Fri. May 10th, 2024

ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി മിക്കവരെയും അനാരോഗ്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ തന്നെയാണ് ആളുകളെ അസുഖങ്ങള്‍ക്ക് അടമികളാക്കി കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് കൃത്യമല്ലാത്ത ഭക്ഷണരീതിയും ജീവിതശൈലിയും മൂലമുണ്ടാകുന്ന അമിതവണ്ണം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോള ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആളുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഈ അമിതവണ്ണം. ഒരാളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതോടെയാണ് പൊണ്ണത്തടി ഉണ്ടാകുന്നത്. മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണിത്.

പൊണ്ണത്തടിയോടൊപ്പം ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചില അര്‍ബുദ രോഗങ്ങള്‍, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ന്യൂറോപ്പതി, പക്ഷാഘാതം തുടങ്ങിയ ആളെക്കൊല്ലികളായ രോഗങ്ങള്‍ കൂടി ക്ഷണിക്കപ്പെടാത്ത അതിഥികളായി ജീവിതത്തിലേക്ക് കടന്നു വരുകയും ചെയ്യും. സന്തുലിതമായ ഭക്ഷണം, ക്രമമായ വ്യായാമം, നിയന്ത്രിതമായ ജീവിതശൈലി എന്നീ കാര്യങ്ങള്‍ അമിതവണ്ണമുള്ളവര്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ഈ കാര്യങ്ങള്‍ കൊണ്ട് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

കൂടാതെ ബിഎംഐ 27 നും 29 നും ഇടയിലുള്ളവരും സന്തുലിത ഭക്ഷണം കഴിക്കാത്തവരും യാതൊരുവിധ കായികാധ്വാനത്തില്‍ ഏര്‍പ്പെടാത്തവരും വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുന്നതിനായി ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബിഎംഐ 30 നും മുകളിലുള്ളവര്‍ക്ക് ഡയറ്റിംഗും വ്യായാമവും മരുന്നും ആവശ്യമാണ്. ഹൃദ്രോഗികള്‍ക്കും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്കും ശരിയായ ചികിത്സ നല്‍കേണ്ടതുണ്ട്.

കുട്ടികളില്‍ കണ്ടുവരുന്ന അമിതവണ്ണം ഒരു രോഗമാണെന്ന കാര്യം മിക്ക മാതാപിതാക്കള്‍ക്കും അറിവില്ലാത്ത ഒന്നാണ്. മുതിര്‍ന്നവരേക്കാള്‍ പൊണ്ണത്തടി കുട്ടികളില്‍ ഏറെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പോഷകാഹാരം, ശാരീരികം, പാരമ്പര്യം, മാനസികം തുടങ്ങിയ ഘടകങ്ങള്‍ പൊണ്ണത്തടിയെ സ്വാധീനിക്കുന്നു. അമിതവണ്ണം കൂടുതലാകുന്നത് തലച്ചോറിന്റെയും ആമാശയപ്രവര്‍ത്തനങ്ങളുടെ സന്തുലിതാവസ്ഥയെ ഉലച്ചുകളയുമെന്നാണ് മെറ്റബോളിസം എന്ന മാസികയില്‍ അമേരിക്കന്‍-ഡച്ച് ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

അമിതവണ്ണം Screen-grab, Copyrights: the swaddle

ആരോഗ്യപരമല്ലാത്ത ഭക്ഷണശീലവും ജീവിത ശൈലിയുമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങള്‍. അമിതമായി വാരിവലിച്ച് ഭക്ഷണം കഴിച്ചിട്ടാണ് പൊണ്ണത്തടി ഉണ്ടാകുന്നതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല, മറിച്ച് മറ്റു പല കാരണങ്ങള്‍ കൊണ്ടാണ് അമിതവണ്ണം ഉണ്ടാകുന്നതെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

സാച്ചുറേറ്റഡ് ഫാറ്റ് കൂടുതല്‍ അടങ്ങിയ ബര്‍ഗര്‍, പിസ, ഡോനട്ട്‌സ് തുടങ്ങിയവ പ്രഭാത ഭക്ഷണമായി കഴിക്കുന്നത്, പഞ്ചസാരയുടെ അളവ് കൂടുതലായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശീതളപാനീയങ്ങള്‍, അലസത, വ്യായാമക്കുറവ് തുടങ്ങിയവയൊക്കെയാണ് പൊണ്ണത്തടി വരുത്തിവെയ്ക്കുന്നത്. അമിതവണ്ണമുള്ളവരില്‍ 20 ശതമാനം പേര്‍ക്കും ആയുര്‍ദൈര്‍ഘ്യം കുറവാണെന്ന് കാണാം.

അമിതവണ്ണം ദഹനനാളത്തിലെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് ഒരു പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടും ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ചും നടത്തിയ പഠനത്തിലായിരുന്നു അമിതവണ്ണം ഏകദേശം 20 ശതമാനം അര്‍ബുദങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയത്. കൊഴുപ്പ് (അഡിപ്പോസ്) കോശങ്ങള്‍ രോഗപ്രതിരോധ കോശങ്ങളെ സിഗ്‌നല്‍ ചെയ്യുന്നതായി മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കാലക്രമേണ അത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെക്‌സ്‌നര്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) തമ്മിലുള്ള ബന്ധവും ജിഐ കാന്‍സര്‍ (ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍) വികസിപ്പിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. പൊണ്ണത്തടിയും കാന്‍സര്‍ പോലുള്ള ദീര്‍ഘകാല രോഗസാധ്യതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാണെന്ന് ഗവേഷകരിലൊരാളായ ലൂമന്‍സ്-ക്രോപ്പ് പറഞ്ഞു.

ദഹനനാളത്തില്‍ വികസിക്കുന്ന കാന്‍സറാണ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ കാന്‍സര്‍. സ്തനം, വന്‍കുടല്‍, അന്നനാളം, വൃക്ക, പിത്തസഞ്ചി, ഗര്‍ഭാശയം, പാന്‍ക്രിയാറ്റിക്, കരള്‍ എന്നിവയെ ബാധിക്കുന്നതുള്‍പ്പെടെ നിരവധി സാധാരണ കാന്‍സറുകളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. എല്ലാ അര്‍ബുദങ്ങളിലും ഏകദേശം നാല് മുതല്‍ എട്ട് ശതമാനം വരെയുള്ളത് പൊണ്ണത്തടി മൂലമാണ്.

ഇന്ത്യയില്‍ 16 സ്ത്രീകളില്‍ ഒരാള്‍ക്കും 25 പുരുഷന്മാരില്‍ ഒരാള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ(എന്‍എഫ്എച്ച്എസ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ രാജ്യത്ത് പൊണ്ണത്തടിയരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

പുരുഷന്മാരേക്കാള്‍ ഏറ്റവും കൂടുതലായി സ്ത്രീകള്‍ക്കിടയിലാണ് അമിതവണ്ണം കണ്ടു വരുന്നത്. പുരുഷന്മാരില്‍ പൊണ്ണത്തടിയുടെ നിരക്ക് താരതമ്യേന കുറവാണെങ്കിലും പുതിയ റിപ്പോര്‍ട്ടില്‍ മൂന്ന് ശതമാനം നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ബോഡി മാസ് ഇന്‍ഡക്‌സ്(ബിഎംഐ) 30-ന് മുകളിലാണെങ്കില്‍ അയാളെ പൊണ്ണത്തടിയനായി കണക്കാക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന അമിതവണ്ണത്തിന്‍റെ കണക്കുകള്‍ Screen-grab, Copyrights: The print

ഇന്ത്യയിലെ പൊണ്ണത്തടിയെ കുറിച്ച് 2019-നും 21-നുമിടയില്‍ എന്‍എച്ച്എഫ്എസ് നടത്തിയ പഠനങ്ങള്‍ പറയുന്നതനുസരിച്ച്, 15 വയസ്സ് മുതല്‍ 49 വരെ പ്രായമുള്ളവരില്‍ 6.4 ശതമാനം സ്ത്രീകളും 4.0 ശതമാനം പുരുഷന്മാരും പൊണ്ണത്തടിയുള്ളവരാണ്. ഇതേ പ്രായത്തിലുള്ള 17.6 ശതമാനം സ്ത്രീകളും 18.9 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവരാണെങ്കിലും ഇവര്‍ക്കിടയില്‍ അമിതവണ്ണം കണ്ടുവരുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു.

40 മുതല്‍ 49 വയസ്സുവരെയുള്ളവരുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 11 ശതമാനം സ്ത്രീകള്‍ക്കിടയില്‍ പൊണ്ണത്തടിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ ഇത് ഏകദേശം 5.7 ശതമാനമാണ്. ഇരുവരും ശരാശരി ദേശീയ പൊണ്ണത്തടി നിരക്കിന് മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അമിതവണ്ണവും സമ്പത്തും തമ്മില്‍ അഭ്യേദ്യമായ ഒരു ബന്ധമുണ്ടെന്നാണ് എന്‍എച്ച്എഫ്എസ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. എന്തെന്നാല്‍ ഏറ്റവും സമ്പന്നരായ സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നത്. ജങ്ക് ഫുഡുകളും കൃത്യമായ വ്യയാമം ഇല്ലാത്തതുമാണ് സമ്പന്ന ഗ്രൂപ്പുകളില്‍പ്പെട്ട സ്ത്രീകള്‍ക്കിടയില്‍ അമിതവണ്ണം വര്‍ദ്ധിക്കാനുള്ള കാരണങ്ങളിലൊന്നായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ എല്ലാ വരുമാന ഗ്രൂപ്പുകളില്‍പ്പെട്ടവരിലും അമിതവണ്ണം കടന്നു കൂടിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.

പൊണ്ണത്തടി- സമ്പത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ കണക്കുകള്‍ Screen-grab, Copyrights: The print
അമിതവണ്ണത്തോടൊപ്പം കുടവയറും പ്രശ്‌നമാകുന്നു
രാജ്യത്ത് കുടവയറുള്ളവരുടെ നിരക്ക് പരിശോധിക്കുകയാണെങ്കില്‍ 40 ശതമാനം സ്ത്രീകള്‍ക്കും 12 ശതമാനം പുരുഷന്മാരും കുടവയറുള്ളവരാണ്. ലിംഗഭേദവും നിര്‍ദ്ദിഷ്ട പ്രായവിഭാഗങ്ങളും നോക്കുമ്പോള്‍ ഈ കണക്കുകള്‍ ആശങ്ക സൃഷ്ടിക്കുന്നവയാണ്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 636,699 വീടുകളിലും 724,115 സ്ത്രീകളിലും 101,839 പുരുഷന്മാരിലും എന്‍എച്ച്എഫ്എസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 30-39 വയസ്സുവരെയുള്ള സ്ത്രീകളുടെ കണക്കുകള്‍ നോക്കുമ്പോള്‍ 49.3 ശതമാനം പേരും 40-49 വയസ് പ്രായമുള്ളവരില്‍ ഇത് 56.7 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ്. സര്‍വേയില്‍ പറയുന്നതനുസരിച്ച് 10 സ്ത്രീകളില്‍ നാല് പേരില്‍ കുടവയര്‍ കാണപ്പെടുന്നു. ഇവ അവരില്‍ ഉപചയ രോഗങ്ങള്‍ക്കിടയാക്കുന്നു.

പ്രായമായവരിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരിലുമാണ് അമിതവണ്ണം കൂടുതലായിട്ടുള്ളത്. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് കുടവയര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരിലാണ് ഇരട്ടിയിലധികമായി കുടവയറുകള്‍ കണ്ടുവരുന്നത്. 15 വയസ്സ് മുതല്‍ 49 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് നിലവിലെ സര്‍വേ തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയിലെ അമിതവണ്ണത്തിന്റെ കണക്ക് കണ്ടെത്താന്‍ പഠനത്തിന് കഴിഞ്ഞിട്ടില്ല. കുടവയറുള്ള സ്ത്രീകളുടെ ഉയര്‍ന്ന നിരക്ക് അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആനാരോഗ്യത്തിന്റെ അളവ് കൂടി സൂചിപ്പിക്കുന്നവയാണ്.

ആരോഗ്യകരമായ ബിഎംഐ ഉള്ള പല സ്ത്രീകളിലും കുടവയറുണ്ടെന്നാണ് സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോളതലത്തില്‍ നടത്തിയ പഠനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരിലാണ് അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. 2040 ഓടെ ഇന്ത്യയില്‍ അമിതവണ്ണമുള്ളവരുടെയും കുടവയറുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് പ്രായമായവര്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും അമിതവണ്ണവും കുടവയറും വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പ്രത്യേകമായി വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയിലെ അമിതവണ്ണം പരിശോധിക്കുമ്പോള്‍ അവയുടെ വ്യാപനം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ പുരുഷന്മാര്‍ക്കിടയിലെ അമിതവണ്ണത്തിന്റെ വ്യാപനത്തില്‍ വലിയ വ്യത്യാസമില്ല. ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ ഇരട്ടി ഭാരമാണ് ഈ പഠനങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി അമിതവണ്ണത്തെക്കുറിച്ചും കുടവയറിനെക്കുറിച്ചും പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ പഠനങ്ങള്‍ക്കൊന്നും രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് കൃത്യമായ അവലോകനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ഇനി മലയാളികളുടെ പൊണ്ണത്തടി പരിശോധിക്കുകയാണെങ്കില്‍, ആരോഗ്യരംഗത്തെ വിവിധ മേഖലകളില്‍ ഒന്നാമത് നില്‍ക്കുന്ന കേരളം ഇക്കാര്യത്തിലും മുന്‍പന്തിയിലാണെന്ന് പറയേണ്ടി വരും. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, നവജാത ശിശുക്കളിലെ കുറഞ്ഞ മരണനിരക്ക് എന്നീ ആരോഗ്യ സൂചകങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം നില്‍ക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

പൊണ്ണത്തടി, കുടവയര്‍, പ്രമേഹം, ഉദര രോഗങ്ങള്‍ എന്നിവ മലയാളികളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തിലെ 38 ശതമാനം സ്ത്രീകളും 36 ശതമാനം പുരുഷന്മാരും ഇപ്പോള്‍ പൊണ്ണത്തടിയന്മാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. കുടവയറിന്റെ കാര്യത്തിലും മലയാളികള്‍ മുന്നില്‍ തന്നെയാണ്. 65.7 ശതമാനം സ്ത്രീകളും 23.5 ശതമാനം പുരുഷന്മാരും കുടവയറുള്ളവരാണെന്നാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തില്‍ 39 ശതമാനം കുട്ടികള്‍ വിളര്‍ച്ചയുള്ളവരാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും സ്ഥിരം ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ പൊണ്ണത്തടി ഏറ്റവും കൂടുതല്‍ നഗരവാസികളിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ അമിതവണ്ണക്കാരുള്ളത് എറണാകുളത്ത് എന്നാണ് കണ്ടെത്തല്‍. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് എറണാകുളത്ത് കൂടുതലായി പൊണ്ണത്തടി കണ്ടുവരുന്നത്.

കായികാധ്വാനമില്ലാത്ത തൊഴില്‍ രീതികള്‍ വ്യാപകമായതിന് പിന്നാലെയാണ് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ അമിതവണ്ണം കടന്നു കൂടിയത്. ഈ അമിതവണ്ണം നഗരവാസികളെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ അടുത്ത കാലത്തുണ്ടായ മാറ്റങ്ങളും വ്യായാമത്തിന്റെ കുറവുമാണ് ജീവിതശൈലീ രോഗത്തിന്റെ പ്രധാന കാരണമായി ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.

അമിതവണ്ണം Screen-grab, Copyrights: varmasakshi

അമിതവണ്ണവും ശാരീരിക പ്രവര്‍ത്തനങ്ങളും

പൊണ്ണത്തടി ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരിലും പ്രായമായവരിലും മുട്ടുവേദനയും നടുവേദനയും സാധാരണയായി കണ്ടുവരാറുണ്ട്. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

ഇതിനു പുറമെ ഇത്തരക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെറിയ ദൂരം നടക്കുമ്പോള്‍ പോലും ശ്വാസം മുട്ടുകയും ചെയ്യാറുണ്ട്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പൊണ്ണത്തടിയുമായി അടുത്ത ബന്ധമുള്ളതും ഈ രോഗികളില്‍ രോഗാവസ്ഥയ്ക്കുള്ള ഒരു പ്രധാന കാരണവുമാണ്. പൊണ്ണത്തടി, സ്ത്രീകള്‍ക്ക് ആര്‍ത്തവ പ്രശ്‌നങ്ങളും പിസിഒഡിയും വരുത്തി വെയ്ക്കുന്നുണ്ട്. ബുദ്ധിമുട്ടുള്ള ഗര്‍ഭധാരണത്തിനും അമിതവണ്ണം കാരണമാകുന്നുണ്ട്.

സ്ത്രീകളിലെ എന്‍ഡോമെട്രിയല്‍ കാന്‍സര്‍, സ്തനാര്‍ബുദം, പുരുഷന്മാരിലെ കോളോ-റെക്ടല്‍ കാന്‍സര്‍ തുടങ്ങിയ നിരവധി അര്‍ബുദങ്ങളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത മായം കലര്‍ന്നതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ അസുഖങ്ങളുടെ ഒരു കലവറ മാത്രമാണ് സമ്പാദിക്കുന്നത്.

ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ളവര്‍ക്ക് ഏത് പ്രായത്തിലും സ്‌ട്രോക്ക് വരാന്‍ സാധ്യതയുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പൊണ്ണത്തടി വരാതിരിക്കാന്‍ ജീവിതശൈലി ആരോഗ്യകരമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം