Sat. Jan 18th, 2025

 

 

തലമുറകളായുള്ള വളന്തകാടുകാരുടെ ഒരേ ഒരു ആവശ്യം ഒരു പാലമാണ്. എറണാകുളം ജില്ലയിലെ പ്രാന്തപ്രദേശമായ വളന്തകാടിലേയ്ക്ക് കേവലം 165 മീറ്റര്‍ മാത്രം നീളവും മൂന്നുമീറ്റര്‍ വീതിയുമുള്ള പാലം പണിയാന്‍ വര്‍ഷങ്ങള്‍ ആയിട്ടും അധികാരികള്‍ക്ക് തടസ്സമാകുന്നത് എന്താണ്.? തങ്ങള്‍ ദലിത് കുടുംബങ്ങള്‍ ആയതുകൊണ്ടാണ് അധികാരി വര്‍ഗത്തിന്റെ ഈ മെല്ലെപ്പോക്ക് എന്നാണ് ഇവിടുത്തുകാരുടെ ആക്ഷേപം. 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ് 2019 നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങിയ പാലത്തിന്റെ പണികള്‍ നാലു വര്‍ഷമായിട്ടും തൂണുകളില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ്. മുന്‍ എം.എല്‍.എ എം സ്വരാജ് അഞ്ചു കോടി രൂപ അനുവദിച്ചതോടെയാണ് ദ്വീപുകാരുടെ ദീര്‍ഘകാല ആവശ്യമായ പാലം നിര്‍മാണം ആരംഭിച്ചത്. ഇത് ഉള്‍പ്പെടെ 5.47 കോടി രൂപയ്ക്കാണ് പാലം ടെന്‍ഡര്‍ ചെയ്ത് നിര്‍മാണം ആരംഭിച്ചത്.

ഒരു പാലത്തിനു വേണ്ടി ദ്വീപുകാര്‍ നടത്താത്ത സമരങ്ങളില്ല. ഇപ്പോഴിതാ ദ്വീപിന്റെ 70 ശതമാനവും ബിനാമികളെ വെച്ച് വാങ്ങിക്കൂട്ടിയ ശോഭാ ഗ്രൂപ്പിനെതിരെയും ദ്വീപുകാര്‍ സമരത്തിലാണ്. ദ്വീപില്‍ ഹൈടെക് സിറ്റി നിര്‍മിക്കാനാണ് ശോഭാ ഗ്രൂപ്പ് പദ്ധതിയിടുന്നത്. വിവിധ തരം കണ്ടലുകളുടെയും ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമാണ് മുന്നൂര്‍ ഏക്കറോളം വരുന്ന ദ്വീപ്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ ഇവിടുത്തുകാരുടെ ഉപജീവനം തന്നെ ഈ ആവാസ വ്യവസ്ഥയെ ആശ്രയിച്ചാണ്.

നെല്‍കൃഷിയും മത്സ്യ കൃഷിയും സുലഭമായി ചെയ്തിരുന്ന വളന്തകാടില്‍ ഇപ്പോള്‍ നെല്‍ കൃഷി തീരെയില്ല. ശോഭാ ഗ്രൂപ്പ് മുക്കാല്‍ ഭാഗം സ്ഥലവും വാങ്ങിച്ചതോടെ മീന്‍ കൃഷിയും വേരറ്റുപോവാറായി. പുഴയില്‍ മാലിന്യം കുമിഞ്ഞുകൂടി അതും മലിനീകരിക്കപ്പെട്ടു. എല്ലാം കൊണ്ടും വളന്തകാടുകാര്‍ക്ക് ജീവിതം ബുദ്ധിമുാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലം എം സ്വരാജിന്റെ കൈവിട്ടു പോയതോടെ വളന്തകാട് പാലം നിര്‍മാണവും നിലച്ചു പോയി. നിലവിലെ എം.എല്‍.എ ആയ കെ.ബാബുവാണ് ഇനി പാലം പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ എം.എല്‍.എ മൗനം പാലിക്കുകയാണ്. രാഷ്ട്രീയ പടലപ്പിണക്കത്തില്‍ കുടുങ്ങി അനിശ്ചിതത്വത്തില്‍ ആവുന്നത് ഒരു ദ്വീപുകാരുടെ എക്കാലത്തെയും ആവശ്യവും സ്വപ്നവുമാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.