Tue. Apr 30th, 2024

ഒന്നു മുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കുക എന്ന ലക്ഷത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഉച്ച ഭക്ഷണ പദ്ധതി. എന്നാല്‍ ഈ പദ്ധതിയുടെ ഫണ്ട് ലഭിക്കാത്തതിനാല്‍ നട്ടം തിരിയുന്നത് പ്രധാന അധ്യാപകരാണ്.

 

നിലവില്‍, കടം വാങ്ങിയും പ്രധാന അധ്യാപകകരുടെ കൈയില്‍ നിന്ന് എടുത്തുമാണ് മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 7 രുപയും 8 രൂപയുമാണ് ലഭിക്കുന്നത് എന്നാല്‍ ഈ തുകയും അപര്യപ്തമാണ്. ഇപ്പോള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് ലഭിച്ചിട്ടു മൂന്ന് മാസമായി. കുട്ടികളെ പട്ടണിക്കിടാന്‍ സാധിക്കാത്തുകൊണ്ട് സ്വന്തം കൈയില്‍ നിന്ന് എടുക്കേണ്ട അവസ്ഥയാണ് പ്രധാന അധ്യാപകര്‍ക്ക്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ ഫണ്ട് പിരിക്കാന്‍ സാധിക്കാത്തതിനാല്‍ ആ വഴിയും അടഞ്ഞു എന്നാണ് അധ്യാപകര്‍ പറയുന്നത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിലവിലെ ഉച്ചഭക്ഷണ പദ്ധതി. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. 150നും 500നും ഇടയിലാണ് കുട്ടികളുടെ എണ്ണമെങ്കില്‍ ഒരു കുട്ടിക്ക് ഏഴ് രൂപയും, 500ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ആറ് രൂപയുമാണ് അനുവദിക്കുന്നത്.

പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, മുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നതോടെ നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക സ്‌കൂളുകള്‍ക്ക് തികയുന്നില്ല. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും എന്ന രീതിയില്‍ ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കണമെന്ന് നിഷ്‌കര്‍ഷിച്ചത് സംസ്ഥാന സര്‍ക്കാറായിട്ടും വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.