സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്‌റ്റാർ പദവി ഏർപ്പെടുത്തും. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യ നയത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. നിലവിൽ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തും. കള്ളുഷാപ്പുകളിൽ വൃത്തിഹീനമായ സാഹചര്യം ഉള്ളതിനാൽ കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്ന് എക്സൈസ് നിർദേശിച്ചു. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. കളക്‌ടർമാരുടെ സാന്നിദ്ധ്യത്തിൽ നടന്നിരുന്ന കള്ളുഷാപ്പ് ലേലം ഇനിമുതൽ ഓൺലൈനാകും. നേരിട്ട് നറുക്കെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഐ ടി പാർക്കുകളിൽ മദ്യവിൽപ്പന സംബന്ധിച്ച കഴിഞ്ഞ മദ്യനയത്തിലെ ശുപാർശയിലും ഇത്തവണ വ്യക്തത വരുമെന്നാണ് കരുതുന്നത്.