Fri. Nov 22nd, 2024

മിക്ക ഉള്ളവരിലും കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. ടി3, ടി4, കാല്‍സിറ്റോണിന്‍ തുടങ്ങിയ പ്രധാന ഉപാപചയ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം, മാനസിക പ്രവര്‍ത്തനം, താപ നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്നതിന് ടി 3, ടി 4 എന്നിവ വളരെ പ്രധാനമാണ്. രക്തത്തിലെ കാത്സ്യം അളവ് കുറയ്ക്കുന്നതിനും അനുകൂലമായ പരിധിയില്‍ നിലനിര്‍ത്തുന്നതിനും ആവശ്യമായ ഒരു ഹോര്‍മോണാണ് കാല്‍സിറ്റോണിന്‍. ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസത്തിലേക്ക് അല്ലെങ്കില്‍ ഹൈപ്പോ തൈറോയിഡിസത്തിലേക്ക് നയിക്കുന്നത്.

പോഷകസമൃദ്ധവും തൈറോയ്ഡ് സൗഹൃദപരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തൈറോയ്ഡ് പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്ഷീണം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. തൈറോയ്ഡ് ഉള്ളവര്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മൈക്രോവേവ് ഡിന്നറുകള്‍, ഫ്രോസണ്‍ പിസകള്‍, ഡോഹ്നട്ട്സ് എന്നിവ പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തൈറോയ്ഡ് രോഗമുള്ളവരെ നേരിട്ട് ബാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍ എന്നിവ വേണം കഴിക്കാന്‍. അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിന് നല്ലതാണ്. എന്നാല്‍ വറുത്തതും ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും, മറ്റ് ഇന്‍ഫ്‌ലാമേറ്ററി കൊഴുപ്പുകളും തൈറോയ്ഡ് ഗ്രന്ഥിയെയും തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നവയാണ്.

അതേപോലെ തന്നെ ഉപ്പിന്റെ ഉപയോഗവും കുറയ്ക്കുക. തൈറോയ്ഡ് ഹോര്‍മോണിന്റെ സമന്വയത്തിനായി തൈറോയ്ഡ് ഗ്രന്ഥി അയോഡിന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തൈറോയ്ഡ് പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അയഡിന്റെ അമിത ഉപഭോഗം അല്ലെങ്കില്‍ അയഡിന്റെ കുറവ് തൈറോയ്ഡ് പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. തൈറോയ്ഡുള്ളവര്‍ എപ്പോഴും ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.
അതേപോലെ രാത്രി വൈകി ഭക്ഷണം കഴിക്കാനും പാടില്ല. പ്രഭാതഭക്ഷണത്തിന് മുമ്പ് 10-12 മണിക്കൂര്‍ ഇടവേള എടുക്കണം. എന്തെന്നാല്‍ ഉറങ്ങുമ്പോള്‍ ശരീരം വളര്‍ച്ചാ ഹോര്‍മോണായ അഡ്രീനല്‍, തൈറോയ്ഡ് എന്നിവ ഉത്പാദിപ്പിക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം