ഇടുക്കിയിൽ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി. മാർച്ച് 29 വരെ പദ്ധതി നിർത്തിവെക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു. ആനയെ പിടികൂടുകയെന്നത് അവസാന മാർഗമാണെന്നും മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്‌ത പൊതു താല്‍പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. മാർച്ച് 29ന് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംമന്ത്രി എകെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.