Fri. Dec 27th, 2024

 

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലും ആംബുലന്‍സില്‍ വെച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ കരുതല്‍ തടങ്കലിലാണ്. നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.

ഈയിടെയാണ് നേരത്തെ നല്‍കിയിരുന്ന ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് പരാതി നല്‍കിയതെന്നും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.