ഏഴു വര്‍ഷമായി മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളിയാണ് ശൈലജ. കുഴിപ്പിള്ളി പള്ളത്താന്‍കുളങ്ങര സ്വദേശി. മാലിന്യം നീക്കം ചെയ്യല്‍, മാലിന്യം ശേഖരിക്കല്‍, ശുചീകരണം, ഉദ്യാന പരിപാലം തുടങ്ങിയവയാണ് 58 കാരിയായ ശൈലജയുടെ ജോലി. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ജോലി കഴിയുന്നത് വൈകീട്ട് നാലുമണിക്കാണ്. വെയിലും മഴയും ഒന്നും വകവെക്കാതെയുള്ള ജോലിയില്‍ നിറയെ പ്രതിസന്ധികള്‍ ഉണ്ടെന്നാണ് ശൈലജ പറയുന്നത്.
മറൈന്‍ ഡ്രൈവിലെ തൊഴിലാളികള്‍ക്ക് പൊതുവേ മൂത്രപ്പുരകള്‍ ഇല്ല. കാശ് കൊടുത്ത് വേണം ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍. കുടിവെള്ളം, ഭക്ഷണം എല്ലാം വീട്ടില്‍ നിന്നും കൊണ്ടുവരണം. ഇത്തരം ബുദ്ധിമുട്ടുകള്‍ മാത്രമല്ല കൂലിയും വളരെ കുറവാണ്. ദിവസം 317 രൂപയാണ് ലഭിക്കുക. ഇത് കൂട്ടി 400 എങ്കിലും ആക്കണമെന്ന് തൊഴിലാളികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഭക്ഷണ അവശിഷ്ടങ്ങള്‍, ഉപയോഗിച്ച സ്‌നഗ്ഗി അടക്കമുള്ള മാലിന്യങ്ങള്‍ കോരുന്ന തങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ന്യായമായ കൂലിയും വേണമെന്ന് ശൈലജ ആവശ്യപ്പെടുന്നു.
ശുചീകരണ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ സുരക്ഷാ സംവിധാനങ്ങളാണ്. ഇത് ലഭ്യമാക്കല്‍ തൊഴില്‍ദാതാവിന്റെ ഉത്തരവാദിത്തമാണ്. മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ആകെ നല്‍കിയിരിക്കുന്നത് റൈന്‍ കോട്ട് മാത്രമാണ്. യൂണിഫോം, ഗ്ലൗസ്, തൊപ്പി അടക്കമുള്ള തൊഴില്‍ ഉപകരണങ്ങള്‍ സ്വന്തം കാശ് കൊടുത്ത് വാങ്ങണം. കരാര്‍ ജോലിക്കാരായതിനാല്‍ ഏതു നിമിഷവും പിരിച്ചു വിട്ടേക്കാം എന്ന ആശങ്കയും ശുചീകരണ തൊഴിലാളികള്‍ക്കുണ്ട്.