കാനഡയിലെ നയതന്ത്ര കോണ്‍സുലേറ്റുകള്‍ക്ക് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രസ്താവനയില്‍, ‘വിദേശകാര്യ മന്ത്രാലയം, വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള കടമകള്‍ കാനഡയെ ഓര്‍മ്മിപ്പിക്കുകയും അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തികളെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു. കനേഡിയന്‍ സര്‍ക്കാര്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയും നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.