Wed. Jan 22nd, 2025

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെ വിടവാങ്ങിയിട്ട് ഇന്നേക്ക് 79 വര്‍ഷം. 1913ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴു നീള  ഫീച്ചർ സിനിമയായ ‘രാജ ഹരിഛന്ദ്ര’യിലൂടെ സിനിമയെന്ന പുതുയുഗത്തിനു ദാദാ സാഹിബ് ഫാല്‍ക്കെ തുടക്കം കുറിച്ചു. തന്റെ നിശബ്ദ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയ്ക്ക് സിനിമയുടെ ഭാഷയും ശൈലിയും പകർന്ന് നല്കാൻ ദാദാ സാഹിബ് ഫാല്‍ക്കെ വഹിച്ച പങ്ക് വളരെ വലുതാണ്.

1870 ൽ മഹാരാഷ്ട്രയിലെ ത്രിംപകിൽ ജനിച്ച ധുന്ദീരാജ് ഗോവിന്ദ് ഫാൽക്കെ സിനിമ ജീവിതത്തിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ഫോട്ടോഗ്രാഫർ  ആയിരുന്നു.  പ്രശസ്ത ചിത്രകാരൻ രാജ രവി വർമ്മയോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ചു. 1906 ൽ പുറത്തിറങ്ങിയ ‘ദ ലൈഫ് ഓഫ് ക്രൈസ്ട്’ എന്ന ചിത്രത്തിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ സിനിമയിലെ ആദ്യ ഫീച്ചർ ഫിലിമിന് രചനയും, നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചു. രാജ ഹരിഛന്ദ്രയുടെ വിജയത്തിന് ശേഷം 95 സിനിമയ്ക്കും 27 ഹൃസ്വ ചിത്രങ്ങൾക്കും ദാദാ സാഹിബ് ഫാല്‍ക്കെ രൂപം നൽകി. ‘മോഹിനി ഭസ്മാസുർ’, ‘സത്യവാൻ സാവിത്രി’, ‘ലങ്കാ ദഹൻ’ തുടങ്ങിയവ ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ മുഖ്യധാര ചിത്രങ്ങളാണ്. ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട്  1969 മുതൽ ഇന്ത്യ ഗവണ്മെന്റ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏർപ്പെടുത്തുകയും ചെയ്തു.  ചലച്ചിത്ര രംഗത്തെ ആജീവാനാന്ദ സംഭാവനയ്ക്കുള്ള  ഏറ്റവും ഉയർന്ന അംഗീകാരമായി  ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.