Sun. Dec 22nd, 2024

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അന്നമ്മ ജോസഫ് കല്യാണം കഴിച്ചാണ് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം പലവിധ ജോലികള്‍ ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിവന്നതോടെയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉപ്പിലിട്ട വസ്തുക്കള്‍ വില്‍ക്കാന്‍ ഇറങ്ങുന്നത്. നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു. ഇതോടെ ബാധ്യതകള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു അന്നമ്മക്ക്.

18 വര്‍ഷമായി അന്നമ്മ മറൈന്‍ ഡ്രൈവില്‍ തൊഴിലെടുക്കുന്നുണ്ട്. ഇതിനിടെ മറൈന്‍ ഡ്രൈവിന് പലവിധ മാറ്റങ്ങള്‍ വന്നു. കൊച്ചിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. സഞ്ചാരികളുടെ എണ്ണം കൂടി. മറൈന്‍ ഡ്രൈവില്‍ പലവിധ വികസന പ്രവര്‍ത്തനങ്ങള്‍ വന്നു. എന്നിട്ടും അന്നമ്മയെ പോലെ മറൈന്‍ ഡ്രൈവില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Greater Cochin Development Authority അഥവാ ജിസിഡിഎയുടെ കീഴിലാണ് മറൈന്‍ ഡ്രൈവുള്ളത്. ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലമായതിനാല്‍ തൊഴില്‍ സാധ്യതയും ഉണ്ട്. എന്നാല്‍ അന്നമ്മ അടക്കമുള്ള ആളുകള്‍ ചെയ്യുന്ന തൊഴില്‍ വേണ്ടരീതിയില്‍ ചെയ്യാന്‍ ജിസിഡിഎ സമ്മതിക്കുന്നില്ലെന്ന് അന്നമ്മ പറയുന്നു. ഉപ്പിലിടുന്ന വസ്തുക്കള്‍ ചെത്താനും കഴുകാനുമായി സൗകര്യങ്ങള്‍ കണ്ടെത്തിയാല്‍ അതെല്ലാം ജിസിഡിഎ മുടക്കും. ഉന്തുവണ്ടി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിസിഡിഎ സമ്മതിക്കുന്നില്ല. തൊഴിലാളികള്‍ക്ക് മൂത്രപ്പുരയില്ല. കുടിവെള്ളം പണം കൊടുത്തുവേണം വാങ്ങിക്കാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് തൊഴിള്‍ ചെയ്യാനുള്ള സാഹചാര്യം ഉണ്ടാക്കി കൊടുക്കണമെന്ന് അന്നമ്മ ആവശ്യപ്പെടുന്നു.

വൈകീട്ട് ആറുമണിക്കുള്ളില്‍ കച്ചവടം നിര്‍ത്തി അന്നമ്മ വീട്ടില്‍ പോകും. വാടക കൊടുക്കാനും മരുന്നിനുമുള്ള പൈസ കിട്ടാറില്ല. അതുകൊണ്ട് രാത്രി 10 മണി വരെയെങ്കിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം മറൈന്‍ ഡ്രൈവില്‍ ഉണ്ടാകണം എന്നാണ് അന്നമ്മയുടെ മറ്റൊരു ആവശ്യം. ഇത്രയും കാലത്തെ അധ്വാനത്തില്‍ നിന്നും ഒരു സെന്റ് ഭൂമി പോലും വാങ്ങാന്‍ അന്നമ്മക്ക് ആയിട്ടില്ല. കച്ചവടം ചെയ്യാന്‍ ജിസിഡിഎയുടെ കൂടി സഹായം ഉണ്ടെങ്കില്‍ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയും അന്നമ്മക്കുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.