുകീറാനും കൂലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

കുക്കികള്‍ മയക്കുമരുന്ന് തീവ്രവാദികള്‍ ആണെന്നാണ് മയ്‌തേയികള്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങളില്‍ ഒന്ന്.  ഈ വാദം തന്നെയാണ് ബിരേന്‍ സിംഗിനുമുള്ളത്. കുക്കികള്‍ പോപ്പി കര്‍ഷകര്‍ ആണെന്നാണ് ബിരേന്‍ പറയുന്നത്. കുക്കികള്‍ വനത്തില്‍ പോപ്പി കൃഷി ചെയ്യുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ അവര്‍ വെറും കൂലിയ്ക്ക് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ആണ്. 

ആദ്യം പോപ്പിയായും പിന്നീട് ബ്രൗണ്‍ ഷുഗറായും കൊക്കൈനായുമൊക്കെ മാര്‍ക്കറ്റില്‍ എത്തുന്ന മയക്കുമരുന്നിന്‍റെ കച്ചവടം യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് മയ്തേയികൾ ഉൾപ്പെടെയുള്ള സമ്പന്ന വിഭാഗങ്ങളാണ്. ഈ സത്യത്തെ നുണകള്‍ കൊണ്ട് മൂടിവെച്ചാണ് ബിരേനും മയ്‌തേയികളും കുക്കി – സോമി ഗോത്രക്കാര്‍ മയക്കുമരുന്ന് കര്‍ഷകര്‍ ആണെന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത്. ഈ പോപ്പി കൃഷിയുടെ പേര് പറഞ്ഞാണ് വനമേഖലയില്‍ നിന്നും കുക്കികളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതും. 

മണിപ്പൂരില്‍ കലാപം ഉണ്ടാക്കിയത് മ്യാന്മാര്‍ കുക്കികള്‍ ആണെന്നാണ് ബിജെപി സര്‍ക്കാരിന്‍റെയും മയ്‌തേയികളുടെയും മറ്റൊരു വാദം. മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലേയ്ക്ക് മ്യാന്മാര്‍ കുക്കികള്‍ വ്യാപകമായി അനധികൃത കുടിയേറ്റം നടത്തുന്നുണ്ടെന്നും അവരാണ് കലാപത്തിനു തുടക്കമിട്ടതെന്നും മയ്‌തേയികള്‍ വാദിക്കുന്നു. 

ഏകദേശം 1500 കിലോമീറ്ററുകളോളം അതിര്‍ത്തിയുള്ള മണിപ്പൂരിലേയ്ക്ക് ബംഗ്ലാദേശ്, മ്യാന്മാര്‍ അടക്കമുള്ള ഇതര രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ എത്തുന്നുണ്ട് എന്നതില്‍ വാസ്തവമുണ്ട്. എന്നാല്‍ കുക്കികള്‍ മാത്രമല്ല ഇങ്ങനെ എത്തുന്നത്. മയ്‌തേയികളും നാഗകളും പലായനം ചെയ്ത് മണിപ്പൂരില്‍ എത്തുന്നുണ്ട്. ഈ അനധികൃത കുടിയേറ്റം തടയാന്‍ ആത്മാർത്ഥവും ഫലപ്രദവുമായ നിയമനടപടികൾ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണ് സ്വീകരിക്കേണ്ടത്.

imphal
മണിപ്പൂര്‍ താഴ്വാരം (ഇംഫാല്‍ ) Copyright@Woke Malayalam

കുക്കി ഗ്രാമങ്ങളില്‍ നിന്നു അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം ബിരേന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കുക്കി-സോമി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് കുടിയൊഴിപ്പിക്കലിന്‍റെ ആദ്യ പടി ആരംഭിച്ചത്. ഇതിനിടെ കുക്കി നാഷണല്‍ ആര്‍മി, സോമി നാഷണല്‍ ആര്‍മി എന്നിവരുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ പിന്‍ലിക്കാന്‍ നിയമസഭ തീരുമാനിച്ചു. സമാന്തരമായി മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് തീവ്ര മയ്‌തേയി സംഘടനകളും ആവശ്യപ്പെട്ടു.

കുക്കി കുടിയേറ്റം മൂലം താഴ്‌വരകള്‍ (താഴ്‌വര എന്ന് സൂചിപ്പിക്കുന്നത് ഇംഫാലിനെയാണ്) മയ്‌തേയികള്‍ക്ക് നഷ്ടപ്പെടും എന്ന വാദമാണ് മയ്‌തേയികള്‍ ഉന്നയിക്കുന്നത്. ഇതില്‍ നിന്ന് വ്യക്തമാണ് ബിരേന്‍ സര്‍ക്കാരും മയ്‌തേയികളും ലക്ഷ്യം വെക്കുന്നത് എന്താണെന്ന്. 

താഴ്‌വരയില്‍ കുക്കികള്‍ താമസമാക്കാനുള്ള പ്രധാന കാരണം വികസനമാണ്. ജനസംഖ്യയില്‍ പ്രബലരായ മയ്‌തേയികള്‍ക്കാണ് (ആകെ ജനസംഖ്യയായ 30 ലക്ഷത്തില്‍ 53 ശതമാനം) വികസനത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. 60 എംഎല്‍എമാരുള്ള ബിരേന്‍ സര്‍ക്കാരില്‍ 40 പേര്‍ മയ്‌തേയികള്‍ ആണ്. 10 പേര്‍ കുക്കികളും 10 പേര്‍ നാഗകളും. മണിപ്പൂരിലെ കുക്കി ജനസംഖ്യ 16 ശതമാനമാണ്. നാഗകള്‍ 24 ശതമാനമുണ്ട്. 60 ശതമാനം കേന്ദ്ര സഹായത്തെ ആശ്രയിക്കുന്ന സംസ്ഥാന സര്‍ക്കാരിലേയ്ക്ക് എത്തുന്ന ഫണ്ടിന്‍റെ  90 ശതമാനവും വിനിയോഗിക്കുന്നത് താഴ്‌വരയിലാണ്. പര്‍വ്വത പ്രദേശങ്ങളിലേയ്ക്ക് ഫണ്ടുകള്‍ ലഭ്യമാക്കിയാല്‍ ആയി.  

വികസനത്തില്‍ കേരളത്തിന്‍റെ മുപ്പത് നാല്പത് കൊല്ലം പിറകിലുള്ള മണിപ്പൂരില്‍ ‘വികസനം’ ആകെ നടന്നിട്ടുള്ള പ്രദേശം ഇംഫാല്‍ ജില്ലയാണ്. പഠിക്കാനും ജോലി ചെയ്യാനും ആശുപത്രി സേവനങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബിസിനസ് ആവശ്യത്തിനും കുക്കികള്‍ താഴ്‌വരയെ അല്ലാതെ പിന്നെ എവിടെയാണ് ആശ്രയിക്കുക!

കോളേജുകളും സര്‍വകലാശാലകളും മികച്ച ആശുപത്രികളും നിക്ഷേപ സാധ്യതയും തൊഴില്‍ മേഖലകളും എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് താഴ്വരയിലാണ്. ഇതിന്‍റെയൊക്കെ ഭൂരിഭാഗം ഉപയോക്താക്കള്‍ മയ്‌തേയികളുമാണ്. പോലീസ് സേന അടക്കമുള്ള സര്‍ക്കാര്‍ സര്‍വീസുകളില്‍ എല്ലാം മയ്‌തേയികളാണ്. ഈ അന്തരം നിലനില്‍ക്കെയാണ് താഴ്‌വരയും പിടിച്ചെടുക്കാന്‍ എത്തിയവരാണ് കുക്കികള്‍ എന്ന് മയ്‌തേയികള്‍ നിരന്തരം ആരോപിക്കുന്നത്. കുക്കികളുടെ ബാഹുല്യം മൂലം താഴ്‌വരയില്‍ തങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നില്ലെന്നും അതുകൊണ്ട് പര്‍വ്വത മേഖലകളില്‍ കൂടി തങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നുമാണ് മയ്‌തേയികള്‍ ആവശ്യപ്പെടുന്നത്.

മയ്‌തേയികള്‍ക്ക് മലയോര മേഖലകളില്‍ ഭൂമി വാങ്ങാന്‍ വേണ്ടിയാണ് ലാന്‍ഡ് റവന്യൂ, ലാന്‍ഡ് റിഫോം ആക്റ്റ്-1960 എന്നിവ ഭേഗഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഇതിന്‍റെയൊക്കെ ബാക്കിപത്രമാണ് മയ്‌തേയികള്‍ ഗോത്ര പദവി ആവശ്യപ്പെട്ട് ഹൈക്കോടതി കയറിയതും. 

കുക്കി – സോമി ജനവാസ മേഖലകള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, സംരക്ഷിത വനം, തണ്ണീര്‍ത്തട പ്രദേശം തുടങ്ങിയ മേഖലകളില്‍ ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിന് ശേഷമാണ് ചുരാചന്ദ്പൂരിലെ കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഗോത്ര മേഖലകളില്‍ അധികാരമുള്ള ജില്ലാ കൗണ്‍സിലുകളോട് കൂടിയാലോചിക്കാതെയാണ് ബിരേന്‍ ഇങ്ങനെ ഒരു നടപടിയിലേയ്ക്ക് കടന്നത്. ഇന്ന് ഉത്തരേന്ത്യയില്‍ കുപ്രസിദ്ധി ആര്‍ജിച്ച ബുള്‍ഡോസര്‍ ഉന്മൂലന രീതിയാണ് ബിജെപി ഇവിടെയും പ്രയോഗിച്ചത്.

ഫെബ്രുവരി 20 ന് ചുരാചന്ദ്പൂരിലെ കെ സെങ്ങ്‌ജോങ്ങിലേയ്ക്ക് ബുള്‍ഡോസറുമായി എത്തിയ ബിരേന്‍ സിംഗിന്‍റെ പോലീസും വനം വകുപ്പും 16 കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്നും ബലമായി കുടിയൊഴിപ്പിച്ചു. വീടുകള്‍ തകര്‍ത്തു. ഇവരുടെ ആരാധാനാലമായ പള്ളിയും തകര്‍ത്തു.

ഈ നടപടി കുക്കികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് മാര്‍ച്ച് പത്തിന് കുക്കി പ്രദേശങ്ങളില്‍ പ്രതിഷേധ പരിപാടികളും അരങ്ങേറി. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അല്ല കുടിയൊഴിപ്പിക്കല്‍ നടന്നതെന്ന് കുക്കികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. പകരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍  വീടുവീടാന്തരം കയറിയിറങ്ങിയുള്ള സര്‍വേ വേഗത്തിലാക്കാനും മ്യാന്മാര്‍ കുക്കികളെ കണ്ടെത്താനുമുള്ള നടപടികളാണ് നടന്നത്. സര്‍ക്കാരിന്‍റെ ഈ നിലപാടും കുക്കികളില്‍ വലിയരീതിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. 

moirang
മൊയ്റാംഗില്‍ തമ്പടിച്ചിരിക്കുന്ന പട്ടാള വാഹനങ്ങള്‍ Copyright@Woke Malayalam

മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ മയ്‌തേയികള്‍ക്ക് ഭൂമി വാങ്ങാന്‍ അധികാരമില്ലാത്തത് കൊണ്ടുതന്നെ എങ്ങനെയെങ്കിലും കുക്കി – സോമി പ്രദേശങ്ങളില്‍ ആധിപത്യം നേടണമെന്ന ചിന്ത മയ്‌തേയികള്‍ എപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ബിരേന്‍ സിംഗും പയറ്റികൊണ്ടിരിക്കുന്നു. 

വികസനം എത്തിനോക്കാത്ത മലയോര മേഖലകളിലെ അസാധാരണ നടപടികളും മയ്‌തേയികള്‍ക്ക് ഗോത്ര പദവി നല്‍കാനുള്ള നീക്കവും മ്യാന്മാര്‍ കുക്കികളെന്ന് വിളിച്ചുള്ള ആക്ഷേപവും മയക്കുമരുന്ന് തീവ്രവാദികള്‍ എന്ന് വിളിച്ചുള്ള ആക്ഷേപവും കുക്കികളില്‍ വലിയ തോതില്‍ പ്രതിഷേധം സൃഷ്ടിച്ചു. ആ പ്രതിഷേധത്തില്‍ നിന്നുകൊണ്ടാണ് സമാധാന റാലി നടത്താന്‍ കുക്കികള്‍ തീരുമാനിച്ചത്. നാഗകള്‍ പിന്തുണക്കുകയും ചെയ്തു. അങ്ങനെയാണ് മെയ് മൂന്നാം തീയതി മണിപ്പൂരിലെ സമാധാന റാലി നടക്കുന്നത്. 

മെയ് നാല് പുലരുമ്പോള്‍ മണിപ്പൂര്‍ നിന്നു കത്തുകയാണ്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, കുക്കി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, മയ്‌തേയികള്‍ കുക്കികളുടെ പ്രദേശങ്ങളില്‍ നിന്നും താഴ്‌വരകളിലേയ്ക്കും കുക്കികള്‍ ഇംഫാലില്‍ നിന്നും പര്‍വ്വതങ്ങളിലേയ്ക്കും രാത്രിയ്ക്ക് രാത്രി ജീവനും കയ്യില്‍ പിടിച്ച് സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തു. വീട്, കടകള്‍, പണം (ബാങ്കില്‍ പണം നിക്ഷേപിക്കുന്ന ശീലം മണിപ്പൂരികള്‍ക്ക് ഇല്ല. കയ്യിലാണ് കൂടുതലും സൂക്ഷിക്കുക), രേഖകള്‍ എല്ലാം ഉപേക്ഷിച്ചാണ് ഇരു വിഭാഗക്കാരും പലായനം ചെയ്തത്. രക്ഷപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് പോലീസും സൈനികരും അഭയം കൊടുത്തു.

മയ്‌തേയികളെ മണിപ്പൂര്‍ പോലീസും ആസാം റൈഫിള്‍സ് അടക്കമുള്ള സൈനിക വിഭാഗങ്ങളും പങ്ങല്‍ മുസ്ലീങ്ങളും കുക്കി പ്രദേശങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി. കുക്കികളെ മയ്‌തേയികളില്‍ നിന്നും രക്ഷിച്ചത് ആസാം റൈഫിള്‍സും പങ്ങല്‍ മുസ്ലീങ്ങളും ആണ്. ചില കുക്കി സ്ത്രീകള്‍ക്ക് സാധാരണക്കാരായ മയ്‌തേയി വീടുകളും അഭയകേന്ദ്രങ്ങള്‍ ഒരുക്കി. 

മണിപ്പൂര്‍ പോലീസ് ആവട്ടെ കുക്കികളെ ആക്രമിക്കാന്‍ മയ്‌തേയികള്‍ക്ക് എല്ലാവിധ സൗകര്യവും ചെയ്തുകൊടുത്തു. ആയുധങ്ങള്‍ അടക്കം പോലീസ് മയ്‌തേയികള്‍ക്ക് നല്‍കി. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുക്കി വിദ്യാര്‍ത്ഥികളെ കൊല്ലാന്‍ മയ്‌തേയികള്‍ കൂട്ടമായി എത്തി. പല ഹോസ്റ്റലുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കാണാതെപോയി. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ അതോ കൊല്ലപ്പെട്ടോ എന്ന് ആര്‍ക്കും നിശ്ചയമില്ല. വിവിധ കേന്ദ്ര സേനകള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ നല്‍കാത്തത് കൊണ്ട് ലാത്തി വീശി കലാപം നയിക്കുന്നവരെ നേരിടാന്‍ പോലും കഴിഞ്ഞില്ല. വെറിപൂണ്ട ജനകൂട്ടത്തിന് മുമ്പില്‍ സേനകള്‍ക്ക് നിസ്സഹായരായി നില്‍ക്കേണ്ടി വന്നു.

പിന്നീടുള്ള ദിവസങ്ങളിലെ അന്വേഷണങ്ങളില്‍ എനിക്ക് വ്യക്തമായത് ഇന്നും കലാപത്തെ അടിച്ചമര്‍ത്താന്‍ സേനകള്‍ക്കും കളക്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ നല്‍കിയിട്ടില്ല എന്ന സത്യമാണ്. തങ്ങള്‍ക്ക് രണ്ട്  ദിവസം തന്നിരുന്നെങ്കില്‍ കലാപത്തെ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്താമായിരുന്നുവെന്ന് കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥന്‍ വിവര ശേഖരണത്തിനിടെ പറഞ്ഞിട്ടുണ്ട്. 

Sugnu kuki area
മയ്‌തേയ്കള്‍ തകര്‍ത്ത സുഗ്നു ഗ്രാമം (കുക്കി ഗ്രാമം)

കലാപത്തില്‍ ഇതുവരെ 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തിന്‍റെ ആദ്യ നാളുകളില്‍ നിരവധി ക്രൂരമായ കൊലപാതകങ്ങളാണ് നടന്നത്.  മയ്‌തേയികളും കുക്കികളും പരസ്പരം ക്രൂരമായി തന്നെയാണ് ആളുകളുടെ ജീവന്‍ എടുത്തത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ആകെയുള്ള ഒരേയൊരു വ്യത്യാസം കുക്കികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ല എന്നുള്ളതാണ്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ, സംസ്ഥാന സര്‍ക്കാരിന്‍റെ, തീവ്ര അണ്ടര്‍ഗ്രൗണ്ട്  സംഘടനകളുടെ പിന്തുണയും ആള്‍ബലവും പണബലവുമുള്ള മയ്‌തേയികളുടെ ആത്യന്തികമായ ആവശ്യം മണിപ്പൂര്‍ മയ്‌തേയികള്‍ക്ക് നല്‍കുക എന്നതാണ്.

കുക്കികളും നാഗകളും പങ്ങല്‍ മുസ്ലീങ്ങളും ഉത്തരേന്ത്യക്കാരും നേപ്പാളികളും എല്ലാം മയ്‌തേയികള്‍ക്ക് കുടിയേറ്റക്കാരാണ്. ആ ഒരു ഭാവം എല്ലായിപ്പോഴും മയ്‌തേയികള്‍ക്കുണ്ട്. തക്കം കിട്ടിയാല്‍ ആര്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ചുവിടും. അങ്ങനെയുള്ള തക്കം പാര്‍ത്തിരിക്കലാണ് ഇപ്പോള്‍ കലാപമായി രൂപാന്തരപ്പെട്ടിരിക്കുന്നത്. 

കുറഞ്ഞത് പത്തു വര്‍ഷത്തേക്കെങ്കിലും കുക്കികള്‍ക്ക് താഴ്‌വരയെ ആശ്രയിക്കാന്‍ കഴിയില്ല. തങ്ങള്‍ ഇനി താഴ്‌വരയിലേയ്ക്ക് ഇല്ലെന്നാണ് കുക്കികള്‍ പറയുന്നത്. ഭൂമിശാസ്ത്രപരമായി വേര്‍പ്പെട്ട ഞങ്ങള്‍ ഇപ്പോള്‍ മനസ്സുകൊണ്ടും താഴ്‌വരയുമായി വേര്‍പ്പെട്ടിരിക്കുന്നു എന്നാണ് കുക്കികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കുക്കി പ്രദേശങ്ങളില്‍ പ്രത്യേക ഭരണ സംവിധാനം നടപ്പാക്കണമെന്നാണ് കുക്കികളുടെ ആവശ്യം. ഇത്തരമൊരു രാഷ്ട്രീയ തീരുമാനത്തിലേയ്ക്ക് കേന്ദ്രം എത്തുമോ എന്നത് മണിപ്പൂരിന്‍റെ സമാധാനം പോലെ വിദൂരമായ സ്വപ്നമായി അവശേഷിക്കുമോ എന്തോ ?

അന്ന് കണ്ടുമുട്ടിയ മനുഷ്യരില്‍ നിന്നും, പിന്നീടുള്ള അന്വേഷണത്തിൽ നിന്നും ബോധ്യമായ വിവരങ്ങളാണ് മേല്‍പ്പറഞ്ഞവയൊക്കെ.  ഈ വിവരങ്ങള്‍ എല്ലാം തന്നെ വിട്ട് പോകാതെ എന്‍റെ ഡയറിയില്‍ ഞാന്‍ എഴുതി ചേര്‍ത്തു.

വൈകുന്നേരത്തോടെ ഇംഫാല്‍ പ്രസ് ക്ലബ് സന്ദര്‍ശിച്ചു. എന്തെങ്കിലും വിവരങ്ങള്‍ വേണമെങ്കില്‍ ഡിഐപിആറിലേയ്ക്ക് പോയാല്‍ മതിയെന്നും അവിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത് എന്നുമാണ് പ്രസ് ക്ലബ്ബില്‍ നിന്നും ലഭിച്ച നിര്‍ദേശം. ബിജെപി ജില്ലാ ഓഫീസിന് എതിര്‍വശത്തായാണ് ഡിഐപിആര്‍ കെട്ടിടമുള്ളത്. അകത്തുകയറി ഓഫീസറെ കണ്ടു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞതും ഓഫീസറുടെ മുറിയിലുണ്ടായിരുന്ന മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു. 

സിദ്ധീക്ക് കാപ്പനെ കുറിച്ചൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു. മണിപ്പൂരില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളും പറഞ്ഞു തന്നു. കൂട്ടത്തില്‍ മ്യാന്മാര്‍ അതിര്‍ത്തിയായ മൊറയില്‍ എന്തായാലും പോകണമെന്നും നിര്‍ദേശിച്ചു. അവിടെ വൈദ്യുത ഫെന്‍സിംഗ് സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റിയും മ്യാന്മാര്‍ കുക്കികളുടെ കുടിയേറ്റത്തെ കുറിച്ചും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് എന്‍റെ മതം ഏതെന്ന് ചോദിക്കുകയുണ്ടായി. മുസ്ലീം ആണെന്ന് പറഞ്ഞതും തന്‍റെ മുസ്ലീം സൗഹൃദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. മതം ഏതെന്ന ചോദ്യം മണിപ്പൂര്‍ യാത്രയില്‍ ഉടനീളം പിന്നീട് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുസ്ലീം ആയതുകൊണ്ടുള്ള ചില നേട്ടങ്ങളും ഫീല്‍ഡില്‍ ഉണ്ടായിട്ടുണ്ട്. 

അഞ്ചു മണിയോടെ ഇവിടെ ഇരുട്ട് പടര്‍ന്ന് തുടങ്ങും. ഹോട്ടലില്‍ തിരിച്ചെത്തി ദീർഘകാലമായി മണിപ്പൂരിൽ താമസിക്കുന്ന മണിപ്പൂരിയല്ലാത്ത ഒരു വ്യക്തിയുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ. ‘ഇവന്മാര്‍ക്ക്, മയ്‌തേയികള്‍ക്ക് അവരെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരോടും കരുണയും സഹാനുഭൂതിയും ഒന്നും ഇല്ല. ഇവര്‍ക്ക് ആരും വേണ്ട. തക്കം കിട്ടിയാല്‍ ആക്രമിക്കും. കൊല്ലും. ഇവര്‍ക്കൊക്കെ നല്ല അടികൊടുക്കണം. പറ്റുമെങ്കില്‍ ഒന്ന്, രണ്ട് പേരെ സേന വെടിവെച്ചും കൊല്ലണം. എന്നാലെ ഇവര്‍ക്ക് പേടി ഉണ്ടാവൂ. പറ്റുമെങ്കില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെയും അടിച്ച് ഓടിക്കണം. മണിപ്പൂരില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ മയ്‌തേയികളെ ഒതുക്കണം.’ അദ്ദേഹം പറഞ്ഞു നിർത്തി

FAQs

ആരാംബായ് തെംഗോല്‍ എന്നാലെന്ത് ?

മണിപ്പൂരിലെ ഒരു മയ്തേയ് സാമൂഹിക – സാംസ്‌കാരിക സംഘടനയാണ് ആരാംബായ് തെംഗോല്‍. 18-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മയ്തേയ് ഹിന്ദുമതം സ്വീകരിക്കുന്നതിന് മുമ്പുള്ള മയ്തേയ്കളുടെ പ്രാദേശിക സനാമഹി മതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു നവോത്ഥാന സംഘടനയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ആരാണ് സിദ്ധീക്ക് കാപ്പന്‍ ?

കേരളത്തിൽ നിന്നുള്ള പത്രപ്രവർത്തകനാണ് സിദ്ദീഖ് കാപ്പൻ, യു എ പി എ ചുമത്തി 2020 ഒക്ടോബറിൽ തടവിലാക്കപ്പെട്ടിരുന്നു. നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായി മരിച്ച 19 കാരിയായ ദളിത് യുവതിയുടെ കഥ റിപ്പോർട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ജയിൽവാസത്തിന് മുമ്പ് അഴിമുഖം എന്ന വാർത്താ പോർട്ടലിലെ സ്ഥിരം ലേഖകനായിരുന്നു.

ആരാണ്  പങ്ങല്‍ മുസ്ലീങ്ങള്‍ ?

മയ്തേയ് ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളുടെ ഒരു കൂട്ടമാണ് പങ്ങല്‍ , മണിപ്പൂരി മുസ്ലീങ്ങൾ , മണിപ്പൂരി പങ്ങല്‍ എന്നും അറിയപ്പെടുന്നു.  “പങ്ങല്‍” എന്ന പദത്തിന്‍റെ അർത്ഥം മയ്തേയ് ഭാഷയിൽ “മുസ്ലിം” എന്നാണ്.

എന്താണ് എന്‍ ആര്‍ സി ?

1955-ലെ പൗരത്വ നിയമത്തിന്‍റെ 2003-ലെ ഭേദഗതി പ്രകാരം സൃഷ്ടിക്കപ്പെട്ട എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഒരു രജിസ്റ്ററാണ് ദേശീയ പൗരന്മാരുടെ രജിസ്റ്റർ (NRC). അസമില്‍ 2013 ല്‍ ഇത് നടപ്പിലാക്കുകയുണ്ടായി, തുടര്‍ന്ന് 2021-ൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇത് നടപ്പിലാക്കാനുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്‍റ്  പ്രഖ്യാപിച്ചു, എന്നാൽ ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Quotes

കഴിവില്ലാത്തവരുടെ അവസാനത്തെ അഭയകേന്ദ്രമാണ് അക്രമം

-ഐസക് അസിമോവ്‌

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.