Thu. May 2nd, 2024

കൊച്ചി: വരാപ്പുഴയില്‍ പടക്കശാലയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് സംഭവസ്ഥലം പരിശോധിക്കും. വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവിലാണ് പടക്ക നിര്‍മാണശാല അനധികൃതമായി പ്രവര്‍ത്തിച്ചത്. പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും നിര്‍മാണത്തിനും ഉള്ള അനുമതിയോ ലൈസന്‍സോ ഇല്ലായിരുന്നു. അതിനാല്‍ വീട് വാടകയ്‌ക്കെടുത്ത ജന്‍സനെ മുഖ്യപ്രതിയാക്കി ആയിരിക്കും കേസെടുക്കുക.

ഇന്നലെ വൈകുന്നേരത്തോടെയാണ് വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ ഉഗ്ര സ്‌ഫോടനമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനമുണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടായി. സമീപത്തെ 15 വീടുകള്‍ക്ക് കേടുപാടുണ്ടായി. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികളുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം