Thu. Jan 23rd, 2025

ഉസ്ബകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കമ്പനി പരിശോധിച്ച ഡ്രഗ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമ്പനിയിലെ 22 സാമ്പിളുകളുടെ ഉൽപാദനം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തുഹിന്‍ ഭട്ടാചാര്യ, അതുല്‍ റാവത്ത്, മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ ജയാ ജെയിനും സച്ചിന്‍ ജെയിനും ഒളിവിലാണ്. ഹെഡ് ഓഫ് ഓപ്പറേഷന്‍, മാനുഫാക്ചറിംഗ് കെമിസ്റ്റ്, അനലിറ്റിക്കല്‍ കെമിസ്റ്റ് തസ്തികയില്‍ ജോലി ചെയ്തിരുന്നവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. വ്യാജ മരുന്ന് നിര്‍മ്മിച്ച് വില്‍പന നടത്തിയതടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.