Mon. Dec 23rd, 2024

വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇ പി ജയരാജന്റെ കുടുംബം. ഇപി ജയരാജന്റെ ഭാര്യയുടെയും മകന്റെയും ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ്. പെട്ടെന്ന് ഇങ്ങനെ ഓഹരികള്‍ വില്‍ക്കുന്നതിന്റെ ലക്ഷ്യം എന്താണ്.  ഓഹരികള്‍ വില്‍ക്കുന്നതലൂടെ നിലവിലെ ആരോപണങ്ങളില്‍ നിന്നും തടിയൂരാന്‍ ഇപി ജയരാജന് ആകുമോ ?

ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് വൈദേകം റിസോര്‍ട്ടും ഇപി ജയരാജന്റെ കുടുംബവും വിവാദത്തിലാകുന്നത്. പി ജയരാജനാണ് ആയുര്‍വേദ റിസോര്‍ട്ടിനെക്കുറിച്ച് സിപിഎം സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഉന്നയിച്ച ഈ ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീതയുണ്ടാക്കി. വൈദേകം റിസോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ളത് ഇ പി ജയരാജന്റെ ഭാര്യ കെ പി ഇന്ദിരയ്ക്കാണ്. 81.99 ലക്ഷം രൂപയുടെ ഓഹരിയാണ് ഇന്ദിരക്കുള്ളത്. ഇതിനു പുറമെ 25 ലക്ഷം രൂപ കമ്പനിക്ക് വായ്പയായും നല്‍കിയിട്ടുണ്ട്. മകന്‍ ജെയ്‌സന് 10 ലക്ഷം രൂപയുടെ ഓഹരിയും ഉണ്ട്. ഓഹരിയും വായ്പയും ഉള്‍പ്പടെ ഒരു കോടിയലധികം രൂപയാണ് ഇരുവര്‍ക്കുമായി വൈദേകം റിസോര്‍ട്ടിലുള്ളത്. വിവാദത്തെ തുടര്‍ന്ന് രണ്ടുപേരുടെയും ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം. ഇ പി ജയരാജന്റെ കുടുംബം എങ്ങനെ ഈ റിസോര്‍ട്ടിന്റെ ഓഹരി പങ്കാളികളായി എന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ആദ്യം ഈ ചോദ്യം ഉയര്‍ന്നു വന്നത്. സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുക ഉപയോഗിച്ചാണ് ഓഹരി വാങ്ങിയതെന്നായിരുന്നു കെ പി ഇന്ദിര നല്‍കിയ വിശദീകരണം.

റിസോര്‍ട്ടില്‍ പ്രവാസി വ്യവസായികളും വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ എംഡിയും മകളും ചേര്‍ന്ന് ഒരു കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. മനേജിങ് ഡയറക്ടര്‍ സി കെ ഷാജിയുടെ ഓഹരി 10 ലക്ഷമാണ്. 15 ലക്ഷം വായ്പയായും നല്‍കിയിട്ടുണ്ട്. പ്രവാസി വ്യവസായി ആയ കെ കെ നജീബിന് 50 ലക്ഷം രൂപയുടെ ഓഹരിയും 1 കോടി 30 ലക്ഷത്തിന്റെ വായ്പയും ഉണ്ട്. ഓഹരിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ റിസോര്‍ട്ടിന്റെ നിര്‍മാണം ചട്ടം ലംഘിച്ചാണെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്തെത്തിയിരുന്നു…വൈദേകം റിസോര്‍ട്ട് നിര്‍മാണത്തിന് വേണ്ടത്ര അനുമതിയില്ലെന്നും നിര്‍മാണഘട്ടത്തില്‍ പ്രതിഷേധമുയര്‍ത്തിയിട്ടും കലക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്നുമായിരുന്നു ശാസ്ത്ര പരിഷത്ത് അംഗത്തിന്റെ വെളിപ്പെടുത്തല്‍. കുഴല്‍ക്കിണറിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കൊന്നും അനുമതി നേടാതെയായിരുന്നു നിര്‍മാണം. നിര്‍മാണഘട്ടത്തില്‍ ഉടനീളം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായും ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചിരുന്നു.

ഇ.പി. ജയരാജന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന മകന്റെ തീരുമാനത്തെ തുടര്‍ന്നാണ് നിക്ഷേപം പിന്‍വലിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടില്‍ നിന്ന് കുടുംബം പിന്മാറുകയാണ്. വിവാദം ഉണ്ടാക്കി മുന്നോട്ട് പോകാന്‍ താത്പര്യമില്ല. നല്ല സംരംഭം എന്ന നിലക്കാണ് നിക്ഷേപം നടത്തിയതെന്നായിരുന്നു ഇപിയുടെ പ്രതികരണം. ഇപിയുടെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തത്തെ കുറിച്ച് ഇ.ഡിക്കും ആദായനികുതി വകുപ്പിനും പരാതി ലഭിക്കുകയും ആദായ നികുതി വകുപ്പ് റിസോര്‍ട്ടില്‍ പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഓഹരി പങ്കാളിത്തത്തില്‍ നിന്ന് ഇപിയുടെ കുടുംബം പൂര്‍ണമായും പിന്‍വാങ്ങുന്നത്. ഓഹരി പിന്‍വലിക്കുന്നതിലൂടെ നിലവിലെ ആരോപണങ്ങളില്‍ നിന്നും തലയൂരാനുള്ള ഇപിയുടെ ശ്രമം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടു തന്നെ അറിയണം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം